കേരളത്തെ വെല്ലുന്ന പച്ചപ്പ്; സൗദി പഴയ സൗദി അല്ല | Greenery in Saudi Arabia



സൗദി അറേബ്യയെ കുറിച്ച് ആലോചിക്കുമ്പോള്‍ മനസ്സിലെത്തുന്ന ചിത്രം കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന മരുഭൂമിയാണോ? എന്നാല്‍ അത് പഴയചിത്രം. പച്ച പുതച്ച മലനിരകളും നയന മനോഹരമായ കാഴ്ചകളുമുള്ള രാജ്യം കൂടിയാണ് സൗദി അറേബ്യ. അടുത്തിടെയായി മക്കയിലെ മലനിരകള്‍ പച്ച പുതച്ചതിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. പച്ചപ്പ് ഇല്ലാതെ വരണ്ട മലനിരകളില്‍ കണ്ണിന് കുളിര്‍മ്മയേകി ചെറുസസ്യങ്ങളും പൂക്കളും മുളച്ചുപൊങ്ങിയ കാഴ്ച അതിസുന്ദരമാണ്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇടക്കിടെ പെയ്ത മഴയാണ് വരണ്ട ഭൂമിയില്‍ പച്ചപ്പിന്‍റെ വിത്ത് പാകിയത്. 2023 ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ മക്ക മേഖലയിലെ സസ്യജാലങ്ങളില്‍ 600 ശതമാനം വര്‍ധനവുണ്ടായതായാണ് നാഷണല്‍ സെന്‍റര്‍ ഫോര്‍ വെജിറ്റേഷന്‍ കവര്‍ ഡിപ്പാര്‍ട്ട്മെന്‍റ് ആന്‍ഡ് കോമാറ്റിങ് ഡെസേര്‍ട്ടിഫിക്കേഷന്‍ അറിയിച്ചത്. ഇക്കാലയളവില്‍ ലഭിച്ച മഴ മൂലമാണ് പ്രദേശം ഹരിതാഭയാര്‍ന്നത്. ഈ കാലയളവിലെ മഴയുടെ തോത് 200 മില്ലിമീറ്ററിലെത്തി. ഓഗസ്റ്റില്‍ മക്ക മേഖലയിലെ പച്ചപ്പുള്ള പ്രദേശങ്ങള്‍ 3,529.4 ചതുരശ്ര കിലോമീറ്ററായിരുന്നു. ഇത് പ്രദേശത്തിന്റെ മൊത്തം വിസ്തൃതിയുടെ 2.3 ശതമാനത്തെ പ്രതിനിധീകരിക്കുന്നതാണ്. തുടർന്നുള്ള മാസങ്ങളിൽ മഴയുടെ തോത് ക്രമാതീതമായി ഉയര്‍ന്നു. 2023 അവസാനത്തോടെ ഇത് 26,256 ചതുരശ്ര കിലോമീറ്ററായി ഉയര്‍ന്നതായി റിമോട്ട് സെൻസിംഗ് ഡാറ്റയുടെ വിശകലനത്തിൽ വ്യക്തമാക്കുന്നു. സമാന്തരമായ പർവതപ്രദേശങ്ങളിലും ഉയർന്ന പ്രദേശങ്ങളിലും പച്ചപ്പ് പടർന്നു പിടിച്ചു. തായിഫ്, അൽ-ലെയ്ത്ത്, അൽ-ജമൂം, അൽ-കാമിൽ, ഖുലൈസ് എന്നിവടങ്ങളിലും മഴ വ്യാപിച്ചു.


മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ഹറമൈന്‍ എക്സ്പ്രസ് പോകുന്ന വഴിയിലെ മലനിരകളിലാണ് പച്ചപ്പ് വ്യാപകമായത്. കടുക് പോലുള്ള ചെടികളും പുല്ലുകളും മലനിരകളെ പച്ച പുതപ്പിച്ചിരിക്കുകയാണ്. പച്ചപ്പിനിടെ കാണുന്ന ചെറു പൂക്കളുമെല്ലാം ചേര്‍ന്ന് നയനാനന്ദകരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. ചുട്ടുപൊള്ളുന്ന വേനലുള്ള സൗദിയില്‍ മുന്‍വര്‍ഷങ്ങളിലേക്കാള്‍ മഴയും അടുത്തിടെയായി ലഭിക്കുന്നുണ്ട്. സൗദിയിലെത്തുന്ന സഞ്ചാരികള്‍ക്ക് പുതിയ അനുഭവമാകുകയാണ് ഈ ഹരിതഭംഗി.



Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section