റംബുട്ടാനിൽനിന്നു വ്യത്യസ്തമായി ബീജസംയോജനം നടക്കാതെ വിത്തുകൾ ഉല്‍പാദിപ്പിക്കുന്ന സസ്യമാണ് മാങ്കോസ്റ്റിൻ. തന്മൂലം മാതൃസസ്യത്തിന്റെ എല്ലാ ഗുണങ്ങളും വിത്തുതൈകൾക്കുമുണ്ടാകും. നല്ല വളർച്ചയും രോഗപ്രതിരോധശേഷിയുമുള്ളതും ഗുണനിലവാരമുള്ള കായ്കൾ ഉല്‍പാദിപ്പിക്കുന്നതുമായ വൃക്ഷങ്ങളിൽനിന്നു വിത്ത് ശേഖരിക്കണം. 25–50 വർഷം പ്രായമുള്ള മരങ്ങളിൽനിന്നു ശേഖരിക്കുന്ന വിത്തുകളില്‍നിന്നു കൂടുതൽ ഊർജസ്വലമായ തൈകള്‍ ഉണ്ടാകുന്നതായി കണ്ടിട്ടുണ്ട്. വിത്തുകളിൽ നിന്ന് ഉല്‍പാദിപ്പിക്കുന്ന തൈകൾ വിളവിലെത്താന്‍ 8–12 വർഷമെടുക്കാറുണ്ട്. മാങ്കോസ്റ്റിന്റെ വേരുകളിൽ മൂലലോമങ്ങൾ ഇല്ലാത്തതും അവ ശാഖകളായി പൊട്ടി വളരാത്തതുമാണ് സാവധാനത്തിലുള്ള വളർച്ചയുടെ പ്രധാന കാരണം. 3 വർഷത്തിലേറെ പ്രായമുള്ള തൈകൾ നടുന്നതിലൂടെ ഈ കാലതാമസം കുറയ്ക്കാം. ശരിയായ നനയും വളപ്രയോഗവും ഉറപ്പാക്കിയും തൈവളർച്ച മെച്ചപ്പെടുത്താം.
ക്ലഫ്റ്റ് ഗ്രാഫ്റ്റിങ്, സൈഡ് ക്ലഫ്റ്റ് ഗ്രാഫ്റ്റിങ്, അടുപ്പിച്ചൊട്ടിക്കൽ രീതികളിലൂടെ ഗ്രാഫ്റ്റ് ചെയ്യാമെങ്കിലും പല കാരണങ്ങളാലും മാങ്കോസ്റ്റിനിൽ ഗ്രാഫ്റ്റിങ് ശുപാർശ ചെയ്തിട്ടില്ല. ഗ്രാഫ്റ്റ് തൈകളുടെ വളർച്ച വിത്തു തൈകളുടേതിനെക്കാൾ സാവധാനമാണെന്നാണ് പ്രധാന കാരണം. ഗ്രാഫ്റ്റിങ്ങിന് ആ വശ്യമായ വേരുകാണ്ഡം അഥവാ റൂട്സ് സ്റ്റോക്ക് ഉല്‍പാദിപ്പിക്കുന്നതിന് 2–3 വർഷമെടുക്കുമെന്നതും കാരണമാണ്.
ഡ്രാഗൺ ഫ്രൂട്ട്
ഡ്രാഗൺ ഫ്രൂട്ടിൽ വെള്ള / പർപ്പിൾ /ചുവപ്പ് നിറമുള്ള കാമ്പോടു കൂടിയ പഴങ്ങൾ ഉൽപാദിപ്പിക്കുന്ന ഇനങ്ങൾ ലഭ്യമാണ്. കായയുടെ പുറംതൊലിക്ക് മഞ്ഞ നിറമുള്ള ഇനവും ലഭ്യമാണ്. എല്ലാ ഇനങ്ങളിലും കായ്കൾ ഉണ്ടായ ശിഖരങ്ങൾ കോതുമ്പോൾ അവയിൽനിന്നു 30 സെ.മീ. വലുപ്പമുള്ള കഷണങ്ങൾ മുറിച്ചെടുത്ത് തവാരണകളിൽ പാകി വേര് പിടിപ്പിച്ചാണ് തൈകൾ ഒരുക്കുന്നത്. ചെടികൾ പടർത്താനു ള്ള പോസ്റ്റുകൾ തമ്മിൽ 3 മീറ്റർ അകലം നൽകണം. പോസ്റ്റിന് 7 അടി ഉയരവും വേണം. അവ 2 അടി ആഴത്തിൽ ഉറപ്പിക്കണം.
പാഷൻ ഫ്രൂട്ട്
ഗുണനിലവാരമുള്ള മാതൃസസ്യത്തിന്റെ വിത്തു പാകിയും വള്ളികൾ മുറിച്ചുനട്ടും ഗ്രാഫ്റ്റ് ചെയ്തും പതി വച്ചും തൈകൾ ഉണ്ടാക്കാം. വിത്തുപയോഗിക്കുമ്പോൾ പഴങ്ങളിൽനിന്നു പുറത്തെടുത്ത വിത്തുകൾ 12 മണിക്കൂർ വെള്ളത്തിലിട്ടു ഞെരടി വൃത്തിയായി കഴുകണം. അവ പ്രത്യേകം തയാറാക്കിയ മാധ്യമത്തിൽ പാകി ആവശ്യമായ ഈർപ്പം നിലനിർത്തുന്നപക്ഷം 3-4 ആഴ്ചയ്ക്കുള്ളിൽ മുളയ്ക്കും.
വള്ളികൾ മുറിച്ച് വേരുപിടിപ്പിക്കുമ്പോൾ അധികം പ്രായമാകാത്തതും എന്നാൽ വളരെ ഇളപ്പമല്ലാത്തതുമായ വള്ളികൾ തിരഞ്ഞെടുക്കണം. മുറിച്ചെടുത്ത വള്ളിയുടെ താഴ്ഭാഗത്തെ ഇലകൾ മുറിച്ചു നീക്കിയ ശേഷം മുട്ടുകൾ നടീൽമാധ്യമത്തിനുള്ളിൽ പൂർണമായി മൂടുന്ന വിധം നട്ട് ഈർപ്പം നിലനിർത്താൻ സഹായിക്കുന്ന പോളിത്തീൻ ടണലുകളിൽ സൂക്ഷിക്കണം.
ഗ്രാഫ്റ്റ് തൈകൾ ഉണ്ടാക്കുന്നതിനായി മഞ്ഞ നിറത്തിലുള്ള പാഷൻ ഫ്രൂട്ടിന്റെയോ പാഷൻഫ്രൂട്ട് കുടുംബത്തിൽപെടുന്ന ചെടികളുടെയോ വിത്തുതൈകൾ തയാറാക്കണം. ഇത്തരം തൈകളിലേക്ക് തിരഞ്ഞെടുത്ത മാതൃ ചെടികളുടെ വള്ളികൾ ക്ലഫ്റ്റ് ഗ്രാഫ്റ്റിങ് രീതി ചെയ്യാം.