ഷങ്കർ എന്ന സിനിമാ സംവിധായകന്റെ 'ബോയ്സ് 'എന്ന ചിത്രം കണ്ടിട്ടുണ്ടോ?'പാൽ പോലേ പതിനാറ്, എനിക്കൊരു ഗേൾഫ്രണ്ട് വേണം 'എന്ന പാട്ടൊക്കെ ആ സിനിമയിലേതാണ്. ഒരുപാട് കഴിവുകൾ ഉള്ള നാല് കൗമാരക്കാർ നേരിടുന്ന ജീവിതവെല്ലുവിളികളും കുസൃതികളും ഒക്കെയാണ് ഇതിവൃത്തം.
അതിലെ ഒരു പയ്യനെ വീട്ടിൽ നിന്നും പുറത്താക്കുന്നു. അലഞ്ഞു തിരിഞ്ഞ് അവൻ ഒരു വലിയ അമ്പലത്തിന്റെ അരികുപറ്റി ജീവിക്കുന്ന ഒരു Modern Begger ആയ കൗണ്ടമണിയുടെ അടുക്കൽ എത്തുന്നു.
കൗണ്ടമണിയുടെ പക്കൽ ഒരു ഡയറിയുണ്ട്. ആ ഏരിയയിലെ ഓരോ വീട്ടിലെയും ആൾക്കാരുടെ പിറന്നാൾ, ശ്രാദ്ധം, അടുത്തുള്ള തെരുവുകളിലെ കോവിലുകളിലെ അന്നദാനം, സപ്താഹം തുടങ്ങിയ എല്ലാ വിവരങ്ങളും അദ്ദേഹത്തിന്റെ കയ്യിലുണ്ട്. ഈ പയ്യനെപ്പോലെ വന്ന് എത്തിപ്പെടുന്ന ആളുകളെ കൂടെ നിർത്തി, ഓരോ ദിവസവും ഒരു വലിയ ടിഫിൻ ബോക്സ് കൊടുത്ത്, ആ ദിവസം എവിടെയാണ് സൗജന്യമായി ഭക്ഷണം കിട്ടുക എന്ന വിവരം പറഞ്ഞയക്കും. കൊണ്ട് വരുന്ന ഭക്ഷണം അവർ പങ്കിട്ട് കഴിക്കും.
പക്ഷെ ആ ഡയറി ആർക്കും നൽകില്ല. കാരണം അദ്ദേഹം ഇടയ്ക്കിടെ പറയും.'ഇമ്പ്രമേഷൻ ഈസ് വെൽത്ത് '(Information is wealth) എന്ന്.
ഇതിപ്പോൾ ഓർക്കാൻ കാരണം?
കഴിഞ്ഞ ദിവസം മലയാള മനോരമ 'കർഷകശ്രീ 'മാസികയുടെ 'Diary 2024' പോസ്റ്റിൽ Complementary copy ലഭിച്ചു.
അതിൽ കർഷകർക്ക്, പ്രത്യേകിച്ചും 'നവ കർഷകർക്ക് 'വളരെ ഉപയോഗപ്രദമാകുന്ന നിരവധി ലേഖനങ്ങൾ ഉണ്ട്.
ആദ്യത്തെ ലേഖനം 'കൃഷിയും ജീവാണുക്കളും ' എന്റേതാണ്.
ഒരു നല്ല വായനാവിരുന്ന് തന്നെയാണ് ഈ ഡയറി.
പുതുതലമുറ വളങ്ങൾ, നാനോ വളങ്ങൾ, വിദേശിപ്പഴങ്ങൾ,കാർഷിക സംരംഭകർക്കുള്ള ഉപദേശങ്ങൾ, കൃഷി വകുപ്പിന്റെ സ്കീമുകൾ എന്നിങ്ങനെ ഒരു Agripreuner ക്ക് വേണ്ട എല്ലാ പ്രായോഗിക അറിവുകളും ഇതിലുണ്ട്.
കൂടാതെ കാർഷിക മേഖലയിൽ കേരളത്തിൽ പ്രവർത്തിക്കുന്ന എല്ലാ സേവനദാതാക്ക(Service Providers )ളുടെയും ബന്ധപ്പെടേണ്ട നമ്പറുകളും.
ഒപ്പം ഓരോ ദിവസവും ചെയ്യുന്ന കൃഷിപ്പണികൾ രേഖപ്പെടുത്താനും വരവ് ചെലവ് കണക്കുകൾ കുറിക്കാനും ഉള്ള പേജുകളും ഉണ്ട്.
കർഷകശ്രീ മാസിക വരിക്കാർക്ക് ഈ ഡയറി സൗജന്യമാണ് എന്ന് തോന്നുന്നു. ഇനി ഡയറി മാത്രമായി വാങ്ങിയാൽ പോലും അതിന് വലിയ മൂല്യമുണ്ട്.
നിലവിൽ കൃഷി വകുപ്പ്, ഉദ്യോഗസ്ഥർക്കായി 'Farm Guide 'എന്ന ഒരു ഡയറി എല്ലാക്കൊല്ലവും ഇറക്കുന്നുണ്ട്. വളരെ പ്രയോജനപ്രദമാണത്. അത് പോലെ കേരള കർഷകൻ മാസിക വരിക്കാർക്കും, ഈ മാതൃകയിൽ ഒരു ഡയറി പ്രസിദ്ധീകരിച്ചാൽ നന്നായിരിക്കും എന്ന് തോന്നി.
വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും.
വായിച്ചാൽ വിളയും, വായിച്ചില്ലെങ്കിലോ? ... കാലം സാക്ഷി... ചരിത്രം സാക്ഷി.
വിളക്ക് കൈവശമുള്ളവനെന്നും വിശ്വം ദീപമയം...