'ഇഞ്ചി നട്ട ലാഭവും മുടി കളഞ്ഞ സ്വൈര്യവും മലയാളത്താന്മാർക്കറിയില്ല 'എന്ന് പണ്ടാരോ പറഞ്ഞത് വെറുതെയാ..ഇഞ്ചിക്കൃഷി ചെയ്ത് കോടിപതികൾ ആയ നേതാക്കളെക്കുറിച്ച് നമ്മൾ നിറയെ കേട്ടിട്ടുണ്ട്(🤭).അത് വഴി കുത്ത് പാളയെടുത്തവരും കുറവല്ല."കൊണ്ട് നടന്നതും നീയേ ചാപ്പാ, കൊണ്ട് കൊല്ലിച്ചതും നീയേ " എന്ന പോലെ.
എന്നാൽ പലപ്പോഴും ഇഞ്ചിക്കൃഷി കഴിയുമ്പോൾ കർഷകൻ ഇഞ്ചി തിന്ന കുരങ്ങിനെ പോലെ ആകാറുണ്ട്. കാരണം അത്രയേറെ റിസ്ക് ഇഞ്ചികൃഷിയിൽ ഉണ്ട്.ഒരു വർഷം ഇഞ്ചിയ്ക്ക് നല്ല വില കിട്ടിയാൽ അടുത്ത വർഷം എല്ലാവരും ഇഞ്ചിയുടെ പിറകെ പോകും. തിരിച്ചും. കിട്ടിയാലൂട്ടി... ഇല്ലെങ്കിൽ ചട്ടി.
വാണിജ്യ ഇഞ്ചികൃഷിയിൽ തത്വദീക്ഷ ഇല്ലാതെ രാസവസ്തുക്കൾ പ്രയോഗിക്കപ്പെടുന്നുണ്ട് എന്നതൊരു വസ്തുതയാണ്.ഗതികേട് കൊണ്ട് കൂടിയാണ് കർഷകൻ അതിന് പ്രേരിതനാകുന്നത്. കാരണം അത്രയേറെ കീട -രോഗങ്ങൾ,അതും മാരകമായവ,ഇഞ്ചിയെ ബാധിക്കുന്നുണ്ട്.
അവ ഏതൊക്കെ ആണെന്നും അവയെ ശാസ്ത്രീയമായ രീതിയിൽ എങ്ങനെ നേരിടണം എന്നും കർഷകൻ പഠിക്കണം.ട്യൂഷൻ വേണം, ട്യൂഷൻ.
ഞാറ്റുവേല നിയമങ്ങൾ പ്രകാരം 'കാർത്തികയുടെ ഒന്നാം കാലിൽ (അതായത് മെയ് മാസം 11-14 തീയതികളിൽ )ആണ് ഇഞ്ചി നടേണ്ടത്. അതും ഒരുപാട് വിത്തൊന്നും വേണ്ട, ഒന്നോ രണ്ടോ മുളകൾ ഉള്ള,കാശോളം പോന്ന ഒരു കഷ്ണം ഇഞ്ചിവിത്ത് മതിയാകും . (ആദ്യം പൊട്ടുന്ന ഒരു മുളയിൽ നിന്നാണ് പിന്നെയുള്ള മുളകൾ ഉണ്ടാകുന്നത് എന്നാണ് എനിയ്ക്ക് തോന്നിയിട്ടുള്ളത്.ഇതോടൊപ്പം ഉള്ള ചിത്രം ശ്രദ്ധിക്കുക.2018 ലെയാണ്. ഒരു ചെറിയ കഷണം ഇഞ്ചിവിത്തിൽ നിന്നും പൊട്ടിപ്പൊട്ടി ഏതാണ്ട് 1.4 kg യോളം തൂക്കം ലഭിച്ചു.)
കീട -രോഗശല്യം കുറയ്ക്കാൻ കാഞ്ഞിരത്തോലിന്റെ കരിമ്പടം പുതപ്പിച്ച് നട്ടാൽ പിന്നെ പേടിക്കേണ്ട എന്നായിരുന്നു ആ നല്ല കാലം.
അന്ത കാലം എല്ലാം പോയാച്ച് രമണാ,.
ഇന്നിപ്പോൾ ആരൊക്കെയാണ് ഇഞ്ചിയെ പീഡിപ്പിക്കാൻ നിരനിരയായി നിക്കണത്....?
Pythium എന്ന പൈത്യക്കാരൻ ഫംഗസ്. മൂന്ന് അവതാരങ്ങളിൽ.
P.aphanidermatum
P. vexans
P. myriotylum.
ഇഞ്ചിയെ വളഞ്ഞിട്ട് പിടിക്കും, ഒരുത്തനല്ലെങ്കിൽ മറ്റവൻ. പിടിച്ചു കഴിഞ്ഞാൽ ആ ഇഞ്ചിപ്പണ പോയിപ്പോച്ച്...
മൃദു ചീയൽ അഥവാ Soft rot എന്ന രോഗം.
അത് പിടിച്ചില്ലെങ്കിൽ അതാ വരുന്നു ബാക്റ്റീരിയൽ വാട്ടം. വഴുതനയെയും തക്കാളിയെയും വാട്ടുന്നവൻ തന്നെ. Ralstonia solanacearum.
അതിനെയും തരണം ചെയ്‌താൽ, പകുതി വളർച്ചയെത്തുമ്പോൾ അതാ വരുന്നു ഇല കരിച്ചിൽ. Phyllosticta zingiberi അടക്കമുള്ള ഒരു കൂട്ടം ഫംഗസ്സുകൾ . കൂടെ Helminthosporium, Colletotrichum, Pyricularia എന്നിവർ. ഇവന്മാർ എല്ലാം ഇഞ്ചിയില്ലാത്ത സമയങ്ങളിൽ നെല്ലിലും പുല്ലിലും (Alternate hosts ) ഒക്കെ ആയി എപ്പോഴും തക്കം പാർത്തു കഴിയുന്നവർ.ചെടിയുടെ യൗവനം മുഴുവൻ അവർ കാർന്നു തിന്നും.
അതും കടന്ന് ചെല്ലുമ്പോൾ, അതാ നിൽക്കുന്നു തണ്ട് തുരപ്പൻ. Conogethus punctiferalis. കക്ഷി ചെടിയുടെ ഉൾക്കാമ്പിൽ നിലയുറപ്പിച്ചാൽ, ഇഞ്ചിയുടെ നടുനാമ്പിൽ ഒന്ന് പിടിച്ചാൽ അത് ഊരിയിഞ്ഞു പോരും. അകത്തുള്ള മുറിവിലൂടെ അഴുകലും തുടങ്ങും.
പിന്നെ വേര് ബന്ധക(Root knot ) നിമാവിരകൾ. Meloidogyne, Radopholus, Pratylenchus എന്നിങ്ങനെ.
വിടില്ല ഞാൻ എന്ന് പറഞ്ഞ് പിന്നാലെയുണ്ട് ശത്രുക്കൾ ....
അതും കടന്നാൽ, മണ്ണിൽ ഉള്ള വെള്ളപ്പുഴുക്കൾ. White Grub. Holotrichia sp.
ഇനി, നല്ല വിത്തിഞ്ചിയല്ല നടാൻ എടുത്തത് എങ്കിൽ അതിലൂടെ വരുന്ന ചെതുമ്പൽ (ശല്ക കീടം. Rhizome Scale insect. Aspidiella hartii.)
പോരേ പൂരം. ഇതൊക്കെ കൊണ്ടാണ് സഹോ, കൃഷിക്കാരൻ മറുമരുന്നുകൾ ഉപയോഗിക്കാൻ നിർബന്ധിതനാകുന്നത്.
ഇതിൽ പല പ്രശ്നങ്ങൾക്കും ക്ഷിപ്ര ഫലപ്രാപ്തിയുള്ള ജൈവ ബദലുകളുമില്ല.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇഞ്ചി ഉണ്ടാക്കുന്നത് കേരളത്തിൽ അല്ല.
മധ്യപ്രദേശ് കർണാടക, ഒറീസ്സ, മേഘാലയ, ആസാം, സിക്കിം എന്നിവരൊക്കെയാണ്.
ലോകത്ത് ഏറ്റവും കൂടുതൽ സ്ഥലത്ത് ഇഞ്ചി കൃഷി ചെയ്യുന്നത് ഇന്ത്യയിലാണ്. പക്ഷെ ഏറ്റവും കൂടുതൽ ഉത്പാദനം ചൈനയിലാണ്. എന്നാൽ ഉത്പാദനക്ഷമത ഏറ്റവും കൂടുതൽ തായ്‌ലൻഡ് ൽ ആണ്. ഹെക്റ്ററിന് 16.85 ടൺ.
ഇന്ത്യയിൽ ഹെക്റ്ററിന് വെറും 3.58 ടൺ.നമ്മൾ ഒരുപാട് മുന്നേറേണ്ടിയിരിക്കുന്നു.
പക്ഷെ ലോകോത്തരങ്ങളായ കുറേ നല്ല ഇനങ്ങൾ നമുക്കുണ്ട്.
മാരൻ
മാനന്തോടി
വയനാടൻ
കുറുപ്പംപാടി
നാദിയ
കോഴിക്കോടുള്ള ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്ര സന്തതികളായ വരദ, രജത, മഹിമ അങ്ങനെ പോകുന്നു...
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നല്ല രീതിയിൽ ഇഞ്ചിക്കൃഷിയുണ്ട്. അവിടുത്തെ East & West Garo Hills ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ഇഞ്ചി ഉൽപ്പാദിപ്പിക്കുന്ന ഇടങ്ങളാണ്.
ഇഞ്ചി കൃഷിയിൽ കർഷകന് തട്ട് കിട്ടാതിരിക്കാൻ എന്തൊക്കെ ചെയ്യണം?
നല്ല വിത്ത് മാത്രമേ നടാൻ എടുക്കാവൂ. യാതൊരു കാരണവശാലും Soft rot, Bacterial Wilt, Rhizome Scale എന്നിവ ബാധിച്ച വിത്ത് നടാൻ എടുക്കരുത്.
ഇനി എത്ര നല്ല വിത്തായാലും അത് ഒരു ലിറ്റർ വെള്ളത്തിൽ 3ഗ്രാം Mancozeb കലക്കിയ ലായനിയിൽ അര മണിക്കൂർ മുക്കിയിട്ട ശേഷം മാത്രമേ നടാൻ ഉപയോഗിക്കാവൂ.മുളയിലറിയാം വിളക്കരുത്ത്.
നല്ല ഉയരത്തിൽ പണകൾ കോരി മാത്രമേ ഇഞ്ചി നടാവൂ. അല്പമെങ്കിലും വെള്ളക്കെട്ട് വന്നാൽ പിന്നെ Pythium മൂലമുള്ള Soft rot എപ്പോ വന്നു കൂടി എന്ന് നോക്കിയാൽ മതി.
ഒരേ സ്ഥലത്ത് ഒന്നിലധികം തവണ തുടർച്ചയായി ഇഞ്ചി നടരുത്. Crop rotation നടത്തണം.
മണ്ണ് കിളച്ചു കട്ടയുടച്ച് സെന്റിന് 2-3കിലോ കുമ്മായപ്പൊടി ചേർത്ത് ഇളക്കി രണ്ടാഴ്ച ഇടുന്നത് കുമിളുകളുടെ ക്രൗര്യം കുറയ്ക്കാൻ സഹായിക്കും.
അടിസ്ഥാന വളമായി ഓരോ തടത്തിലും ട്രൈക്കോഡർമയാൽ സമ്പുഷ്‌ടീകരിച്ച ചാണകപ്പൊടി -വേപ്പിൻ പിണ്ണാക്ക് മിശ്രിതം തന്നെ ചേർത്ത് കൊടുക്കണം.(വളരെ നിർബന്ധം ).
ഉണങ്ങിയ കരിയിലകൾ പല തവണ പുതയായി വച്ച് കൊടുക്കണം.അതിലൂടെ മണ്ണ് പരമാവധി ലൂസ് ആകണം. അപ്പോൾ കിഴങ്ങ് നല്ല വലിപ്പം വയ്ക്കും.
ചട്ടിയിലോ ഗ്രോ ബാഗിലോ ചെയ്യുമ്പോൾ നിറയ്ക്കുന്ന മിശ്രിതത്തിൽ സൂര്യതാപീകരണം
(Solarization ) നടത്തിയിരിക്കണം.
മാസത്തിൽ ഒരിക്കൽ സ്യൂഡോമോണാസ് ലായനി ഇഞ്ചി ത്തടങ്ങളിൽ ഒഴിച്ച് കുതിർത്ത് കൊടുക്കണം.
കളകൾ വളരാൻ അനുവദിക്കരുത്. വളർന്നാൽ അവയിലൂടെ കുമിൾ രോഗങ്ങൾ വരാൻ സാധ്യതയുണ്ട്.
എന്തെങ്കിലും പകർച്ചവ്യാധി കണ്ടാൽ ഉടൻ തന്നെ ഇഞ്ചി ആ മണ്ണോടു കൂടി പിഴുതെടുത്തു ദൂരെ കൊണ്ട് പോയി കളയണം. മണ്ണിൽ ബ്ലീച്ചിങ് പൌഡർ ലായനി ഒഴിച്ച് അണുക്കളെ കൊല്ലണം.
ഇഞ്ചിപ്പണയിൽ ഉപയോഗിക്കുന്ന കാർഷിക ഉപകരണങ്ങൾ വഴി രോഗം പകരാം. രോഗം ബാധിച്ച മണ്ണിൽ കിളച്ച കുന്താലി കൊണ്ട് കിളയ്ക്കുമ്പോൾ അടുത്ത പണയിലേയ്ക്ക് രോഗാണുക്കൾ പകരാം. എന്തിന്, നടക്കുമ്പോൾ നമ്മുടെ കാലിൽ പറ്റിയ രോഗഗ്രസ്തമായ മണ്ണിൽ നിന്ന് പോലും രോഗം പെട്ടെന്ന് വ്യാപിക്കാം.ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
അടുക്കളകളിൽ 365 ദിവസവും വേണ്ട പച്ചക്കറിയാണ് ഇഞ്ചി. രാസമരുന്നുകൾ വാരിക്കോരി പ്രയോഗിക്കണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. കാരണം അതിന് നല്ല ചെലവും വരുന്നുണ്ടല്ലോ. എന്നാൽ പലപ്പോഴും കർഷകന് ശാസ്ത്രീയാവബോധം ഇല്ലാത്തത് കൊണ്ടും ശരിയായ സമയത്ത് നിയന്ത്രണ മാർഗങ്ങൾ അവലംബിക്കാത്തത് കൊണ്ടും കാലാവസ്ഥ വ്യതിയാനം കൊണ്ടുമൊക്കെ ആണ് അത്തരം ദുർഗതി വന്ന് കൂടുന്നത്.
വാൽക്കഷ്ണം : ദീർഘമായ ഒരു യാത്രയിൽ പണ്ഡിതാഗ്രേസരനായ വരരുചിയെ,ഒരു രാത്രി അന്തിയുറങ്ങാൻ ഒരു ശ്രേഷ്ഠബ്രാഹ്മണൻ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. അദ്ദേഹത്തിന്റെ മുന്നിൽ വരരുചി വച്ച നിബന്ധനകളിൽ ഒന്ന് തനിയ്ക്ക് അത്താഴത്തിനു നൂറ് കറി വേണമെന്നായിരുന്നു. പരിഭ്രമിച്ച വൃദ്ധന്, ബുദ്ധിമതിയായ മകൾ ഉറപ്പ് കൊടുത്തു. അദ്ദേഹം കുളിയൊക്കെ കഴിഞ്ഞ് വരാൻ പറയൂ എന്ന്. നൂറ് കറിയ്ക്ക് തുല്യമായ ഇഞ്ചിക്കറി നൽകി അദ്ദേഹത്തെ അവൾ തൃപ്തിപ്പെടുത്തി. ആ മഹിളാരത്‌നം പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയുമായി. അവരുടെ പിന്മുറക്കാരല്ലേ രമണാ നമ്മളൊക്കെ...
എന്നാ പിന്നെ, കാര്യങ്ങളൊക്കെ മനസ്സിലായ സ്ഥിതിക്ക് എഴീച്ചു പോയി പത്ത് കഷ്ണം ഇഞ്ചി ശാസ്ത്രീയമായി നടാൻ നോക്കിയാട്ട്...
✍🏻പ്രമോദ് മാധവൻ