കണ്ണൂരിലെ ‘നാട്ടുമാഞ്ചോട്ടിൽ’ എന്ന കൂട്ടായ്മാണ് ഇതിന് നേതൃത്വം നൽകുന്നത്. മുറിച്ചുമാറ്റുന്നത് മാത്രമല്ല മുറിഞ്ഞുവീണവയാണെങ്കിലും ഇവരെ ബന്ധപ്പെടാം. എന്നാൽ ഇത് നാട്ടുമാവും അപൂർവവുമായിരിക്കണം.
ഇവരെ ബന്ധപ്പെട്ടാൽ മാവിന്റെ വലുപ്പം, തൊലി, മാങ്ങയുടെ രുചി, നാര്, പൾപ്പ് തുടങ്ങിയവയെക്കുറിച്ചെല്ലാമുള്ള ചോദ്യാവലിയിൽനിന്ന് ഇതിന്റെ പ്രത്യേകതകൾ തിരിച്ചറിയും. ചിലപ്പോൾ മാവിന്റെ ഫോട്ടോയും ആവശ്യപ്പെടും. അപൂർവയിനമാണെന്ന് തിരിച്ചറിഞ്ഞാൽ കൂട്ടായ്മയിൽ അംഗങ്ങളായവർ സ്ഥലത്തെത്തി മാവിന്റെ കമ്പുകളിൽനിന്ന് ഒട്ടുകമ്പുകൾ ശേഖരിക്കും. എത്തിപ്പെടാനാവാത്ത സാഹചര്യമുണ്ടെങ്കിൽ ഒട്ടുകമ്പുകൾ കൂറിയർ ചെയ്ത് തരാനും ആവശ്യപ്പെടാറുണ്ട്. പിന്നീട് ഇവയെ മൂലകാണ്ഡത്തോട് ചേർത്ത് ഗ്രാഫ്റ്റ് ചെയ്ത തൈകൾ ഉത്പാദിപ്പിക്കും. ഒരാഴ്ചയ്ക്കകം ഇലകൾ തളിർക്കും. ആരോഗ്യമുള്ള തൈ ബന്ധപ്പെട്ടവർക്ക് തിരിച്ചുനൽകും. മറ്റു തൈകൾ പല സ്ഥലങ്ങളിലായി നട്ട് സംരക്ഷിക്കും. അതാണ് രീതി. കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നത് സഹകരണ വിജിലൻസിലെ പോലീസ് ഉദ്യോഗസ്ഥനായ ഷൈജു മാച്ചാത്തിയാണ്.
വിളിക്കേണ്ട നമ്പർ: 9496787872.
സംരക്ഷിച്ചത് 25 ഇനം മാവുകൾ
ഒന്നരവർഷം മുൻപാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിനകം കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് ആളുകൾ മാവുകളുടെ സംരക്ഷണത്തിനായി വിളിച്ചിട്ടുണ്ട്. ഇതിൽ അപൂർവമെന്ന് തോന്നിയ 25 ഇനം മാവുകൾ സംരക്ഷിച്ചിട്ടുണ്ട്. ആലപ്പുഴയിൽനിന്നുള്ള തോട്ടുക്കൽ, വലിയ പഞ്ചാരച്ചി, നീലകർപ്പൂരം, കണ്ണൂരിൽനിന്നുള്ള കൊട്ടിലക്കരിക്ക്, പട്ടുവം തേങ്ങമാങ്ങ, അമ്പൻ മധുരം, കോട്ടയത്തുനിന്നുള്ള കളീലിൽ എന്നിവയ്ക്ക് പുറമെ പാലക്കാട്, കൊല്ലം, കാസർകോട് എന്നിവിടങ്ങളിൽ നിന്നുള്ള പേരില്ലാത്ത വിവിധയിനും മാവുകളും സംരക്ഷിച്ചവയിലുണ്ട്.
തുടക്കം കുറുവക്കാവിൽ നിന്ന്
2018-ലാണ് നാട്ടുമാഞ്ചോട്ടിൽ എന്ന കൂട്ടായ്മയുണ്ടായത്. നിലവിൽ ഇരുപതോളം അംഗങ്ങളുണ്ട്. കണ്ണപുരം കുറുവക്കാവിലെ വർഷങ്ങൾ പഴക്കമുള്ള മാവ് മുറിച്ചുമാറ്റിയിരുന്നു. അന്ന് അവിടെയുള്ളവരും മാവുകളെ സ്നേഹിക്കുന്നവരും ചേർന്ന് മാവിനെ വീണ്ടെടുക്കാൻ ശ്രമം നടത്തി. കമ്പ് ഒട്ടിച്ച് തൈകളുണ്ടാക്കി അവിടെ നട്ടു. പിന്നീട് പേരുപോലുമില്ലാതെ ആരാലും അറിയപ്പെടാതെ നശിച്ചുപോകുന്ന മാവുകളെ വീണ്ടെടുക്കാനായി ഇവർ ശ്രമം തുടങ്ങി. എല്ലാ വർഷവും ഒത്തുചേരും. ഇതിന് മുൻപ് എല്ലാ ജില്ലകളിലുമായി കൃഷിവകുപ്പുമായി സഹകരിച്ച് 100 മാന്തോട്ടം ഒരുക്കിയിരുന്നു.