യുഎഇ കൃഷിയിലേക്ക്: ഇന്ത്യയില്‍ നിന്നും വന്‍ തോതില്‍ തൊഴിലാളികളെ ഇറക്കും, പത്താംക്ലാസ് യോഗ്യത മതി

ആവശ്യമായ ഭക്ഷ്യ വസ്തുക്കളുടെ ബഹുഭൂരിപക്ഷവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് യു എ ഇ. ഇതിന് മാറ്റമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ദീർഘകാലാടിസ്ഥാനത്തില്‍ തന്നെ വലിയ പദ്ധതികള്‍ യു എ ഇ ഭരണകൂടം തയ്യാറാക്കിയിട്ടുണ്ട്. 2051-ഓടെ ഉപയോഗിക്കുന്ന ഭക്ഷ്യ വസ്തുകളുടെ 50 ശതമാനവും പ്രാദേശികമായി ഉൽപ്പാദിപ്പിക്കുകയെന്നതാണ് യു എ ഇയുടെ ലക്ഷ്യം.

സ്വന്തം രാജ്യത്ത് തന്നെ ഭക്ഷ്യ വസ്തുക്കള്‍ ഉത്പാദിപ്പിക്കാനായി നൂതനമായ രീതിയില്‍ വന്‍തോതില്‍ കൃഷിയിടങ്ങളും രാജ്യത്ത് ഒരുക്കി വരുന്നുണ്ട്. ഇവിടേക്ക് ജോലിക്കാരെ കണ്ടെത്തലാണ് പ്രധാന കടമ്പ. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും കാർഷിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാണ് ഗള്‍ഫ് രാഷ്ട്രത്തിന്റെ നീക്കം. ഇന്ത്യയും യു എ ഇയും തമ്മിലുള്ള മികച്ച ഉഭയകക്ഷി ബന്ധം റിക്രൂട്ടിങ് നടപടികള്‍ എളുപ്പമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഭക്ഷ്യക്ഷാമത്തിന്റെ ആഗോള തരംഗം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഗൾഫ് രാജ്യം. ഇതോടെയാണ് 2018-ൽ, എല്ലാ പൗരന്മാർക്കും മതിയായ അളവിൽ ഭക്ഷണം ലഭ്യമാക്കുന്നതിനായി ദേശീയ ഭക്ഷ്യ സുരക്ഷാ തന്ത്രം ആരംഭിക്കുന്നത്. "യുഎഇ സർക്കാർ ഏതാനും ആഴ്ചകൾക്ക് മുമ്പ് കാർഷിക തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവരാൻ ഉദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല," കുടിയേറ്റ തൊഴിലാളി മാർക്കറ്റിങ്പ്ലെയിസായ ഹണ്ടറിന്റെ സ്ഥാപക സിഇഒ സാമുവൽ ജോയ് പറയുന്നു.

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ മരുഭൂമിയെ "കാർഷിക പറുദീസ" ആക്കി മാറ്റിയ ഇസ്രായേലിനെ അനുകരിക്കാനാണ് യുഎഇ ശ്രമിക്കുന്നത്. സ്വന്തം ഭക്ഷ്യ ഉൽപ്പാദനത്തിൽ ഇസ്രായേൽ സ്വയം പര്യാപ്തത കൈവരിക്കുകയും യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. അവർക്ക് ആകാമെങ്കില്‍ എന്തുകൊണ്ട് യു എ ഇക്ക് സാധിക്കില്ലെന്നും അദ്ദേഹം ചോദിക്കുന്നു.

യുഎഇക്ക് ഈ വർഷം അത്തരം 20,000 തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ കഴിയും. ദീർഘകാലാടിസ്ഥാനത്തിൽ രണ്ട് ലക്ഷത്തോളം പേരെ ആവശ്യമായി വരും. മണ്ണിന്റെ ഫലഭൂയിഷ്ഠതയെക്കുറിച്ച് പഠിക്കാനും നിലം തയ്യാറാക്കാനുമായി യുഎഇ സർക്കാർ ഇസ്രായേലിൽ നിന്ന് ശാസ്ത്രജ്ഞരെ കൊണ്ടുവന്നിരുന്നു. ശതകോടിക്കണക്കിന് ഡോളറാണ് കൃഷിക്കായി നിക്ഷേപിച്ചിരിക്കുന്നതെന്നും ജോയ് പറഞ്ഞു.

2023 സെപ്തംബറിൽ നടന്ന I2U2 (ഇന്ത്യ, ഇസ്രായേൽ, യുഎഇ, യുഎസ്) ഉച്ചകോടിയിൽ, ഓരോ രാജ്യത്തും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലും ശുദ്ധമായ ഊർജം വികസിപ്പിക്കുന്നതിലും സംഘം ശ്രദ്ധ കേന്ദ്രീകരിച്ചു. "യുഎസിനെയും ഇസ്രായേലി സ്വകാര്യമേഖലയെയും അവരുടെ വൈദഗ്ധ്യം നൽകാനും പദ്ധതിയുടെ മൊത്തത്തിലുള്ള സുസ്ഥിരതയ്ക്ക് സംഭാവന നൽകുന്ന നൂതനമായ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യാന്‍ ക്ഷണിക്കും. ഈ നിക്ഷേപങ്ങൾ വിളവ് വർദ്ധിപ്പിക്കാൻ സഹായിക്കുകയും ദക്ഷിണേഷ്യയിലെയും മിഡിൽ ഈസ്റ്റിലെയും ഭക്ഷ്യ അരക്ഷിതാവസ്ഥയെ നേരിടാൻ സഹായിക്കുകയും ചെയ്യും, " ഉച്ചകോടി പ്രസ്താവനയിൽ പറഞ്ഞു.

ലോകബാങ്കിന്റെ കണക്കനുസരിച്ച് നിലവില്‍ യു എ ഇയുടെ 0.5 ശതമാനം ഭൂമി മാത്രമാണ് കൃഷിയോഗ്യമായത്. മരുഭൂവൽക്കരണവും മണ്ണിന്റെ നശീകരണവും കാരണം ഇത് പ്രതിവർഷം 3 ശതമാനം കുറഞ്ഞു. ഭൂഗർഭജലം പെട്ടെന്ന് കുറയുന്നതിനാൽ ജലക്ഷാമവും അനുഭവപ്പെടുന്നു. യുഎഇയുടെ അഗ്രിടെക് മേഖലയുടെ ഏറ്റവും വലിയ മേഖല 36 ശതമാനം വരുന്ന ഇൻഡോർ ഫാമിംഗാണ്. 15.9 ശതമാനം പ്രിസിഷൻ അഗ്രികൾച്ചറും 15 ശതമാനം അഗ്രി ഇൻപുട്ടുകളുമാണ്. രാജ്യത്തെ അഗ്രിടെക് കമ്പനികളിൽ 65 ശതമാനവും 50ൽ താഴെ ജീവനക്കാരുള്ള മൈക്രോ സൈസ് സംരംഭങ്ങളുമാണ്.

ഹണ്ടർ പോലുള്ള റിക്രൂട്ടിംഗ് സ്ഥാപനങ്ങൾ കുറച്ചെങ്കിലും ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവുള്ള കാർഷിക തൊഴിലാളികളെ അന്വേഷിക്കുമെന്നും ജോയ് പറയുന്നു. യുഎഇയിലേക്ക് കാർഷിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി പുറപ്പെടുവിച്ച ഒരു പരസ്യത്തിൽ, അവർക്ക് കാർഷിക രീതികളിലും സാങ്കേതികതകളിലും മുൻ പരിചയം ഉണ്ടായിരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് പുറമെ കാർഷിക ഉപകരണങ്ങള്‍ പ്രവർത്തിപ്പിക്കാന്‍ കഴിയണം.

യുഎഇയിലേക്ക് വരുന്ന കർഷകർക്ക് പുതിയ സാങ്കേതിക വിദ്യകൾ, യന്ത്രങ്ങൾ, ഉപകരണങ്ങൾ, മരുഭൂമിയിലെ കൃഷി എന്നിവയിൽ പരിശീലനം നൽകുമെന്നും ജോയ് പറഞ്ഞു. ആദ്യഘട്ടത്തില്‍ ചോളം ഉള്‍പ്പെടേയുള്ള ധാന്യങ്ങള്‍ വളർത്താനായിരിക്കും യു എ ഇ ശ്രമിക്കുക. ധാന്യവും പച്ചക്കറികളും കൃഷി ചെയ്യുന്നതിൽ രാജ്യം ഇതിനകം തന്നെ പരീക്ഷണം നടത്തിവരികയാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section