സാധാരണ, വളത്തിനൊത്ത വിളവ് എന്നാണ് പറയുക. എന്നാൽ തെങ്ങിൽ വിളവിനൊത്ത വളം എന്ന് വേണമെങ്കിൽ പറയാം.
വള്ളത്തോളിന്റെ 'ശിഷ്യനും മകനും 'എന്ന കവിതയിലെ നാടകീയമായ ഒരു ഭാഗത്ത്, പതിയുടെ (ശിവഭഗവാൻ) ശിഷ്യന്റെ (പരശുരാമൻ) ആക്രമണത്തിൽ അംഗഭംഗം വന്ന മകന്റെ (ഗണപതി) അവസ്ഥയിൽ മനം നൊന്ത് പാർവതി ദേവി ക്രുദ്ധയായി പറയുന്നു,'മകൻ പരിക്കേറ്റ് മരിക്കിലെന്ത്?
മഹാരഥൻ ശിഷ്യനടുക്കലില്ലേ?
രാമൻ ജഗത്സത്തമനാണ് പോലും..
'വിദ്യാർപ്പണം പാത്രമറിഞ്ഞുവേണം ' എന്ന്.
എന്റെ കർഷക സുഹൃത്തുക്കളോടും പറയാനുള്ള കാര്യം അത് തന്നെ.വളം ഇടുന്നത് ചെടിയുടെ ആവശ്യം അറിഞ്ഞുവേണം.
'ചെടിയുടെ ആവശ്യവും പ്രതികരിക്കാൻ ഉള്ള കഴിവും അനുസരിച്ച് വേണം വളപ്രയോഗം നടത്താൻ.
ലതായത് ഏത് ചെടിയുടെയും പ്രകടനത്തിന്റെ പിന്നിൽ 'ജനിതകം പാതി, പരിപാലനം പാതി 'എന്ന് പറയാം. ഇംഗ്ലീഷിൽ 'Nature & Nurture 'എന്ന് പറയും .ഇനം കേമമായത് കൊണ്ട് മാത്രം കാര്യമില്ല, പരിപാലനവും പ്രധാനം, മറിച്ചും.
ഏറ്റവും നല്ല തെങ്ങിൻതൈ തന്നെ വാങ്ങി നട്ടു എന്ന് കരുതുക. പക്ഷെ നടാൻ തെരെഞ്ഞെടുത്തത്, ഭാഗികമായി തണൽ ഉള്ളതും മറ്റ് മരങ്ങളുടെ വേരുകളുടെയും ചില്ലകളുടെയും അധിനിവേശം നേരിടുന്ന സ്ഥലം ആണെങ്കിൽ എത്ര വളം കൊടുത്താലെന്ത്? അത് പ്രയോജനപ്പെടുത്താനുള്ള ചെടിയുടെ കഴിവ് കുറയും. "തേങ്ങാ പത്തരച്ചാലെന്ത്, താളല്ലേ കറി " എന്ന് പറഞ്ഞ പോലെയാകും കാര്യങ്ങൾ.
ഇന്നത്തെ പോസ്റ്റിൽ, നമ്മുടെ സംസ്ഥാന വൃക്ഷമായ നാളീകേരത്തിന്റെ സമീകൃതമായ വള പരിപാലനത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.
നല്ല നീർവാർച്ചയുള്ളതും മണ്ണാഴമുള്ളതും സമൃദ്ധമായ സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലം തന്നെ വേണം തെങ്ങ് നടാനായി തെരെഞ്ഞെടുക്കാൻ. രണ്ട് തെങ്ങുകൾ തമ്മിലോ സമാനമായ മറ്റ് മരങ്ങൾ തമ്മിലോ ഇരുപത്തഞ്ച് അടി അകലം പാലിക്കണം. ഒരു മീറ്റർ നീളവും വീതിയും ആഴവും ഉള്ള കുഴി എടുത്ത് മേൽമണ്ണിട്ട് പകുതിമൂടിയ കുഴിയിൽ പിള്ളക്കുഴിയെടുത്ത് വേണം തൈകൾ നടാൻ. നട്ട് പുതിയ ഓലകൾ വരാൻ തുടങ്ങുന്നതോടെ ചിട്ടയായ വളപ്രയോഗം തുടങ്ങാം.
തെങ്ങ് രണ്ട് രീതിയിൽ പരിപാലിക്കാം.
ഇംഗ്ലീഷിൽ അതിനെ 'Average Management, Good Management 'എന്ന് രണ്ടായി തിരിക്കാം. (ശരിക്കും മൂന്നായി ആണ് തിരിക്കേണ്ടത്. Below average management എന്ന ഒരു കാറ്റഗറി കൂടി വേണമായിരുന്നു. ആ വിഭാഗത്തിലായിരിക്കും ഏറെ മലയാളത്താന്മാരും പെടുക).
നൈട്രജന്റെ പകുതി ഫോസ്ഫറസ്, നൈട്രജന്റെ ഇരട്ടി പൊട്ടാസ്യം. തെങ്ങിന്റെ പ്രാഥമിക മൂലക (Primary Nutrients Requirement)ത്തിന്റെ ആവശ്യത്തെ ഇങ്ങനെ വിവക്ഷിക്കാം . അതായത് 1: 0.5 :2 എന്ന NPK അനുപാതം.
ഓരോ മാസവും ഓരോ ഓലയാണ് ഉണ്ടാകേണ്ടത് എന്നാണ് തെങ്ങിന്റെ കണക്ക്. കുള്ളൻ ഇനമാകുമ്പോൾ അല്പം സ്പീഡ് കൂടും. വർഷം പതിനഞ്ച് ഓലകൾ വരെ ഉണ്ടാകും, നല്ല തീറ്റി കൊടുത്താൽ.
നല്ല തന്തയ്ക്കും തള്ളയ്ക്കും പിറന്ന, തെങ്ങൊരുത്തനെ, നമ്മൾ നനച്ച് വളർത്തുകയാണെങ്കിൽ കൊടുക്കേണ്ട വളത്തിന്റെ അളവും, നനയ്ക്കാതെ മഴയെ മാത്രം ആശ്രയിച്ചാണ് വളർത്തുന്നതെങ്കിൽ കൊടുക്കേണ്ട വളത്തിന്റെ അളവും വളരെ വ്യത്യസ്തമാണ്. അതായത് കറവപശുവിനു തീറ്റ കൊടുക്കുന്നത് പാലിന്റെ ലഭ്യതയ്ക്കനുസരിച്ചായിരിക്കണമെന്ന് പറയാറുള്ളത് പോലെ.
ഏപ്രിൽ -മെയ് മാസത്തിൽ, വേനൽ മഴ കിട്ടി മണ്ണിൽ കുന്താലി താഴാൻ ഉള്ള പാകം ആകുമ്പോൾ തെങ്ങിന്റെ തടിയിൽ നിന്നും ഒന്നേമുക്കാൽ മീറ്റർ വ്യാസാർധത്തിൽ തടം തുറക്കണം.
തടത്തിന്റെ അരികുകളോട് ചേർന്ന ഭാഗത്തിന് ഒരടി എങ്കിലും ആഴം വേണം. തടത്തിന്റെ വരമ്പുകളിൽ 50ഗ്രാം കുറ്റിപ്പയർ വിതച്ചാൽ, നല്ല സൂര്യപ്രകാശ ലഭ്യതയുണ്ടെങ്കിൽ പയറ് പറിച്ച് മടുക്കാം. പയർ തീരുമ്പോൾ അവശിഷ്ടങ്ങൾ തടത്തിലും ഇടാം.ഈ സമയം കൊണ്ട് അന്തരീക്ഷ നൈട്രജനെ പയർ ചെടികൾ മണ്ണിലേക്ക് കൊണ്ട് വന്നിരിക്കും.
തടം തുറന്നാൽ അടുത്ത പടി, ഇടുന്ന വളം എടുക്കാൻ പാകത്തിൽ മണ്ണിനെ പരുവപ്പെടുത്തുകഎന്നതാണ്. അതിനായി തടങ്ങളുടെ പുറംപകുതിയിൽ 1-2 കിലോ കുമ്മായം /Dolomite വിതറികൊടുക്കണം.അത് മണ്ണിന്റെ pH ക്രമീകരിക്കും.അതിന് ശേഷം പതിനാല് ദിവസം കഴിഞ്ഞ്, 50 തേങ്ങയിൽ താഴെയാണ് ആ തെങ്ങിന്റെ വാർഷിക ഉത്പാദനം എങ്കിൽ 25 കിലോയും അതിന്റെ ഇരട്ടി ഉത്പാദനം ഉണ്ടെങ്കിൽ 50 കിലോയും അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടി ഒരു പോലെ തടത്തിനുള്ളിൽ ചുറ്റുമായി ഇട്ട് കൊടുക്കണം.ഒപ്പം അഞ്ച് കിലോ വേപ്പിൻ പിണ്ണാക്കും.
അതോടൊപ്പം തന്നെ താഴെപ്പറയുന്ന അളവിൽ NPK വളങ്ങൾ കൂടി ചേർത്ത് കൊടുക്കണം.
ശരാശരി പരിപാലനം നൽകുന്ന തെങ്ങുകൾക്ക് ഒരു കൊല്ലം 340 ഗ്രാം നൈട്രജനും 170 ഗ്രാം ഫോസ്ഫറസും 680 ഗ്രാം പൊട്ടാസ്യവും നൽകണം.ഈ അളവിൽ NPK കിട്ടണമെങ്കിൽ യഥാക്രമം 750ഗ്രാം യൂറിയ,850ഗ്രാം റോക്ക് ഫോസ്‌ഫേറ്റ് (മസൂറിഫോസ് /രാജ്ഫോസ്),1150ഗ്രാം പൊട്ടാഷ് എന്നിവ നൽകണം.
ഇതിന്റെ മൂന്നിലൊന്ന്ഭാഗം ഏപ്രിൽ -മെയിലും മൂന്നിൽ രണ്ട് ഭാഗം സെപ്റ്റംബർ -ഒക്ടോബർ മാസത്തിലും നൽകണം.
ഇനി, തെങ്ങ് നല്ല കായ് പിടുത്തമുള്ള സങ്കരനും പരിപാലനം ജലസേചനത്തോടും കൂടിയാണെങ്കിൽ കക്ഷിയ്ക്ക് വിശപ്പ് കൂടും. കാരണം കൂടുതൽ തേങ്ങാ നിർമ്മിക്കണം. അപ്പോൾ കൂടുതൽ NPK വേണം. പശുവിനു പാലിനനുസരിച്ചു തീറ്റ കൊടുക്കന്ന പോലെ.
അത്തരം തെങ്ങുകൾക്ക് 500ഗ്രാം നൈട്രജനും 340ഗ്രാം ഫോസ്ഫറസും 1280ഗ്രാം പൊട്ടാസ്യവും നൽകണം. അത്രയും NPK കിട്ടണമെങ്കിൽ 1085 ഗ്രാം യൂറിയയും 1700ഗ്രാം റോക്ക് ഫോസ്‌ഫെറ്റും 2150 ഗ്രാം പൊട്ടാഷും നൽകണം.അത് മുൻപ് പറഞ്ഞ പോലെ മൂന്നിലൊന്ന് ഏപ്രിൽ -മെയ് മാസത്തിലും മൂന്നിൽ രണ്ട് സെപ്റ്റംബർ -ഒക്ടോബർ മാസത്തിലും നൽകണം.
നട്ട് മൂന്ന് മാസം കഴിഞ്ഞാൽ, നേരത്തേ പറഞ്ഞ അളവിന്റെ പത്തിൽ ഒന്ന് വളം നൽകാം.
ഒന്നാം കൊല്ലം, നേരത്തെ പറഞ്ഞ വളത്തിന്റെ മൂന്നിൽ ഒന്ന് അളവ്, രണ്ട് തവണകളായി നൽകാം.
രണ്ടാം കൊല്ലം, മൂന്നിൽ രണ്ട് അളവ് വളം, രണ്ട് തവണകളായി നൽകാം.
മൂന്നാം കൊല്ലം മുതൽ പൂർണ വളർച്ചയെത്തിയ തെങ്ങിന് കൊടുക്കുന്ന അളവിൽ, വർഷത്തിൽ രണ്ട് തവണയായി നൽകാം.
ഇത്തരത്തിൽ ഉള്ള നേർ വളങ്ങൾ (Straight Fertilizers) ആവശ്യമായ അനുപാതത്തിൽ മിക്സ് ചെയ്ത് കൊടുക്കുന്നതാണ് കർഷകർക്ക് ലാഭകരം. വിപണിയിൽ ഇതേ അനുപാതത്തിൽ മിക്സ് ചെയ്ത 10:5:20 എന്ന NPK മിശ്രിതം ലഭ്യമാണ്. പക്ഷെ വില കൂടുതൽ ആയിരിക്കും.
നല്ല ഒരു മഴക്കാലം കഴിയുമ്പോൾ മണ്ണിൽ നിന്നും വലിയ അളവിൽ മഗ്നീഷ്യം നഷ്ടപ്പെട്ടിട്ടുണ്ടാകും. തൽഫലമായി അടിയിൽ ഉള്ള പ്രായമായ ഓലകൾ മഞ്ഞളിക്കാൻ തുടങ്ങും. അതിന് തടയിടാൻ അരക്കിലോ മഗ്നീഷ്യം സൾഫേറ്റ് കൂടി മണ്ണിൽ രണ്ടാം വളത്തോടൊപ്പം ചേർത്ത് കൊടുക്കണം.
കലശലായ വെള്ളയ്ക്ക കൊഴിച്ചിൽ ഉണ്ടെങ്കിൽ 40ഗ്രാം Borax വീതം മുമ്മൂന്ന് മാസം കൂടുമ്പോൾ വർഷത്തിൽ നാല് തവണ നൽകാം. (പിന്നീടുള്ള വർഷം ആവശ്യമെങ്കിൽ മാത്രം Borax നൽകിയാൽ മതിയാകും.)
രണ്ടാം വളം ചേർത്ത് കഴിഞ്ഞാൽ നന്നായി കരിയിലകൾ ഇട്ട് തടം കിളച്ച് ഇടുന്നത്, തടത്തിൽ തുലാവർഷ മഴ കിനിഞ്ഞിറങ്ങാനും മണ്ണിന്റെ ഉപരിതലത്തിൽ ഈർപ്പം നിൽക്കാനും സഹായിക്കും. ഈ ഘട്ടത്തിൽ തൊണ്ട് അടുക്കികൊടുക്കുന്നതും വളരെ നല്ലതാണ്.
അതായത് "തെങ്ങിന് കാലവർഷം അകത്തും തുലാവർഷം പുറത്തും" എന്നാണ് പറയുക. കാലവർഷം (ഇടവപ്പാതി മഴ) കുഴിയുടെ അകത്ത് വീഴണം. തുലാ(വർഷം) മഴ കിളച്ചിട്ട തടത്തിന്റെ പുറത്തും വീഴണം.
ഈ രീതിയിൽ ഉള്ള വളപ്രയോഗം അനുവർത്തിച്ചാൽ ആദ്യം സംഭവിക്കുക, തെങ്ങിന് കൂടുതൽ പച്ച ഓലകൾ ഉണ്ടാകാൻ തുടങ്ങും. സ്വാഭാവികമായും കൂടുതൽ പ്രകാശ സംശ്ലേഷണം നടക്കും. അത് കൂടുതൽ വിളവിലേക്ക് നയിക്കും.
"വിദ്യാർപ്പണം പാത്രമറിഞ്ഞു വേണം" എന്ന് പറഞ്ഞ പോലെ "വളാർപ്പണം" ഇനവും തരവും വിളവും അറിഞ്ഞു തന്നെ വേണം എന്ന് ചുരുക്കം.
✍🏻 പ്രമോദ് മാധവൻ