വിത്തുപയോഗിച്ചും ബഡിങ്, ഗ്രാഫ്റ്റിങ് രീതികളിലും റംബുട്ടാൻ തൈകൾ തയാറാക്കാം. ആൺചെടികൾ ഉണ്ടാകുന്നതിനാലും വിളവിലെത്താൻ 8-10 വർഷമെടുക്കുന്നതിനാലും വിത്തുതൈകള്‍ വാണിജ്യക്കൃഷിക്കു പറ്റില്ല.
ഒട്ടുതൈകളുണ്ടാക്കാന്‍ ആരോഗ്യമുള്ള മരങ്ങളിൽനിന്നു വിത്ത് ശേഖരിക്കണം. വിത്തുകൾക്ക് സൂക്ഷിപ്പു കാലാവധി കുറവായതിനാൽ ഉണങ്ങിപ്പോകാതെ ശ്രദ്ധിക്കുകയും 4-5 ദിവസത്തിനുള്ളിൽ പ്രത്യേക തവാരണകളിൽ പാകി മുളയ്ക്കുന്നതിനു സാഹചര്യമൊരുക്കുകയും വേണം. മുളച്ചു വരുന്ന തൈകളിൽനിന്ന് ആരോഗ്യമുള്ളതും തായ്‌വേരുകൾ നേരെ വളരുന്നതുമായ തൈകൾ എടുത്ത് പോളിത്തീൻ കവറുകളിലോ റൂട്ട് ട്രെയിനർ കപ്പുകളിലോ നട്ടു പരിപാലിക്കുക. ശരിയായി പരിപാലിച്ചാല്‍ ഈ തൈകൾ 4–5 മാസത്തിനകം ബഡ് ചെയ്യാം.
ഇനങ്ങൾ: സീസർ, കിങ്, റോങ്റിയാൻ, മൽവാന, സ്കൂൾ ബോയ്, N18 തുടങ്ങി ഒട്ടേറെ ഇനങ്ങൾ ലഭ്യമാണെങ്കിലും ഉയർന്ന വിളവും സൂക്ഷിപ്പുകാലാവധിയുമുള്ള N18 ആണ് വാണിജ്യക്കൃഷിക്കു കൂടുതൽ യോജ്യം.
നടുന്ന വിധം: നീർവാർച്ചാസൗകര്യവും 2–3 മീറ്റർ ആഴം ഉള്ളതും ജൈവാംശം കൂടിയതുമായ പശ്ചിമരാശി മണ്ണാണ് കൃഷിക്കുത്തമം. ഉല്‍പാദനത്തെ സൂര്യപ്രകാശലഭ്യത നന്നായി സ്വാധീനിക്കുന്നതിനാൽ നല്ല തുറസ്സായ സ്ഥലങ്ങൾ വേണം കൃഷിക്കായി തിരഞ്ഞെടുക്കാൻ. 2 തൈകൾ തമ്മിൽ കാലാവസ്ഥ, സ്ഥലത്തിന്റെ കിടപ്പ്, മണ്ണിന്റെ സ്വഭാവം എന്നിവ അനുസരിച്ച് 8 മുതൽ 12 മീറ്റർ വരെ അകലം നൽകി വേണം നടാൻ. ഏക്കറിൽ 35 – 40 തൈ നടാം. മണ്ണിന്റെ സ്വഭാവം അനുസരിച്ച് രണ്ടര മുതൽ 3 അടി വരെ വീതിയും ആഴവുമുള്ള കുഴികൾ എടുത്ത് 10 കിലോ ജൈവവളവും 250 ഗ്രാം റോക്ക് ഫോസ്ഫേറ്റും മേൽമണ്ണുമായി ചേർത്ത് ഇളക്കി കുഴിയിൽ നിറച്ചശേഷം തൈകൾ നടാം.