വാഴപ്പഴം പഴുപ്പിക്കുന്ന പരമ്പരാഗത ഇന്ത്യന്‍ രീതി കണ്ട് കണ്ണ് തള്ളി സോഷ്യല്‍ മീഡിയ | Banana ripening primitive process



ഓരോ ജനസമൂഹത്തിനും അവരുടേതായ ചില അടിസ്ഥാന കാര്യങ്ങളുണ്ടാകും, പ്രത്യേകിച്ചും പ്രകൃതിയും കൃഷി രീതികളുമായി ബന്ധപ്പെട്ട്. അത്തരം നിരവധി വീഡിയോകള്‍ ഇതിന് മുമ്പും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. അത്തരമൊരു വീഡിയോ സാമൂഹിക മാധ്യമ ഉപയോക്താക്കളെ വീണ്ടും അതിശയപ്പെടുത്തി. വാഴപ്പഴം പഴുപ്പിക്കുന്ന പരമ്പരാഗത ഇന്ത്യന്‍ ഗ്രാമീണ രീതിയായിരുന്നു അത്. കണ്‍ട്രി ഫുഡ് കുക്കിംഗ് വീഡിയോ എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ ഈശ്വരി എസ് എന്ന മുത്തശ്ശിയായിരുന്നു ഈ വീഡിയോ പങ്കുവച്ചത്. ''ഞങ്ങളുടെ ഗ്രാമത്തില്‍ പരമ്പരാഗത ഭക്ഷണം പാകചകം ചെയ്യുന്ന മുത്തശ്ശി' എന്ന ടാഗ് ലൈനിലായിരുന്നു വീഡിയോകള്‍ പങ്കുവച്ചിരുന്നത്. 
നാല് ദിവസം മുമ്പ് മുത്തശ്ശി പങ്കുവച്ച വാഴപ്പഴം പഴുപ്പിക്കുന്ന വീഡിയോ ഇതിനകം നാല് ലക്ഷത്തിനടുത്ത് ആളുകള്‍ കണ്ട് കഴിഞ്ഞു. നിരവധി പേര്‍ വീഡിയോയ്ക്ക് തങ്ങളുടെ കുറിപ്പുകളെഴുതാനെത്തി. രാസവസ്തുക്കൾ ഇല്ലാതെ വാഴപ്പഴം പഴുപ്പിക്കുന്നതിനുള്ള പരമ്പരാഗത രീതി സാമൂഹിക മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു. പഴങ്ങള്‍ പഴുപ്പിക്കാന്‍ രാസവസ്തുക്കള്‍ ഉപയോഗിക്കാറുണ്ടെന്നത് ഇന്ന് പുതുമയുള്ള കാര്യമല്ല. ഇതിനെതിരെ സര്‍ക്കാര്‍ നിയന്ത്രണങ്ങളുണ്ടെങ്കിലും പലപ്പോഴും ആരും ഇതൊന്നും പാലിക്കാറില്ലെന്ന് മാത്രം. ഭക്ഷ്യ വിഷബാധയേറ്റ് ആരെങ്കിലും മരിക്കുമ്പോള്‍ മാത്രമാണ് ആരോഗ്യപ്രവര്‍ത്തകര്‍ നടപടിയുമായി മുന്നോട്ട് പോകാറുള്ളത്. 




അതേസമയം ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഫലങ്ങള്‍ പഴുപ്പിക്കാനായി രാസവസ്തുക്കള്‍ ഉപയോഗിക്കാത്ത ചില രീതികളുണ്ടെന്നുള്ളത് സാമൂഹിക മാധ്യമ ഉപയോക്താക്കളില്‍ പലര്‍ക്കും ആദ്യത്തെ അറിവായിരുന്നു. ഒരു കുഴി കുത്തി അതിനുള്ളില്‍ കല്‍ക്കരി കത്തിച്ച് പുകയിട്ട് അതില്‍ കുലയോട് കൂടി വാഴപ്പഴം വയ്ക്കുന്നു. പിന്നാലെ വാഴയിലയിട്ട്, അതിന് മുകളില്‍ മണ്ണിട്ട് കുഴി മൂടുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ പഴുത്ത വാഴപ്പഴം റെഡി. നന്നായി പഴുത്ത പഴം കഴിക്കുന്ന മുത്തശ്ശിയുടെ കാഴ്ചയോടെ വീഡിയോ അവസാനിക്കുന്നു. ചിലര്‍ ഈ രീതി വാണിജ്യാടിസ്ഥാനത്തില്‍ പ്രായോഗികമാണോ എന്ന് സംശയം പ്രകടിപ്പിച്ചു. മറ്റ് ചിലര്‍ രാസവസ്തുക്കള്‍ ഉപയോഗിക്കാത്ത പരമ്പരാഗത രീതിയെ അഭിനന്ദിച്ചു.





Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section