വീടകങ്ങൾ തളിർക്കുമ്പോൾ
• വീടകങ്ങളിൽ ഇലച്ചെടികളും സക്കുലെന്റ് പ്ലാന്റുകളുമാണ് സാധാരണയായി വയ്ക്കാറുള്ളത്. രണ്ടിന്റെയും പരിചരണം വ്യത്യസ്‌തമാണ്.
• ഇലച്ചെടികളിൽ ഇലകൾക്ക് കനം കുറവായതിനാൽ ചട്ടിയിലെ മണ്ണ് കുതിരുന്ന വിധത്തിൽ ആഴ്‌ചയിലൊരിക്കലെങ്കിലും നന്നായി നനയ്ക്കണം.
• വേനലിൽ ഇലകളുടെ അറ്റം കരിഞ്ഞുപോകാനുള്ള സാധ്യതയുണ്ട്. ഇത് തടയാനായി മൂന്നുദിവസം കൂടുമ്പോൾ ഇലകളിൽ വെള്ളം സ്പ്രേ ചെയ്‌തുകൊടുക്കാം. .
• സക്കുലെന്റ് ഇനത്തിൽപ്പെട്ട കള്ളിച്ചെടികൾ (കാക്റ്റസ്), സ്നേക്ക് പ്ലാന്റ് മുതലായവ പത്തുദിവസം കൂടുമ്പോൾ നനയ്ക്കാം. എന്നാൽ, വളമിടേണ്ട ആവശ്യമില്ല.
• ഇവ മാസത്തിലൊരിക്കൽ പുറത്ത്, ഭാഗികമായി തണലുള്ള സ്ഥലത്ത് വയ്ക്കണം. രണ്ടുദിവസത്തിനുശേഷം വീടിനുള്ളിൽ തിരിച്ചുവയ്ക്കാം.
• വെള്ളത്തിൽ വളർത്തുന്ന സസ്യങ്ങളിൽ പായൽ വരാനുള്ള സാധ്യതയുള്ളതിനാൽ ഇടയ്ക്ക് വെള്ളം മാറ്റി ക്ലോറിൻ കലരാത്ത വെള്ളമൊഴിക്കുക.
• ഈ ചെടികളുടെ വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ട് പെരുകാൻ സാധ്യതയുണ്ട്. അതിനാൽ, വെള്ളത്തിൽ ഒരു തുള്ളി വേപ്പെണ്ണ കലർത്തുക. (കൊതുകിനെ തുരത്താനായുള്ള ലിക്വിഡും ഉപയോഗിക്കാം).
• ഒരുലിറ്റർ വെള്ളത്തിൽ നാല് മില്ലി വേപ്പെണ്ണയും ലിക്വിഡ് സോപ്പും ചേർത്ത മിശ്രിതം(വേപ്പെണ്ണ എമൽഷൻ)കൊണ്ട് ഇലകൾ തുടയ്ക്കുക. ഇത് ഇലകളുടെ സ്വാഭാവിക തിളക്കം നിലനിർത്താൻ സഹായിക്കുന്നു.
• വീടിനുള്ളിൽ വളർത്തുന്ന സസ്യങ്ങൾക്ക് ചകിരിച്ചോർ ചേർന്ന മണ്ണിരകമ്പോസ്റ്റാണ് ഉചിതം. ചെറിയ തണുപ്പ് നിലനിർത്താൻ സഹായിക്കുന്ന മണ്ണിരകമ്പോസ്റ്റ് ചെടികൾക്ക് വലിച്ചെടുക്കാനും എളുപ്പമാണ്. .
• ചാണകപ്പൊടി, ഇൻഡോർ സസ്യങ്ങൾക്ക് നല്ലതല്ല. ചാണകവളം വിഘടിച്ച് വേരുകളിലെത്താൻ സമയമെടുക്കും. വളപ്രയോഗം കഴിഞ്ഞ് നനയ്ക്കുമ്പോൾ ദുർഗന്ധമുണ്ടാകാനുള്ള സാധ്യതയുമുണ്ട്.
• ചെടി നടുന്നതിനായി ചട്ടി തയ്യാറാക്കുമ്പോൾ അടിവളമായാണ് ചാണകപ്പൊടി ഉപയോഗിക്കേണ്ടത്.
• രാസവളപ്രയോഗവും ഇൻഡോർ സസ്യങ്ങൾക്ക് നല്ലതല്ല. രാസവളമിടുമ്പോൾ ചെടി വളരെ പെട്ടെന്ന് വളരും. ചൂടിനെ അതിജീവിക്കാനുള്ള ശക്തി കുറയും.
• ആഗ്ലോണിമ പോലുള്ള ചെടികൾക്ക് രാസവളമിടുമ്പോൾ അതിന്റെ നിറം നഷ്ടപ്പെട്ട് പച്ചനിറം കൂടും.
• ഇൻഡോർ സസ്യങ്ങൾക്ക് പ്രകാശലഭ്യത പ്രധാനമാണ്. എല്ലാ സമയവും ഒരുപോലെ പ്രകാശം ലഭിക്കുന്ന സ്ഥലങ്ങളാണ് ഇവയ്ക്ക് അനുയോജ്യം.
• അകത്തളങ്ങളിൽ, സൂര്യപ്രകാശം ഭാഗികമായി ലഭിക്കുന്ന ഇടങ്ങളിൽ വയ്ക്കാൻ നല്ലത് പച്ച ഇലകളുള്ള ചെടികളാണ്. എങ്കിലും ഇവയെ മാസത്തിലൊരിക്കൽ ഇളംവെയിൽ കൊള്ളിച്ച് വളർച്ച പുഷ്‌ടിപ്പെടുത്തണം.
• ഒന്നിൽക്കൂടുതൽ നിറത്തിൽ ഇലകളുള്ള സസ്യങ്ങൾ ജനലരികിൽ വയ്ക്കാവുന്നതാണ്. ഉദാഹരണമായി സ്നേക്ക് പ്ലാന്റ്, മണി പ്ലാൻ്റ്, ആഗ്ലോണിമ, ഡൈഫെൻബക്കിയ (ഡമ്പ് കെയിൻ), ഡ്രസീന... ഇവയ്ക്ക് പ്രകാശം ആവശ്യമാണ്.
• ചെടികൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു ഘടകം മുറിയുടെ വലുപ്പവും ചെടിയുടെ വലുപ്പവും തമ്മിലുള്ള അനുപാതമാണ്. വലിയ വിസ്താരമുള്ള മുറികൾക്ക് അരക്കാ പാം, മജെസ്റ്റി പാം, കാസ്കേഡ് പാം, സാഗോ പാം തുടങ്ങിയവ ഭംഗി നൽകും.
• ചെറിയ മുറികൾക്ക് വലിയ ഇലകളുള്ള പാം ചെടികളും വിസ്‌താരമുള്ള മുറികൾക്ക് ചെറിയ സസ്യങ്ങളും ചേരില്ല.
• സൂര്യാഘാതമേറ്റാൽ ഇലകൾ മഞ്ഞനിറമായി പിന്നീട് കരിഞ്ഞുപോയേക്കും.
• ഈർപ്പം അധികമായാലും കുറഞ്ഞാലും ഇലകൾക്ക് മഞ്ഞനിറം വരാനിടയുണ്ട്.
ബാൽക്കണിയിലെ ഉദ്യാനം
ബാൽക്കണികളിൽ ചെടിയുടെ സ്വഭാവമനുസരിച്ചാണ് അവ വയ്ക്കാനുള്ള സ്ഥലം തിരഞ്ഞെടുക്കേണ്ടത്.
ബാൽക്കണിയുടെ സ്ഥാനവും ചെടികളും തമ്മിൽ ബന്ധമുണ്ട്. കിഴക്ക്, വടക്ക്, തെക്ക്, പടിഞ്ഞാറ്, ഈ നാലുവശത്തും സൂര്യപ്രകാശത്തിന്റെ അളവിൽ വ്യത്യാസമുണ്ട്.
• കിഴക്കുഭാഗത്താണ് ബാൽക്കണിയെങ്കിൽ രാവിലെയുള്ള ഇളവെയിലായിരിക്കും ഏൽക്കുക. അത് ഒരുവിധം ചെടികൾക്കെല്ലാം അനുയോജ്യമാണ്. ഓർക്കിഡും റോസുമെല്ലാം അവിടെ വളർത്താം.
• തെക്കും വടക്കും ഭാഗങ്ങളിലെ ബാൽക്കണിയിൽ നേരിട്ട് സൂര്യപ്രകാശം ലഭിക്കുകയില്ല.
• ആഫ്രിക്കൻ വയലറ്റ്, പീസ് ലില്ലി, ബിഗോണിയ, ഫെലനോപ്‌സിസ്, ഓൺസീഡിയം (ഡാൻസിങ് ലേഡി) പോലുള്ള ഓർക്കിഡുകളും നേരിട്ടല്ലാത്ത സൂര്യപ്രകാശത്തിൽ പൂവിടുന്നവയാണ്. അതിനാൽ ഇതുപോലുള്ള ഇലച്ചെടികളും പൂച്ചെടികളുമാണ് നല്ലത്.
• ആഗ്ലോണിമ, മണിപ്ലാന്റ്, ഡൈഫെൻബെക്കിയ, ഡ്രസീന... തുടങ്ങിയ ഇലച്ചെടികളും അവിടെവയ്ക്കാൻ യോജിച്ചവയാണ്.
• പടിഞ്ഞാറുഭാഗത്തെ ബാൽക്കണി ഉച്ചയ്ക്കുശേഷമുള്ള കനത്ത വെയിൽ നേരിട്ട് ഏൽക്കുന്ന സ്ഥലമാണ്.
• ഔട്ട്ഡോറിൽ വളരുന്ന എല്ലാ ചെടികളും പടിഞ്ഞാറുഭാഗത്തെ ബാൽക്കണിയിൽ വളർത്താൻ ഉചിതമാണ്.
• വള്ളിച്ചെടികൾ, ബോഗൻവില്ല, റോസ്, ചെമ്പരത്തി, ചെത്തി തുടങ്ങി വെയിലേൽക്കുന്നതിന് അനുകൂലമായ ചെടികളെല്ലാം വെട്ടിയൊതുക്കി വളർത്താവുന്നതാണ്.
• മഴയും വേനലും കൂടിക്കലർന്നതാണ് നമ്മുടെ കാലാവസ്ഥ. വെയിലിന്റെയും മഴയുടെയും അളവ് നോക്കിവേണം ചെടി എവിടെ വയ്ക്കണം എന്ന് തീരുമാനിക്കാൻ.
ഉദാഹരണമായി ഫ്ളാറ്റിന്റെ പടിഞ്ഞാറുഭാഗത്തുള്ള ബാൽക്കണിയിൽ മഴക്കാലത്ത് വെയിൽ കുറവായിരിക്കും. സൂര്യപ്രകാശം അധികം ആവശ്യമില്ലാത്ത ഇലച്ചെടികൾ ആ സമയം നന്നായി വളരുന്നു. എന്നാൽ വേനൽക്കാലത്ത് വെയിലിന്റെ കാഠിന്യം ആ ചെടികൾക്കെല്ലാം ആഘാതമുണ്ടാക്കുന്നു.
ഔട്ട്ഡോർ പൂന്തോട്ടം
• ചെടികള്‍ക്ക് ഇടവിട്ട് പ്രൂണിങ് (കൊമ്പുകളും ചില്ലകളും വെട്ടിയൊതുക്കുക) ചെയ്യുന്നത് നല്ലതാണ്.
• വേനൽക്കാലത്ത് ഔട്ട്ഡോർ പ്ലാന്റുകൾക്ക് നനയാണ് പ്രധാനം. ദിവസം ഒരു നേരമെങ്കിലും നന്നായി നനയ്ക്കണം.
• ബോഗൻവില്ല പൂക്കാൻ നനയ്ക്കുന്നത് കുറച്ചു മതി. വെട്ടിയൊതുക്കിയ ചെടിയുടെ ചുവട്ടിൽ 18-18-18 എന്ന രാസവളം ഇടുക. രണ്ടുദിവസം കൂടുമ്പോൾ നനയ്ക്കുക. ഇത് ചെടി പൂവിടാൻ കാരണമാകുന്നു.
• പൂവ് ദീർഘകാലം നിൽക്കാനായി ചെടി നന്നായി നനയ്ക്കണം.
• പുറത്ത് വളരുന്ന പൂച്ചെടികൾ കുറഞ്ഞത് ആറുമണിക്കൂറെങ്കിലും വെയിൽകൊള്ളണം.
• ചെടികൾ വളരാനായി ഡൈ അമോണിയം ഫോസ്ഫേറ്റ്, എൻ.പി.കെ., 18-18-18 എന്നിവ ഇട്ടുകൊടുക്കാം. ഒരു അടിയുള്ള ചട്ടിക്ക് 10 ഗ്രാം രാസവളം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടിയുടെ കമ്പിൽനിന്ന് മാറ്റി ഒഴിക്കുക. അല്ലെങ്കിൽ ചെടിക്ക് ചുവട്ടിലെ മണ്ണിളക്കി വിതറിക്കൊടുക്കാം. ശേഷം നനയ്ക്കുക. അളവ് കൂടിയാൽ ചെടി കരിഞ്ഞുപോവാൻ സാധ്യതയുണ്ട്.
കീടങ്ങളെ തുരത്താം
• ചെടികളിൽ സാധാരണ കണ്ടുവരുന്ന കീടങ്ങളാണ് മീലിമുട്ടയും (മീലിബഗ്) വെള്ളീച്ചയും(വൈറ്റ് ഫ്ളൈ). ഇവ വെള്ളനിറത്തിൽ പഞ്ഞിപോലെയും പൂപ്പൽപോലെയും കാണപ്പെടുന്നു.
• ഒരുലിറ്റർ വെള്ളത്തിൽ മൂന്ന് മില്ലി വേപ്പെണ്ണ എമൽഷൻ ചേർത്ത് ചെടികളിൽ സ്പ്രേ ചെയ്യുന്നത് പ്രാണിശല്യം വരാതിരിക്കുന്നതിന് സഹായിക്കും.
• കീടബാധയുണ്ടായാൽ സോപ്പുലായനി ശക്തിയായി സ്പ്രേ ചെയ്യാം. ശേഷം വെയിൽ കൊള്ളാത്ത സ്ഥലത്ത് ഒന്നുരണ്ട് ദിവസം വയ്ക്കുക. ഇങ്ങനെ രണ്ടോ മൂന്നോ പ്രാവശ്യം സ്പ്രേ ചെയ്താൽ കീടബാധ ഇല്ലാതാക്കാം.
• രാസകീടനാശിനികൾ ഉപയോഗിച്ചും കീടശല്യം ഇല്ലാതാക്കാം.