അടിമുടി വിഷമാണ് അരളി; ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക | Be care in using of Arali flower



നാട്ടിലെങ്ങും വ്യാപകമായി കാണുന്ന അലങ്കാരസസ്യമാണ് അരളി, ശാസ്ത്രീയമായി Nerium oleander, N.indicum പേരുകളിൽ ഇത് അറിയപ്പെടുന്നു. രണ്ടോ മൂന്നോ മീറ്റർ മാത്രം ഉയരം വയ്ക്കുന്ന ഈ സസ്യം അപ്പോസയനെസിയെ കുടുംബത്തിലെ അംഗമാണ്. റോസ് നിറത്തിലും പിങ്ക് നിറത്തിലും ചുവപ്പിൻ്റെ വിവിധ രാശികളിലും വെള്ള നിറത്തിലും മഞ്ഞ നിറത്തിലുമുള്ള പരിമള പൂക്കൾ ധാരാളമായി ഉണ്ടാവുന്ന സസ്യമായതിനാൽ അലങ്കാര ആവശ്യത്തിനും ഇത് നട്ടുവളർത്താറുണ്ട്. കാലാവസ്ഥാപരമായി, ഉണങ്ങിയ അല്ലെങ്കിൽ ജലം ആവശ്യമില്ലാത്ത തരം പ്രകൃതിയിൽ വളരാൻ അനുരൂപണം ചെയ്തിരിക്കുന്നതിനാൽ ഹൈവേയിലും ഡിവൈഡറുകളിലും മറ്റു പരിപാലനം ആവശ്യം ഇല്ലാത്ത തരം പൂന്തോട്ടങ്ങളിലും നടാനായി തിരഞ്ഞെടുക്കുന്ന ആദ്യത്തെ സസ്യം ഒരുപക്ഷേ അരളി തന്നെയാവും. നല്ല കട്ടികൂടിയ ഇലകളും ജലാംശം നഷ്‌ടപ്പെടാതെ ഇരിക്കാൻ സ്വേദന പ്രക്രിയ കുറയ്ക്കാനുള്ള അനുരൂപണങ്ങളും ഇവയുടെ പ്രത്യേകതകളാണ്.

ഒരുപക്ഷേ സസ്യലോകത്ത് തന്നെ അടിമുടി വിഷാംശം അടങ്ങിയ സസ്യം ഏതെന്ന് ചോദിച്ചാൽ അരളി എന്നതായിരിക്കും ഏറ്റവും നല്ല മറുപടി. വേരുകൾ, ഇലകൾ, തണ്ട്, വെള്ള നിറമുള്ള പാല്, പൂക്കൾ തുടങ്ങി സസ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വിവിധയിനം വിഷാംശം খা㎎, oleandrin, oleandroside, neriin തുടങ്ങിയ ഹൃദയത്തെ ബാധിക്കുന്ന ഗ്ലൈക്കോസൈഡുകൾ ആണ് ഈ സസ്യത്തെ വിഷകാരി ആക്കുന്നത്. ഒന്നോ രണ്ടോ ഇലകളോ ഏതാനും പൂക്കളോ അറിഞ്ഞോ അറിയാതെയോ ഉള്ളിലേക്ക് ചെന്നാൽ മരണം വരെ സംഭവിക്കാവുന്ന തരത്തിൽ വിഷബാധ ഉണ്ടായേക്കാം. ചില പഠനങ്ങൾ അനുസരിച്ച് കേവലം നാല് ഗ്രാം ഇല അകത്തു ചെന്നാൽ തന്നെ വിഷബാധ ഉണ്ടാകാം. തലകറക്കം, ഛർദി എന്നിവ ഇതിന്റെ വിഷബാധയുടെ ആദ്യ ലക്ഷണങ്ങളാണ് എന്നാൽ തുടർന്ന് ഹൃദയത്തിന്റെ പ്രവർത്തനം താളം തെറ്റുകയും വിഷബാധയുടെ മറ്റ് ലക്ഷണങ്ങളായ ഉയർന്ന ഹൃദയ മിടിപ്പ്, തലവേദന, ബോധക്ഷയം, തളർച്ച എന്നിവയെല്ലാം കാണിക്കുകയും ചെയ്യുന്നു. വിഷാംശം ഉള്ളിൽ ചെന്നു എന്ന് സംശയം ഉണ്ടായാൽ എത്രയും വേഗത്തിൽ വൈദ്യസഹായം തേടേണ്ടത് അനിവാര്യമാകുന്നു.

ഇലകളിലെയും പൂക്കളിലെയും വിഷാംശം അതിന്റെ വളർച്ചാഘട്ടം അനുസരിച്ച് മാറാവുന്നതാണ്. അരളിയുടെ കമ്പിൽ കോർത്തുവെച്ച മാംസഭാഗങ്ങൾ ബാർബിക്യു ചെയ്തതിനുശേഷം ഭക്ഷിച്ച ആളുകളിലും അരളിച്ചെടി കൂട്ടിയിട്ട് കത്തിച്ച് പുക ശ്വസിച്ച ആളുകളിലും വരെ വിഷബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അരളി ഇലകൾ കമ്പോസ്റ്റ് ആക്കി ആ കമ്പോസ്റ്റ് ഇട്ടു വളർത്തിയ മറ്റ് സസ്യങ്ങളിൽ പോലും അരളിയിലെ വിഷാംശങ്ങൾ കടന്നുകൂടിയതായി പഠനങ്ങൾ കാണിക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ പല അമ്പലങ്ങളിലും പൂജയ്ക്കും മറ്റും അരളിപ്പൂക്കൾ ഉപയോഗിക്കുന്നത് കാണാറുണ്ട്. എല്ലാ കാലങ്ങളിലും കാലാവസ്ഥയിലും പൂക്കൾ ഉണ്ടാവാറുണ്ട് എന്നത് ഒരുപക്ഷേ ഇത്തരം ആവശ്യങ്ങൾക്ക് എടുക്കുന്നതിന് ഒരു കാരണമാവാം.


അളവാണ് വിഷം നിർണയിക്കുന്നത് (Sola dosis facit Venenum) എന്ന പ്രശസ്‌തമായ ലാറ്റിൻ ആപ്തവാക്യം ഇവിടെയും ബാധകമാണ്. വളരെ ചെറിയ അളവിൽ ഹൃദ്രോഗ ചികിത്സയ്ക്കായി ചൈനയിലെ പ്രാദേശിക ചികിത്സാക്രമങ്ങളിൽ അരളി ഉപയോഗിക്കാറുണ്ട്.




Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section