2023-24 വർഷത്തിൽ കാപ്പി കയറ്റുമതിയിൽ 20 ശതമാനത്തിന്റെ കുറവാണ് വിയറ്റ്നാമിലുള്ലത്. ഇത് കാപ്പിക്ക് ക്ഷാമം അനുഭവപ്പെടുന്ന അവസ്ഥയിലേക്ക് എത്തിക്കും, അതാണ് കേരളമുൾപ്പെടെയുള്ല സ്ഥലങ്ങളിലെ കർഷകർക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ റോബസ്റ്റ കാപ്പിക്കുരു ഉൽപാദിപ്പിക്കുന്നത് വിയറ്റ്നാമാണ്. അതുകൊണ്ടുതന്നെ അവരുടെ ഉൽപാദനത്തിലെ കുറവ് വലിയ പ്രതിസന്ധി സൃഷ്ടിക്കും.
ബ്രസീലിലെയും വിയറ്റ്നാമിലെയും കാപ്പി ഉൽപാദനത്തിലെ ഇടിവ് വിലക്കയറ്റത്തിനു കാരണമായി. ആഗോള കാപ്പിക്കുരു ഉൽപാദനത്തിലെ ഇടിവ് ദക്ഷിണേന്ത്യൻ കർഷകരെ കൃഷി വ്യാപിപ്പിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. കർണാടകയിൽ നിന്നുള്ല കാപ്പിക്ക് ആഗോള വിപണിയിൽ വലിയ മൂല്യമുണ്ട്. രാജ്യത്തെ മൊത്തം കാപ്പി ഉൽപാദനത്തിൽ 70 ശതമാനവും കൂർഗ്, ചിക്കമംഗലൂർ, ഹാസൻ മേഖലകളിലാണ് വിളയുന്നത്. കേരളവും തമിഴ്‌നാടും കാപ്പിക്കൃഷിയിൽനിന്നു വലിയ വരുമാനം കണ്ടെത്തുന്നുണ്ട്. രാജ്യത്തെ കാപ്പി ഉൽപാദനത്തിൽ 83 ശതമാനവും ദക്ഷിണേന്ത്യയുടെ സംഭാവനയാണ്.
5000-7000 രൂപ വരെ ക്വിന്റലിന് വിലയുണ്ടായിരുന്നതാണ് ഇപ്പോൾ ആഗോള വിപണിയിലെ പ്രതിസന്ധി കാരണം 20,000 രൂപ വരെ എത്തി നിൽക്കുന്നത്. ഇത്രയും വിലക്കയറ്റം തങ്ങളുടെ വിളയ്ക്ക് കിട്ടുമെന്ന് കർഷകരും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. ഇന്ത്യൻ സംസ്ഥാനങ്ങളെ സംബന്ധിച്ച് പ്രത്യേകിച്ച് കേരളം ഉൾപ്പെടുന്ന ദക്ഷിണേന്ത്യൻ മേഖലയിലെ റോബസ്റ്റ കാപ്പിക്കുരു കർഷകർക്ക് ഇതിലും വലിയ അവസരം ലഭിക്കാനില്ല. കർഷകനെ കോടീശ്വരനാക്കുന്ന വിളയെന്ന വിശേഷണം അതുകൊണ്ട് തന്നെ ഒട്ടും അതിശയോക്തിയില്ലാത്തതുമാണ്.