അത്രത്തോളം തിളക്കവും സൗന്ദര്യവുമുള്ള പൂവാണ് കാഞ്ഞാവെന്നും കാശവെന്നും വിളിപ്പേരുള്ള കായാമ്പൂവെന്ന് സാരം. എന്നാൽ അത്രത്തോളം സുഗന്ധവും സൗന്ദ്യര്യവുമുള്ള കായാമ്പൂ അന്യംനിൽക്കുന്ന അവസ്ഥയിലാണ്. അറിഞ്ഞോ അറിയാതെയോ കായാമ്പൂവെന്ന കുറ്റിച്ചെടിയുടെ എണ്ണം കുറഞ്ഞുവരികയാണ്.
എന്നാൽ തെന്മല ഇക്കോടൂറിസത്തിൻെറ ചിത്രശലഭപാർക്കിലെത്തുന്നവർക്ക് പൂത്തുലഞ്ഞുനിൽക്കുന്ന കായാമ്പൂവിൻെറ കൗതുക കാഴ്ച ആസ്വദിക്കാനാകും. കായാമ്പൂ പൂത്തുനിൽക്കുന്ന കാഴ്ച കണ്ണിനും മനസ്സിനും മാത്രമല്ല സുഗന്ധവും കൂടിപരത്തുന്നതോടെ സഞ്ചാരികൾക്ക് പുത്തൻ അനുഭവമാകുകയാണ്. പാട്ടിലൂടെ കേട്ടറിഞ്ഞിട്ടുള്ള കായാമ്പൂ പൂത്തത് നേരിട്ടുകാണാനായതിൻെറ സന്തോഷത്തിലാണ് പല സഞ്ചാരികളും.
കായാമ്പൂ
പശ്ചിമഘട്ടത്തിനോടുചേർന്നുള്ള മലനിരകളിലെ ഉറപ്പുള്ള മണ്ണിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് പത്തടിയോളംവരെ ഉയരത്തിൽ വളർന്നു പന്തലിക്കുന്ന കായാമ്പൂവെന്ന കുറ്റിച്ചെടി പൂവിടുന്നത്. തറനിരപ്പിൽനിന്ന് രണ്ടടിയോളം ഉയരത്തിൽനിന്ന് തുടങ്ങി ചെറിയ ചില്ലകളിൽവരെ ഇടതൂർന്ന് പൂക്കുന്നതാണ് പ്രത്യേകത. ചെടിയിലെ ശിഖരങ്ങളിൽ മുഴുവൻ ഇലയ്ക്കൊപ്പം ഇടതൂർന്ന് ഉയർന്നുനിൽക്കുന്ന പൂക്കൾ സുന്ദരക്കാഴ്ചയാണ്.
ഇടതൂർന്ന് പൂവിടുന്നതോടെ ദൂരക്കാഴ്ചയിൽ ചെടിമുഴുവൻ നീലവർണമായിതോന്നും.കായാമ്പൂ വർഷങ്ങൾക്ക് മുമ്പുവരെ സ്ഥിരം സാന്നിധ്യമായിരുന്നെങ്കിൽ നിലവിൽ ശുഷ്കമായിട്ടുണ്ട്.ഇലകൾക്കു ഔഷധ ഗുണമുണ്ട്. കോടാലി,വെട്ടിരുമ്പ് തുടങ്ങിയ വീട്ടുപകരണങ്ങൾക്ക് കട്ടിയുള്ള കായാമ്പൂവിൻെറ കമ്പ് പിടിയിടാനും ഉപയോഗിക്കാറുണ്ട്. രണ്ടുമാസത്തെ ഇടവേളയിൽ ഇതിനകം രണ്ടുതവണ പൂവിട്ട കായാമ്പൂ പെട്ടന്ന് കൊഴിയുകയും ചെയ്യും.