ഇന്ത്യയുടെ ജനസംഖ്യയുടെ പകുതിയിൽ അധികം ആളുകളുടെ പ്രധാനതൊഴിൽ കൃഷിയാണ്.
കർഷകനായും കർഷക തൊഴിലാളിയായും.
പ്രാഥമിക മേഖലയായ കാർഷിക മേഖലയിലെ അസംസ്കൃത വസ്തുക്കളിലാണ് ദ്വിതീയ മേഖലയായ വ്യാവസായിക മേഖലയിലെ പല സംരംഭങ്ങളുടെയും നിലനിൽപ്പ്. ആ മേഖലയിൽ നിന്നും വേണ്ടത്ര ഉത്പന്നവരവ് ഇല്ലാതിരുന്നാൽ (ഉദാഹരണം പരുത്തി, പാൽ ഇറച്ചി, മുട്ട, എണ്ണക്കുരുക്കൾ, ആട്ട, കടലമാവ്, സുഗന്ധവ്യഞ്ജനങ്ങൾ, പൂക്കൾ മുതലായവ ) വസ്ത്ര നിർമ്മാണം, ഡെയറി ഉത്പന്നങ്ങൾ, Ready to Cook (RTC), Ready to Eat (RTE), Ready to Drink (RTD) ഭക്ഷണസാധനങ്ങൾ, ബേക്കറി, Confectionary, Perfumery പോലെയുള്ള വ്യവസായങ്ങൾ അവതാളത്തിലാകും . അപ്പോൾ, അത്തരം ഉത്പന്ന നിർമ്മാതാക്കൾ അസംസ്കൃത വസ്തുക്കൾ മറ്റ് രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത് തങ്ങളുടെ ആവശ്യം നിറവേറ്റും.അങ്ങനെ ഇറക്കുമതി ചെയ്യേണ്ടി വരുമ്പോൾ നമുക്ക് വിലയേറിയ വിദേശനാണ്യം നഷ്ടപ്പെടുത്തേണ്ടി വരുന്നു.
ഇതിന് പരിഹാരമാണ് നമ്മുടെ നാടിന് ആവശ്യമുള്ള (ഫ്രഷ് ആയും സംസ്കരിച്ചും ) ഭക്ഷണസാധനങ്ങൾ ഇവിടെ തന്നെ കൃഷി ചെയ്ത്, ഇവിടെ തന്നെ പ്രോസസ്സ് ചെയ്ത് ഇവിടെയും വിദേശത്തുമായി വിറ്റഴിക്കുക എന്നത്.
ഇത് പറയാൻ വളരെ എളുപ്പം.പക്ഷെ പ്രവൃത്തികമാക്കുക വലിയ വെല്ലുവിളിയും.
ഇങ്ങനെ, ഒരു ജനതയ്ക്ക്, ഒരു വർഷം വേണ്ട ഭക്ഷണ സാധനങ്ങളുടെ അളവ് നിശ്ചയിച്ച്,അത് ഉത്പാദിപ്പിക്കാൻ എത്ര സ്ഥലത്ത്, ഏത് തരം വിത്തുകൾ (നാടൻ, അത്യുല്പാദനൻ, സങ്കരൻ etc ) ഏത് കൃഷി രീതി വഴി (നിഷ്‌ക്രിയ കൃഷി, ജൈവ കൃഷി, പ്രകൃതി കൃഷി, ചെലവില്ലാ കൃഷി, പരമ്പരാഗത കൃഷി (ഇപ്പോൾ ചെയ്ത് വരുന്ന കൃഷി ), കൃത്യതാകൃഷി etc ) വേണം എന്ന് തീരുമാനിക്കുന്നതിനെ ഉത്പാദന ആസൂത്രണം (Production Planning ) എന്ന് വിളിക്കുന്നു.
ഒരു പ്രദേശത്തെ, ഉപഭോഗ പ്രവണത (consumption pattern ) അനുസരിച്ച് ഏതുത്പന്നം (What) എത്ര അളവിൽ (How much ) എപ്പോൾ (When ഏത് മാസം /ആഴ്ച /ദിവസം ) എങ്ങനെ (How ) എന്ന് തീരുമാനിക്കുന്ന പ്രക്രിയയാണത്.
പക്ഷെ സ്ഥൂലതലത്തിൽ (Macro level ) വേണ്ടത്ര വിവരങ്ങൾ (big data, historical data )ഇല്ലെങ്കിൽ ഈ ആസൂത്രണം ശരിയാകണമെന്നില്ല.
ശരിയായ ആവശ്യകത (demand )മനസ്സിലാക്കാതെ ഉത്പാദനം നടത്തിയാൽ ചിലപ്പോൾ അധികമായി (surplus production )ഉത്പാദനം വരും. അപ്പോൾ വിലയിടിയും. ചിലപ്പോൾ വേണ്ടത്ര ഉത്പാദനം ഉണ്ടാകാതെ വരും (Scarcity ). അപ്പോൾ വില കുതിക്കും.ഈ സാഹചര്യം വരാതെ നോക്കുക എന്നതാണ് ഇതിന്റെ വെല്ലുവിളി.
പലപ്പോഴും ഒരു സംഭരണ പദ്ധതി (Procurement Plan )കൂടി ഉണ്ടാകുമ്പോഴാണ് production plan വിജയിക്കുക. അതായത് ഇന്നയിന്ന മാസങ്ങളിൽ ഇത്ര വിലയ്ക്ക് ഓരോ കാർഷിക ഉത്പന്നങ്ങളും സംഭരിച്ചു കൊള്ളാം എന്ന ഉറപ്പ് കർഷകർക്ക് വിള ഇറങ്ങുന്നതിനു മുൻപ് തന്നെ നൽകണം. ഇപ്പോൾ നെൽകൃഷിയിൽ ചെയ്യുന്നത് പോലെയുള്ള രീതി.
ഉദാഹരണത്തിന് കേരളത്തിന് ഒരു വർഷം വേണ്ട നെല്ലരി 40 ലക്ഷം ടൺ ആണെന്ന് കണക്കാക്കിയിരിക്കുന്നു. 100 കിലോ നെല്ല് കുത്തുമ്പോൾ ശരാശരി 67-70 അരി കിട്ടുന്നു എന്ന് കണക്കാക്കിയാൽ 100 കിലോ അരി കിട്ടാൻ ഏതാണ്ട് 140 കിലോ നെല്ല് കുത്തേണ്ടി വരും.അതായത് നാല്പത് ലക്ഷം ടൺ അരി കിട്ടാൻ ഏതാണ്ട് അന്പത്തേഴര ടൺ നെല്ല് വേണ്ടി വരും. എന്ന് വച്ചാൽ കേരളം ഇന്ന് ഉത്പാദിപ്പിക്കുന്ന അരിയുടെ എട്ടിരട്ടി. അത്രയും ഉത്പാദനം വേണമെങ്കിൽ കേരളത്തിന്റെ നെൽ വയൽ വിസ്തൃതി, ഇന്നുള്ള ഉത്പാദന ക്ഷമത അനുസരിച്ച്, എട്ടിരട്ടി കൂടി ഏതാണ്ട് 16 ലക്ഷം ഹെക്ടർ ആകണം. കേരളത്തിന്റെ ആകെ കൃഷി വിസ്തൃതി (എല്ലാ വിളകളും കൂടി ) തന്നെ ഇരുപത്തഞ്ച് ലക്ഷത്തിൽ താഴെയാണ്. അപ്പോൾ പിന്നെ എന്താണ് വഴി? ഒരു വഴിയുമില്ല, ധാരാളം നെല്ലുണ്ടാക്കുന്ന സംസ്ഥാനങ്ങളെ ആശ്രയിക്കുക തന്നെ. അതിൽ നാണക്കേട് ഉണ്ടാകേണ്ട കാര്യമില്ല. പക്ഷെ പലപ്പോഴും അത്തരം സ്ഥലങ്ങളിൽ കഴിക്കാൻ സുരക്ഷിതത്വം കുറഞ്ഞ രീതിയിൽ ആണ് അവ ഉത്പാദിപ്പിക്കപ്പെടുന്നത് എന്നതാണ് പ്രശ്നം.
ഏതാണ്ട് ഇതേ അവസ്ഥയാണ് പയർ വർഗ്ഗങ്ങളുടെ കാര്യത്തിലും. ചെറുപയർ (Green gram ), വൻ പയർ (Lobia, Grain Cowpea ), ഉഴുന്ന് (Black Gram ), കടല (Bengal Gram ), തുവര (Red Gram ), മുതിര (Horse Gram )എന്നിവ.കേരളത്തിന് ഒരു കൊല്ലം ഇവയെല്ലാം കൂടി വേണ്ടതിന്റെ അഞ്ച് ശതമാനം പോലും ഇവിടെ ഉത്പാദിപ്പിക്കുന്നില്ല.
പക്ഷെ റബ്ബർ, കാപ്പി, തേയില, സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവ നമുക്ക് വേണ്ടതിൽ കൂടുതൽ നമ്മൾ ഉത്പാദിപ്പിക്കുന്നു.അവ മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നു. അപ്പോൾ നമ്മൾ കേൾക്കുന്ന പഴി, ഇത് ഉത്പാദിപ്പിക്കുന്ന കേരളത്തിലെ കർഷകർ അവ കഴിക്കാൻ സുരക്ഷിതമായി അല്ല ഉണ്ടാക്കുന്നത് എന്നതാണ്. നോക്കണേ കാര്യങ്ങളുടെ പോക്ക്. ഒരു വശത്ത് നമ്മൾ ഇരയും മറു വശത്ത് വേട്ടക്കാരനും ആകുന്നു.
ഉഷ്ണമേഖലാ പഴങ്ങൾ (Tropical fruits )ആയ വാഴപ്പഴം, ചക്ക, മാങ്ങാ, പപ്പായ, പേരയ്ക്ക, റംബുട്ടാൻ, മംഗോസ്റ്റീൻ എന്നിവ നമുക്ക് യഥേഷ്ടം ഉണ്ടാക്കാം. എന്നാൽ മിതോഷ്‌ണ (sub tropical ), ശീതകാല (temperate ) പഴങ്ങളായ മുന്തിരി, ഓറഞ്ച്, ആപ്പിൾ, പിയർ, പ്ലം, പീച്ച്, ചെറി, സ്ട്രാബെറി അടക്കമുള്ള പല തരം ബെറികൾ ഒക്കെ നമുക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇറക്കേണ്ടി വരും.
പച്ചക്കറികളിലും Tropical Vegetables ആയ വെള്ളരി വർഗ്ഗങ്ങൾ, വള്ളിപ്പയർ, ചീര, വെണ്ട, മുളക്, വഴുതന, തക്കാളി മുതലായവ നമുക്ക് യഥേഷ്ടം ഉത്പാദിപ്പിക്കാം. പക്ഷെ മിതോഷ്‌ണ -ശീതകാല പച്ചക്കറികളായ സവാള, ഉരുളക്കിഴങ്ങ്, കാബേജ്, കാളിഫ്ലവർ, ക്യാരറ്റ്, ബീറ്റ് റൂട്ട്, ബീൻസ് എന്നിവയ്ക്ക് ചിലതിൽ ഭാഗികമായും മറ്റ് ചിലതിൽ പൂർണമായും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരും.
എന്ന് പറഞ്ഞാൽ, ഇത്രയും ചെറിയ ഒരു സംസ്ഥാനത്ത്, ഇത്രയധികം ആളുകൾക്ക് വേണ്ട എല്ലാ ഭക്ഷണ പാദാർഥങ്ങളും ഉണ്ടാക്കാൻ എല്ലാവരും മുന്നിട്ടിറങ്ങിയാലും കഴിഞ്ഞെന്ന് വരില്ല.
ഇനി, ഇന്ന് കേരളത്തിൽ നിലവിലുള്ള സാഹചര്യത്തെ നമുക്ക് എങ്ങനെ,ഏറ്റവും മികച്ച രീതിയിൽ പ്രയോജനപെടുത്താം എന്ന് നോക്കാം.
ഭൂപ്രകൃതിയും കാലാവസ്ഥയും (സമുദ്ര നിരപ്പിൽ നിന്നുള്ള ഉയരം, മണ്ണിന്റെ തരം, ശരാശരി ചൂട്, വാർഷിക മഴ എന്നിവ )പരിഗണിച്ചാൽ കേരളത്തെ നമുക്ക് അഞ്ചായി തിരിക്കാം. തീരദേശ സമതലങ്ങൾ(Coastal Plains ),മധ്യ വെട്ടുകൽ പ്രദേശം (Central Laterites) , കുന്നിൻ താഴ് വാരങ്ങൾ (Foot hills ), ഉയർന്ന കുന്നിൻ പ്രദേശങ്ങൾ(High hills ) , പാലക്കാടൻ സമതലം(Palakkad Plains ), എന്നിങ്ങനെ.
അവയെ വീണ്ടും നമ്മൾ 23 കാർഷിക പാരിസ്ഥിതിക യൂണിറ്റുകൾ (Agro Ecological, Units ) ആക്കി തിരിച്ചിട്ടുണ്ട്. കേരളത്തിലെ 1076 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും (ഗ്രാമ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോര്പറേഷനുകൾ ) ഈ 23 AEU കളിൽ ഏതിലെങ്കിലും പെടും.
ഇതിനോരോന്നിനും യോജിച്ച വിളകൾ, ഇനങ്ങൾ, കൃഷി രീതികൾ എന്നിവ ഏറെക്കുറെ കേരള കാർഷിക സർവ്വകലാശാല നിർണയിച്ചിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തിൽ വേണം,അവിടങ്ങളിൽ ഏത് വിള കൃഷി ചെയ്യണം, ഏത് സംരംഭം തുടങ്ങണം, ഏത് ചെയ്യരുത് എന്ന് തീരുമാനിക്കാൻ. അത്തരത്തിൽ ഒരു Cropping/Farming Pattern with specific crop varieties /breeds കൃഷി വകുപ്പും അനുബന്ധ വകുപ്പുകളും കർഷകർക്ക് പറഞ്ഞുകൊടുക്കണം. അത്തരം നിർദേശങ്ങൾ കർഷകരും ഉദ്യോഗസ്ഥരും ഗവേഷകരും ജന പ്രതിനിധികളും ചേർന്ന് സർവ്വത്മനാ അംഗീകരിക്കണം.
അങ്ങനെ വരുമ്പോൾ നിയതമായ ഒരു ചട്ടക്കൂടിലേക്ക് കാര്യങ്ങൾ വരും. ഓരോ പ്രദേശത്തും ഏത് പദ്ധതികൾ വേണം എന്ന് കൃത്യമായി നിർവചിക്കപ്പെടും. അവിടെ എന്തൊക്കെ അടിസ്ഥാന സൗകര്യങ്ങൾ ആണ് വികസിപ്പിക്കേണ്ടത് എന്നതിൽ പ്രാദേശിക ഭരണകൂടങ്ങൾക്ക് വ്യക്തത വരും.
ഇനി, ഓരോ പഞ്ചായത്തുകളും ബ്ലോക്കുകളും പൊതുവിൽ ചെയ്യേണ്ട വിളകൾ (General Crops ) ഏതൊക്കെയാണെന്നും പ്രത്യേകമായി ചെയ്യേണ്ട ഏതെങ്കിലും ഒരു വിള/സംരംഭം ഏതാണെന്നും (Specific Crop /Enterprise) തീരുമാനിക്കണം. തുണ്ടുവൽക്കരിക്കപ്പെട്ട നമ്മുടെ വീട്ടുവളപ്പുകളിൽ എല്ലായിനം കാർഷികവിളകളും കൃഷി ചെയ്യണം എന്നാണ് ഓരോരുത്തരുടെയും ആഗ്രഹം. പക്ഷെ എല്ലാ മണ്ണും എല്ലാ കാലാവസ്ഥയും എല്ലാ വിളകൾക്കും യോജിച്ചതല്ലല്ലോ. ആയതിനാൽ നമ്മുടെ ആയിരത്തോളം വരുന്ന ഗ്രാമപ്പഞ്ചായത്തുകൾ, അവിടങ്ങളിൽ മറ്റ് അനുയോജ്യമായ മറ്റ് വിളകൾക്കൊപ്പം ഏതെങ്കിലും ഒരു വിളയിൽ specialize ചെയ്യണം.അതാണ് One Panchayat -One Product എന്ന ആശയം.ഇത് തായ്ലണ്ടിലും ഫിലിപ്പിൻസ് ലും ഒക്കെ പരീക്ഷിച്ചു വിജയിച്ചതാണ്.
ചില പഞ്ചായത്തുകൾ നെൽകൃഷിയിൽ, അതിൽത്തന്നെ ചിലർ സുഗന്ധ നെല്ലിനങ്ങളിൽ(Scented Rice Varieties ), ഔഷധ നെല്ലിനങ്ങളിൽ(Medicinal Rice Varieties ) , പച്ചരി, ദോപ്പിയരി, മട്ടയരി, വെള്ളയരി എന്നിങ്ങനെ specialize ചെയ്യണം.
ആ പഞ്ചായത്തുകളിൽ അരിയിൽ നിന്നും ഉണ്ടാക്കാവുന്ന മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കാൻ യുവതീ യുവാക്കളുടെ /സംരംഭകരുടെ നേതൃത്വത്തിൽ Micro
Medium -Small Enterprises (MSME) വരണം. Common Facility Centres, Agro Parks എന്നിവ സ്ഥാപിക്കണം. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ, അതാത് ജില്ലകളിലെ കൃഷി ഫാമുകൾ, കേരള കാർഷിക സർവ്വ കലാശാല ഗവേഷണ കേന്ദ്രങ്ങൾ, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ എന്നിവയുടെ സ്ഥല സൗകര്യങ്ങളും സാങ്കേതിക സൗകര്യങ്ങളും പ്രയോജനപ്പെടുത്തി critical gaps നികത്തണം . വിവിധ കേന്ദ്ര -സംസ്ഥാന-പ്രാദേശിക സർക്കാർ പദ്ധതികൾ സംയോജിപ്പിച്ചു കൊണ്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നേതൃപരമായ പങ്ക് വഹിക്കണം.
തവിട് കളഞ്ഞതും കളയാത്തതുമായ അരി, പച്ചരി, പുഴുക്കലരി, പായസത്തിനുള്ള അരി, അരിപ്പൊടി, അവൽ, പൊരി, മലര്, അവുലോസ് പൊടി, അരിപ്പൊടി കൊണ്ടുള്ള വിവിധ ചെറുകടികൾ എന്നിവ അത്തരം പഞ്ചായത്തുകളിൽ നിർമ്മിക്കണം. അവ കേരളത്തിലുടനീളം വിൽക്കുന്നതിന് മറ്റൊരു വിഭാഗം യുവതീ യുവാക്കൾ/സംരംഭകർ തയ്യാറാകണം.പൊതുവായ ഗുണ മേന്മാ മാനദണ്ഡങ്ങൾ ഉണ്ടാകണം.ഓൺലൈൻ സ്റ്റോറുകൾ വഴി ഇവ ദൂരെ ദേശങ്ങളിൽ എത്തിക്കുകയും വേണം. Export promotion സ്കീമുകൾ കർഷകർക്ക് അനുഭവവേദ്യമാകുന്ന തരത്തിൽ facilitation കൊടുക്കണം.
നെൽക്കൃഷിയുള്ള പഞ്ചായത്തുകളിൽ വൈക്കോൽ ലഭ്യത ഉള്ളതിനാൽ പശുവളർത്തലും പ്രോത്സാഹിപ്പിക്കാം. തീറ്റപ്പുൽ കൃഷിയും. ഡയറി സംരംഭങ്ങളും വളർത്തിയെടുക്കാം. വൈക്കോൽ ലഭ്യതയുള്ളതിനാൽതന്നെ കൂൺ കൃഷിയും അവിടങ്ങളിൽ ചെയ്യാൻ കഴിയും. തവിടിൽ നിന്നും കാലിതീറ്റയും ഉമിയിൽ നിന്നും ഉമിക്കരിയും ബയോ ചാറും (Biochar) ഉണ്ടാക്കാം. ചുരുക്കത്തിൽ, അവിടങ്ങളിൽ നെല്ലധിഷ്ഠിതമായ ഒരു സമ്പദ് വ്യവസ്ഥ (Paddy based economy) രൂപപ്പെട്ടുവരും
.ജപ്പാൻ കാരന്റെ ദേശീയ പാനീയം 'സാക്കെ'(sake) എന്നറിയപ്പെടുന്ന, നെല്ലിൽ നിന്നുണ്ടാക്കുന്ന വീര്യം കുറഞ്ഞ ഒരു മദ്യമാണ്. അവിടെ വിശേഷവസരങ്ങളിൽ(social drinking) ആബാലവൃദ്ധം ജനങ്ങളും അതാസ്വദിക്കുന്നു. അത് പോലെ കർഷകർക്കും ഇത്തരം വീര്യം കുറഞ്ഞ മദ്യം നിർമിക്കാൻ പരിശീലനവും സഹായങ്ങളും ലൈസൻസും നൽകണം.
ഇനി, മറ്റ് ചില പഞ്ചായത്തുകൾക്ക് പയർവർഗ വിളകളിൽ specialise ചെയ്യാം. ചെറുപയർ, വൻപയർ, തുവരപ്പയർ, വള്ളിപ്പയർ, കുറ്റിപ്പയർ, മുതിര, ഉഴുന്ന് എന്നിവയായിക്കോട്ടെ. അതിന്റെ ഏറ്റവും മുന്തിയ ഇനങ്ങളും സംസ്കരണ സംവിധാനങ്ങളും അവിടങ്ങളിൽ കൊണ്ട് വരണം. ഇന്ത്യ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന ഭക്ഷണ പദാർഥമാണ് പയർ വർഗ്ഗങ്ങൾ (Pulses )എന്ന് നമ്മൾ ഓർക്കണം. ഈ മേഖലയിലെ ദേശീയ ഗവേഷണ സ്ഥാപനങ്ങളെ അത്തരം പഞ്ചായത്തുകളുമായി ലിങ്ക് ചെയ്യണം.
മഴ കുറഞ്ഞ പഞ്ചായത്തുകൾ ചെറുധാന്യകൃഷിയിൽ (Millets )ശ്രദ്ധ കേന്ദ്രീകരിക്കട്ടെ.അതിന്റെ മുന്തിയ ഇനങ്ങൾ കർഷകർക്ക് ലഭ്യമാക്കട്ടെ. ICRISAT, IIMR, NIIST പോലെയുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അതിന്റെ സംസ്കരണ സംവിധാനങ്ങളും ഒരുക്കണം . മഴ കുറവായതിനാൽ തന്നെ മുരിങ്ങ, നെല്ലി, മാതളനാരകം തുടങ്ങിയ വിളകളും അത്തരം പഞ്ചായത്തുകളിൽ പ്രോത്സാഹിപ്പിക്കാം.
ചില പഞ്ചായത്തുകൾ കിഴങ്ങ് വർഗ വിളകൾക്ക് അനുയോജ്യമായിരിക്കും. മരച്ചീനി, ചേന, കാച്ചിൽ, നന കിഴങ്ങ്, ചെറുകിഴങ്ങ്, മുക്കിഴങ്ങ്, കൂർക്ക, ചേമ്പ്, കൂവ എന്നിവയൊക്കെ അവിടെ പ്രോത്സാഹിപ്പിക്കാം. അവയുടെ സംസ്കരണസംവിധാനങ്ങൾ അവിടെ ഒരുക്കാം.CTCRI പോലെയുള്ള ഗവേഷണ കേന്ദ്രങ്ങൾ അത്തരം ഗ്രാമങ്ങളെ ദത്തെടുക്കണം.
ചില പഞ്ചായത്തുകളിൽ റബ്ബർ ആകും മുഖ്യ കൃഷി. അവിടെ അതിന്റെ കൃഷി, ഇടവിളയായി കാപ്പി, ഔഷധ സസ്യങ്ങൾ, തേനീച്ച വളർത്തൽ എന്നിവ പ്രോത്സാഹിപ്പിക്കണം. റബ്ബറിന്റെ മൂല്യവര്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കാൻ ഉള്ള സംരംഭങ്ങൾ അവിടെ പ്രോത്സാഹിപ്പിക്കണം. RRII പോലെയുള്ള സ്ഥാപനങ്ങൾക്ക് അവിടെ വലിയ പങ്ക് വഹിക്കാൻ കഴിയും.
ചില പഞ്ചായത്തുകളിൽ കുരുമുളക്, ഇഞ്ചി, മഞ്ഞൾ, ജാതി, ഏലം, ഗ്രാമ്പൂ, കറുകപ്പട്ട എന്നിവയുടെ കൃഷിയ്ക്ക് കേമമായിരിക്കും. അവിടെ അതിന്റെ മുന്തിയ ഇനങ്ങളും നാടൻ ഇനങ്ങളും പ്രോത്സാഹിപ്പിക്കാം. അതിൽ നിന്നും Oleoresin, essential oil, food colour, മസാലപ്പൊടി എന്നിങ്ങനെ വിവിധ മൂല്യവര്ധിത ഉത്പന്നങ്ങൾ നിർമ്മിച്ചു ഇന്ത്യ മുഴുവൻ എത്തിക്കാൻ ഉള്ള സംവിധാനങ്ങൾ ഒരുക്കണം.IISR, CCRI പോലെയുള്ള ഗവേഷണ കേന്ദ്രങ്ങളും Spices Board ഉം അവിടെ നല്ല പിന്തുണ നൽകണം.
ചില പഞ്ചായത്തുകൾ വാഴക്കൃഷിയ്ക്ക് പേര് കേട്ടവയാകാം. ഏത്തൻ, കപ്പ വാഴ, റോബസ്റ്റ , ഗ്രാൻഡ് നൈൻ, ഞാലിപ്പൂവൻ, കദളി, കുന്നൻ എന്നിങ്ങനെ വാണിജ്യ പ്രാധാന്യമുളള ഇനങ്ങൾ വ്യാവസായികടിസ്ഥാനത്തിൽ പ്രോത്സാഹിപ്പിക്കാം. അവയുടെ പാക്ക് ഹൗസുകൾ, Refrigerated logistics, processing സൗകര്യങ്ങൾ ഒക്കെ അവിടെ ഒരുക്കാം.കണ്ണാറ BRS, ട്രിച്ചിയിലെ NRCB, SHM, Horticorp, VFPCK എന്നിവയ്ക്ക് ഇതിൽ നിർണായക സംഭാവനകൾ നൽകാൻ കഴിയും.
ചില പഞ്ചായത്തുകളിൽ റംബുട്ടാൻ, മംഗോസ്റ്റീൻ, പപ്പായ, പാഷൻ ഫ്രൂട്ട്, പേര, ചക്ക, മാങ്ങാ,ഡ്രാഗൺ ഫ്രൂട്ട് എന്നിവ പ്രോത്സാഹിപ്പിക്കാം. അവയിൽ നിന്നുള്ള മൂല്യവര്ധിത ഉത്പന്നങ്ങൾ രാജ്യമെമ്പാടും എത്തിക്കാൻ കഴിയും.SHM പദ്ധതികൾ കൂടുതലായി നൽകണം. NHB, APEDA പോലെയുള്ള ഏജൻസികളിൽ നിന്നും കൂടുതൽ സഹായങ്ങൾ എത്തിക്കണം
ചിലയിടങ്ങളിൽ മുളയും ഈറയും (Bamboo & Reeds ) ആകും സാധ്യതയുള്ള വിളകൾ. അവിടെ TBGRI, KFRI, വനം വകുപ്പ് എന്നിവർ കർഷകരെ സഹായിക്കാൻ മുന്നോട്ടു വരണം.
ചിലയിടങ്ങളിൽ ഔഷധവിളകൾ ആകും. അവിടെ State Medicinal Board, TBGRI, Bio diversity Board, ഓടക്കാലി യിലുള്ള ഗവേഷണ കേന്ദ്രം എന്നിവരുടെ പിന്തുണ ലഭിക്കണം. ആയുർവേദ മരുന്ന് കമ്പനികളുമായി ചേർന്ന് മികച്ച വിലയും വിപണനവും ഉറപ്പ് വരുത്തണം.
ചിലയിടങ്ങളിൽ കരിമ്പോ, മറയുർ പോലെയുള്ള സ്ഥലങ്ങളിൽ ചന്ദനമോ ആകും പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്. അവിടെ ബന്ധപ്പെട്ട വകുപ്പുകളുടെയും ഏജൻസികളുടെയും പിന്തുണ ഉറപ്പാക്കണം.
കാന്തല്ലൂർ, വട്ടവട പോലെയുള്ള സ്ഥലങ്ങളിൽ ശീതകാല പച്ചക്കറികൾ പ്രോത്സാഹിപ്പിക്കാം.KAU വിന്റെ ഒരു Regional Research Station അവിടെ സ്ഥാപിക്കണം. VFPCK, Horticorp എന്നിവർ കൃഷി വകുപ്പുമായി ചേർന്ന് സംഭരണ -വിപണന സൗകര്യങ്ങൾ ഒരുക്കണം. കർഷകർ ഇപ്പോൾ ഉള്ളതിനേക്കാൾ മെച്ചമായി ഈ ഏജൻസികളുമായി കൈ കോർക്കണം.
ഇളനാട്, പഴയന്നൂർ, എലവഞ്ചേരി, നെന്മാറ, പറളി, കോട്ടായി, കുറുപ്പന്തറ, മാഞ്ഞൂർ, മാള പോലെയുള്ള സ്ഥലങ്ങളിൽ ഉഷ്ണകാല പച്ചക്കറികൾ(Tropical Vegetables ) ആയിരിക്കും പ്രോത്സാഹിപ്പിക്കേണ്ടത്.അവിടെ ഉന്നത നിലവാരത്തിലുള്ള pack house, Refrigerated transportation, Cold chain എന്നിവ സഹകരണ -സ്വകാര്യ പങ്കാളിത്തത്തോടെ ഒരുക്കണം.
തീരദേശ പഞ്ചായത്തുകളിൽ തെങ്ങധിഷ്ഠിത വിളകൾ(Coconut based Cropping /Farming System ) പ്രോത്സാഹിപ്പിക്കാം.CPCRI, FSRS, IFSRS പോലെയുള്ള ഗവേഷണ കേന്ദ്രങ്ങൾക്ക് അതിന് പദ്ധതികൾ തയ്യാറാക്കാൻ കഴിയും. നഗര പ്രാന്തങ്ങളിൽ കരിക്ക് കൃഷി പ്രോത്സാഹിപ്പിക്കാം. കൊപ്ര ഉണ്ടാക്കുന്ന യൂണിറ്റുകൾ, വെളിച്ചെണ്ണ യൂണിറ്റുകൾ, ഇളനീർ, നീര, വിർജിൻ ഓയിൽ, വെന്ത വെളിച്ചെണ്ണ, വിനാഗിരി, Nata de Coco, Activated charcol, ബയോചാർ, കര കൗശല വസ്തുക്കൾ, തെങ്ങിൻ തടിയിൽ നിന്നുള്ള ഫർണിച്ചറുകൾ എന്നിവ ആ മേഖലയിൽ പ്രോത്സാഹിപ്പിക്കാം.നാളീകേര വികസന ബോർഡിനും അതിൽ വലിയ പങ്ക് വഹിക്കാൻ കഴിയും.
ചില ഹൈറേഞ്ച് മേഖലകൾ പൂർണമായും വലുതും ചെറുതുമായ ഡയറി യൂണിറ്റുകൾക്ക് യോജിച്ചവയായിരിക്കും. അവിടെ പാലും അതിൽ നിന്നും വെണ്ണ, നെയ്യ്, ചീസ്, Yoghurt, എന്നിവ ഉണ്ടാക്കുന്ന യൂണിറ്റുകൾ പ്രോത്സാഹിപ്പിക്കാം.മൃഗ സംരക്ഷണ വകുപ്പ്, ക്ഷീര വികസന വകുപ്പ്, MILMA, KLDB പോലെയുള്ളവർക്ക് അതിനുള്ള നേതൃത്വം കൊടുക്കാം. NDDB യിൽ നിന്നും സഹായം ആവശ്യപ്പെടാം. AHIF പോലെയുള്ള പദ്ധതികൾ പ്രയോജനപ്പെടുത്താം.
ഇത്തരത്തിൽ അനുയോജ്യമായ വിവിധ വിളകൾക്ക് ഒപ്പം ഓരോ പഞ്ചായത്തും ഓരോ വിളയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ സർക്കാരുകൾക്ക് അത് കേന്ദ്രീകരിച്ചുള്ള പദ്ധതികൾ അവിടെ കൊണ്ട് വരാൻ എളുപ്പമാകും.അതാത് വിളകൾക്ക് വേണ്ട വിവിധ കാർഷിക സേവനങ്ങൾ, മണ്ണ് പരിശോധന, agro pharmacy, സംഭരണ -സംസ്കരണ സൗകര്യങ്ങൾ, വിപണന സംഘങ്ങൾ, logistics facilities ഒക്കെ നോക്കി നടത്താൻ യുവതീ യുവാക്കളെ പ്രോത്സാഹിപ്പിച്ചു നമ്മുടെ ചെറുപ്പക്കാരുടെ വിദേശത്തേക്കുള്ള കുടിയേറ്റം തടുത്ത് നിർത്തുകയും ആകാം. ഇതിനാവശ്യമായ യന്ത്രങ്ങൾ KAMCO, KAICO, KCEAT പോലെയുള്ളവർക്ക് രൂപപ്പെടുത്തി നൽകാം.
പുതിയ കാർഷിക യന്ത്രങ്ങൾ രൂപകല്പന ചെയ്യാൻ Engineering Colleges, Poly Technics, ITI /ITC കൾക്ക് project based supports നൽകാം.
മനസ്സുണ്ടെങ്കിൽ വഴിയുണ്ട്. ആവശ്യമെങ്കിൽ വിവിധ വകുപ്പുകളെ ഘടനാപരമായി പരിഷ്കാരിക്കാം. Mission കളും SPV കളും രൂപീകരിക്കാം. വിവിധ വകുപ്പുകൾ Water proof compartments ആയി പ്രവർത്തിക്കുന്ന അവസ്ഥക്ക് മാറ്റം കൊണ്ട് വരാം.
Kerala Agriculture ഒരു ദശാസന്ധിയിൽ ആണ്. ഇവിടെനിന്നും Make or Break എന്ന് ചിന്തിക്കണം. Perform or Perish എന്ന് ചിന്തിക്കണം. Now or Never എന്ന് ചിന്തിക്കണം.
നമ്മൾക്ക് കഴിഞ്ഞില്ലെങ്കിൽ പിന്നെ ആർക്ക് എന്ന് ചിന്തിക്കണം.
ചിന്തകൾ അനിസ്യൂതം തുടരട്ടെ... മാറ്റങ്ങൾ ഉണ്ടാക്കാൻ കൂട്ടായ ശ്രമങ്ങൾ ഉണ്ടാകട്ടെ...
✍🏻 പ്രമോദ് മാധവൻ