കൊക്കോ എപ്പോൾ എങ്ങനെ എവിടെ കൃഷി ചെയ്യാം? | When, how and where will cocoa be started?



തിയോബ്രോമ ബൈകളർ, തി ഗ്രാന്റിഫ്ലോറ എന്നിവയാണ് കൊക്കോയുടെ അറിയപ്പെടുന്ന രണ്ടു സ്‌പീഷീസുകൾ. ജൂൺ, ജൂലൈ മാസങ്ങളിൽ കൊക്കോ കൃഷിയാരംഭിക്കാം. ആറോ, ഒൻപതോ ഇഞ്ച് നീളമുള്ള പോളിത്തീൻ കൂടുകളിൽ മണ്ണും ചാണകപ്പൊടിയും കുറച്ചു മണലും കൂടി മിശ്രിതമാക്കി നിറയ്ക്കുക. അതിനു ശേഷം ഓരോ കൊക്കോ കുരു ഒരിഞ്ചു താഴ്ത്തി നടുക. ആവശ്യത്തിന് വെള്ളവും തണലും നൽകണം. കൂടകൾ തമ്മിൽ ഒരടിയെങ്കിലും അകലം വേണം. മൂന്നു മാസം കഴിയുമ്പോഴേക്കും കൂടയിൽ തൈകൾ തയാറാകും.

അതിനുശേഷം ഒന്നരയടി താഴ്ച‌യുള്ള സമചതുരത്തിലെ കുഴികളെടുത്ത് അതിൽ കുറച്ചു വളപ്പൊടിയും മണ്ണും ചേർത്ത് ഇളക്കിയതിനു ശേഷം തൈകൾ നടുക. തൈ നട്ടതിനു ശേഷം ജൈവ വസ്തുക്കൾക്കൊണ്ട് തടത്തിൽ പുതയിടണം. കരിയിലകൾ, മുറിച്ച വാഴപ്പോള, ചകിരി, ചകിരിച്ചോർ, അറക്കപ്പൊടി, എന്നിവ ഉപയോഗിക്കാം. ആദ്യത്തെ മൂന്ന് വർഷം തോട്ടം കള വിമുക്‌തമാകണം. മേൽക്കുമേൽ തട്ടുതട്ടായി വളരുന്ന മരമാണ് കൊക്കോ. ആവശ്യത്തിനു തണലും മികച്ച പരിചരണവുമുണ്ടെങ്കിൽ ഒരു മീറ്ററിനു മുകളിൽ ഉയരമെത്തുമ്പോൾ മരങ്ങളിൽ ശിഖരങ്ങൾ ധാരാളമായി വിഘടിച്ചു തുടങ്ങും. പിന്നീട് വളർച്ച തടഞ്ഞില്ലെങ്കിൽ മരത്തിൻ്റെ പരിപാലനം ബുദ്ധിമുട്ടാകും. ഭാഗിക തണൽ ഇഷ്ട്‌ടപ്പെടുന്ന മരമാണ് കൊക്കോ. തണലിന്റെ ആധിക്യം മൂലം സൂര്യപ്രകാശം തായ്‌ത്തടിയിലേക്ക് എത്താതിരുന്നാൽ കായ്കളുടെ എണ്ണം കുറയും. ഈ സാഹചര്യത്തിലാണ് പ്രൂണിങ് നടത്തേണ്ടത്.പരമാവധി ഒന്നര മീറ്റർ ഉയരത്തിൽ വച്ച് ഒന്നാം തട്ടിന്റെ വളർച്ച നിർത്തുന്നതാണ് ഫലപ്രദം. ഇതോടൊപ്പം തായ്ത്തടിയിൽ നിന്നും വളരുന്ന തളിർപ്പുകളെ മുറിച്ചു നീക്കുകയും ചെയ്യാം. ഒന്നാം തട്ട് നശിക്കുന്നതോടെ രണ്ടാം തട്ട് വളരാൻ അനുവദിക്കാം. വർഷത്തിലൊരിക്കൽ കായ്‌പിടുത്തം കുറവുള്ള സമയം നോക്കി കമ്പു കോതൽ നടത്തിയാൽ വിളവ് സമൃദ്ധമാകും.


അധികം ഈർപ്പമില്ലാത്ത, നീർവാർച്ചയുള്ള മണ്ണാണ് ഉത്തമം. ഇടവിളയാണെങ്കിൽ ഒരു ഏക്കർ സ്‌ഥലത്ത് 160-180 ചെടികൾ വരെ നടാൻ പറ്റും. ചെടികളുടെ എണ്ണം കുറയുകയും ചെടികൾ തമ്മിലുള്ള അകലം കൂടുകയുമാണ് കൃഷിക്ക് നല്ലത്. കേരളത്തിൽ സമ്മിശ്രകൃഷി രീതിക്ക് ഏറ്റവും യോജിച്ച വിളയാണ് കൊക്കോ. റബർ നട്ടിരിക്കുന്ന തോട്ടങ്ങളിൽ 20X10 അടി അകലത്തിൽ രണ്ടു വരി റബർ മരങ്ങളുടെ നടുവിലായി 10X10 അടി അകലമിട്ട് കൊക്കോ തൈകൾ നടാം. ഇതുവഴി ഒരു ഹെക്ടറിൽ 560 കൊക്കോ തൈകൾ നടാം. ഒരു ഹെക്ടറിൽനിന്നു വർഷം ശരാശരി നാല് ലക്ഷം രൂപ വരുമാനം നേടാമെന്ന് അനുഭവസ്ഥർ പറയുന്നു. കൊക്കോയുടെ ഇലകൾ കൊഴിഞ്ഞുവീണ് റബർത്തോട്ടങ്ങളിൽ ഈർപ്പം നിന്ന് പാലുൽപാദനം വർധിക്കുമെന്നും കർഷകർ പറയുന്നു.




Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section