സ്‌ഥിരമായി സാലഡ് കഴിക്കുന്നവരാണ് മിക്കവരും. നല്ല കൊഴുപ്പുകൾ നിറഞ്ഞ ഡ്രസിങ് ഇല്ലാതെ സാലഡ് കഴിക്കുന്നത് അത്ര എളുപ്പമല്ല. രുചിയില്ലാത്തതിനാൽ പെട്ടെന്ന് മടുക്കും. കൂടാതെ ചീരയില, മുരിങ്ങയില മുതലായ ഇലക്കറികളും ഇങ്ങനെ ആളുകൾ എണ്ണ കൂടാതെ വേവിച്ച് കഴിക്കാറുണ്ട്. പഠനങ്ങൾ അനുസരിച്ച് ഇലക്കറികൾ കഴിക്കുന്നതിനുള്ള വളരെ തെറ്റായ ഒരു രീതിയാണ് അത്.
അയോവ സ്‌റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഇതേക്കുറിച്ച് നടത്തിയ ഒരു ഗവേഷണത്തിൻ്റെ ഫലങ്ങൾ അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ചു.
പ്രായപൂർത്തിയായ 12 സ്ത്രീകൾ അവരുടെ സാലഡ് ചേരുവകൾക്കൊപ്പം സോയാബീൻ ഓയിൽ കഴിക്കുമ്പോൾ, അവരുടെ ശരീരത്തിന് ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, ലൈക്കോപീൻ, വിറ്റാമിൻ എ എന്നിവ ഉൾപ്പെടെ എട്ട് പോഷകങ്ങൾ എളുപ്പത്തിൽ ആഗിരണം ചെയ്യാൻ കഴിയുമെന്ന് കണ്ടെത്തി. എണ്ണയോ കൊഴുപ്പോ ഇല്ലാതെ കഴിക്കുമ്പോൾ ഉള്ളതിന്റെ ഇരട്ടി പോഷകങ്ങൾ ഈ സമയത്ത് അവർ ആഗിരണം ചെയ്യുന്നതായും ഗവേഷകർ കണ്ടെത്തി.
എ, ഡി, ഇ, കെ തുടങ്ങിയ വിറ്റാമിനുകൾ കൊഴുപ്പിൽ ലയിക്കുന്നവയാണ്. എണ്ണയോ കൊഴുപ്പുള്ള മറ്റു വസ്‌തുക്കളോ ഇല്ലാതെ ഇവ ശരീരത്തിന് ആഗിരണം ചെയ്യാനാവില്ല.
മുരിങ്ങയിലയും മറ്റും തോരൻ വയ്ക്കുമ്പോൾ ധാരാളം തേങ്ങ ഇടണം എന്ന് പണ്ടുള്ളവർ പറയുന്നതിന് പിന്നിലും ഇതേ യുക്തി തന്നെയാണ് ഉള്ളത്. തേങ്ങയിലെ കൊഴുപ്പ്, ഇലകളിലെ പോഷകങ്ങളുടെ പരമാവധി ആഗിരണം സാധ്യമാക്കുന്നു.
ചീര വാടാതെ ഫ്രെഷായി വയ്ക്കാൻ ഇതു ശ്രദ്ധിക്കു
ചീരയുടെ ഇലകൾ വാടാതിരിക്കാനായി വെള്ളം തളിച്ച് വയ്ക്കുന്ന ശീലം ചിലരിലെങ്കിലുമുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് പെട്ടെന്ന് തന്നെ ഇലകൾ ഉപയോഗശൂന്യമാക്കും. അതുകൊണ്ടുതന്നെ ഇലകളിൽ ജലാംശം ഒട്ടും തന്നെയുമില്ല എന്നുറപ്പാക്കിയതിനു ശേഷം മാത്രം സൂക്ഷിക്കാം. അതിനു മുൻപായി ഇലകൾ സൂക്ഷമമായി പരിശോധിച്ച് നല്ലതല്ലാത്തവ ഒഴിവാക്കണം. ഒരു വൃത്തിയുള്ള തുണിയോ, ടവലോ ഉപയോഗിച്ച് ചീരയിലകൾ പൊതിഞ്ഞതിനു ശേഷം ഫ്രിജിനുള്ളിലായി വയ്ക്കാം. ഇലകളുടെ പുതുമ ഒട്ടും തന്നെയും നഷ്‌ടപ്പെടുകയില്ല.
ചീര വാങ്ങിയതിന് ശേഷം അതിലെ കേടുള്ള ഇലകൾ നീക്കം ചെയ്യണം. തണ്ടുകൾ മുറിച്ചു ചെറുതാക്കിയതിനു ശേഷം ഇലകൾ ഒരു പത്രക്കടലാസിൽ പൊതിഞ്ഞെടുക്കാം. തുടർന്ന് ഒരു സിപ് ലോക്ക് ബാഗിലേയ്ക്ക് ഈ പൊതി മാറ്റാവുന്നതാണ്. കവറിനുള്ളിൽ ഒട്ടും തന്നെയും വായു ഇല്ലെന്നു ഉറപ്പാക്കിയതിനു ശേഷം മാത്രം കവർ അടക്കേണ്ടത്. ഇനി ഫ്രിജിലെ തണുപ്പുള്ള ഭാഗത്ത് സൂക്ഷിക്കാം. ഒരാഴ്ച്ച വരെ ഇലകൾ കേടുകൂടാതെയിരിക്കാൻ ഇങ്ങനെ ചെയ്താൽ മതിയാകും.
ചീരയിലകൾ ഉപയോഗശൂന്യമായി പോകാതെയിരിക്കാൻ വായു കടക്കാത്ത പാത്രങ്ങളിലാക്കി വയ്ക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഇലകൾ കഴുകരുത് എന്നതാണ്. തണ്ടുകൾ ചെറുതാക്കി മുറിച്ച് ഒരു മസ്ലിൻ തുണിയിൽ പൊതിഞ്ഞതിനു ശേഷം വേണം വായു കടക്കാത്ത പാത്രത്തിനുള്ളിലാക്കി അടച്ചുവയ്ക്കാൻ. ഇങ്ങനെ ചെയ്യുക വഴി കൂടുതൽ ദിവസങ്ങൾ ഇലകൾ കേടുകൂടാതെയിരിക്കും.
ആപ്പിൾ, വാഴപ്പഴങ്ങൾ, കിവി തുടങ്ങിയവയിൽ നിന്നും ഒരു നിശ്ചിത അകലം പാലിച്ചു മാത്രം ചീര ഇലകൾ സൂക്ഷിക്കണം. പഴങ്ങൾ പഴുക്കുന്നതിനു സഹായിക്കുന്ന എഥിലീൻ ഇവയിൽ നിന്നും പുറത്തു വരും. ചീരയിലകളുടെ പുതുമ ഒട്ടും തന്നെയും നഷ്‌ടപ്പെടാതിരിക്കണമെങ്കിൽ വായു കടക്കാത്ത പാത്രങ്ങളിലാക്കിയ ഇലകൾ എഥിലീൻ പുറത്തുവിടുന്ന പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ സമീപത്തു നിന്നും മാറ്റി വയ്ക്കേണ്ടതാണ്. അല്ലാത്തപക്ഷം ഇലകൾ ഉപയോഗശൂന്യമായി പോകാനിടയുണ്ട്.