എത്യോപ്യയിലെ ആടിലൂടെ കണ്ടെടുക്കപ്പെട്ട കാപ്പി
കാപ്പിയുടെ ഉത്ഭവത്തെക്കുറിച്ച് പല കഥകള്‍ പ്രചാരത്തില്‍ ഉണ്ടെങ്കിലും ഏറ്റവും അധികം കേള്‍ക്കുന്ന കഥ എത്യോപ്യയിലെ ആട്ടിടയന്റേതാണ്. ഇന്നത്തെ എത്യോപ്യ - തെക്കന്‍ സുഡാന്‍ പ്രദേശത്തെ ഏതോ ഒരു ആട്ടിടയന്‍ തന്റെ ആടുകള്‍ ഒരു ചെടിയുടെ കായകള്‍ തിന്നതിനു ശേഷം വല്ലാതെ ഉത്തേജിതരായി പരക്കം പായുന്നത് കണ്ടു. ഈ കായകള്‍ പറിച്ചെടുത്ത് ഭക്ഷിച്ചു നോക്കിയ ഇടയനും അതിന്റെ ഊര്‍ജസ്വലത അനുഭവിക്കുകയും പിന്നീട് ഒരു ഭക്ഷ്യ പദാര്‍ത്ഥമായി ഉപയോഗിച്ചു തുടങ്ങുകയും ചെയ്തു. ആദ്യകാലങ്ങളില്‍ കാപ്പികുരു മറ്റു ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് ഒപ്പം പൊടിച്ചുചേര്‍ത്ത് ഊര്‍ജദായകമായ ഭക്ഷ്യവസ്തു എന്ന രീതിയില്‍ ഉപയോഗിക്കുകയായിരുന്നു. കാപ്പിയുടെ ഇലകളും മറ്റും തിളപ്പിച്ചുകൊണ്ട് ഉത്തേജക പാനീയം എന്ന രീതിയില്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു.
അറബികളിലൂടെ പ്രചാരം
ആഫ്രിക്കയില്‍ നിന്നുള്ള അടിമകള്‍ വഴി യമനിലേക്കും പിന്നീട് അറേബ്യയിലേക്കും കാപ്പിയുടെ ഉപയോഗം പടര്‍ന്നു എന്ന് കരുതപ്പെടുന്നു. ആദ്യകാലങ്ങളില്‍ സൂഫി സന്യാസിമാരുടെ പ്രധാന പാനീയമായിരുന്നു കാപ്പി കൊണ്ടുള്ള ക്വഷീര്‍. ഏറെ വൈകിയുള്ള പ്രാര്‍ത്ഥനകളില്‍ ഉണര്‍ന്നിരിക്കാന്‍ അതവരെ സഹായിച്ചിരുന്നുവത്രേ. കാപ്പിയുടെ ഉത്തേജക ഗുണങ്ങള്‍ വളരെ പെട്ടെന്ന് മനസ്സിലാക്കുകയും ആദ്യകാല കോഫി ഹൗസുകള്‍ തുറക്കപ്പെടുകയും ചെയ്തു. ബൗദ്ധിക വ്യാപാരത്തിനുള്ള പ്രധാന കേന്ദ്രങ്ങളായാണ് ഇത്തരം കോഫി ഹൗസുകള്‍ അറിയപ്പെട്ടിരുന്നത്. പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ കാപ്പിക്കുരു വറുത്തു പൊടിച്ചതിനുശേഷം പാനീയങ്ങള്‍ ഉണ്ടാക്കുന്ന ഇന്നത്തെ രീതി അറേബ്യയില്‍ പ്രചാരത്തില്‍ ആവുകയും അത് തുര്‍ക്കി ഈജിപ്ത് തുടങ്ങി മെഡിറ്ററേനിയന്‍ പ്രദേശങ്ങളില്‍ ആകെ വ്യാപിക്കുകയും ചെയ്തു. അറബികളാണ് കാപ്പി ഒരു വ്യാപാര വസ്തുവാക്കി ലോകമെമ്പാടും വിപണനം ചെയ്തു തുടങ്ങിയത്. 16 - 17 നൂറ്റാണ്ടുകളില്‍ കാപ്പി യൂറോപ്പിലെ ഒരു സുപ്രധാന ദൈനംദിന പാനീയമായി സ്ഥാനം പിടിക്കുകയും കോളനിവല്‍ക്കരണത്തിന്റെ ഫലമായി ലോകമെമ്പാടും വ്യാപിക്കുകയും ചെയ്തു.
സസ്യ വര്‍ഗീകരണ ക്രമം അനുസരിച്ച് കോഫിയ എന്ന ജനുസ്സില്‍ ഉള്‍പ്പെടുന്നതാണ് കാപ്പി. ഇതില്‍ രണ്ടു വ്യത്യസ്ത വിഭാഗങ്ങളുണ്ട് . കോഫിയ അറബിക എന്ന അറബിക്ക കോഫിയും Coffea canephora എന്ന റോബസ്റ്റ കോഫിയും ആണ് ഇവ. കാപ്പി കുടുംബം എന്ന് തന്നെ അറിയപ്പെടുന്ന റൂബിയെസിയെ സസ്യ കുടുംബത്തിലാണ് ഇവ ഉള്‍പ്പെടുന്നത്. കഫീനിന്റെ അളവ് കൂടുതലായതിനാലും ധാരാളം വെറൈറ്റികള്‍ ഉള്ളതിനാലും അറബിക് കാപ്പിയാണ് കൂടുതലായി കൃഷിചെയ്യപ്പെടടുന്നത്. കുറ്റിച്ചെടിയായി വളരുകയും വളര്‍ച്ചയെത്തുമ്പോള്‍ ഒരു ചെറിയ മരമായി മാറുകയും ചെയ്യുന്ന പ്രകൃതമാണ് കാപ്പിച്ചെടികള്‍ക്ക്. കുല കുലയായി ധാരാളമായ സുഗന്ധപൂരിതമായ വെളുത്ത പൂക്കള്‍ ഇതിന്റെ പ്രത്യേകതയാണ്.