കുളം കുഴിച്ചാൽ തവളയെ ക്ഷണിക്കണോ? - പ്രമോദ് മാധവൻ | Pramod Madhavan


കഴിഞ്ഞ ദിവസം ചേർത്തല ബ്ലോക്കിലെ കർഷകരുമായി സംസാരിച്ചപ്പോൾ, അവർ വാഴകൃഷിയിൽ നേരിടുന്ന ഏറ്റവും പ്രധാനപ്രശ്നമായി പറഞ്ഞത് തടതുരപ്പൻ പുഴു അഥവാ പിണ്ടിപ്പുഴുവിനെക്കുറിച്ചാണ്. പൊതുവിൽ കീടങ്ങൾ തൊട്ടുപോലും നോക്കാത്ത പടറ്റിവാഴയിൽ വരെ ഈ ചെല്ലിയും പുഴുവും കയറുന്നു എന്നാണ് അവരുടെ പരാതി.



എന്ത്‌ കൊണ്ടാണ് ഈ പ്രശ്നം വരുന്നത് എന്ന് നോക്കാം?

എല്ലാ വാഴപ്പഴത്തിനും ഒരേ രുചിയല്ല എന്നത് പോലെ അവയുടെ പിണ്ടിക്കും മാണത്തിനും ഒരേ രുചിയല്ല. ചില ഇനങ്ങളുടെ മാണത്തിന് കൂടുതൽ മൃദുത്വവും രുചിയും ഉണ്ടാകും. ഉദാഹരണം ഏത്തവാഴ. സ്വാഭാവികമായും അവയിൽ മാണവണ്ടിന്റെ ആക്രമണം കൂടുതൽ പ്രതീക്ഷിക്കാം. അത്‌ പോലെ തന്നെ പിണ്ടിയുടെ രുചിയും ഇനത്തിനനുസരിച്ച് വ്യത്യാസപ്പെടും. നേന്ത്രൻ, ഞാലിപ്പൂവൻ, പാളയംകോടൻ (മൈസൂർ പൂവൻ )എന്നിവയുടെ പിണ്ടിക്ക് രുചി കൂടും. സ്വാഭാവികമായും അവയിൽ പിണ്ടിപ്പുഴുവിന്റെ ശല്യം കലശലായിരിക്കും.

ഒരു വാഴയുടെ പോളകളുടെ ഉള്ളിൽ കുലത്തണ്ട് രൂപം കൊള്ളുന്നതോടെ അതിൽ പിണ്ടിയും ഉണ്ടാകും. മറ്റൊരു തരത്തിൽ പറഞ്ഞാൽ പിണ്ടിയുടെ ഏറ്റവും അഗ്രഭാഗത്താണ് കുല. ഇത് രൂപം കൊള്ളാൻ പല ഇനങ്ങൾക്കും വേണ്ട കാലദൈർഘ്യം വ്യത്യസ്തമാണ്. പൊതുവിൽ അഞ്ചര -ഏഴ് മാസം എന്ന് പറയാം. ചില ഇനങ്ങളിൽ അതിലേറെ എടുക്കും. അതിന്റെ അർത്ഥം വാഴയിലെ പിണ്ടിപ്പുഴു ശല്യം ഈ സമയത്തായിരിക്കും തുടങ്ങുക. അപ്പോൾത്തന്നെ പ്രതിരോധമാർഗങ്ങളും ചെയ്ത് തുടങ്ങണം.

ഇവിടെയാണ് ചില കർഷകർക്കെങ്കിലും പിഴയ്ക്കുന്നത്.

1. പുരയിടത്തിൽ വാഴയുടെ ഒരു മൂട്ടിൽ നിന്നും ധാരാളം കന്നുകൾ മുളച്ച് അവിടെ വാഴക്കാടായി രൂപപ്പെട്ടിട്ടുണ്ടാകും. അതിനുള്ളിൽ ചില വാഴകളിൽ വണ്ടുകൾ കയറിക്കൂടുകയും അതിന്റെ വംശാവലി അടുത്ത വാഴകളിൽ കടന്ന്കൂടി നാശമുണ്ടാക്കുകയും ചെയ്യും.ആയതിനാൽ ഒരു മൂട്ടിൽ രണ്ട് അല്ലെങ്കിൽ മൂന്ന് വാഴകളിൽ കൂടുതൽ നിർത്താൻ പാടില്ല.

 ഏത്തവാഴയിൽ ഒരു കന്ന് പോലും വളരാൻ അനുവദിക്കരുത്.

2. പുരയിടത്തിൽ ഏത് വാഴയിൽ നിന്നും കുല വെട്ടിയാലും അതിന്റെ തട അവിടെ നിർത്തരുത്. അപ്പോൾ തന്നെ അത് കണ്ടം തുണ്ടമാക്കി, പോള പൊളിച്ച് അതിനുള്ളിൽ ഉള്ള വണ്ടുകളെയും പുഴുക്കളെയും (ഉണ്ടെങ്കിൽ )കൊല്ലണം.

3. ഏറ്റവും പ്രധാനം, പ്രായം ചെന്ന് മഞ്ഞളിച്ച്, ഒടിയാൻ നിൽക്കുന്ന ഇലകൾ, ഒടിയുന്നതിന് മുൻപ് തന്നെ തടയോട് ചേർത്ത് മുറിച്ച് മാറ്റണം. ഇതിനെയാണ് Deleafing എന്ന് പറയുന്നത്.

കയറ്റുമതിയ്ക്കായി വളർത്തുന്ന വാഴകളിൽ ഇത് നിർബന്ധമാണ്. ഇങ്ങനെ ചെയ്താൽ പിണ്ടിപ്പുഴുവിന്റെ അമ്മവണ്ടിന് മുട്ടയിടാൻ ഉള്ള ഒളിസ്ഥലങ്ങൾ വാഴയിൽ ഇല്ലാതാകും.

യാതൊരു കാരണവശാലും ഉണങ്ങി ഇലകൾ തടയോട് ചേർന്ന് തൂങ്ങിനിൽക്കാനോ, അവ വാഴത്തടയിൽ ചുറ്റിക്കെട്ടി വയ്ക്കാനോ പാടില്ല. അങ്ങനെ ചെയ്‌താൽ അവിടെ എപ്പോ വണ്ട് വന്ന് കയറി എന്ന് നോക്കിയാൽ മതി. അത്‌ കൊണ്ടാണ് 'കുളം കുഴിച്ചാൽ തവളയെ ക്ഷണിക്കണോ 'എന്ന് പറയുന്നത്. ക്ഷണിക്കേണ്ട, അവർ വന്ന് താമസമാക്കിക്കൊള്ളും.

ഇതാണ് കീട-രോഗ നിയന്ത്രണത്തിലെ Avoidance എന്ന തത്വം.'കാശ് കൊടുത്ത് കടിയ്ക്കുന്ന പട്ടിയെ മേടിയ്ക്കരുത്' എന്നും പറയാം.

ഇനി കാര്യങ്ങൾ 'ജാവ 'പോലെ സിമ്പിളാണ്.

മഞ്ഞളിച്ചു ഇലകൾ ഉണങ്ങാൻ തുടങ്ങുമ്പോൾ തന്നെ ഇലകൾ മുറിച്ചു വാഴച്ചുവട്ടിൽ വച്ച് മണ്ണിട്ട് മൂടുന്നു. പിന്നെ, നിൽക്കുന്ന ഇലകളുടെ കവിളുകളിൽ ചെല്ലിയ്ക്കിഷ്ടമില്ലാത്ത, രൂക്ഷഗന്ധമുള്ള എന്തെങ്കിലും ഇട്ട് കൊടുക്കുന്നു.

പൊടിച്ച വേപ്പിൻ പിണ്ണാക്കിൽ അല്പം വേപ്പെണ്ണ ചേർത്ത്,ബാർ സോപ്പ് ചീകിയതും പാറ്റാഗുളിക പൊടിച്ചതും ചേർത്തിളക്കി അതിൽ അല്പം, ഓരോ ഇലക്കവിളിലും രണ്ടാഴ്ച കൂടുമ്പോൾ ഇട്ട് കൊടുത്താൽ മതിയാകും.


 

പകരമായി 'നന്മ 'എന്ന ജൈവ കീടനാശിനി ഒരു ലിറ്റർ വെള്ളത്തിൽ 50ml ചേർത്ത് വൃത്തിയാക്കി നിർത്തിയ വാഴത്തടയിലും ഇലക്കവിളിലും സ്പ്രേ ചെയ്താലും മതിയാകും.

കൃഷിയിൽ കീടങ്ങൾ പെരുകുന്നതിന്റെ ഒരു കാരണം ചില കർഷകരുടെ അനാസ്ഥയും അജ്ഞതയും നിസ്സംഗതയുമാണ്. കാര്യങ്ങൾ പഠിച്ച് കൃഷി ചെയ്യുക എന്നതാണ് ലാഭത്തിലേക്കുള്ള വഴി.


✍🏻 പ്രമോദ് മാധവൻ




Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section