കർഷകർ പൊതുവേ രണ്ടു തരം.
ശുഭനും (ശുംഭൻ അല്ല 🤪) അശുഭനും.
ശുഭൻ Optimistic ആണ്. ശുഭാപ്തി വിശ്വാസി.എല്ലാ കാര്യങ്ങളും ഒത്ത് വരാൻ വേണ്ടി കാത്ത് നിൽക്കില്ല. യഥാസമയം വിളയിറക്കും.'കാലത്ത് കൃഷി ചെയ്‌താൽ നേരത്ത് കൊയ്യാം 'എന്ന തത്വമാണ് പുള്ളിയെ നയിക്കുന്നത്.
'കാലം നോക്കി കൃഷി, മേളം നോക്കി ചാട്ടം'.
മറ്റേയാൾ (അശുഭൻ, Pessimistic ) എപ്പോഴും ഒഴിവ് കഴിവുകൾ പറഞ്ഞു കൊണ്ടിരിക്കും.ഭരണകൂടത്തെയും ഉദ്യോഗസ്ഥരുടെ കഴിവ് കേടുകളേയും പറ്റി കുറ്റം പറഞ്ഞ് കൊണ്ടിരിക്കും.ഇവിടെ നല്ലതൊന്നും നടക്കില്ല എന്ന മട്ട്.
ഉദാഹരണത്തിന് 'എന്താ രമണാ .., ഓണത്തിന് വിളവെടുക്കാൻ പച്ചക്കറിയൊക്കെ നട്ടോ "എന്ന് ചോദിച്ചാൽ "ഈ മുടിഞ്ഞ മഴയത്ത് എങ്ങനെ കൃഷി ഇറക്കാനാണ്? "എന്ന് പറഞ്ഞേക്കും.
ഇതേ രമണനോട്,മകര മാസത്തിൽ, വിഷുവിന് വിളവെടുക്കാൻ വെള്ളരി ഇടേണ്ടേ എന്ന് ചോദിച്ചാൽ "ഈ നശിച്ച വേനലിൽ എങ്ങനെ കൃഷിയിറക്കാനാണ്?" എന്നും പറയും.
കഷ്ടകാലത്തിന് കേരളത്തിൽ 6 മാസം മഴയും 6 മാസം മഴയില്ലായ്‌മയുമാണ്. അപ്പോൾ പിന്നെ രമണന്റെ കൃഷി നടക്കില്ല.
ആയതിനാൽ, സൂർത്തുക്കളേ..പെരുമഴ വരുന്നതിനു മുൻപ് ഓണത്തിനുള്ള വഴുതന കൃഷി തുടങ്ങണം.
മുളകിനെ പോലെ വഴുതനയ്ക്കും ശുഭകാലം തന്നെ
മെയ് മാസം.
വസന്ത കാലത്തിന്റെ അന്ത്യം .
Dr. ശ്രീവത്സൻ J മേനോൻ ചേട്ടൻ (വെള്ളായണി കാർഷിക കോളേജിൽ സീനിയർ ആയിരുന്നു. ഇപ്പോൾ പേര് കേട്ട ഗായകൻ,കാർഷിക സർവ്വകലാശാലയിൽ പ്രൊഫസർ,'ഗ്രാമ വൃക്ഷത്തിലെ കുയിൽ' എന്ന ചിത്രത്തിലെ നായകൻ ) പാടിയ പാട്ടിലെ 'മെയ്മാസമേ, നിൻ നെഞ്ചിലെ പൂവാക പൂക്കുന്നതെന്തേ' എന്ന് ആരും പാടിപ്പോകുന്ന കാലം. നാട്ടിൽ ഗുൽമോഹർ മരങ്ങൾ ഇപ്പോൾ പൂക്കാൻ തിരക്ക് കൂട്ടുന്നുണ്ടാകും. മണിമരുതുകൾ ഒക്കെ പൂത്ത് തുടങ്ങി.
*കൊന്ന പൂക്കുമ്പോൾ ഉറങ്ങിയാൽ മരുത് പൂക്കുമ്പോൾ പട്ടിണി* എന്ന് വിവരമുള്ളവർ പറഞ്ഞു വച്ചിട്ടുണ്ട്.മേടമാസത്തിൽ വിയർപ്പിന്റെ അസുഖം കാരണം വീട്ടിൽ കയറി ഇരുന്നാൽ ചിങ്ങമാസം ആകുമ്പോൾ അരി മേടിക്കാൻ 'കാണം 'വിൽക്കേണ്ടി വരുമെന്ന് ചുരുക്കം.
( അത് ഒക്കെ അന്തക്കാലം. രണ്ട് രൂപയ്ക്ക് അരി സുലഭമായി കിട്ടുന്ന ഇക്കാലത്ത് എന്ത് പട്ടിണി?)
വഴുതന തൈകൾ ഉണ്ടാക്കാൻ സമയമാകുന്നു. പ്രോ ട്രെയിൽ തൈകൾ ഉണ്ടാക്കാൻ തുടങ്ങണം.
ആരാ വഴുതന?
ചിലർ കത്തിരിക്ക എന്നും പറയും.
നീണ്ട കായ്കൾ വഴുതന, ഉരുണ്ടത് കത്തിരി. തെറ്റാണെങ്കിൽ തിരുത്തണം. ഇംഗ്ലീഷിൽ രണ്ടാളും Solanum melongena തന്നെ. Solanaceae തറവാട്ടിലെ അംഗങ്ങൾ.
ദക്ഷിണേന്ത്യയിലെ 'ശമയലറ' കളിൽ താരമാണ് വഴുതന. സാമ്പാറിലും അവിയലിലും തീയലിലും 'തലപ്പാക്കെട്ട്' ബിരിയാണിയുടെ കറിയായും താരമാണ് വഴുതന എന്ന baingan..
പോഷക ഗുണങ്ങളും അങ്ങനെ തന്നെ. ഫ്രീ റാഡിക്കൽസിനെ തുരത്തും ഇതിലുള്ള Chloragenic Acid.
ശരീരത്തിൽ അധികമുള്ള ഇരുമ്പിനെ വലിച്ചു വൃത്തിയാക്കുന്ന Nasunin എന്ന Phytochemical ലാൽ സമൃദ്ധം.
Diabetic ആകട്ടെ Heart disease ആകട്ടെ അതിനുള്ള മരുന്ന് വഴുതനക്കറി തന്നെ.
'അന്നം തന്നെ ഭക്ഷണം'.അന്നബോധമില്ലെങ്കിൽ പിന്നെ എന്ത് ബോധമുണ്ടായിട്ടെന്താ...
പക്ഷെ, വഴുതന അധികമായാൽ ഇരുമ്പ് ശരീരത്തിൽ നിന്നും വലിഞ്ഞു പുറത്ത് പോകുമത്രേ..കിഡ്നി സ്റ്റോൺ, gall bladder stone ഉള്ളവരും വഴുതന മിതമായി മാത്രം കഴിക്കണം.
ഇനങ്ങൾ....
അമ്പമ്പോ വഴുതനയിൽ ഉള്ള അത്ര ഇനങ്ങൾ വേറെ ഏതെങ്കിലും പച്ചക്കറിയ്ക്ക് ഉണ്ടോ എന്ന് സംശയം.
പച്ച, വെള്ള, വയലറ്റ്, വരയുള്ളത് , വരയില്ലാത്തത് , ഉരുണ്ടത് , നീണ്ടത് എന്ന് വേണ്ട....ഇല്ലിക്കൊമ്പനും നീർക്കോലി വഴുതനയും മാലാഖ വഴുതനയുമൊക്കെയായി ജഗപൊഗ.
കാർഷിക സർവ്വ കലാശാലയുടെ തറവാട്ടിൽ നിന്നും
സൂര്യ (ഉരുണ്ട 100ഗ്രാം തൂക്കം വരുന്ന വയലറ്റ് കായ്കൾ )
ശ്വേത( ഇളം പച്ച നിറത്തിൽ ഉള്ള 50ഗ്രാമിൽ താഴെ തൂക്കം ഉള്ള കായ്കൾ ),
ഹരിത (നീണ്ട വലിയ പച്ചകായ്കൾ )
സങ്കരി (Hybrid ) ആയ 175 ഗ്രാമോളം വരുന്ന തിളങ്ങുന്ന വയലറ്റ് നിറമുള്ള നീലിമ.
ഭൗമ സൂചികാ പദവി ലഭിച്ച വലിയ ചുണ്ടയ്ക്ക പോലെയുള്ള അതീവ രുചിയുള്ള മാട്ടുഗുള്ള വഴുതന അഥവാ ഉഡുപ്പി വഴുതന
നീളമുള്ള വേങ്ങേരി വഴുതന
ഗുൽഷൻ, പുസ പർപ്പിൾ ലോങ്, പൂസാ പർപ്പിൾ റൗണ്ട്, അർക്ക നവനീത്, അർക്ക നീലകണ്ഠ, Mahyco യുടെ നിഖിൽ, നീലം... അങ്ങനെ ഒത്തിരി.
മാർക്കറ്റിൽ വയലറ്റ് കായ്കൾക്ക് അല്പം പ്രിയം കൂടും.
Bacterial വാട്ടം ഇവർക്ക് ജന്മസിദ്ധം. ആയതിനാൽ മണ്ണ് കിളച്ചൊരുക്കുമ്പോൾ സെന്റിന് 2-3 കിലോ കുമ്മായം /ഡോളമൈറ്റ് നിർബന്ധം. കുമ്മായം ചേർത്ത് മണ്ണ് മിതമായ ഈർപ്പാത്തോടെ രണ്ടാഴ്ച ഇളക്കി ഇടണം.
(പലരും വാട്ടരോഗം വന്നതിന് ശേഷമാണ് അതിന് പ്രതിവിധി തേടുന്നത്. അതിന് മുൻപ് ചെയ്യേണ്ട കാര്യങ്ങൾ മറന്നു പോകും. ഇനി എല്ലാം ചെയ്താൽ തന്നെ Ralstonia എന്ന ബാക്റ്റീരിയ മണ്ണിൽ ഒളിഞ്ഞിരിക്കുന്നു എങ്കിൽ, ദൈവ വിശ്വാസി ആണെങ്കിൽ പ്രാർത്ഥിക്കുക മാത്രമേ വഴിയുള്ളൂ.)
'പാഥസാം നിചയം വാർന്നൊഴിഞ്ഞളവ് സേതു ബന്ധനോദ്യോഗമെന്തെടോ?' എന്ന് കലി പുഷ്കരനോട് മൊഴിഞ്ഞ പോലെ..)വെള്ളം ഒഴുകിപ്പോയിട്ട് അണ കെട്ടിയിട്ട് ഒരു കാര്യവുമില്ല ഉത്തമാ...വാട്ടം തുടങ്ങിയാൽ പിന്നെ പാടാ... KKPP... കിട്ടിയാൽ കിട്ടി.. പോയാൽ പോയി.
അടിവളമായി ട്രൈക്കോഡെർമയും വേപ്പിൻ പിണ്ണാക്കും ചേർന്ന അഴുകി പൊടിഞ്ഞ ചാണകപ്പൊടി നിർബന്ധം.
നട്ട് കഴിഞ്ഞാൽ രണ്ടാഴ്ച കൂടുമ്പോൾ രണ്ടു ശതമാനം വീര്യമുള്ള സ്യൂഡോമോണസ് കലക്കി തടം കുതിർക്കണം.
ഈ LTP (Liming, Trichoderma, Pseudomonas )പ്രോട്ടോകോൾ പാലിച്ചാൽ സ്വസ്തി . ഇല്ലാച്ചാൽ ജപ്തി .
അല്പം (3ഗ്രാം ) Fytolan /Fytran വെള്ളത്തിൽ കലക്കി തടം കുതിർക്കാം
രോഗം കണ്ടു തുടങ്ങിയാൽ. മണ്ണ് വഴിയും നന വഴിയും രോഗം കാട്ടുതീ പോലെ പടരും. *പേടി വേണ്ട, ജാഗ്രത മതി*
പ്രോ ട്രേയിൽ വളർത്തിയ നാലാഴ്ച പ്രായമുള്ള തൈകൾ നടുക.
വൈകുന്നേരങ്ങളിൽ പറിച്ചു നടുക.
രണ്ടു മൂന്നു ദിവസം വേണമെങ്കിൽ തണൽ നൽകുക.
ജൈവ വളങ്ങളോട് നന്നായി പ്രതികരിക്കുമെങ്കിലും അൽപ സ്വല്പം NPK വളങ്ങളും 10 ദിവസം കൂടുമ്പോൾ കൊടുക്കാം.
പിന്നെ വല്ലപ്പോഴും ഇച്ചിരി ബയോ സ്ലറി, ഇച്ചിരി വളച്ചായ, ഇച്ചിരി ജീവാമൃതം.. കായ്കൾ ശരശ്ശറേന്ന് പറിക്കാം.
വഴുതനയിൽ എല്ലാ പൂവും കായ് ആകില്ല എന്നറിയുക.ആൺ പൂക്കൾക്ക് കൊഴിഞ്ഞു പോകാനാണ് വിധി.
നീളമുള്ള ജനിതന്തുക്കൾ ഉള്ള പെൺ പൂക്കൾ ആണ് കായ് ആകുന്നത് .
സ്വയം പരാഗണം ആണ് പതിവ്.
ഒരു പാടു പടർന്ന് വളരാത്ത ഇനങ്ങൾക്ക് രണ്ടടി അകലം വരിയിലും നിരയിലും നൽകാം.
പടർന്നു വളരുന്നവയ്ക്ക് 90cmx60cm അകലം കൊടുത്തില്ലെങ്കിൽ പണി ഉറപ്പ്. ഇടയിളക്കാനും കള പറിയ്ക്കാനും വിളവെടുക്കാനും ബുദ്ധിമുട്ടും.
പിന്നെ രോഗങ്ങളും കീടങ്ങളും. അത് ഉറപ്പായും വരും. "നെല്ല് പത്തായത്തിൽ ഉണ്ടെങ്കിൽ എലി ഫിലാഡൽഫിയയിൽ നിന്ന് വരെ വരും" എന്ന പഴഞ്ചൊല്ല് കേട്ടിട്ടില്ലേ 🤪
തണ്ട് തുരപ്പൻ
കായ് തുരപ്പൻ
ഇല ചുരുട്ടി
ആമ വണ്ട്
മണ്ഡരി
മീലി മൂട്ട
പച്ച തുള്ളൻ
നിമ വിരകൾ (വേര് ജട പിടിപ്പിക്കുന്ന ക്കുന്ന കശ്മലൻ )
ബാക്റ്റീരിയൽ വാട്ടം
കായ് അഴുകൽ രോഗം
കുറ്റില രോഗം(Little Leaf ) ...അങ്ങനെ പോകുന്നു.
ഇതിനെല്ലാം പോം വഴി ഉണ്ട്. ഇവരെ കുറിച്ചെല്ലാം നന്നായി പഠിക്കുക. കേരള കർഷകൻ, കർഷകശ്രീ എന്നിവ മുടങ്ങാതെ വായിക്കുക.
മിതമായി നനയ്ക്കുക
രാവിലെ നനയ്ക്കുക
പ്രായമാകുമ്പോൾ, ശിഖരങ്ങൾ കോതി കൊടുക്കുക.
കേടായ കായ്കൾ തിളച്ച വെള്ളത്തിൽ ഇട്ടു പുഴുവിനെ കൊന്ന് മാത്രം കായ്കൾ വെളിയിൽ എടുത്തിടുക.
നിലവിൽ ഉള്ള ചെടികളുടെ കമ്പുകൾ റൂട്ടിങ് ഹോർമോണിൽ മുക്കി വേര് പിടിപ്പിച്ചു നടാനായി എടുക്കാം.
പിന്നെ യഥാസമയം വിളവെടുക്കുക.(അരി വയ്ക്കുന്നതിന് മുൻപ് കറി വയ്ക്കണം ).കായ്കളിൽ അരി (seeds ) ഒരുപാട് മൂക്കുന്നതിന് മുൻപ് പറിച്ചെടുക്കണം.
എന്നാലേ ചെടിയ്ക്ക് കൂടുതൽ പിടിക്കണം എന്ന ചിന്ത വരൂ. വിളവെടുക്കാൻ വൈകിയാൽ രുചിയും കുറയും.
വഴുതനയിൽ അല്പം വിവാദം ഒക്കെ ഇടക്കാലത്ത് ഉണ്ടാക്കിയിരുന്നു. Bt വഴുതന... അതിനെ കുറിച്ചൊന്നും ചിന്തിച്ചു ബേജാറാവേണ്ട..
രണ്ടു കൊല്ലം വരെ വേണമെങ്കിൽ നമുക്ക് ഒരു വഴുതനയിൽ നിന്നും വിളവെടുക്കാം. കൃത്യമായ പ്രൂണിങ്, വള പ്രയോഗം, കീട രോഗ നിയന്ത്രണം. അത്ര തന്നെ
അപ്പോൾ, കൊന്ന പൂത്തു.
ഇനിയും ഉറങ്ങിയാൽ മരുത് പൂക്കുമ്പോൾ...
✍🏻 പ്രമോദ് മാധവൻ