2011-12-ല്‍ വിസ്തൃതി 83,000 ഹെക്ടറും ഉത്പാദനം 73,000 മെട്രിക് ടണ്ണും ആയിരുന്നു. 2017-18 ല്‍ വിസ്തൃതി 92,813 ആയി വര്‍ധിപ്പിക്കാനും ഉത്പാദനം 88,180 ടണ്ണായി കൂട്ടാനും കഴിഞ്ഞു. എന്നാല്‍ 2019-20-നുശേഷം അപ്രതീക്ഷിതമായി ഉണ്ടായ മഴയും കാലാവസ്ഥാ വ്യതിയാനവും ഉത്പാദനത്തില്‍ കുറവുണ്ടാക്കിയെന്നാണ് കശുമാവ് കൃഷി വികസന ഏജന്‍സിയുടെ വിലയിരുത്തല്‍.
2008-2009 കാലയളവില്‍ ഹെക്ടറിന് 1071 കിലോ ആയിരുന്നു ഉത്പാദന ക്ഷമതയെങ്കില്‍, 2022-23 ആകുമ്പോഴേക്കും ഹെക്ടറിന് 839 കിലോ ആയി കുറഞ്ഞു.
കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി വികസന ഏജന്‍സി ഇതിനകം 46,069 ഹെക്ടറിലേക്കായി 96,05,023 തൈകളാണ് വിതരണം ചെയ്തത്. 1,63,094 ഗുണഭോക്താക്കളുണ്ട്. കാലാവസ്ഥാ വ്യതിയാനം, പ്രളയം, മണ്ണിടിച്ചില്‍, വരള്‍ച്ച, കീടരോഗങ്ങള്‍ എന്നീ പ്രതികൂല സാഹചര്യങ്ങളില്‍ 40 ശതമാനത്തില്‍ കൂടുതല്‍ തൈകള്‍ നശിച്ചുപോയി.
കേരളത്തിലെ 800 കശുവണ്ടി ഫാക്ടറികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ആറുലക്ഷം മെട്രിക് ടണ്‍ തോട്ടണ്ടി ഉത്പാദിപ്പിക്കാനും മൂന്നുലക്ഷത്തോളം വരുന്ന കശുവണ്ടിത്തൊഴിലാളികളുടെ ഉപജീവനം സാക്ഷാത്കരിക്കാനും ലക്ഷ്യമിട്ടാണ് ഏജന്‍സി തുടങ്ങിയത്. എന്നാല്‍ ലക്ഷ്യത്തിലെത്താന്‍ ഇനിയും ഏറെദൂരം സഞ്ചരിക്കേണ്ടതുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ത്തന്നെ പല ഫാക്ടറികളും പ്രവര്‍ത്തിക്കുന്നത് ഘാനയില്‍നിന്നും മറ്റും ഇറക്കുമതിചെയ്യുന്ന തോട്ടണ്ടിയെ ആശ്രയിച്ചാണ്.
കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്, കാര്‍ഷിക സര്‍വകലാശാല എന്നീ സ്ഥാപനങ്ങളിലെ ഗവേഷണ കേന്ദ്രത്തില്‍നിന്ന് ഉത്പാദിപ്പിച്ച ഗുണമേന്മയുള്ള, അധികം പടരാതെ, പൊക്കംവയ്ക്കാതെ നിയന്ത്രിച്ച് വളര്‍ത്താവുന്ന കശുമാവ് തൈകള്‍ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. കശുമാവ് പരപരാഗണം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി കശുമാവ് തോട്ടങ്ങളില്‍ തേനീച്ചവളര്‍ത്തല്‍ പദ്ധതിയുമുണ്ട്. ഏജന്‍സിയുടെ ഓഫീസ് കൊല്ലം മുണ്ടയ്ത്തലാണ്. കൃഷിയില്‍ താത്പര്യമുള്ളവര്‍ക്ക് ഈ നമ്പരില്‍ ബന്ധപ്പെടാം.
ഫോണ്‍: 9496045000.