നൂറ്റാണ്ടുകൾക്ക് മുൻപ് സൗത്ത് അമേരിക്കയിലെ ആമസോൺ മഴക്കാടുകളിൽ ആൻഡിസ് പർവതങ്ങളുടെ താഴ്വരയിലാണ് ലോകത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷ്യ വിളകളിൽ ഒന്നായ കൊക്കോ മരങ്ങൾ (Theobroma cacao) പിറന്നത്. ദൈവങ്ങളുടെ ഭക്ഷണം എന്നാണ് 'തിയോബ്രോമ' എന്ന വാക്കിന്റെ അർഥം. ചോക്ലേറ്റ് നിർമിക്കുന്നതിനുള്ള പ്രധാന അസംസ്കൃത വസ്തുവാണ് കൊക്കോ പരിപ്പ്. ഒരു പാനീയവിളയായി കൊക്കോ ആദ്യമായി കൃഷി ചെയ്തത് മായൻസ് എന്ന മെക്സിക്കൻ ആദിവാസി വിഭാഗമായിരുന്നു.
3500 വർഷങ്ങൾക്കുമുൻപ് മായൻ രാജാക്കന്മാർ കൊക്കോയുടെ കുരുവും വെള്ളവും മറ്റു ചില സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് 'ക്യുറ്റ്സാൽ കൊയെട്ടേൽ' (Quitzalcoatle) എന്ന സവിശേഷ പാനീയം നിർമിച്ചു. കയ്‌പുള്ള ദ്രാവകം എന്നർഥം വരുന്ന 'സോകോളാറ്റൽ' (Xocolatal) എന്ന വാക്കായിരുന്നു ഈ പാനീയത്തിനു നൽകിയിരുന്നത്. ഇതിൽ നിന്നുമാണ് പിന്നീട് 'ചോക്ലേറ്റ്' എന്ന വാക്ക് ഉണ്ടായതെന്നു കരുതുന്നു.
സ്വാദേറിയ ഭക്ഷണ വിഭവങ്ങൾ സുലഭമായ ഒരു മലയിൽ നിന്ന് ദൈവങ്ങൾ കണ്ടെടുത്ത ഒന്നാണ് കൊക്കോ എന്നാണ് മായന്മാർ വിശ്വസിച്ചിരുന്നത്. എക്‌ചുവാ എന്ന കൊക്കോ ദൈവത്തിന്റെ പേരിൽ മായന്മാർ ഏപ്രിൽ മാസത്തിൽ ഉത്സവം ആഘോഷിച്ചിരുന്നു. ആസ്‌റ്റെക് ദൈവമായ കെറ്റ്സാൽകോറ്റൽ ആണ് കൊക്കോ കണ്ടെത്തിയത് എന്നായിരുന്നു മെക്സിക്കോയിലെ ആസ്ടെക്ക് വിഭാഗത്തിന്റെ വിശ്വാസം. ആസ്ടെക് സാമ്രാജ്യത്തെ സ്പെയിൻകാർ പരാജയപ്പെടുത്തിയപ്പോഴാണ് ചൊകോലാറ്റിൽ എന്നു പേരുള്ള അസാധാരണ പാനീയത്തെക്കുറിച്ച് അവർക്ക് അറിവ് ലഭിച്ചത്. സ്പാനിഷ് ജനത ചോക്ലേറ്റ് പാനീയം കൂടുതൽ സ്വാദിഷ്ടമാക്കാൻ വനില, പഞ്ചസാര, തേൻ, കറുവപ്പട്ട തുടങ്ങിയവ ചേർത്ത് പരീക്ഷണത്തിനു തയാറായി. സാവധാനം യൂറോപ്പിലെങ്ങും കൊക്കോ വ്യാപിച്ചു. എന്നാൽ കൊക്കോയുടെ കയ്‌പ് രുചി മൂലം യുറോപ്പിൽ ആദ്യം ഇതിന് പ്രചാരം കിട്ടിയില്ല. പാലും പഞ്ചസാരയും മറ്റു സുഗന്ധദ്രവ്യങ്ങളും രുചിക്കൂട്ടുകളും ചേർത്ത് അതിൻ്റെ കയ്‌പ് രുചി കുറച്ചതോടെ കൂടുതൽ ആളുകൾ കൊക്കോ ഉപയോഗിച്ചു തുടങ്ങി. പിന്നീട് ഏറെ നാളുകൾക്കു ശേഷം ഖരരൂപത്തിലുള്ള ചോക്ലേറ്റ് നിർമിക്കാൻ തുടങ്ങി. 1567-ൽ ലണ്ടനിൽ ആദ്യത്തെ ചോക്ലേറ്റ് ഹൗസ് പ്രവർത്തനം ആരംഭിച്ചു. 1704 ലാണ് ജർമനിയിൽ ആദ്യമായി ചോക്ലേറ്റ് എത്തിയത്. അന്ന് ജർമൻകാർക്ക് ചോക്ലേറ്റ് കഴിക്കണമെങ്കിൽ പ്രത്യേക നികുതി അടച്ച് അനുമതി വാങ്ങണമായിരുന്നു.
1798ൽ ആണ് ഇന്ത്യക്കാർ ചോക്ലേറ്റിന്റെ രുചിയറിഞ്ഞത്. പിന്നെയും ഒരു നൂറ്റാണ്ടിനു ശേഷമാണ് രാജ്യത്ത് കൊക്കോ കൃഷി ആരംഭിക്കുന്നത്. 1960-70 കാലഘട്ടത്തിൽ ദക്ഷിണേന്ത്യയിൽ കൊക്കോ വ്യാപകമായി കൃഷി ചെയ്തു തുടങ്ങി. നാഗർകോവിൽ, തെങ്കാശി, പളനി ഹിൽസ്, മൈസൂരു, കേരളത്തിൽ ഇടുക്കി, വയനാട്, കോട്ടയത്തിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങൾ കൊക്കോ കൃഷിക്ക് അനുയോജ്യമാണെന്ന് അക്കാലത്ത് കണ്ടെത്തിയിരുന്നു. തുടക്കത്തിൽ നല്ല വില ലഭിച്ചിരുന്നതിനാൽ ധാരാളം പേർ ഈ കൃഷിയിൽ ആകൃഷ്ടരായെങ്കിലും പിന്നീടുണ്ടായ വിലയിടിവിൽ മിക്കവരും കൃഷി ഉപേക്ഷിച്ചു.
കഷ്ടകാലത്ത് തുണയായ കൊക്കോ
1980 ന്റെ ആദ്യ പകുതിയിൽ തന്നെ കൊക്കോ കൃഷി ഹൈറേഞ്ചിൽ വ്യാപകമായി. ആദ്യ ഘട്ടത്തിൽ കൊക്കോ കൃഷിയെ സംശയത്തോടെ വീക്ഷിച്ച കർഷകർ പിന്നീട് കൗതുകത്തിന്റെ പേരിൽ കുരുമുളകിനും തെങ്ങിനും ഇടയിലായി പത്തോ ഇരുപതോ ചുവട് കൊക്കോ തൈകൾ നട്ടു പിടിപ്പിച്ചു തുടങ്ങി. കാര്യമായ ചെലവില്ലാതെ എല്ലാ ആഴ്‌ചയിലും നിശ്ചിത വരുമാനം കിട്ടുമെന്ന് ഉറപ്പായതോടെ കർഷകർ കൊക്കോ ക്യഷി കാര്യമായി എടുത്തു. പത്തു സെന്റ് സ്‌ഥലം മാത്രം സ്വന്തമായുള്ളവർ പോലും രണ്ട് ചുവട് കൊക്കോയെങ്കിലും മുറ്റത്ത് വളർത്തിയെടുത്തതോടെ ഹൈറേഞ്ചിൽ പഞ്ഞമാസം പഴങ്കഥയായി. വിലയിടിവ് പലപ്പോഴും കൃഷിയെ തളർത്തിയിരുന്നെങ്കിലും പഞ്ഞമാസത്തിൽ ഉറപ്പുള്ള വരുമാനം നൽകിയിരുന്ന കൊക്കോയെ കൈവിടാൻ കർഷകർ തയാറായില്ല.
ഇറക്കുമതിയേക്കാൾ ഉപരി കൊക്കോ പരിപ്പിന്റെ ഗുണമേന്മയിൽ കർഷകർ ശ്രദ്ധിക്കാതിരുന്നതാണു വിലയിടിവിനു ഇടയാക്കിയതെന്ന് കർഷകനായ ജോൺസൺ ജോൺ നിരവത്ത് പറയുന്നു. 2018ലും 2019ലും കേരളത്തിൽ ഉണ്ടായ മഹാപ്രളയം കൊക്കോ കൃഷിയെ കാര്യമായി ബാധിച്ചു. ശക്‌തമായ കാറ്റിൽ ആടിയുലഞ്ഞ കൊക്കോ മരങ്ങളിൽ പൂക്കൾ വിരിയാതെയായി. പേമാരിയിൽ മേൽമണ്ണ് ഒലിച്ചു പോയതും മരങ്ങളുടെ മരവിപ്പിനു കാരണമായെന്നു കരുതുന്നു. ഇതോടെ ഹൈറേഞ്ചിലെ പഴക്കമുള്ള തോട്ടങ്ങളിലെ കൊക്കോ മരങ്ങൾ കർഷകർ വെട്ടിമാറ്റി. അതിനാൽ തന്നെ ഇപ്പോഴത്തെ വിലക്കയറ്റം സാധാരണ കർഷകർക്ക് പ്രയോജനം ചെയ്യില്ല. എന്നാൽ കൊക്കോ കൃഷി വ്യാപനത്തിന് ഇത് ഇടയാക്കുമെന്ന് തീർച്ചയാണ്. റബർ കൃഷി തുടർച്ചയായി നിരാശപ്പെടുത്തി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.