ശരാശരി ഉൽപാദനമുള്ള ഒരു കൊക്കോയിൽ നിന്നു വർഷം 80-120 കായ്കൾ വരെ ലഭിക്കും. മികച്ച ഉൽപാദനമുള്ളവയുടെ കാര്യത്തിൽ ഇത് 130-160 വരെ പോകാം. ഒരു കായയിൽ നിന്നുള്ള പച്ചക്കുരുവിന്റെ തൂക്കം മരത്തിന്റെ ഗുണമേന്മയ്ക്ക് അനുസൃതമായി 200 ഗ്രാം മുതൽ 600 ഗ്രാം വരെയെത്തും. അതായത്, ഇപ്പോഴത്തെ വില നിലവാരത്തിൽ ഒരു മരത്തിൽനിന്നു വർഷം ശരാശരി 3200 രൂപ മുതൽ 4800 രൂപ വരെ വരുമാനം. പുളിപ്പിച്ച് ഉണക്കി പരിപ്പാക്കി വിൽക്കുമ്പോൾ വരുമാനം വീണ്ടും വർധിക്കും. കൊക്കോ വിളവെടുപ്പിന് രണ്ടു സീസണുകളാണ് ഉള്ളതെങ്കിലും നനയ്ക്കുന്ന തോട്ടങ്ങളിൽ സീസൺ പിന്നിട്ടാലും മോശമല്ലാത്ത ഉൽപാദനം തുടരും. പച്ചക്കുരുവായി വിൽക്കുന്നവർക്ക് ആഴ്ചയിൽ രണ്ടുവട്ടം വിളവെടുക്കാം...
കൊക്കോ കായ് പോട് (ജീറ) എന്നാണ് അറിയപ്പെടുന്നത്. വെള്ള, പച്ച, ചുവപ്പ് നിറത്തോടുകൂടിയ ചെറിയ കായ്കൾ പാകമാകുമ്പോൾ മഞ്ഞയോ ചുവപ്പോ പർപ്പിൾ നിറമോ ആകും. നാലോ അഞ്ചോ മാസത്തെ വളർച്ച കൊണ്ടു കായ്‌കൾ പൂർണമായ വലുപ്പമെത്തുകയും പിന്നീട് ഒരു മാസംകൊണ്ട് പഴുക്കുകയും ചെയ്യും. നിറം മാറുന്നതിനെ ആസ്പദമാക്കിയാണ് കായ് പാകമായെന്നു മനസ്സിലാക്കുന്നത്. ഒരു കായയിൽ 20 മുതൽ 80 എണ്ണം വരെയുള്ള ബീൻസ് എന്നു വിളിക്കുന്ന പരിപ്പുകൾ ഉണ്ടാകും. അഞ്ച് നിരകളിലായി അടുക്കി വച്ചിരിക്കുന്ന ഈ വിത്തുകൾക്കു പല വലുപ്പമാണ് ഉണ്ടാകുക.
പ്രകൃതിദത്ത കൊക്കോയല്ലാതെ ചോക്ലേറ്റിനു മറ്റൊരു ബദൽ ഇല്ലെന്നതാണ് കൊക്കോയ്ക്കു വിലസ്‌ഥിരത നൽകുന്ന സുപ്രധാന ഘടകം. അമേരിക്കയിലും യൂറോപ്പിലും ആളോഹരി പ്രതിവർഷ ചോക്ലേറ്റ് ഉപഭോഗം 5.2 കിലോയാണ്. ഇവിടങ്ങളിൽ ഉപഭോഗം ഏറക്കുറെ പാരമ്യത്തിലെത്തിയെങ്കിൽ ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ ആളോഹരി ഉപഭോഗം ഇതിന്റെ നാലിലൊന്നു പോലുമില്ല. അതുകൊണ്ടുതന്നെ ലോകമാകെയുള്ള ചോക്ലേറ്റ് വിപണിയുടെ വളർച്ചനിരക്ക് 2015നും 2020 ഇടയിൽ 14 ശതമാനമെങ്കിൽ ഇന്ത്യയിലെ വളർച്ച അതിന്റെ രണ്ടിരട്ടിയിലേറെ വരും. പ്രധാന കമ്പനികൾ ഇന്ത്യയിൽ കണ്ണ് വച്ചിരിക്കുന്നതിൻ്റെ കാരണവും ഇത് തന്നെയാണ്. ചോക്ലേറ്റ് നിർമാണത്തിനു പകരം കൊക്കോ പൗഡറും കൊക്കോ ബട്ടറുമെല്ലാം ഭക്ഷ്യോൽപന്ന നിർമാണ ഫാക്‌ടറികൾക്കു നൽകുന്ന വ്യവസായവും ഇന്ത്യയിൽ തഴച്ചുവളരുന്നുണ്ട്.
പരിപ്പ് എങ്ങനെ സംസ്കരിക്കാം?
കായയിൽ നിന്ന് കിട്ടുന്ന പരിപ്പ് പുളിപ്പിക്കുകയാണ് കൊക്കോ സംസ്കരണത്തിന്റെ ആദ്യപടി. കായ്കളെ ബലമുള്ള പ്രതലത്തിൽ ഇടിച്ചു പൊട്ടിച്ച് പരിപ്പു ശേഖരിക്കുന്നു. പുളിപ്പിക്കലിന് പല രീതികളും അവലംബിക്കാറുണ്ടെങ്കിലും പച്ച പരിപ്പ് നാല് മുതൽ ആറ് ദിവസം വരെ കൂട്ടി വയ്ക്കുകയും ഒന്നിടവിട്ട ദിവസങ്ങളിൽ നന്നായി ഇളക്കി മറിക്കുകയും ചെയ്യുന്നതാണ് ഉത്തമം. ഇതു വഴി പരിപ്പിനു ചുറ്റും കാണുന്ന വഴുവഴുത്ത പദാർഥം നീങ്ങുകയും ചോക്ലേറ്റിന്റെ ഗന്ധം നൽകാൻ പാകത്തിലുള്ള രാസപരമായ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. പുളിപ്പിച്ച പരിപ്പ് സൂര്യപ്രകാശത്തിലോ മറ്റ് മാർഗങ്ങൾ ഉപയോഗിച്ചോ ഉണക്കുന്നു. സാധാരണ നാലഞ്ച് ദിവസം കൊണ്ട് സൂര്യപ്രകാശത്തിൽ ഉണക്കൽ പൂർത്തിയാകും. സംസ്‌കരണത്തിലെ വീഴ്ചകളാണ് കേരളത്തിലെ മുഖ്യപോരായ്മ.