എലികൾ പലതരത്തിലുണ്ട്. വീട്ടിൽ കാണുന്ന എലികളും പറമ്പിൽ കാണുന്ന എലികളും എന്ന് ഇവരെ പ്രാഥമികമായി വിഭജിക്കാം. ചൂണ്ടെലി,പെരുച്ചാഴി, നീളൻ വാലുള്ള ചൂണ്ടെലി, വെള്ളലി അങ്ങനെ പലവിധത്തിലുണ്ട് എലികൾ. എലികൾ മനുഷ്യരുടെ സ്വത്തുക്കൾക്കും കൃഷിക്കും ഗണ്യമായ നാശം വരുത്തുകയും നിരവധി രോഗങ്ങൾ പരത്തുകയും ചെയ്യുന്നു. ഇവയെ നശിപ്പിക്കുന്നതിനു സാധ്യമായ എല്ലാ വഴികളും സംയോജിതമായി പ്രയോജനപ്പെടുത്തണം.
കൃഷി സ്ഥലത്തേക്കും വീട്ടിലേക്ക് കടക്കാതെ കൃത്രിമ സാങ്കേതികവിദ്യകൾ ഉപയോഗിക്കുക. എലികളെ തിന്നുന്ന ജന്തുക്കൾ ആയ പൂച്ച, പട്ടി എന്നിവയെ വളർത്തുക എന്നിങ്ങനെയുള്ള എല്ലാ നിയന്ത്രണമാർഗങ്ങളും ഒന്നിച്ച് സ്വീകരിക്കേണ്ടതുണ്ട്. എലികളുടെ ആവാസസ്ഥാനം കുറയ്ക്കുകയാണ് ആദ്യപടിയായി ചെയ്യാവുന്ന രീതി.
മണ്ണുകൊണ്ടുള്ള കയ്യാലകൾക്ക് പകരം മുൾച്ചെടികൾ ഉപയോഗിച്ച് വേലികൾ തീർക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ഭക്ഷണസാധനങ്ങൾ എലി കയറാത്ത തരം പാത്രങ്ങളിലാക്കി വെക്കുക. ചപ്പുചവറുകൾ നിരത്തിലും പട്ടണങ്ങളിലും അധിക ദിവസം കൂടി ഇടാതിരിക്കുക. എലികൾ കയറാത്ത വിധത്തിലുള്ള ഗോഡൗണുകളും വീടുകളും നിർമ്മിക്കുക എന്നീ നടപടികൾ സ്വീകരിക്കാം.
എലികളെ നിയന്ത്രിക്കാൻ എങ്ങനെ കെണി വെക്കാം
എലികളെ നിയന്ത്രിക്കുന്ന പഴയ രീതിയാണ് കെണി വെയ്ക്കൽ. എല്ലായിനം എലികളും കെണി വെച്ച് പിടിക്കാമെങ്കിലും എല്ലാ ഇനവും ഒരുപോലെയല്ല പ്രതികരിക്കുക. കെണി യിലൂടെ എലികൾ എളുപ്പത്തിൽ കൂട്ടിൽ പെടും എങ്കിലും മറ്റു എലികൾ കൂട്ടിൽപ്പെട്ട എലിയെ കാണുന്നതുകൊണ്ട് പിന്നീട് മറ്റു എലികൾ കൂട്ടിൽ അകപ്പെടുക ബുദ്ധിമുട്ടാണ്. എലിയെ പിടിക്കാൻ ഏറ്റവും മികച്ച കെണി മാങ്കൊമ്പ് കെണിയാണ്.
1. യാന്ത്രിക കെണി
പ്രതിതുലനം ഉള്ള ഇത്തരം കൂട്ടിൽ എലി കയറുമ്പോൾ അതിൻറെ ഭാരം കൊണ്ട് വാതിൽ താഴേക്ക് പോകുകയും എലിക്ക് അടിയിൽ വീഴുകയും ചെയ്യുന്നു. ഒന്നിൽ കൂടുതൽ എലികളെ വീഴ്ത്തുവാൻ ഈ കെണിയാണ് മെച്ചം. ഇതിന് ഉത്തമ ഉദാഹരണമാണ് വണ്ടർ ട്രാപ്പ്.
2. പശകൾ
ഒട്ടുന്ന ഏതെങ്കിലും സാധനം ഉപയോഗിച്ച് എലിയെ ബന്ധിക്കുന്ന മികച്ച രീതിയാണ് ഇത്.
3. മൺപാത്ര കെണി
ഇത് നെൽപ്പാടങ്ങളിൽ എലിയെ പിടിക്കാൻ ആയി കൂടുതൽ കർഷകർ ഉപയോഗിക്കുന്നു.ഒരു മരപ്പലകയും 10 ഇഞ്ച് വാവട്ടമുള്ള മൺചട്ടിയും ഇര വെയ്ക്കുന്ന നീളമുള്ള ഒരു ലോഹ അലകും Y രൂപത്തിലുള്ള ചെറിയ മരക്കുറ്റിയിൽ ആണ് ഇതിൽ ഉള്ളത്. ഇതിനു ഉദാഹരണമാണ് മാങ്കൊമ്പ് കെണി. കുറ്റികൾ നാട്ടി നെൽച്ചെടി കൾക്ക് മേലെയായി ഉണ്ടാക്കിയ തട്ടിൽ ഈ കെണി വയ്ക്കുന്നു. ലോഹ കഷ്ണത്തിൽ കെട്ടിയ ഇര എടുക്കുന്നതിന് എലി ശ്രമിക്കുന്നതിനിടയിൽ മരക്കുറ്റി തെന്നിമാറി പാത്രം എലിയുടെ മുകളിലൂടെ വീണു എലി അകത്താക്കുന്നു. പലകയും പാത്രവും അമർത്തിപ്പിടിച്ച് എടുത്തുമാറ്റി അങ്ങനെതന്നെ എലിയെ വെള്ളത്തിൽ മുക്കി കൊല്ലുക. മറ്റു എലികൾ കെണിയിൽ പെട്ട എലിയെ കാണുന്നില്ല എന്നതുകൊണ്ട് വീണ്ടും എലികൾ കെണിയിൽ പെടുന്നു.
4. സ്റ്റാപ്പ് ട്രാപ്പ്
അധികം കെണികളും ഈ തരത്തിലുള്ളവയാണ്. ഭക്ഷണം എടുക്കുന്ന ഉടനെതന്നെ എലികൾ കൊല്ലപ്പെടുന്നു.
5. മണ്ണെണ്ണ ടിൻ കെണി
മണ്ണെണ്ണ പാട്ടയുടെ മുകൾവശം വെട്ടിക്കളഞ്ഞ് മുകളിൽ നിന്ന് 15 സെൻറീമീറ്റർ താഴെ നിലത്ത് തക്കവണ്ണം വെള്ളം നിറയ്ക്കുന്നു. കുറച്ചു പതിര് വെള്ളത്തിനു മുകളിൽ ഇട്ടാൽ എലിക്ക് വെള്ളം കാണാൻ സാധിക്കില്ല. തേങ്ങയോ ഉണക്കമീനോ തേങ്ങ വറുത്തതതോ ഭാരം കുറഞ്ഞ മരക്കഷ്ണത്തിലോ കോർക്കിലോ ഉറപ്പിച്ച് അതിനുമുകളിൽ വയ്ക്കുന്നു. എലിക്ക് മുകളിലേക്ക് കയറുവാൻ ഒരു പലക കഷ്ണവും ചാരി വയ്ക്കുന്നു. ഇര പിടിക്കുവാനുള്ള തിടുക്കത്തിൽ വെള്ളത്തിൽ വീഴുന്ന എലി മുങ്ങി ചാവുന്നു.
വിഷം വെക്കുന്ന രീതി
എലികളെ തുരത്തുവാൻ മറ്റൊരു വഴി വിഷം വെയ്ക്കലാണ്. ചെറിയ പെരുച്ചാഴി കിഴങ്ങുവർഗങ്ങളുടെ ആക്രമിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. ഇതിൻറെ മാളങ്ങൾ കണ്ടുപിടിച്ച 30 മുതൽ 45 സെൻറീമീറ്റർ അകത്തേക്ക് മണ്ണ് മാറ്റണം. 30 മിനിറ്റിനകം മാളത്തിന്റെ മുഖം അടയ്ക്കുന്നതിന് എലികൾ വരും. അടച്ചാൽ വീണ്ടും തുറന്ന് വിഷം കലർത്തിയാൽ ഇര മാളത്തിലേക്ക് വെക്കുക. ഉണങ്ങിയ ചെമ്മീൻ വറുത്തതും എണ്ണയും 2% സിങ്ക് ഫോസ്ഫേറ്റും കലർത്തി ഉണങ്ങിയ ഇലയിൽ മാളത്തിന് അകത്തേക്ക് വയ്ക്കുന്നത് എലികളെ ആകർഷിക്കുവാൻ മികച്ച വഴിയാണ്.
എലി ശല്യം രൂക്ഷം ആണെങ്കിൽ കൂടുതൽ കെണികൾ ഉപയോഗപ്പെടുത്തുക. കെണികൾ വയ്ക്കുമ്പോൾ തിളക്കമുള്ള കെണികൾ വയ്ക്കരുത്. ഇരകളെ എലികൾക്ക് നൽകുമ്പോൾ അവയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതും നല്ല മണം ഉള്ളതും ആകണം.