ഇന്നലത്തെ ദിനപ്പത്രങ്ങളിലെ ഹൃദയഭേദകമായ വാർത്തയാണ്, തൊടുപുഴയിലെ കഠിനാധ്വാനിയായ കുട്ടിക്കർഷകൻ മാത്യു ബെന്നിയുടെ പശുഫാമിലെ ദുരന്തം. അപ്പന്റെ മരണശേഷം ഒരു കുടുംബം പതുക്കെ ജീവിതത്തിലേക്ക് തിരികെ നടന്നുകയറിക്കൊണ്ടിരിക്കെയാണ് ഈ തിരിച്ചടി. എന്തായാലും പൊതുസമൂഹം ഉണർന്ന് മാത്യു ബേബിയ്ക്ക് താങ്ങാകും എന്ന് തന്നെ കരുതാം.
മരച്ചീനിയുടെ തൊലി അളവിൽ കൂടുതൽ പശുക്കൾ കഴിച്ചതാണ് മരണകാരണം എന്ന് ഏറെക്കുറെ സ്ഥിരീകരിച്ചു കഴിഞ്ഞു.
ഈ ദാരുണസംഭവം ജൈവവിഷങ്ങളുടെ (Organic Poisons ) സംഹാരശേഷിയെക്കുറിച്ച് നമ്മളെ ഓർമ്മിപ്പിക്കുന്നുണ്ട്
കൃഷിയിൽ കീടങ്ങളെയും രോഗകാരികളെയും കളകളെയും എലികളെയും ഒക്കെ നിയന്ത്രിക്കാൻ പല തരത്തിലുള്ള രാസ -ജൈവ വിഷങ്ങൾ കർഷകർ ഉപയോഗിക്കുന്നു. ഇതിൽ രാസമെല്ലാം അപകടം എന്നും ജൈവം എല്ലാം അപകടരഹിതം എന്നും ചിലപ്പോൾ,ചിലരെങ്കിലും ചിന്തിയ്ക്കുന്നുണ്ടാകാം.അങ്ങനെ അല്ല എന്ന് മനസ്സിലായിട്ടുണ്ടാകും. പുകയിലയും കപ്പയിലയും കാഞ്ഞിരവും ഒതളങ്ങയും ഒക്കെ നല്ല മുരത്ത വിഷങ്ങൾ തന്നെയാണ്. അവ കൃഷിയിൽ ഉപയോഗിക്കുമ്പോൾ നല്ല ജാഗ്രത പുലർത്തണം.
ആയിരത്തി തൊള്ളായിരത്തിഎഴുപതുകളിൽ,കേരളത്തിന്റെ ആകെ കൃഷിഭൂമിയുടെ നാല്പത് ശതമാനം സ്ഥലത്ത് ഭക്ഷ്യവിളകൾ (Food crops ) കൃഷി ചെയ്തിരുന്നുവെങ്കിൽ, ഇന്ന് കഷ്ടിച്ച് പതിനഞ്ച് ശതമാനം സ്ഥലത്ത് മാത്രമായി അത് ചുരുങ്ങി. അവിടേക്ക് നാണ്യവിളകൾ (cash crops ) പതിയെ കാലുറപ്പിച്ചു. കാലക്രമത്തിൽ, കേരളത്തിന്റെ ഭക്ഷ്യ സുരക്ഷ (food security ) ഉറപ്പ് വരുത്തേണ്ട ചുമതല/ബാധ്യത /അവസരം ഇതര സംസ്ഥാനങ്ങൾക്കായി.
ഭൂപരിഷ്കരണത്തിലൂടെ നമ്മൾ ഭൂമിയെ തുണ്ട് വൽക്കരിച്ചുവെങ്കിൽ ഇതര
സംസ്ഥാനങ്ങൾ കൃഷിഭൂമി കീറി മുറിക്കപ്പെടാതിരിക്കാൻ Agricultural Land Consolidation നിയമങ്ങൾ പാസ്സാക്കി.നമ്മുടെ തുണ്ടുവൽക്കരിക്കപ്പെട്ട ഭൂമികൾ,വലിയ തോതിലുള്ള യന്ത്രവൽക്കരണത്തിന് യോജിക്കാത്ത വിധത്തിൽ ആയിത്തീർന്നു.അത് കൂലിചെലവ് കൂടാനും കൃഷി അനാകർഷകമായ ഒരു തൊഴിൽ ആയി മാറാനും ഇടയാക്കി.
ജനസംഖ്യ സമ്മർദ്ദം മൂലവും മധ്യപൂർവ്വ ദേശങ്ങളിൽ നിന്നുള്ള പണം വരവിന്റെ പുളപ്പും മൂലവും കൃഷിഭൂമി കാർഷികേതര ആവശ്യങ്ങൾക്കായി(Non agricultural use ) തരം മാറ്റിത്തുടങ്ങി. ഇപ്പോൾ 'ഉലക്ക തേഞ്ഞു ഉളിപ്പിടി ആയതുപോലെ' ആയി കാര്യങ്ങൾ.ഏഴ് ലക്ഷം ഹെക്ടർ വരുന്ന നെൽപ്പാടങ്ങൾ രണ്ട് ലക്ഷം ഹെക്ടറിലേക്ക് ചുരുങ്ങി.അതോടൊപ്പം ജൈവ മൗലികവാദം(Organic Fundamentalism ) ചിലരിൽ എങ്കിലും പിടിമുറുക്കി തുടങ്ങി .
പുറമേ നിന്നുള്ള വില കൂടിയ ഉൽപ്പാദന സാമഗ്രികൾ(Costly external agricultural inputs ) ഉപയോഗിക്കാത്ത ജൈവ കൃഷി വഴി, യഥാർഥത്തിൽ വില കുറയേണ്ട ജൈവ ഉൽപ്പന്നങ്ങൾക്ക്, കൃത്രിമമെന്ന് സംശയിക്കാവുന്ന തരത്തിൽ വിലവർധനവുണ്ടാക്കി, ആ ഉത്പന്നങ്ങൾ സമ്പന്നർക്ക് മാത്രം വാങ്ങിക്കഴിക്കാവുന്ന ഒന്നാക്കി, അതിനെ പലരും അന്യവൽക്കരിച്ചു.
"നെല്ല് പത്തായത്തിൽ ഉണ്ടെങ്കിൽ എലി വയനാട്ടിൽ നിന്നും വരും " എന്ന് പറയുംപോലെ കൃഷി രാസമാണെങ്കിലും ജൈവമാണെങ്കിലും അവർ, "ഭൂമിയുടെ അവകാശികൾ " രുചി നോക്കാൻ വരും.
അപ്പോൾ കീടങ്ങളെ അകറ്റി നിർത്താൻ /നിയന്ത്രിക്കാൻ /ചിലപ്പോൾ കൊല്ലാൻ വരെ കഴിവുള്ള വസ്തുക്കൾ കൃഷിയിൽ ഉപയോഗിക്കാൻ കർഷകൻ പ്രേരിതനാകും. കൃഷി, അടിസ്ഥാനപരമായി പ്രകൃതിവിരുദ്ധവും ഹിംസാത്മകവും (Anti nature and violent) ആകുന്നു. പാഷാണം,അത് ജൈവമാണെങ്കിലും രാസമാണെങ്കിലും പാഷാണം തന്നെ എന്നുള്ളതിൽ സംശയമുണ്ടോ?
തൊടുപുഴയിലെ സംഭവം അതാണ് പഠിപ്പിക്കുന്നത്.
അവിടെയാണ് സംയോജിത കീടരോഗ നിയന്ത്രണം (Integrated Pest & Disease Management, IPDM ) എന്ന സാങ്കേതിക വിദ്യയുടെ പ്രസക്തി.ഈ രീതിയിൽ, പല തരത്തിൽ ഉള്ള പ്രകൃതി സൗഹൃദമാർഗങ്ങൾ പരീക്ഷിച്ചിട്ടും ഫലമില്ലാതെ വന്നാൽ, അറ്റകൈ ആയി, സസ്തനികൾക്ക് അപകടകരമല്ലാത്ത മരുന്നുകൾ (molecules with low mammalian toxicity ) ചിലപ്പോൾ ചെയ്യേണ്ടി വരും. അത് CIBRC (Central Insecticides Board & Registration Committee) അനുമതി കൊടുത്തത് മാത്രമേ ആകാവൂ എന്ന് മാത്രം. പക്ഷെ അവ ഉപയോഗിക്കുമ്പോൾ കൃത്യമായ ഡോസിൽ ആയിരിക്കണം. ചെടികളിൽ ഉപയോഗിച്ചാൽ CIBRC അനുശാസിക്കുന്ന കാത്തിരിപ്പ് കാലാവധി (Waiting period ) കഴിഞ്ഞേ, ഉത്പന്നങ്ങൾ ചെടിയിൽ നിന്നും വിളവെടുക്കാൻ പാടുള്ളൂ.
എന്തായാലും,വളരെയധികം വെള്ളം ആവശ്യമുള്ള നെൽകൃഷി പോലെയുള്ള കൃഷികളിൽ നിന്നും ചില സംസ്ഥാനങ്ങൾ പിന്മാറാൻ തുടങ്ങിയിരിക്കുന്നു. ഗോതമ്പിനെയും പതുക്കെ അവർ കൈവെടിയും. ആയതിനാൽ അരിയില്ലാതെ, അല്ലെങ്കിൽ അരിയാഹാരം കുറച്ച് കൊണ്ട് ജീവിക്കാൻ നമ്മൾ പഠിക്കേണ്ടി വന്നേക്കാം.നമ്മൾ ഇന്ന് കുറ്റം പറയുന്ന അയൽ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ധാന്യവരവ് ഭാവിയിൽ ക്രമമായി കുറയും. അരിയ്ക്കും ഗോതമ്പിനും എല്ലാം ഇനിയങ്ങോട്ട് വെച്ചടി വെച്ചടി വില കയറും.
അപ്പോൾ പിന്നെ കിഴങ്ങുവർഗ വിളകൾ തിന്ന് ജീവിച്ചു കളയാം എന്നായിരിക്കും ചിന്ത.
ഇന്ന്,ഒരു പരിധി വരെ ഒരു ഉപദംശം (side dish ) എന്ന നിലയിൽ നമ്മൾ കിഴങ്ങുകൾ കഴിക്കുന്നുണ്ട്. മരച്ചീനി, ചേന, ചേമ്പ്, കാച്ചിൽ, കിഴങ്ങ്, കൂർക്ക, കൂവ, മധുരക്കിഴങ്ങ് എന്നിങ്ങനെ ഉള്ള വിളകൾ,മഴയെ ആശ്രയിച്ച് വളരുന്നതും രോഗകീടങ്ങൾ താരതമ്യേനെ കുറവായവയും ജൈവ കൃഷിരീതികൾക്ക് ഇണങ്ങുന്നതുമൊക്കെ യായതു കൊണ്ടും കേരളത്തിന് വളരെ അനുയോജ്യമാണ്. മരച്ചീനി ഒഴികെ ഉള്ള കിഴങ്ങ് വർഗ്ഗങ്ങൾ,ഏറെനാൾ സൂക്ഷിച്ചു വച്ച് ഉപയോഗിക്കുകയും ആകാം. പക്ഷെ ഇവയൊന്നും തന്നെ നമ്മുടെ മുഖ്യ ആഹാരമാക്കാൻ (staple food ) സാധ്യത തുലോം വിരളമാണ്.
ഇനി കപ്പ വിശേഷങ്ങൾ നോക്കാം. ഇന്നത്തെ വില്ലൻ അയാൾ ആണല്ലോ.
കപ്പലിൽ വന്നത് കൊണ്ട് (പറങ്കികൾ വഴി ) മരച്ചീനിയ്ക്ക് കപ്പ എന്ന പേര് വന്നു എന്ന് ചിലർ പറയുന്നു. നിശ്ചിത യൂണിറ്റടിസ്ഥാനത്തിൽ ഏറ്റവുമധികം അന്നജം നൽകുന്ന വിള എന്ന പെരുമയും കപ്പയ്ക്കുണ്ട്. ആയിരത്തി തൊള്ളയിരത്തി അൻപതു -അറുപതുകളിൽ അരിയാഹാരം ഒരുനേരവും കിഴങ്ങ് വര്ഗങ്ങൾ മറ്റു നേരങ്ങളിലും കഴിച്ച് ജീവിച്ച ധാരാളം മലയാളി കുടുംബങ്ങൾ ഉണ്ടായിരുന്നു. ക്ഷാമകാല വിള (Famine Crop ) എന്നും കിഴങ്ങ് വർഗ്ഗവിളകൾ അറിയപ്പെടുന്നു.
പക്ഷെ മരച്ചീനി ഉൽപ്പാദനവും കേരളത്തിൽ കുറയുകയാണ്.1975ൽ 3.27ലക്ഷം ഹെക്റ്ററിൽ കൃഷി ചെയ്തിരുന്ന മരച്ചീനി ഇപ്പോൾ 0.36 ലക്ഷം ഹെക്റ്ററിൽ ആയി ചുരുങ്ങിയിരിക്കുന്നു. ഒരിക്കൽ ഉണ്ടായിരുന്നതിന്റെ പത്തിലൊന്നായി കപ്പക്കൃഷി കുറഞ്ഞിരിക്കുന്നു.എഴുപതിലെ ആ പുഷ്കലകാലത്താണ് കൊല്ലത്ത്,കുണ്ടറയിൽ സ്റ്റാർച്ച് ഫാക്ടറി ഒക്കെ തുടങ്ങിയത്. ഇന്ന് അത്തരം കമ്പനികൾ കാണണമെങ്കിൽ തമിഴ്‌നാട്ടിലെ NH68 (തലൈവാസൽ -ആറ്റൂർ )റോഡിലൂടെ യാത്ര ചെയ്യേണ്ടിവരും.
മാത്യു ബേബിയുടെ പശുക്കൾ കൂട്ടമായി മരണപ്പെടാൻ കാരണം കപ്പത്തൊലി നൽകിയതാണ് എന്ന് തെളിഞ്ഞു കഴിഞ്ഞു.
മരച്ചീനി സ്ഥിരമായി കഴിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടോ?
ഉണ്ട് എന്നാണ് വിദഗ്ധർ പറയുന്നത്.
മരച്ചീനി പ്രധാനമായും രണ്ട് തരം ഉണ്ട്. Sweet & Bitter. അതിൽ അടങ്ങിയിരിക്കുന്ന രണ്ടു ഗ്‌ളൈക്കോസിഡുകളുടെ അളവിൽ ഉള്ള വ്യത്യാസമാണ് ഈ വർഗീകരണത്തിന് പിന്നിൽ..
ലിനമാറിൻ (Linamarin ), ലോട്ടസ്ട്രാലിൻ (Lotaustraulin) എന്നിവയാണ് ആ ഗ്‌ളൈക്കോ സൈഡുകൾ . നമ്മുടെ ദഹന പഥങ്ങളിൽ എൻസ്യ്മുകളുടെ പ്രവർത്തനം മൂലം ഇവ അതീവ അപകടകാരിയായ ഹൈഡ്രോ സയനിക് ആസിഡ് (HCN)ആയി മാറുന്നു. HCN അംശം ഒരു കിലോഗ്രാം കപ്പയിൽ അൻപത് മില്ലിഗ്രാമിൽ താഴെ ഉള്ള ഇനങ്ങളെ Sweet വിഭാഗത്തിലും 400മില്ലിഗ്രാം വരെ HCN ഉള്ള ഇനങ്ങളെ Bitter ഇനത്തിലും പെടുത്തിയിരിക്കുന്നു.
കപ്പ പാകം ചെയ്യുമ്പോൾ കുറച്ചുനേരം വെള്ളത്തിൽ കുതിർത്തിട്ട്, തിളപ്പിച്ച് നന്നായി ഊറ്റി വിഷാംശം കളഞ്ഞിട്ട് ഉപയോഗിക്കണം. ഇല്ലെങ്കിൽ 'ഭക്ഷകൻ വടിയാകാൻ 'സാധ്യത കൂടുതലാണ്. അതീവ ഗുരുതരമായ കോൺസോ സിൻഡ്രം, അറ്റാക്സിയ, Tropical Calcific Pancreatitis എന്നീ പ്രശ്നങ്ങൾ വരാം. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തന വൈകല്യത്തിനും ഇത് കാരണമാകാം. 'കട്ട്' അഥവാ 'മന്ദം ' (Hydro Cyanic Acid ) കൂടുതൽ ഉള്ള കപ്പ കഴിച്ചാൽ പ്രതിവിഷം ആയി ഡോക്ടർമാർ തയോ സൾഫയ്ഡ് (Thio Sulfide ) ഇൻജെക്ഷൻ നൽകും. അപ്പോൾ HCN എന്ന വിഷം, വിഷമല്ലാത്ത തയോ സയനേറ്റ് ആയി മാറും.നോക്കൂ രാസ വസ്തുക്കൾ എങ്ങനെയാണ് പ്രതി പ്രവർത്തിക്കുന്നത് എന്ന്. കൃത്യസമയത്ത് കാര്യങ്ങൾ ചെയ്യണം എന്ന് മാത്രം.
വാൽകഷ്ണം : 2005, മാർച്ച് ഒൻപതിന്,ഫിലിപ്പിൻസിലെ ബോഹോൾ ദ്വീപിൽ കട്ട് കൂടിയ കപ്പയിൽ നിന്നുണ്ടാക്കിയ വിഭവം കഴിച്ചു ഇരുപത്തേഴോളം സ്കൂൾ കുട്ടികൾ മരിച്ച ഒരു സംഭവമുണ്ട്.
പുതിയ മരച്ചീനി ഇനങ്ങൾ വികസിപ്പിക്കുന്ന നമ്മുടെ ബ്രീഡർമാർ ഇത്തരം 'കട്ട് '(HCN ) കൂടിയ ഇനങ്ങൾ കൃഷി ചെയ്യാനായി ശുപാർശ ചെയ്യാറില്ല. ഗന്ധകം (സൾഫർ) അടങ്ങിയ അമിനോ അമ്ലങ്ങൾ കൂടുതലുള്ള ഭക്ഷണം കപ്പയുടെ കൂടെ കഴിച്ചാൽ അവയിൽ ഉള്ള തയോ സയനേറ്റുകൾ ഹൈഡ്രോ സയനിക് ആസിഡിനെ നിർവീര്യമാക്കും. അതുകൊണ്ട് പ്രോട്ടീൻ സമ്പന്നമായ മത്സ്യം, മാംസം എന്നിവ ചേർത്ത് കപ്പ തട്ടിയാട്ടെ. ഒരു കൊയൊപ്പോം വരില്ല.
മല്ലുവിനെ തോൽപ്പിക്കാനാവില്ല മക്കളേ. നല്ല മുളകിട്ട മത്തി തന്നെ ആയിക്കോട്ടെ..
കപ്പയോട് പേടി വേണ്ട, ജാഗ്രത മതിയാകും
എന്നാൽ അങ്ങട്...
പ്രമോദ് മാധവൻ