തോട്ടങ്ങളിൽ യൂക്കാലി നടാൻ വനംവകുപ്പിന്റെ പച്ചക്കൊടി | Forest Department - permision for Eucalyptus



ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ എതിർപ്പിനിടെ കേരള വനം വികസന കോർപറേഷന്റെ (കെഎഫ്ഡിസി) തോട്ടങ്ങളിൽ ഒരു വർഷത്തേക്ക് യൂക്കാലി മരങ്ങൾ നടാൻ സംസ്ഥാന വനം വകുപ്പിന്റെ അനുമതി. മാനേജ്മെന്റ് പ്ലാൻ കാലാവധിയിൽ ശേഷിക്കുന്ന ഒരു വർഷം (2024–25) മാത്രമാണ്.

സ്വാഭാവിക വന പുനഃസ്ഥാപന നയം നിലവിൽ വരുന്നതിനു മുൻപാണ് യൂക്കാലി മരങ്ങൾ നടാൻ കേന്ദ്രാനുമതി ലഭിച്ചതെന്നും ഒരു വർഷത്തേക്കു മാത്രമാണ് അനുവാദം നൽകിയിരിക്കുന്നതെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ഈ അനുമതി റദ്ദാക്കുന്ന വിഷയം വനം വകുപ്പിന്റെ പരിഗണനയിൽ ഇല്ലെന്നും വിഷയം ചർച്ച ചെയ്യുമെന്നും വനം മന്ത്രിയുടെ ഓഫിസ് അറിയിച്ചു. തീരുമാനം സ്വാഭാവിക വന പുനഃസ്ഥാപന നയത്തിനു വിരുദ്ധമാണെന്ന് വനം വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയെങ്കിലും അതു പരിഗണിച്ചില്ലെന്നും പരാതിയുണ്ട്. കുറച്ച് സ്ഥലത്തു മാത്രമാണ് യൂക്കാലി നടുന്നതെന്നു കെഎഫ്ഡിസി എംഡി ജോർജി പി.മാത്തച്ചൻ പറഞ്ഞു.

ഉത്തരവിൽ പറയുന്നത്

വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമായതിനാൽ നിലനിൽപിനെ ബാധിക്കുന്ന വിഷയമാണെന്നും അനുമതി നൽകണണെന്നുള്ള കെഎഫ്ഡിസി എംഡിയുടെ നിരന്തര അഭ്യർഥനയെ തുടർന്നാണ് അനുമതി നൽകിയതെന്നു വനം അഡിഷനൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഈ മാസം 7ന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. തോട്ടങ്ങളിൽ യൂക്കാലി മരങ്ങൾ നടുന്നതിന് അനുമതി തേടി കെഎഫ്ഡിസി എംഡി 2022 നവംബർ, 2023 ജനുവരി മാസങ്ങളിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.

ഇതു പരിശോധിച്ച ശേഷം ഫെബ്രുവരി 24 നാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. കെഎഫ്ഡിസിയുടെ കീഴിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂർ ജില്ലകളിലെ തോട്ടങ്ങളിലായി 250 ഹെക്ടർ സ്ഥലമുണ്ട്. ഇതിൽ 50 ഹെക്ടർ പ്രദേശത്താണ് യൂക്കാലി തൈകൾ നടാൻ തീരുമാനം. ഫെബ്രുവരിയിൽ ഇതിനായി കേന്ദ്രാനുമതി ലഭിച്ചെങ്കിലും സംസ്ഥാന വനം വകുപ്പിന്റെ അനുമതി വൈകിയതിനെ തുടർന്ന്, നടാനായി സൂക്ഷിച്ചിരുന്ന യൂക്കാലി തൈകളിൽ പലതും നശിച്ചു.


അടിക്കാടുകൾ വളരില്ല

യൂക്കാലി, മാഞ്ചിയം, അക്കേഷ്യ തുടങ്ങിയവയുടെ തോട്ടങ്ങളിൽ അടിക്കാടുകൾ വളരില്ല. ജലം കൂടുതൽ വലിച്ചെടുക്കുന്ന വൃക്ഷങ്ങളാണ് ഇവയെല്ലാം. യൂക്കാലി നട്ടാൽ കാടിനുള്ളിൽ ജലക്ഷാമം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും വെള്ളവും തീറ്റയും തേടി വന്യമൃഗങ്ങൾ കൂട്ടത്തോടെ ജനവാസമേഖലയിലേക്ക് ഇറങ്ങുമെന്നും കർഷകർ പറയുന്നു. മലവേപ്പ്, വട്ടനോക്കി, കുമ്പിൾ, കുരങ്ങാട്ടി, നെ‍ൻമേനി വാക തുടങ്ങിയവ തോട്ടങ്ങളിൽ നട്ടുപിടിപ്പിക്കുന്നത് വനം വകുപ്പ് പരിഗണിച്ചെങ്കിലും നടപ്പായില്ല.




Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section