പാലക്കാട്ടെ അധികമാരും കാണാത്ത സുന്ദര കാഴ്ചകൾ; സ്കൂൾ തുറക്കുന്നതിന് മുമ്പായി പോയി ആസ്വദിക്കാം | Places to go in Palakkad



വേനലവധി തീരാന്‍ ഇനി ഒരാഴ്ചകൂടി മാത്രം. സ്‌കൂളും കോളേജും തുറക്കും മുമ്പേ കുട്ടികളുമായി യാത്ര പോകാം. സന്ദര്‍ശകര്‍ പതിവായെത്തുന്ന സ്ഥലങ്ങളൊഴിവാക്കി, പ്രകൃതിരമണീയമായ ചിലയിടങ്ങളെ പരിചയപ്പെടാം.



ചൂലനൂരിലുണ്ട് മയില്‍ കാഴ്ചകള്‍

പെരിങ്ങോട്ടുകുറിശ്ശിയിലാണ് മയിലുകളെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ സംരക്ഷിക്കുന്ന ചൂലനൂര്‍ മയില്‍സങ്കേതം. പ്രകൃതിസൗഹൃദ വിനോദസഞ്ചാരസ്ഥലം കൂടിയാണ്. ആലത്തൂര്‍ വഴിയും കുഴല്‍മന്ദം വഴിയും തിരുവില്വാമലവഴിയും എത്താം. സന്ദര്‍ശനസമയം പകല്‍ ഒമ്പതുമുതല്‍ നാലുവരെ. 20 രൂപ പ്രവേശന ഫീസ്. ട്രക്കിങ് സൗകര്യമുണ്ട്. വനത്തിനുള്ളില്‍ മുനിയറ കാണാം. വാച്ച് ടവറും ഉണ്ട്. പാലക്കാട്ടുനിന്ന് 30 കിലോമീറ്റര്‍ ദൂരം.



അസ്തമയം കാണാം, നിരങ്ങന്‍പാറയില്‍

മൂന്നേക്കറോളം നിരപ്പായ പാറയാണ് വെങ്ങന്നൂര്‍ നിരങ്ങന്‍പാറ. ചൂലനൂര്‍ മയില്‍ സങ്കേതത്തിനും ചിതലി മലയപ്പൊതിക്കും ഇടയിലുള്ള വനപ്രദേശമാണ് ചുറ്റും. താഴ്‌വാരത്ത് ഗായത്രിപ്പുഴയുണ്ട്. പാറപ്പുറത്തുനിന്നുള്ള ഉദയാസ്തമയ കാഴ്ച മനോഹരമാണ്. ആലത്തൂര്‍ കുത്തനൂര്‍ പാതയില്‍ ആലത്തൂരില്‍നിന്ന് നാലുകിലോമീറ്ററും കുത്തനൂരില്‍നിന്ന് അഞ്ചുകിലോമീറ്ററും എരിമയൂരില്‍നിന്ന് അഞ്ചുകിലോമീറ്ററുമാണ് ദൂരം.

കാറ്റേല്‍ക്കാം, കാരമലയിലും മാട്ടുമലയിലും

തോണിപ്പാടം കാരമലയിലും മാട്ടുമലയിലും നിന്നുള്ള കാഴ്ചകള്‍ പ്രകൃതിരമണീയമാണ്. പാറപ്പുറത്തിരുന്ന് കാറ്റേല്‍ക്കാം. മലയടിവാരത്തെ കാഴ്ചകളും കാണാം. ശനിയാഴ്ചയും ഞായറാഴ്ചയും കുടുംബസമേതം സന്ദര്‍ശകര്‍ കൂടുതലായെത്തും. ഷൂട്ടിങ് സംഘങ്ങളുമെത്താറുണ്ട്. ആലത്തൂരില്‍നിന്ന് കാവശ്ശേരി പരക്കാട്ടുകാവ് വടക്കേനടവഴി തോണിപ്പാടംവഴി എത്താം. എട്ടുകിലോമീറ്ററാണ് ദൂരം.

മനോഹരം, ചിതലി മലയപ്പൊതി

ഒ.വി. വിജയന്‍ ഖസാക്കിന്റെ ഇതിഹാസത്തില്‍ പരാമര്‍ശിക്കുന്ന ചിതലിമലയിലെത്തിയാല്‍ പ്രകൃതി ആസ്വദിക്കാനും മലയപ്പൊതിയിലെ വനദേവതാക്ഷേത്രം സന്ദര്‍ശിക്കാനുമാകും. മരങ്ങളും കുറ്റിക്കാടും പാറക്കെട്ടും നിറഞ്ഞ വനമേഖലയാണിത്. വനദേവതയായ മലയഭഗവതിയുടെ സാന്നിധ്യം ഉണ്ടെന്ന വിശ്വാസത്തില്‍, ക്ഷേത്രമില്ലാത്ത ഇവിടെയെത്തി പൂജനടത്തി ഒരുമിച്ചിരുന്ന് ഭക്ഷണം പാകംചെയ്ത് കഴിക്കുന്നവരുമുണ്ട്. പാലക്കാട്-തൃശ്ശൂര്‍ ദേശീയപാതയില്‍ ചിതലിയില്‍നിന്ന് അഞ്ചുകിലോമീറ്ററാണ് ദൂരം. 

ഐതിഹ്യം പറയും വീഴുമല
ഐതിഹ്യപ്പെരുമയും പ്രകൃതിദൃശ്യങ്ങളുടെ മനോഹാരിതയുമാണ് ആലത്തൂര്‍ വീഴുമലയുടെ ആകര്‍ഷണം. ഹനുമാന്‍ മൃതസഞ്ജീവനിയുമായി പോകുമ്പോള്‍ അടര്‍ന്നുവീണ മലയാണ് വീഴുമലയായതെന്നാണ് ഐതിഹ്യം. മലമുകളിലേക്ക് കയറുമ്പോള്‍ 1968-ല്‍ നടരാജഗുരു സ്ഥാപിച്ച നാരായണ ഗുരുകുലം ആശ്രമം കാണാം.



പന്തിരുകുലപ്പെരുമയറിയാന്‍...

പറയിപെറ്റ പന്തിരുകുലം ഐതിഹ്യപ്പെരുമയുടെ അവശേഷിപ്പുകളുള്ള ഗ്രാമങ്ങള്‍ ഒട്ടേറെയുണ്ട് തൃത്താല, തിരുവേഗപ്പുറ മേഖലകളില്‍. ഐതിഹ്യത്തിലെ നാറാണത്തുഭ്രാന്തന്‍ ഉദയംമുതല്‍ അസ്തമയംവരെ കല്ലുരുട്ടിക്കയറ്റിയ രായിരനെല്ലൂര്‍ മല, ഭ്രാന്തന്‍ തപസ്സിരുന്നതെന്ന് കരുതുന്ന കരിങ്കല്‍ ഗുഹകളുള്ള ഭ്രാന്താചലം, മേഴത്തോള്‍ അഗ്‌നിഹോത്രി വെള്ളിശൂലം പ്രതിഷ്ഠിച്ച തൃത്താല വെള്ളിയാങ്കല്ല് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. പാക്കനാര്‍ കാഞ്ഞിരം, കേരളത്തിന്റെ യജ്ഞസംസ്‌കാരം വാഴ്ത്തിപ്പാടിച്ച മേഴത്തോള്‍ അഗ്‌നിഹോത്രി സ്വര്‍ണശൂലം പ്രതിഷ്ഠിച്ച വേമഞ്ചേരി മന, യജ്ഞേശ്വരം ക്ഷേത്രം, പെരുന്തച്ഛന്‍ തന്റെ ഉളി അവശേഷിപ്പിച്ച പന്നിയൂര്‍ ക്ഷേത്രം, പന്നിയൂര്‍ തുറ... കാഴ്ചകള്‍ ഏറെയാണ് ഈ ഗ്രാമങ്ങളില്‍. പട്ടാമ്പിയില്‍നിന്നു കൊപ്പത്തെത്തി വളാഞ്ചേരി റൂട്ടില്‍ നടുവട്ടം ബസ്സ്റ്റോപ്പിലിറങ്ങിയാല്‍ രായിരനെല്ലൂരിലെ ചെങ്കുത്തായ മല കാണാം. മല കയറാന്‍ പടവുകളുണ്ട്. തുലാം ഒന്നിനാണ് ഇവിടെ വിശേഷദിവസം.



സന്ദര്‍ശകരെ കാത്ത് കമ്പാലത്തറയും മീങ്കരയും

വെള്ളക്കെട്ടും കരിമ്പനകളുമുള്ള മുതലമടയിലെ മീങ്കര ഡാമും പെരുമാട്ടിയിലെ കമ്പാലത്തറ ഏരിയും സഞ്ചാരികള്‍ക്ക് പ്രിയങ്കരമാണ്. വേനലില്‍ വെള്ളം കുറഞ്ഞെങ്കിലും കമ്പാലത്തറ ഏരിയിലേക്ക് ചാഞ്ഞുനില്‍ക്കുന്ന തെങ്ങുകള്‍ക്കുതാഴെ തണല്‍ തേടി സന്ദര്‍ശകരെത്തുന്നുണ്ട്. പാലക്കാട് പട്ടണത്തില്‍നിന്ന് 40 കിലോമീറ്ററാണ് രണ്ടിടത്തേക്കും ദൂരം.


സീതാര്‍കുണ്ഡും ചിങ്ങന്‍ചിറയും

മഴ പെയ്തതോടെ വീണ്ടും സുന്ദരിയാകാന്‍ ഒരുങ്ങുകയാണ് സുന്ദരഗ്രാമമെന്ന ഖ്യാതിയുള്ള കൊല്ലങ്കോട്ടെ സീതാര്‍കുണ്ഡ്. മഴ സജീവമായാല്‍ വരുംദിവസങ്ങളില്‍ തെന്മലയിലെ വെള്ളച്ചാട്ടങ്ങളും സജീവമാകും. കഴിഞ്ഞദിവസങ്ങളില്‍ പെയ്തമഴയില്‍ ചെറിയ നീരൊഴുക്കുണ്ട്. കൊല്ലങ്കോട്ടുനിന്ന് നെന്മേനിവഴി മലയോര പാതയിലൂടെ ഏഴുകിലോമീറ്റര്‍ സഞ്ചരിക്കണം. .കൊല്ലങ്കോട്ടിലെ ചിങ്ങന്‍ചിറ പ്രകൃതി ക്ഷേത്രാങ്കണവും, ഇവിടത്തെ ആല്‍മര ചന്തവും ആകര്‍ഷിക്കുന്ന കാഴ്ചകളാണ്




Green Village WhatsApp Group

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section