വെണ്ടക്ക കേടുകൂടാതെ സൂക്ഷിച്ചു വെക്കാൻ ഇങ്ങനെ ചെയ്യൂ... | Store ladies finger

സാമ്പാറിലെ പ്രധാനി മാത്രമല്ല വെണ്ടയ്ക്ക, തോരനായും മെഴുക്കുപുരട്ടിയായുമൊക്കെ നമ്മൾ ഉപയോഗിക്കാറുണ്ട്. പച്ചക്കറികൾ വാങ്ങുന്ന കൂട്ടത്തിൽ ഒരിക്കലും ഒഴിവാക്കാതെ വാങ്ങുന്ന ഒന്നാണിത്. കടയിൽ നിന്നും വാങ്ങിയ്ക്കുമ്പോൾ ഫ്രഷ് ആയി ഇരിക്കുന്ന പച്ചക്കറികൾ മിക്കതും ഒന്നോ രണ്ടോ ദിവസം കഴിയുമ്പോൾ വാടുമെന്നു മാത്രമല്ല, ചീഞ്ഞു പോകാനും സാധ്യതയുണ്ട്. പ്രത്യേകിച്ച് വെണ്ടയ്ക്ക പോലുള്ളവ. എന്നാൽ ശരിയായ രീതിയിൽ സ്റ്റോർ ചെയ്താൽ പച്ചക്കറികൾ ഫ്രഷ് ആയി തന്നെ സൂക്ഷിക്കാവുന്നതാണ്. ഗുണങ്ങളിൽ ഏറെ മുന്നിലുള്ള വെണ്ടയ്ക്ക എങ്ങനെ കേടുകൂടാതെ കുറച്ചു നാളുകൾ സൂക്ഷിക്കാമെന്നു നോക്കാം.



ഗുണങ്ങളിൽ ഏറെ മുന്നിൽ

ഏറെ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക. കലോറി കുറവെങ്കിലും ഫൈബർ, വിറ്റാമിനുകൾ, മിനറലുകൾ എന്നിവയാൽ സമ്പന്നമാണ് ഈ പച്ചക്കറി. മാത്രമല്ല, വിറ്റാമിൻ സി യുടെയും കെയുടെയും കലവറ കൂടിയാണ് വെണ്ടയ്ക്ക. ചെറിയ അളവിൽ പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം എന്നിവയും ഇതിലടങ്ങിയിരിക്കുന്നു. ആരോഗ്യത്തിനു ഏറെ ഗുണപ്രദമായ ആന്റിഓക്സിഡന്റുകളും ഈ പച്ചക്കറിയിലുണ്ട്. ദഹനം എളുപ്പത്തിലാക്കാനും ചില രോഗങ്ങളുടെ തീവ്രത കുറയ്ക്കാനും വെണ്ടയ്ക്കയ്ക്കു ശേഷിയുണ്ട്. 

വാങ്ങുമ്പോൾ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം 

വെണ്ടയ്ക്ക് വാങ്ങുമ്പോൾ പ്രധാനമായും കുരുക്കൾ കുറവുള്ളതും സോഫ്റ്റ് ആയതുമായവ വാങ്ങണം. വിരലുകൾ കൊണ്ട് ചെറുതായി അമർത്തി നോക്കിയാൽ എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കും. മാത്രമല്ല, കടും പച്ച നിറത്തിൽ മീഡിയം വലുപ്പമുള്ള വെണ്ടയ്ക്ക നോക്കി വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം. അവ രുചികരമാണെന്നു മാത്രമല്ല, നാടനുമാണ്. മാത്രമല്ല, അവയ്ക്ക് പശയും കുറവായിരിക്കും. ഇത്തരം വെണ്ടയ്ക്ക ഏറെ നാളുകൾ കേടുകൂടാതെ സൂക്ഷിക്കുകയും ചെയ്യാം. 

ഉപയോഗശൂന്യമാകാതെ എങ്ങനെ സൂക്ഷിക്കാം?

വെണ്ടയ്ക്കയിൽ ഒട്ടും തന്നെയും ജലാംശം പാടില്ല. കടയിൽ നിന്നും വാങ്ങി കൊണ്ടുവന്ന വെണ്ടയ്ക്ക ഉണക്കിയെടുത്തതിന് ശേഷം മാത്രം പിന്നീടുള്ള ഉപയോഗത്തിന് എടുത്തു വെയ്ക്കാം. ഒരല്പം വെള്ളം ഉണ്ടെങ്കിൽ പോലും ചിലപ്പോൾ ചീഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. ഉണങ്ങിയ തുണിയിൽ പൊതിഞ്ഞതിനുശേഷം വായു കടക്കാത്ത പാത്രത്തിലാക്കി വെണ്ടയ്ക്ക സൂക്ഷിക്കണം. ഇങ്ങനെ തുണിയിൽ പൊതിഞ്ഞു വെയ്ക്കുമ്പോൾ ജലാംശമുണ്ടെങ്കിൽ തുണി വലിച്ചെടുത്തുകൊള്ളുമെന്നു മാത്രമല്ല, ഏറെ നാളുകൾ കേടുകൂടാതെയിരിക്കുകയും ചെയ്യും.

ഫ്രിജിൽ വെയ്ക്കുമ്പോൾ 

വെണ്ടയ്ക്ക ഫ്രിജിലാണ് സൂക്ഷിക്കുന്നതെങ്കിൽ ഒരു പോളിത്തീൻ കവറിലോ വെജിറ്റബിൾ ബാഗിലോ ആക്കി വയ്ക്കാവുന്നതാണ്. അങ്ങനെ ചെയ്യുമ്പോൾ കവറിൽ ഒന്നോ രണ്ടോ ദ്വാരങ്ങളിട്ടുകൊടുക്കാൻ മറക്കണ്ട. അങ്ങനെ ചെയ്യുന്നത് വഴി വെണ്ടയ്ക്ക ഫ്രഷ് ആയിരിക്കും . ഫ്രിജിലെ വെജിറ്റബിൾ ബാസ്കറ്റിൽ പച്ചക്കറികൾ വെയ്ക്കുകയാണെങ്കിൽ, അങ്ങനെ ചെയ്യുന്നതിന് മുന്പായി ഒരു പേപ്പർ അടിയിൽ വിരിച്ചതിനു ശേഷം അതിനു മുകളിലായി വെണ്ടയ്ക്ക അടുക്കി വെയ്ക്കാം. ജലാംശമുണ്ടെങ്കിൽ ഇത്തരത്തിൽ ചെയ്യുന്നത് നനവ് വലിച്ചെടുത്തു വെണ്ടയ്ക്ക ഫ്രഷ് ആയിരിക്കാൻ സഹായിക്കും.




മറ്റുള്ളവയ്‌ക്കൊപ്പം വേണ്ടേ വേണ്ട 

മറ്റുള്ള പാചകക്കറികൾ, പഴങ്ങൾ എന്നിവയ്ക്കൊപ്പം വെണ്ടയ്ക്ക വെയ്ക്കരുത്. ഇങ്ങനെ ചെയ്താൽ വെണ്ടയ്ക്ക മാത്രമല്ല, കൂടെ വെയ്ക്കുന്ന പച്ചക്കറിയും ഉപയോഗശൂന്യമായി പോകാനുള്ള സാധ്യതയുണ്ട്. വാങ്ങുന്ന പച്ചക്കറികൾ എത്രയും പെട്ടെന്ന് തന്നെ ഉപയോഗിക്കണം. അവയുടെ ഫ്രഷ്‌നെസ് നഷ്ടപ്പെട്ടാൽ രുചിയെ മാത്രമല്ല, പോഷകഗുണങ്ങളെയും സാരമായി ബാധിക്കാനിടയുണ്ട്.



Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section