അപൂർവങ്ങളിൽ അപൂർവമായ ഞാവൽ മരമാണ് ആയുർവേദ കേളേജ് ഗേറ്റിനടത്തുള്ളത്. 2011-ൽ പാലോട് ടോപ്പിക്കൽ ബെട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ (ടി.ബി.ജി.ആർ.ഐ) ഗവേഷകരാണ് ഞാവൽ മരങ്ങളിലെ ഈ അപൂർവ ഇനത്തെ തിരിച്ചറിഞ്ഞത്. ഇതുപോലെ രണ്ടെണ്ണം വർക്കല ഭഗവതി കാവിലും ഉണ്ടായിരുന്നു. അവ ഇന്നില്ല. ഈ ഞാവലിന് അവർ തങ്ങളുടെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടറായിരുന്നു ഡോ.എ.എബ്രഹാമിന്റെ പേരിട്ടു- എബ്രാഹം ഞാവൽ.
ഇങ്ങനെയൊരു മരം വേറെങ്ങും ഉള്ളതായി ആരും ഇതുവരെ അറിയിച്ചിട്ടില്ല. അതിനാൽ, ഗവേഷകരുടെ അറിവിലെ ഒരേയൊരു എബ്രഹാം ഞാവലാണിത്. നാട്ടിൽ കാണാറുള്ള ഞാവൽ മരത്തിലെ കായ്കൾ അല്പം നീണ്ടിട്ടാണ്. എന്നാൽ എബ്രഹാം ഞാവൽപ്പഴങ്ങൾ ഉരുണ്ടതാണ്. ഞാറപ്പഴത്തോടാണ് അവയ്ക്ക് സാമ്യം.
നഗരത്തിലെ മരങ്ങളുടെ കൂട്ടുകാരായ ട്രീ വാക് പ്രവർത്തകർ ശനിയാഴ്ച നടന്നത് ഈ മരത്തിന്റെ ചുവട്ടിലേയ്ക്കായിരുന്നു. അവരോട് എബ്രഹാം ഞാവലിന്റെ കഥ പറയാൻ എത്തിയത് ടി.ബി.ജി.ആർ.ഐയിലെ സീനിയര്‍ ടെക്‌നിക്കൽ ഓഫീസർ ഡോ. ഇ.എസ്.സന്തോഷ് കുമാർ. മരങ്ങളെ അവയുടെ അപൂർവതയൊന്നും കണക്കിലെടുക്കാതെ, റോഡിനുവേണ്ടി വെട്ടിവീഴ്ത്തുന്ന കാലം. എബ്രാഹം ഞാവലിനും ഈ ഗതി വരുമോ എന്നാണ് ട്രീ വാക് പ്രവർത്തകരുടെ ആധി. ഈ അപൂർവ മരത്തെ നാട് തിരിച്ചറിയുകയും സംരക്ഷിക്കുകയും വേണം. 22ന് രാവിലെ എട്ടിന് എബ്രാഹം ഞാവലിന് ഈ മണ്ണിൽ നിലനിൽക്കാനുള്ള അവകാശം ആഘോഷിക്കാൻ ഒരുങ്ങുകയാണ് ട്രീ വാക്. ഈ മരം മൺമറയാതിരിക്കാൻ ഇതിന്റെ തൈകൾ ഉണ്ടാക്കുകയാണ് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ.