കൃഷി നഷ്ടമാകുന്നുണ്ടോ? എങ്കിൽ സംയോജനമാണ് പോംവഴി.. പ്രമോദ് മാധവൻ


ഈ പോസ്റ്റ്‌, മുഴുവൻ സമയ കർഷകർക്ക് (Full time farmers) വേണ്ടിയുള്ളതാണ്.
അല്പം മാത്രം സമയം കൃഷിയ്ക്ക് വേണ്ടി ചെലവഴിക്കുന്നവർക്ക് വേണ്ടിയല്ല.
 ദിവസവും എട്ട് മണിക്കൂറിൽ കുറയാത്ത സമയം കൃഷിയ്ക്ക് വേണ്ടി മാറ്റി വയ്ക്കുന്നവർക്ക് വേണ്ടിയാണ് .



 സർക്കാർ ഉദ്യോഗസ്ഥർ ആയാലും ബിസിനസ്കാരാണെങ്കിലും അവർ കുറഞ്ഞത് അത്രയും സമയം അവരവരുടെ തൊഴിൽ മേഖലയിൽ ചെലവഴിക്കുന്നുണ്ടല്ലോ, ചിലപ്പോൾ അതിലേറെയും.

ഒരു കർഷകൻ അത്രയും സമയം തന്റെ മുഖ്യ ഉപജീവനമാർഗമായ കൃഷിയിൽ ചെലവഴിക്കുന്നില്ലെങ്കിൽ അവർക്ക് വേറേ തൊഴിൽ / വരുമാനമാർഗം ഉണ്ടാകാം, അല്ലെങ്കിൽ അവർക്ക് അത്രയും സമയം ചെലവഴിക്കാൻ തക്ക സ്ഥലമോ കൃഷിയോ ഇല്ല എന്നോ, അങ്ങനെ ഉണ്ടായിട്ടും മടി പിടിച്ചിരിക്കുകയാണ് എന്നോ അനുമാനിയ്ക്കാം.

വിളയിക്കുന്ന ഉത്പന്നങ്ങളുടെ വിലയിൽ സ്ഥിരതയില്ല(Lack of price stability ) എന്നതാണ് കാർഷിക മേഖലയുടെ പ്രധാന വെല്ലുവിളി. ഉത്പന്നങ്ങൾ വേഗം കേടാകാൻ സാധ്യതയുണ്ട് (perishability )എന്നത് രണ്ടാമത്തെ പ്രശ്നവും.

എന്നാൽ പാൽ, മുട്ട, ഇറച്ചി എന്നിവയ്ക്ക് ഈ വില അസ്ഥിരത കാര്യമായി ഇല്ല എന്നും പറയാം. ഒരു പരിധി വരെ നെല്ലിനും.
പക്ഷെ പച്ചക്കറികൾ, പഴങ്ങൾ, സുഗന്ധ വ്യഞ്ജനങ്ങൾ, കിഴങ്ങ് വർഗ്ഗങ്ങൾ, പയർ വർഗ്ഗങ്ങൾ എന്നിവയ്‌ക്കെല്ലാം ഈ ദുര്യോഗം ഉണ്ട്.ആയതിനാൽ കാർഷിക വിളകൾക്കൊപ്പം തന്നെ പാൽ, മുട്ട, ഇറച്ചി, തെങ്ങ്, ഉണക്കി സൂക്ഷിക്കാവുന്ന സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവയുടെ കൃഷിയും കൂടി കൃഷി മുഖ്യവരുമാനം ആക്കാൻ ഉദ്ദേശിക്കുന്നവർ ഏറ്റെടുക്കണം.

 ഏതെങ്കിലും ഒരു വിളയെ മാത്രം കേന്ദ്രീകരിച്ച് ( Monocropping ) മുന്നോട്ട് പോകുന്നതിലും വലിയ മണ്ടത്തരമില്ല. അവിടെ 'കിട്ടിയാൽ കിട്ടി, ഇല്ലെങ്കിൽ ചട്ടി' എന്ന അവസ്ഥയാകും ഫലം.

ഇവിടെയാണ് സംയോജന (Integration ) ത്തിന്റെ പ്രസക്തി.

എന്താണ് കൃഷിയിലെ സംയോജനം അഥവാ Integration എന്ന് നോക്കിയാലോ?

ഒരു വലിയ പശുവളർത്തൽ കേന്ദ്രം എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് നോക്കാം.

അവിടെ 100 പശുക്കൾ ഉണ്ടെന്നിരിക്കട്ടെ. അവയുടെ മൂല്യം (മൂലധന ചെലവ് ) വളരെ ഉയർന്നതാണ്‌.ഇത്രയും പശുക്കളെ കെട്ടി പരിപാലിക്കാൻ വേണ്ടി വരുന്ന അടിസ്ഥാനസൗകര്യ ചെലവ് (Infra structural cost ) വളരെ ഉയർന്നതാണ്. പ്രകൃതിയുമായി യാതൊരു ബന്ധവുമില്ലാതെയാണ് ഏറെക്കുറെ അവിടെ പശുക്കൾ വളരുന്നത്. കൂടുതലും കൃത്രിമ തീറ്റകൾ ആകും അവറ്റകൾ കഴിയ്ക്കുക. ഇത്രയും പശുക്കൾ, അതും ഉത്പാദന ശേഷി കൂടിയ 'Milk Machines ' ഒരു കൂരയ്ക്ക് കീഴിൽ നിൽക്കുമ്പോൾ അവയ്ക്ക് വിവിധങ്ങളായ bacterial -fungal -viral രോഗങ്ങൾ വരാൻ സാധ്യത ഏറെയാണ്. സ്വാഭാവികമായും അവയ്ക്ക് ആധുനിക മരുന്നുകളും വാക്സിനുകളും നൽകേണ്ടി വരും. അത് കൊണ്ട് തന്നെ ആ ഉത്പന്നങ്ങളുടെ സുരക്ഷിതത്വം ചില സമയങ്ങളിൽ എങ്കിലും ഒരു ചോദ്യചിഹ്നമാകും.
ഇത്തരം ഫാമുകളിൽ മൃഗവിസർജ്യങ്ങൾ ഒരു മാലിന്യമാണ്. അതിനെ എങ്ങനെ എങ്കിലും ഒഴിവാക്കാൻ അവർ മാർഗങ്ങൾ തേടും. അത്‌ പരിസര വാസികൾക്ക് ചിലപ്പോൾ പ്രശ്നങ്ങൾ ഉണ്ടാക്കും.
പാൽ അല്ലെങ്കിൽ പാലുല്പന്നങ്ങളിൽ നിന്ന് മാത്രമായിരിക്കും അവരുടെ വരുമാനം.പശുക്കൾക്ക് പെട്ടെന്ന് ഒരു പകർച്ച വ്യാധി പിടിപെട്ടാൽ ആ ഫാമിന്റെ നിലനിൽപ്പ് തന്നെ ചോദ്യചിഹ്നമാകും

അതേ സമയം, ഒരേക്കർ പുരയിടവും ഒരേക്കർ പാടവും സ്വന്തമായുള്ള, കൃഷിയല്ലാതെ മറ്റ് തൊഴിലുകൾ ഒന്നും ഇല്ലാത്ത ഒരു മുഴുവൻ സമയ സംയോജിത കർഷകനുമായി ഇതിനെ ഒന്ന് താരതമ്യം ചെയ്ത് നോക്കാം.

അദ്ദേഹത്തിന്റെ ഒരേക്കറിന്റെ പത്തിലൊന്ന്,വീടും തൊഴുത്തും മുറ്റവുമൊക്കെയായിപ്പോയി എന്നിരിക്കട്ടെ. ബാക്കി തൊണ്ണൂറ് സെന്റ് സ്ഥലമാണ് കൃഷി -അനുബന്ധ കാര്യങ്ങൾക്കായി ഉള്ളത്. തൊഴുത്തിൽ മൂന്ന് പശുക്കൾ ഉണ്ട്. രണ്ട് കറവയുള്ളതും ഒരു കിടാരിയും.(എപ്പോഴും കറവയുള്ളതും ചനയുള്ളതുമായ പശുക്കളുടെ ഒരു ആരോഗ്യകരമായ സമവാക്യം ക്ഷീര കർഷകൻ നില നിർത്തണം ).അതി നോട് ചേർന്ന് തന്നെ ശാസ്ത്രീയമായി രൂപകല്പന ചെയ്ത ഒരു ആട്ടിൻകൂടും കോഴിക്കൂടും ഉണ്ട്. രണ്ടും ഹൈ ടെക് രീതിയിലാണ് പണിതിരിക്കുന്നത്. അഞ്ച് ആടുകളെയും 25 കോഴികളെയും വളർത്താവുന്നവ രീതിയിൽ അവ പണികഴിപ്പിച്ചിരിക്കുന്നു.
വലിയ ആയാസം കൂടാതെ തീറ്റയും വെള്ളവും കൊടുക്കാവുന്ന രീതിയിൽ. കുട്ടികൾക്കും കൈകാര്യം ചെയ്യാൻ പറ്റുന്ന രീതിയിൽ.നല്ല വായു സഞ്ചാരം കിട്ടത്തക്ക രീതിയിൽ, വിസർജ്യങ്ങൾ ബുദ്ധിമുട്ടില്ലാതെ വാരിമാറ്റാവുന്ന രീതിയിൽ.

പശുവിന്റെ തൊഴുത്തിൽ നിന്നും ചാണകവും, തൊഴുത്ത് കഴുകുന്ന വെള്ളവും, ഒരു ബയോഗ്യാസ് ടാങ്കിലേക്ക് ബന്ധിപ്പിച്ചിരിക്കുന്നു. അതിൽ നിന്നുമുള്ള പാചകവാതകം അടുക്കളയിലേക്ക് എത്തിക്കുന്നു.

 ശാസ്ത്രീയമായി രൂപകല്പന ചെയ്ത കമ്പോസ്റ്റ് ടാങ്കിലേക്ക് വിളാവശിഷ്ടങ്ങളും ആട്ടിൻ കാഷ്ഠവും കോഴിക്കാഷ്ഠവും പശുവിന്റെ തീറ്റയുടെ അവശിഷ്ടങ്ങളും എത്തിക്കാവുന്ന രീതിയിൽ ആണ് അതിന്റെ നിർമ്മാണം. അതിന് മേൽപ്പുരയുണ്ട്.നേരിട്ട് വെയിലും മഴയും ഏൽക്കില്ല. അതിനാൽ തന്നെ വളങ്ങൾ ഗുണമേന്മ നില നിർത്തും.അതിനകത്ത് പല അറകളുണ്ട്. പൂർണമായും കമ്പോസ്റ്റ് ആയവ പ്രത്യേകം സൂക്ഷിക്കാൻ കഴിയും.

കരപ്പുരയിടത്തിനു പുറമെ ഒരേക്കർ വയലുണ്ട്. അതിൽ മൂന്ന് പൂ കൃഷി ചെയ്യുന്നു. ഒന്നാം വിള മൂപ്പ് കുറഞ്ഞ വിത്തും രണ്ടാം വിള മധ്യകാല മൂപ്പുള്ളതും ചെയ്ത് വരുന്നു. ബയോഗ്യാസ് പ്ലാന്റിൽ നിന്നുള്ള ബയോ സ്ലറി,അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടി, ദ്രവ ജീവാമൃതം, ഘന ജീവാമൃതം, വള ചായ, പഞ്ചഗവ്യം എന്നിവയാണ് നെല്ലിന്റെ മുഖ്യവളങ്ങൾ. അത്യാവശ്യത്തിനു NPK വളങ്ങളും സൂക്ഷ്മമൂലക വളങ്ങളും ഉപയോഗിക്കുന്നു. ആവശ്യമെങ്കിൽ സ്വന്തമായി മരുന്നടിയ്ക്കാനും വളങ്ങൾ ഇലകളിൽ തളിച്ച് കൊടുക്കാനും സ്വയം കഴിയുന്ന ബാറ്ററിയിൽ പ്രവർത്തിക്കുന്ന സ്പ്രയർ ഉണ്ട്.

മൂന്നാം വിളയായി, കൊയ്ത്ത് കഴിഞ്ഞ് ഡെയ്ഞ്ച വിത്ത് വിതയ്ക്കുന്നു. ഒന്നാം വിള തുടങ്ങാറാകുമ്പോൾ ഡെയ്ഞ്ച പൂട്ടിയടിച്ചു മണ്ണിൽ ചേർക്കുന്നു.അത്‌ മണ്ണിന്റെ ഭൗതിക -ജൈവ ഗുണങ്ങൾ മെച്ചപ്പെടുത്തുന്നു.മണ്ണിലെ ജൈവ കാർബൺ അനുപാതം കൂട്ടുന്നു.

ഇവിടെ എങ്ങനെയാണ് സംയോജനം നടത്തുന്നത് എന്ന് നോക്കാം.

 നേരത്തേ കണ്ട ഡയറി ഫാമിലും പശുക്കൾ ഉണ്ടായിരുന്നു, പക്ഷെ സംയോജനം ഇല്ലായിരുന്നു .ഇവിടെ തന്റെ കൃഷിയിൽ നിന്നുള്ള ഒരു ഉപോത്പന്നമായ വൈക്കോൽ പശുക്കൾക്ക് തീറ്റയായി നൽകുകയും അത്‌ തിന്ന് പശുക്കൾ ചാണകം തിരികെ നൽകുകയും ചെയ്യുന്നു. അത്‌ കൃഷിയിടത്തിൽ വളമായി മാറുന്നു. ഒന്ന് മറ്റൊന്നിനു പൂരകമായി(complementary) വർത്തിക്കുന്നു. അവിടെ മാലിന്യം ഇല്ലാതാകുന്നു.മാലിന്യം മാണിക്യമാകുന്നു.

വിളവെടുക്കുന്ന നെല്ല് അങ്ങനെതന്നെ വിൽക്കാതെ,പുഴുങ്ങിയും പുഴുങ്ങാതെയും SMAM പോലെയുള്ള പദ്ധതിയുടെ സഹായത്തോടെ സബ്‌സിഡി നിരക്കിൽ വാങ്ങിയ ഒരു മിനി റൈസ് മില്ലിൽ പല തവണയായി കുത്തി ആവശ്യക്കാർക്ക് നൽകി നെല്ലായി വിറ്റാൽ കിട്ടുന്നതിനേക്കാൾ വരുമാനം നേടുന്നു.ഇതിന് കുടുംബാംഗങ്ങളും സഹായിക്കുന്നു.അതിന്റെ തവിട് പശുവിനും കോഴിക്കും ആടിനും, ഉമി ഗ്രോബാഗ് കൃഷിയ്ക്കും പ്രയോജനപ്പെടുത്തുന്നു.കുറച്ച് ഉമി, ഉമിക്കരിയാക്കി മാറ്റി ഉപ്പും കുരുമുളക് പൊടിയും ഗ്രാമ്പൂവും മാവിലപ്പൊടിയും ചേർത്ത് ആവശ്യക്കാർക്ക് നൽകുന്നു. ചാണകം, ഗോമൂത്രം എന്നിവ പ്രയോജനപ്പെടുത്തി ഘനജീവാമൃതം ഉണ്ടാക്കി നൽകുന്നു.കുറച്ച് സ്വന്തം ഉപയോഗത്തിനായി സൂക്ഷിച്ചു വയ്ക്കുന്നു.

പറമ്പിൽ,മുപ്പതോളം വരുന്ന നെടിയ ഇനം തെങ്ങുകളെ നന്നായി പരിപാലിക്കുന്നു. വർഷത്തിൽ രണ്ട് തവണ കുമ്മായ-ജൈവ വള -രാസവള -പച്ചില വള -സൂക്ഷ്മമൂലക വള പ്രയോഗം നടത്തി തെങ്ങൊന്നിന് നൂറ് നാളീകേരത്തിൽ കുറയാത്ത വിളവ് നേടുന്നു. തെങ്ങിന്റെ അവശിഷ്ടങ്ങൾ മുഴുവൻ തെങ്ങിൻ ചുവട്ടിൽ തന്നെ ദ്രവിച്ചു ചേരാൻ അനുവദിക്കുന്നു. ഏപ്രിൽ മാസത്തിൽ തെങ്ങിന് തടം എടുത്ത്, അതിന്റെ ചുറ്റുവട്ടത്തിൽ കൂവ നടുന്നു. അത് പൊടിയാക്കി വിൽക്കുന്നു.

SMAM പദ്ധതിയിൽ വാങ്ങിയ ഡ്രൈയർ ഉപയോഗിച്ച് കൊപ്ര ഉണ്ടാക്കി, മിനി എക്സ്പെല്ലെർ ഉപയോഗിച്ച് വെളിച്ചെണ്ണ ഉണ്ടാക്കി ആവശ്യക്കാർക്ക് നൽകുന്നു. തേങ്ങാപിണ്ണാക്ക് പശുവിന് തീറ്റയായി നൽകുന്നു.

 തെങ്ങിൽ എല്ലാം തന്നെ കുരുമുളക് കൊടികൾ പടത്തിയിരിക്കുന്നു. അവ സ്വയം വിളവെടുത്ത് ഉണക്കി സൂക്ഷിച്ച്, നല്ല വില ലഭിക്കുമ്പോൾ വിൽക്കുന്നു.

കുറച്ച് കുള്ളൻ തെങ്ങുകൾ (പതിനെട്ടാം പട്ട, ഗൗളീഗാത്രം എന്നിവ )കരിയ്ക്കിന്റെ ആവശ്യത്തിനായി വളർത്തുന്നു. വീട്ടിൽ വന്ന് കരിയ്ക്കൊന്നിന് 25 രൂപ നൽകി കച്ചവടക്കാർ കരിയ്ക്ക് കൊണ്ട് പോകുന്നു.

പാലിൽ പകുതി സൊസൈറ്റിയിലും ബാക്കി വീടുകളിലും നൽകുന്നു. കുറച്ച് പാൽ തൈരാക്കി, അതിൽ നിന്നും വെണ്ണയും നെയ്യും ഉണ്ടാക്കുന്നു.

തോട്ടത്തിന്റെ നാലതിരിലും പത്തടി അകലത്തിൽ കവുങ്ങ് വച്ച്, അതിൽ കുരുമുളക് പടർത്തിയിരിക്കുന്നു.

തെങ്ങിന്റെ ഇടവിളയായി മഞ്ഞൾ, ഇഞ്ചി, തീറ്റപ്പുല്ല്, പൈനാപ്പിൾ, കിഴങ്ങ് വർഗ വിളകൾ എന്നിവ കൃഷി ചെയ്തിരിക്കുന്നു. മഞ്ഞൾ ഉണക്കി പൊടിയായും ഇഞ്ചി ചുക്കാക്കിയും വിൽക്കുന്നു.തെങ്ങിന്റെ ഇടവിളയായി നട്ടിരിക്കുന്ന പത്തോളം ജാതിമരങ്ങളിൽ നിന്നും ഉള്ള പത്രിയും കായും ഡ്രൈയർ ഉപയോഗിച്ച് ഉണക്കി, നല്ല വില കിട്ടുമ്പോൾ വിൽക്കുന്നു. തോട്ടത്തിൽ അവിടവിടെയായി പത്തോളം തേനീച്ചപ്പെട്ടികൾ വച്ചിട്ടുണ്ട്. അതിൽ നിന്നുള്ള തേനും ഒരു വരുമാനമാർഗം തന്നെ.

ഒരു കൂൺ പുര (Mushroom shed ) ഉണ്ടാക്കി,വൈക്കോൽ ധാരാളം ഉള്ളത് ഉപയോഗിച്ച്, കൂൺ ഉത്പാദനവും നടത്തുന്നു.

ജൈവ വേലിയായി ശീമക്കൊന്ന വച്ച് പിടിപ്പിച്ചിട്ടുണ്ട്. അത്‌ വർഷത്തിൽ മൂന്ന് തവണ കോതി തെങ്ങിൻ തടത്തിൽ ഇടുന്നു. അതിൽ കുരുമുളക് കൊടികളും പടർത്തുന്നു.

തീറ്റപ്പുല്ലും പ്ലാവിലയും നൽകി ആടുകളെ വളർത്തുന്നു. കോഴികൾക്ക് കമ്പനിതീറ്റയാണ് നൽകുന്നത്. മുട്ട വീട്ടിൽതന്നെ വന്ന് ആളുകൾ വാങ്ങിപ്പോകുന്നു. വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ, വാഴ എന്നിവയും ഇടവിളയായി ചെയ്യുന്നു.കോഴിക്കാഷ്ഠം കമ്പോസ്റ്റ് ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്നു.

ഇത്തരത്തിൽ, എപ്പോഴും തിരക്കുള്ള കർഷകനായി നിന്ന് കൊണ്ട്, പുറമേ നിന്നുള്ള ഉത്പാദന ഉപാധികൾ വാങ്ങുന്നത് കുറച്ച് (Low External Input dependency), അവനവന്റെ തോട്ടത്തിൽ നിന്നും കിട്ടുന്ന വസ്തുക്കൾ തന്നെ പുന:ചംക്രമണം നടത്തി (organic waste recycling, on farm generation of bio inputs) കൃഷി മുന്നോട്ട് കൊണ്ട് പോകുന്നു. ചില നിർണായക ഉത്പാദന ഉപാധികൾ (critical inputs)മാത്രം പുറമേ നിന്നും വാങ്ങുന്നു.

 വിളകൾക്ക് പുറമേ, വളർത്ത് മൃഗങ്ങളും വളർത്ത് പക്ഷികളും ജൈവ വസ്തുക്കൾ വളമാക്കി തിരികെ മണ്ണിലേക്ക് നൽകുന്നു.

ഇത്തരത്തിലുള്ള ഭാവനാത്മകമായ സംയോജനമാണ് കൃഷിയുടെ വിജയമന്ത്രം.

ആയതിനാൽ ആവശ്യത്തിന് ഭൂമിയുള്ള, കേരളത്തിലെ കർഷകർ, അധ്വാനിക്കാൻ തയ്യാറാണെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.

1. കൃഷിയെ മുഖ്യ തൊഴിലായിക്കണ്ട്, നന്നായി അധ്വാനിക്കാനുള്ള മനസ്സ് വളർത്തിയെടുക്കണം. അതാണ് തുടക്കം.

2. കുടുംബാംഗങ്ങളുടെ അധ്വാനം പ്രയോജനപ്പെടുത്തണം. ചെറിയ പ്രായത്തിൽ തന്നെ മക്കളെ പഠനത്തോടൊപ്പം കൃഷിയും എന്ന ദിനചര്യയിലേക്ക് കൊണ്ട് വരണം.

3. ഭൂമിയുടെ ഓരോ ഇഞ്ചും വിളവൈവിധ്യം കൊണ്ട് പ്രയോജനപ്പെടുത്തണം . ഒരു വിള മറ്റൊന്നിന് 'പാര'ആകാതെ 'തുണ'ആകത്തക്ക രീതിയിൽ നട്ട് പിടിപ്പിക്കണം.

4. ശരിയായ ഫാം layout വളരെ പ്രധാനമാണ്. ഫാമിന്റെ എല്ലാ ഭാഗത്തും ഒരു പെട്ടിആട്ടോ എങ്കിലും എത്തുന്ന രീതിയിൽ, ആയാസരഹിതമായി വളങ്ങളും മറ്റും കയറ്റാനും ഇറക്കാനും പറ്റുന്ന രീതിയിൽ, വീട്, തൊഴുത്ത്, കോഴിക്കൂട്, ആട്ടിൻ കൂട്, കമ്പോസ്റ്റ് കുഴി, ബയോഗ്യാസ് പ്ലാന്റ്, Seed store, വളം സ്റ്റോർ എന്നിവയ്ക്ക് സ്ഥലം കണ്ടെത്തണം. ഇപ്പോൾ അങ്ങനെ അല്ല രൂപകല്പന ചെയ്തിട്ടുള്ളതെങ്കിൽ അത്‌ പരിഷ്കരിക്കണം. 

5. യന്ത്രവൽക്കരണം അനിവാര്യം. ഒരു കള വെട്ട് യന്ത്രം, തെങ്ങിൽ കയറുന്ന യന്ത്രം, അലൂമിനിയം കോണി, നീളമുള്ള തോട്ട, ഉണക്കൽ യന്ത്രം, വീൽ ബാരോ (അർബാന), നല്ല ഒന്നോ രണ്ടോ സ്പ്രയറുകൾ എന്നിവ അനിവാര്യം. അതിനായി SMAM പോലെയുള്ള സ്കീമുകൾ പ്രയോജനപ്പെടുത്തണം.

6. സർക്കാരിന്റെ സഹായ പദ്ധതികൾ പ്രയോജനപ്പെടുത്തണം. കൃഷിഭവനുകളുമായി നല്ല ബന്ധം പുലർത്തണം.

7. കിസാൻ ക്രെഡിറ്റ്‌ കാർഡ് പോലെയുള്ള പലിശ കുറഞ്ഞ വായ്പകൾ പ്രയോജനപ്പെടുത്തണം. 

8. Crop -livestock integration. മൃഗാശുപത്രി, ക്ഷീര വികസന ഓഫീസ്, മത്‍സ്യവകുപ്പ് എന്നിവരുമായി നല്ല ബന്ധം പുലർത്തണം.

9. സൂക്ഷ്മ ജലസേചന സൗകര്യങ്ങൾ (Drip, Fertigation) മുതലായവ അനുവർത്തിക്കണം.

10. ഇടവിളകൃഷി(Intercropping)-സമ്മിശ്ര വിള കൃഷി(Mixed cropping) എന്നിവ അനുവർത്തിക്കണം 

11. സൂക്ഷിക്കാൻ കഴിയുന്ന ഉത്പന്നങ്ങൾ ശരിയായി ഉണക്കി, നല്ല വില കിട്ടുമ്പോൾ മാത്രം വിൽക്കാൻ ശ്രമിക്കണം.

12. മൂല്യ വർധിത ഉത്പന്നങ്ങൾ ഉണ്ടാക്കി വിൽക്കണം. അതിനാവശ്യമായ സംരംഭങ്ങൾ തുടങ്ങാൻ Agriculture Infrastructure Fund പോലെയുള്ള പദ്ധതികൾ പ്രയോജനപ്പെടുത്തണം.

13. ഫാമിൽ മണ്ണ് -ജല സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കണം.ജലക്ഷാമം ഉള്ള വീടുകളിൽ പുരപ്പുറത്ത് വീഴുന്ന വെള്ളം, കിണർ റീചാർജ് ചെയ്യാൻ ഉപയോഗിക്കണം.

കൃഷി വളരെ ആനന്ദദായകമായ ഒരു തൊഴിൽ ആണ്. അത്‌ ആദായകരവും കൂടി ആകണം. എപ്പോഴും 'ഇരവാദം 'ഉന്നയിച്ച് സ്വയം വില കളയുന്നവർ ആകരുത് കർഷകർ. നല്ല ഭക്ഷണസാധനങ്ങൾ തേടി ആൾക്കാർ നമ്മുടെ വീട് തേടി വരണം. വീട് തന്നെ ആയിരിക്കണം വിപണി. കൃഷി മുഖ്യ തൊഴിൽ ആക്കാൻ ഉദ്ദേശിക്കുന്ന ചെറുപ്പക്കാർ സമാന മനസ്ഥിതിയുള്ള പെൺകുട്ടികളെ കണ്ടെത്തി വിവാഹം കഴിക്കണം. എങ്കിലേ അഭിപ്രായ ഭിന്നതകൾ ഇല്ലാതെ മുന്നോട്ടുപോകൂ.




നമ്മൾ കൃഷി ചെയ്തില്ലെങ്കിൽ നാട്ടുകാർ പട്ടിണി കിടക്കും എന്നൊന്നും ആരെയും വിരട്ടാൻ നോക്കേണ്ട. കയ്യിൽ പണം ഉണ്ടെങ്കിൽ ഭക്ഷണം എവിടെ നിന്നെങ്കിലും വരും. പക്ഷെ അത്‌ എല്ലായ്പോഴും കഴിക്കാൻ സുരക്ഷിതം ആകണമെന്നില്ല (Safe to eat) എന്ന് മാത്രം.

സംയോജിത കൃഷി (Integrated Farming).. അതാണ് കൃഷി ലാഭകരമാക്കാൻ ഉള്ള വഴി, ശാശ്വതമായ വഴി....


✍🏻 പ്രമോദ് മാധവൻ




Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section