മാവ്
കണ്ണിമാങ്ങാപ്പരുവത്തിൽ മാങ്ങ വിണ്ടുകീറി പൊഴിയുന്നതും ചെറിയ മാങ്ങയുടെ ചുണ്ടുഭാഗത്ത് മഞ്ഞ നിറം വന്നശേഷം അവിടെ ചെറിയ പൊട്ടലുണ്ടായി പൊഴിയുന്നതും ബോറോണിന്റെ കുറവുകൊണ്ടാണ്. ഇതു പരിഹരിക്കുന്നതിന് ബോറിക് ആസിഡ് ഒരു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ കലക്കി സ്പ്രേ ചെയ്യുക (ബോറിക് ആസിഡ് 20 ഗ്രാം പായ്ക്കറ്റായി മെഡിക്കൽ ഷോപ്പിൽ ലഭിക്കും). ഈ വർഷത്തെ കാലാവസ്‌ഥ അനുസരിച്ച് ദിവസേന 3 തവണ നനയ്ക്കുന്നത് മാങ്ങാപൊഴിച്ചിൽ കുറയാൻ സഹായകരമാണ്. കായീച്ചനിയന്ത്രണത്തിനുള്ള ഫിറമോൺകെണികൾ മാവിൽനിന്നു തെല്ലകലെയായി ഇരു വശങ്ങളിലും ഓരോന്നു വീതമെങ്കിലും സ്‌ഥാപിക്കുക. ഉയർന്ന താപനിലയുള്ളതിനാൽ തുള്ളൻ ഇനം പ്രാണികൾ പെരുകുന്നതിനുള്ള സാധ്യത കാണുന്നു. വിളക്കുകെണികൾ ഉപയോഗിച്ച് ഇവയെ നിയന്ത്രിക്കുക.
പ്ലാവ്
വാണിജ്യാടിസ്ഥാനത്തിൽ പ്ലാവ് കൃഷി ചെയ്യുന്നവർ ആഴ്ച്‌ചയിൽ 3 തവണ നനയ്ക്കണം. സാധാരണ രീതിയിൽ ദിവസേന 30 ലീറ്റർ വെള്ളം നൽകിയാൽ ബാഷ്പീകരണത്തിനു ശേഷം പ്ലാവിന് 15-18 ലീറ്റർ ലഭിക്കുമെന്നാണ് കണക്ക്. പ്ലാവിന്റെ ചെറിയ കമ്പുകളിൽ വെള്ള നിറത്തിലുള്ള, നടക്കാത്ത പ്രാണികളും ഉറുമ്പുകളും ഉണ്ടോയെന്നു നോക്കുക. സ്നോ സ്കെയിൽ എന്ന ഈ കീടങ്ങളുടെ സാന്നിധ്യം കണ്ടാലുടൻ ഏതെങ്കിലും വേപ്പധിഷ്ഠിത സസ്യസംരക്ഷണമരുന്ന് സ്പ്രേ ചെയ്യുക. പിറ്റേന്നു വൈകുന്നേരം വെയിൽ ആറിയതിനുശേഷം വെർട്ടിസീലിയം 30 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കിയതിൻ്റെ തെളി എടുത്ത് പുതു തലമുറ വെറ്റിങ് ഏജന്റ് ചേർത്ത് സ്പ്രേ ചെയ്യുക. ചക്കയിൽ പുഴുവിന്റെ ആക്രമണം നേരത്തേ കണ്ടിട്ടുള്ള സ്‌ഥലങ്ങളിൽ ട്രൈക്കോഡെർമയുടെ കാർഡ് വയ്ക്കുന്നത് അവയെ ഇല്ലാതാക്കാൻ സഹായിക്കും.
മാങ്കോസ്റ്റിൻ
സിലിക്ക, പൊട്ടാഷ്, കാത്സ്യം എന്നിവയുടെ സ്പ്രേ ഒരാഴ്ച്‌ച ഇടവേളയിൽ ഓരോന്നു വീതം നൽകുക. വൃക്ഷത്തലപ്പിന്റെ നേരെ ചുവട്ടിൽ ഏകദേശം മധ്യഭാഗം മുതൽ അതിരുവരെയുള്ള ഭാഗത്ത് പുതയിടുകയും നനയ്ക്കുകയും ചെയ്യുക.
തെങ്ങ്
ചെമ്പൻചെല്ലിയുടെ ആക്രമണം കാണുന്നുണ്ട്. തെങ്ങിന്റെ കവിളുകളിൽ ഉടക്കുവല മടക്കിവച്ച് പിടികൂടാം. തെങ്ങിന്റെ തടത്തിൽ പുതയുടെ കനം കൂട്ടുക. നന തുടങ്ങിയാൽ മഴക്കാലം ആരംഭിക്കുന്നതുവരെ മുടങ്ങാതെ നടത്തണം. വെള്ളിച്ച ആക്രമണം പലയിടത്തും തീവ്രമാണ്. മഞ്ഞക്കെണി വച്ച് നിയന്ത്രിച്ചാൽ ഇവയുടെ എതിർപ്രാണികൾ പെരുകി ജൈവനിയന്ത്രണം സാധ്യമാകും. ഓലക്കാലുകളുടെ അടിയിൽ വീഴത്തക്കവിധത്തിൽ വേപ്പധിഷ്‌ഠിത കീടനാശിനി പ്രയോഗിച്ചും വെള്ളീച്ചകളെ നിയന്ത്രിക്കാം..
റംബൂട്ടാൻ, പുലോസാൻ
നന തുടരുക, കായ പിടിച്ചു കഴിഞ്ഞ മരങ്ങളിൽ സൾഫേറ്റ് ഓഫ് പൊട്ടാഷ് 5 ഗ്രാം ഒരു ലീറ്റർ വെള്ള ത്തിൽ കലക്കി സ്പ്രേ ചെയ്യുക. രണ്ടാഴ്ചയ്ക്കുശേഷം 18-18-18 നാലു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ കലക്കി സ്പ്രേ ചെയ്യുക. റംബൂട്ടാനും പുലോസാനും പൂവിടാനാവശ്യമായ സമ്മർദം ( സ്ട്രെസ്) കൊടുക്കുന്നതിനെന്ന പേരിൽ നനയ്ക്കാതിരുന്നതുമൂലം മരം ഏതാണ്ടു നശിച്ചു പോയ അനുഭവങ്ങൾ ഈ വർഷം ധാരാളം. മരങ്ങളുടെ ഇലകൾക്ക് മഞ്ഞനിറം വരാതെ നനയുടെ എണ്ണം ക്രമീകരിക്കുക. മണൽ മണ്ണിൽ രാവിലെയും വൈകുന്നേരവും നനയ്ക്കുന്നത് മരങ്ങൾക്കു സമ്മർദം ഉണ്ടാക്കാതെ തന്നെ പൂ പൊഴിച്ചിലും കായ പൊഴിച്ചിലും തടയും. കാത്സ്യത്തിന്റെ സ്പ്രേ ആവർത്തിച്ചു നൽകുന്ന പ്രവണത പലയിടങ്ങളിലും കണ്ടുവരുന്നു. കാത്സ്യം അധികമായാൽ പൊട്ടാഷ്, മഗ്നീഷ്യം എന്നിവയുടെ കുറവ് ചെടിയിൽ ഉണ്ടാകും. സൂക്ഷിക്കുക.
കീടങ്ങളെ എത്തിക്കുന്ന ഉറുമ്പുകളെ ഓടിക്കാം
വേനൽമഴ പെയ്‌താലുടൻ മീലിമുട്ടകൾ, ഇലപ്പേനുകൾ തുടങ്ങിവയുടെ ആക്രമണം കൂടുന്നതിന് എല്ലാ സാധ്യതകളും നിലവിലെ കാലാവസ്‌ഥയിലുണ്ട്. ഇവയെ ചെടികളുടെ വിവിധ ഭാഗങ്ങളിൽ എത്തിക്കു ന്നത് ഉറുമ്പുകളാണ്. എല്ലാത്തരം ഉറുമ്പുകളും ഇക്കൂട്ടത്തിൽ വരും. ഉറുമ്പുകളെ നശിപ്പിച്ചാൽ ഈ സൂക്ഷ്മജീവികളുടെ വ്യാപനം തടയാം. എന്നാൽ, ഉറുമ്പുകളെ നിയന്ത്രിക്കാൻ ഉപയോഗിച്ചുവരുന്ന ഫിപ്രോണിൽപോലുള്ള കീടനാശിനികളുടെ സാന്നിധ്യം തേനീച്ചകളെ അകറ്റുന്നതായി കാണുന്നു. ഇക്കാരണത്താൽ നിയോനിക്കോട്ടിനോയ്‌ഡ് വിഭാഗത്തിലെ പല കീടനാശിനികളെയും പല രാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ തേനീച്ചകളുടെ സാന്നിധ്യം ആവശ്യമായ വിളകളിൽ ഇത്തരം രാസവസ്‌തുക്കളുടെ പ്രയോഗം ഒഴിവാക്കുക. അതിനു പകരം, ഉറുമ്പുകൾ താവളമാക്കിയ ഇടങ്ങളിൽ മഴയില്ലാത്ത സമയത്ത് 70 ഗ്രാം പഞ്ചസാര പൊടിച്ചതിൽ 20 ഗ്രാം ബോറിക്ക് ആസിഡ് ചേർത്ത് നന്നായി ഇളക്കിച്ചേർത്തു വയ്ക്കാം. അല്ലെങ്കിൽ നിയോനിക്കോട്ടിനോയ്ഡ് വിഭാഗത്തിലല്ലാത്ത കീടനാശിനികൾ ഉറുമ്പിൻ്റെ കൂടുകളിൽ ഒഴിച്ച് അവയെ നശിപ്പിക്കാം.