സെപ്തം 2. ലോക നാളികേര ദിനം. കേരളത്തിന്റെ പേരു പോലും തെങ്ങുമായി ബന്ധപ്പെട്ടു നില്ക്കുന്നു. തെങ്ങ് നമ്മുടെ ജീവിത വൃക്ഷമാണ്. തെങ്ങിനെ അടിസ്ഥാനമാക്കി നമ്മുടെ ജീവിതത്തെ മാറ്റി തീർത്താൽ വലിയ അത്ഭുതങ്ങൾ സംഭവിക്കും. നമ്മുടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലെ ഒരു മാതൃക തെങ്ങായിരിക്കണം. തെങ്ങും വാഴയും കമുകും കുരുമുളകും മുരിങ്ങയും മാവും പ്ലാവും പേരയും ചാമ്പയും നാരകവും ഇരുമ്പൻ പുളിയും, കറിവേപ്പും കടപ്ലാവും പുളിയും ചേമ്പും ചേനയും കൂർക്കയും ഇഞ്ചിയും മഞ്ഞളും കൂവയും പച്ചക്കറികളും വെറ്റിലക്കൊടിയും ഒക്കെ ഇടകലർന്നു വളർന്നിരുന്ന നമ്മുടെ ആ പറമ്പു കൃഷി പറ്റാവുന്ന ഇടങ്ങളിൽ തിരിച്ചു കൊണ്ടു വന്നാൽ കേരളത്തിലെ മണ്ണും ജലവും സംരക്ഷിക്കപ്പെടും. വളമായി ചാണകവും പച്ചിലയും എല്ലുപൊടിയും കുമ്മായവും കപ്പലണ്ടിപ്പിണാക്കും ജൈവമാലിന്യങ്ങളും ഇട്ട് മണ്ണിനെ ജീവൻ വയ്പ്പിക്കുന്ന രീതിയും ഇതിന്റെ ഭാഗമാണ്. മഴയ്ക്കു മുൻപ് പറമ്പാകെ കിളച്ചു കണ്ണി ക്കൂട്ടിയും മരങ്ങൾക്കു ചുറ്റും തടം തീർത്തും നമ്മുടെ പൂർവ്വികർ നടപ്പാക്കിയിരുന്ന ജലസംരക്ഷണ പ്രവർത്തനങ്ങൾ വീണ്ടെടുക്കണം. മഴക്കാലത്തിനു ശേഷം പറമ്പാകെ കണ്ണിനിരത്തി ജൈവ വളങ്ങൾ ഇട്ട് തടം നികത്തിയും ഭൂഗർഭത്തിൽ ശേഖരിച്ച ജലം സൂര്യപ്രകാശമേറ്റ് പുറത്തേക്കു പോകാതെ കാത്തുസൂക്ഷിച്ചിരുന്നു. പറമ്പു കൃഷിയിലെ മരങ്ങളുടെ പലവിതാനത്തിലുള്ള വിന്യാസക്രമം ഭൂമിയിൽ നേരിട്ട് സൂര്യപ്രകാശം ഏല്ക്കാതെയും സഹായിച്ചിരുന്നു. ഭൂമിയുടെ ഉപരിതലത്തിൽ പടർന്നു നില്ക്കുന്ന പുല്ലുകളുടെ (ഭൂവസ്ത്രത്തിന്റെ) ധർമ്മങ്ങളിലൊന്ന് ജല സംരക്ഷണ പ്രവർത്തനമാണ്. ഇതെല്ലാം തന്നെ സ്വാഭാവികപ്രവർത്തനങ്ങളായിരുന്നെന്ന് പ്രത്യേകം ഓർക്കണം. മണ്ണിനെ , ജലത്തെ, വായുവിനെ അറിഞ്ഞു കൊണ്ടുള്ള കാർഷിക സംസ്കൃതിയെ നാം തിരിച്ചറിയണം. ".കേരളം എന്നാൽ തെങ്ങുകളുടെ നാട് എന്നാണ് അർത്ഥം. തെങ്ങിൻ്റെ ഓരോ ഉൽപ്പന്നങ്ങളും നമ്മുടെ ദൈനംദിന ജീവിതത്തിന്റെ, അവിഭാജ്യ ഘടകമാണ് .തേങ്ങ ഉപയോഗിച്ചുള്ള കറികളും, തേങ്ങ, ഉപയോഗിക്കാത്ത വസ്തുക്കളും നമ്മുടെ നാട്ടിൽ ഇല്ലെന്ന്തന്നെ പറയാം .തലമുടിയിൽ തേക്കുന്നതിന് മറ്റൊരു എണ്ണയെയും നാം ആശ്രയിക്കാറില്ല. പച്ചമരുന്ന് അരച്ചു ചേർത്ത് കാച്ചിയെടുത്ത വെളിച്ചെണ്ണ മുടിയിൽ തേക്കുന്നതിനും, പൊള്ളൽ, ത്വക്കു രോഗങ്ങൾ എന്നിവയ്ക്കെതിരെയും , ഉപയോഗിക്കാം. പൂങ്കുല രസായനം, ചകിരി ,ചിരട്ട, തടി, ഓല ,എന്നിങ്ങനെ തെങ്ങിൻ്റെ മറ്റുൽപ്പന്നങ്ങളും, മലയാളികളുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നു.
കേരളത്തിന് പേരും പെരുമയും നേടിത്തന്ന കൽപ്പവൃക്ഷമാണ് തെങ്ങ്. ഇവിടെ തെങ്ങ് നിറഞ്ഞു വളരുന്നു. തെങ്ങില്ലാത്ത വീട്ടുവളപ്പുകൾ തന്നെ വിരളമാണ്. എന്നിരുന്നാലും മൂന്നോ നാലോ പതിറ്റാണ്ടുകൾക്ക് മുമ്പ് മാത്രം കേര കൃഷി ആരംഭിച്ച നമ്മുടെ അയൽ സംസ്ഥാനത്തിലെതിനേക്കാൾ നാളികേര ഉൽപാദനം ഇവിടെ കുറഞ്ഞു കൊണ്ടിരിക്കുന്നു. ഈ തകർച്ചയ്ക്കുള്ള പ്രധാന കാരണം തെങ്ങ് കൃഷിയിൽ പാലിക്കപ്പെടേണ്ട തത്വങ്ങൾ ശരിയായ വിധത്തിൽ അനുവർത്തിച്ചു വരുന്നില്ല എന്ന് കരുതിയാൽ തെറ്റില്ല. വിത്തുതേങ്ങയ്ക്ക് മാതൃ വൃക്ഷം തിരഞ്ഞെടുക്കുന്നത് മുതൽ വേണ്ടത്ര ശ്രദ്ധ ചെലുത്തിയാൽ മാത്രമേ കൃഷി അഭിവൃദ്ധിപ്പെടുത്തി നാളികേരൽപാദനം വർദ്ധിപ്പിക്കാൻ സാധിക്കൂ. ഈ വസ്തുത കേരളത്തിലെ കർഷകർ ആവശ്യം മനസ്സിലാക്കേണ്ടതുണ്ട് .ഈ ആവശ്യം നിറവേറ്റുന്നതിന് വേണ്ടിയാണ് ഞാൻ ഈ ലേഖനം എഴുതുന്നത്.
കേരളത്തിലെ കർഷകർ ഇപ്പോൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം തെങ്ങിനെ ബാധിക്കുന്ന രോഗങ്ങളാണ്. എന്നാൽ കാലാകാലങ്ങളിൽ ഉണ്ടാകുന്ന രോഗ കീടങ്ങൾക്കെതിരെ മരുന്നു തളിച്ച് രോഗങ്ങളെയും ,കീടങ്ങളെയും നിയന്ത്രിക്കാൻ ഒരു സംവിധാനം ഇന്ന് നിലവിലില്ല . കൃഷിഭവനുകളിൽ ആവശ്യത്തിന് യന്ത്രങ്ങളും മറ്റും ലഭ്യമാണെങ്കിലും സർക്കാർതലത്തിൽ മരുന്ന് തളിയിക്കാനുള്ള സംവിധാനങ്ങൾ, സംസ്ഥാനത്തുടനീളം നിലവിലില്ല. കൂലിയും മരുന്നിന്റെ വിലയും കേര കർഷകരെ മരുന്നു തളിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ പ്രേരണ നൽകുന്നു. തെങ്ങിനെ ബാധിക്കുന്ന കീട രോഗങ്ങൾ തിരിച്ചറിയാനുള്ള ശ്രമം കർഷകരുടെ ഭാഗത്ത് നിന്നും ഇതേവരെ ഉണ്ടായിട്ടില്ല. അതുപോലെ തെങ്ങിന് വളം ചേർക്കുന്ന പതിവ് പലകർഷകരും ഉപേക്ഷിക്കുന്നു. സാധാരണ ജൈവവളങ്ങളും രാസവളങ്ങളും ഒരു തെങ്ങിന് എത്ര വേണമെന്ന് മനസ്സിലാക്കാനും ജലസേചന നടത്തുമ്പോൾ വിളവിൽ ഉണ്ടാകുന്ന വർദ്ധനവിനെ കുറിച്ച് അറിയുവാനും കീട രോഗങ്ങളുടെ ആക്രമണം ഉണ്ടാകാതിരിക്കാൻ കാലാകാലങ്ങളിൽ തെങ്ങിന് സ്വീകരിക്കേണ്ട പരിചരണമുറകളും മറ്റും മനസ്സിലാക്കുവാനും അവയിൽ ആവശ്യമായവ, സമയാസമയങ്ങളിൽ നടപ്പിലാക്കുവാനും കർഷകർക്ക് കഴിയണം.
കേരളത്തിൻ്റെ ജാതകം കുറിക്കുന്ന ഒരു തരൂ എന്നാണ് നാളികേരം സമഗ്രത കൈവരിക്കുന്നത്. ഒരു അന്യദേശ വൃക്ഷം സംസ്ഥാനത്തിന്റെ സമഗ്ര മണ്ഡലങ്ങളിൽ, പിറവി മുതൽ മൃത്യു വരെയുള്ള, ഓരോ ചെറിയ കാര്യങ്ങളിലും ഉപയോഗമാകുന്ന, ഒഴിച്ചുകൂടാനാവാത്ത ,ഒന്നാകുന്നു. അറിവിൻ്റെ കുറവുകൊണ്ടല്ല ,നമ്മുടെ നാളികേര കൃഷി പരാജയപ്പെടുന്നത്. അതിനുള്ള കർമ്മപദ്ധതിയുടെ അഭാവം കൊണ്ടായിരിക്കാം.കേര വികസന പദ്ധതികൾക്ക് ഓരോ പഞ്ചായത്തും നാളികേര കൃഷി ശക്തമാക്കാനും, അതിനെ കൂടുതൽ മുന്നോട്ടു കൊണ്ടുപോകാനുള്ള സംവിധാനങ്ങളും, സാമ്പത്തികവും, സർക്കാരും ബഹുജനങ്ങളും സഹകരണ ബാങ്കുകളും, പഞ്ചായത്തും ,കൃഷിവകുപ്പും, ഒക്കെ ആയിട്ട് ഒരുക്കിയിട്ടുണ്ട്. നമുക്ക് സ്പർശിച്ചറിയാൻ ആവാത്ത, അല്ലെങ്കിൽ ഓർമ്മച്ചെടുക്കാനാവാത്ത, എന്തോ ഒരഭാവം നാളികേര കൃഷിയിൽ നേരിടുന്നുണ്ട്. അത് പരിഹരിക്കുന്നതിനുള്ള ഇടപെടലുകൾ ഉണ്ടാകണം.
തെങ്ങ് നമ്മുടെ ജീവവൃക്ഷം ആയത് എങ്ങനെയാണ് എന്നറിയണ്ടേ. നമ്മൾ ഇപ്പോൾ എത്തിനിൽക്കുന്നത് ശരാശരി ഒരു തെങ്ങിൽ നിന്ന് 45 തേങ്ങ കിട്ടുന്ന ഒരു അവസ്ഥയിലാണ് . ഇന്ത്യയിൽ നാളികേര ഉൽപാദനത്തിൽ കേരളത്തിൻ്റെ സ്ഥാനം മോശമല്ലെങ്കിൽ പോലും, അതിൻ്റെ സംഭാവന , ഓരോ വർഷം കഴിയുംതോറും കുറഞ്ഞു വരികയണ്. നമ്മെ സംബന്ധിച്ചിടത്തോളം നാളികേരം ചിരകി, കറി വയ്ക്കുവാനും ഭക്ഷണത്തിനും, മാത്രം ഉപയോഗിക്കുന്ന ഒരു സംസ്ഥാനമായി മാറി. ഇതിൽ വൈവിധ്യവൽക്കരിക്കാനോ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാനോ കാര്യമായ ശ്രമങ്ങൾ നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അങ്ങിങ്ങ് ചെറിയ വെളിച്ചങ്ങൾ ഉണ്ട് എന്ന് നമുക്ക് കാണാം. 2014ൽ കേരള സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് നീര കോളക്ക് പകരം ആയിട്ട് എല്ലാവർക്കും സുലഭമായി നീര കിട്ടുന്ന രീതിയിൽ 29 കമ്പനികൾ തന്നെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വലിയ മുതൽമുടക്കോട് കൂടി ബാങ്കുകളിൽ നിന്ന് ലോണെടുത്ത് 29 കമ്പനികൾ ഇവിടെ നീര ഉൽപാദനം നടത്തിയിരുന്നു. പക്ഷേ ഇന്ന് 28 കമ്പനികൾ പൂട്ടി, മുന്നോട്ടുകൊണ്ടുപോകാൻ പറ്റാതെ കടക്കണിയിൽപ്പെട്ട് കിടക്കുകയാണ്. തൃശ്ശൂരുള്ള ഒരു കമ്പനി മാത്രമാണ് നീര പ്രൊഡ്യൂസ് ചെയ്യുന്നത് മറ്റു കമ്പനികളൊക്കെ തെങ്ങിൻ തൈ വിറ്റും , പലപല ശ്രമങ്ങളിലൂടെ പിടിച്ചുനിൽക്കാനുള്ള ശ്രമങ്ങൾ നടത്തി വരുന്നുണ്ട്. നീര പരാജയം ആയിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം .ഇതാണ് കേരളത്തിലെ ഇന്നത്തെ അവസ്ഥ. ഈ അവസ്ഥയിൽ നിന്ന് എങ്ങനെ നമുക്ക് നമ്മുടെ തെങ്ങിനെ തിരിച്ചു കൊണ്ടുവരാൻ പറ്റും. കേരളം എന്നു പറയുന്ന ഒരു നാടിൻറെ പേര് പോലും ഈ നാളികേരവുമായി ബന്ധപ്പെട്ട് കേരളവുമായി ബന്ധപ്പെട്ടതാണ് .പൊക്കാളി നെൽക്കൃഷിയുടെ ആരംഭത്തിൽ വിത്ത് കെട്ടുവിനായി ഓലക്കൂടകൾ മെടഞ്ഞ് അതിൽ വിത്തു നിറച്ച് വെള്ളത്തിൽ മുക്കിവച്ച് വിത്ത് മുളപ്പിക്കുമായിരുന്നു. ഞാറ്റടികളിൽ നിന്നും ഞാന് പറിച്ചു മാറ്റുമ്പോൾ ,ഞാറിൻ്റെ വേരുപടലങ്ങളിലെ ചെളി മാറ്റുവാനായി കുറ്റിമടൽ ചേറിൽ കുത്തി നിർത്തി അതിൽ ഞാറിൻ്റെ ചുവട് തല്ലി ചെളി കളയും.ഓരോ മുടി ഞാറായി ഓലപ്പൊളികൾ കൊണ്ട് കെട്ടുന്ന രീതിയിയും കരപ്പാടങ്ങളിൽ നടക്കുന്നുണ്ട്.
![]() |
ശ്രീ.PA . ഹസൈനാരുടെ കൃഷിയിടം.(നാളികേര കർഷകൻ) |
1867ൽ നടന്ന തിരുവിതാംകൂറിലെ ആദ്യ കാർഷിക പ്രദർശനത്തിന്റെ മുഖ്യ ആകർഷണം എന്നു പറയുന്നത് ഒരു തേങ്ങാക്കുലയായിരുന്നു. തേങ്ങാക്കുലയിൽ 72 നാളികേരം ഉണ്ടായിരുന്നു എന്നാണ്. എഴുപത്തിരണ്ട് തേങ്ങകൾ ഒരു തെങ്ങിൻ്റെ ഒരു കുലയിൽ ഉണ്ടായിരുന്ന സംസ്ഥാനമാണ് ഇന്ന് ഒരു വർഷത്തിൽ 35 നാളികേരം കിട്ടുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. 72 തേങ്ങകൾ ഉള്ള ഒരു തേങ്ങാക്കുല, 1867ൽ തിരുവിതാംകൂറിൽ നടന്ന ആദ്യ കാർഷിക പ്രദർശനത്തിൻ്റെ മറ്റു കൂട്ടി. തെങ്ങെന്നു പറഞ്ഞാൽ സസ്യങ്ങളുടെ രാജാവായിട്ടാണ് പറയുന്നത്. അത് ഋതുഭേദമില്ലാതെ എപ്പോഴും ഫലം ഉൽപ്പാദിപ്പിക്കുന്ന ഒരു വൃക്ഷമാണ്. മറ്റു ഫല വൃക്ഷങ്ങളെല്ലാം സീസണൽ ആണ്. ഇതിന് കാലം ഒരു പ്രശ്നമല്ല. എപ്പോഴും ഫലം ഉത്പാദിപ്പിക്കുന്ന ഒരു വൃക്ഷമാണ് തെങ്ങ്.. മറ്റു പല വൃക്ഷങ്ങളും സീസണലാണ്.ഇതിന് കാലം ഒരു പ്രശ്നമല്ല. ഏതു ഋതുവിലും ഇത് തേങ്ങ ഉൽപ്പാദിപ്പിക്കുന്നുണ്ട്. മനുഷ്യനും അതുപോലെയാണ് . ഋതുഭേദങ്ങൾ ഇല്ലാതെ സന്തതി പരമ്പരകളെ ഉത്പാദിപ്പിക്കുന്ന ഒരു ജീവി വർഗ്ഗമാണ് മനുഷ്യൻ. തെങ്ങും മനുഷ്യനും തമ്മിലുള്ള ബന്ധം ഇതുതന്നെയാണ്. ഋതുഭേദമില്ലാതെ ഉത്പാദിപ്പിക്കുന്ന രണ്ടു വർഗ്ഗമാണ് സസ്യവർഗ്ഗവും മറ്റൊന്ന് മനുഷ്യ വർഗ്ഗവും.
മനുഷ്യന് മാത്രം സ്വയം ഉപയോഗിക്കാവുന്ന രീതിയിലാണ് നാളികേരത്തിന്റെ ഘടന പോലും. മനുഷ്യനെ ഒഴിച്ചു നിർത്തിയാൽ ആനയ്ക്ക് മാത്രമാണ് ചവിട്ടി ഉടച്ച് കഴിക്കാവുന്ന ഒരു പരുവത്തിലുള്ള ഉത്പന്നമായിട്ട് തേങ്ങ ഡിസൈൻ ചെയ്തിട്ടുള്ളത് . അല്ലെങ്കിൽ പൊതിച്ച്, ഉടച്ച്, ചിരകി, ഉപയോഗിക്കേണ്ട വസ്തുവണ് നാളികേരം. ഇതിൻ്റെ സോൾ ഏജൻ്റ് എന്നു പറയുന്നത് മനുഷ്യനാണ് . മനുഷ്യനിലൂടെ മാത്രമേ ഈ നാളികേരത്തെ വിതരണം ചെയ്യാനാവു. ആ രീതിയിൽ ഒരു സോൾ ഡിസ്ട്രിബ്യൂട്ടർ ഏജൻറ് എന്ന് മനുഷ്യനെ പറയാം. അതുകൊണ്ട് തെങ്ങ് ജീവവൃക്ഷമായി ജീവിതവൃക്ഷമായി മാറുന്നു എന്നത്.തേങ്ങ മനുഷ്യന് മാത്രം നേരിട്ട് ഉപയോഗിക്കാവുന്ന ഒരു ഉൽപ്പന്നമാണ്. ആനയൊഴികെയുള്ള മറ്റു ജീവികൾക്ക്, നമ്മുടെ സഹായത്തോടെ അല്ലാതെ തേങ്ങ ഉപയോഗിക്കാൻ കഴിയില്ല.
പണ്ടുകാലങ്ങളിൽ നമ്മുടെ വീടുകളിൽ ഓല മേയുന്ന പതിവുണ്ട്. ഇന്ന് ഓല മേഞ്ഞ വീടുകൾ വളരെ വിരളമാണ്.വീടുകൾ മാത്രമല്ല .കടകൾ ,സ്കൂളുകൾ ,
പാരലൽ കോളേജുകൾ ,വായനശാലകൾ അങ്ങനെ എല്ലാം ഓലമേഞ്ഞ കെട്ടിടങ്ങളായിരുന്നു. വീടുകളിൽ ഓല മേയുന്നതിനെ പുര കെട്ടു കല്യാണം എന്നാണ് വിളിച്ചിരുന്നത്. പഴയ ഓലകൾ പൊളിച്ചുമാറ്റി മെടഞ്ഞ പുതിയ ഓലകൾ കെട്ടുന്ന ചടങ്ങാണ് പുരകെട്ടു കല്യാണം.പുരകെട്ടു കല്യാണത്തിന് തൊട്ടടുത്ത വീടുകളിൽ ഉള്ളവരും, ബന്ധുക്കളും കൂട്ടുകാരുമൊക്കെയുണ്ടാകും. മെടഞ്ഞ ഓലകൾ നിരത്തി തീയിൽ വാട്ടിയെടുത്ത പച്ചോലപ്പൊളികൾ കൊണ്ട് ഓലകളെ മേൽക്കൂരയിലെ കഴുക്കോലിൽ കെട്ടും. മേൽക്കൂരയിലെ ഉത്തരവും, കഴുക്കോലും, പട്ടിയേലും എല്ലാം വിളഞ്ഞ തെങ്ങിൻതടിയിലോ, കരിമ്പനയുടെ തടിയിലോ തീർത്തതാണ്. ഈ മേൽക്കൂരയിൽ മെടഞ്ഞ ഓലകൾ കൊണ്ട് പൊതിയുന്നു. ഇതാണ് പുര കെട്ടുകല്യാണം. പരസ്പ്പര സ്നേഹത്തിൻ്റെയും, കൂടിച്ചേരലിൻ്റെയും മകുടോദാഹരണങ്ങളാണ് പുര കെട്ടു കല്യാണങ്ങൾ. പുര കെട്ടു കല്യാണത്തിനു ശേഷം ഭക്ഷണം കഴിഞ്ഞ് പിരിയുന്നതാണ് ചടങ്ങ്.
നമ്മുടെയെല്ലാം ബാല്യകാലത്തേക്കൊന്ന് തിരിഞ്ഞു നോക്കിയാൽ തെങ്ങോലകൾ കൊണ്ടുണ്ടാത്തിയ കളിപ്പാട്ടങ്ങൾ എന്തൊക്കെയാണെന്നറിയാം. ഓല മെടഞ്ഞുണ്ടാക്കിയ ഓലപ്പന്തു കൊണ്ട് ,കളിക്കാത്തവർ വിരളമാണ്. ഒലപ്പന്തുകൾ ഒരു കാലഘട്ടത്തിൻ്റെ പ്രതീകങ്ങളാണ്. ഓലപ്പീപ്പി ,ഓലക്കണ്ണട ,ഓല വാച്ച് ,ഓല മോതിരം ,ഒല മാല ,മച്ചിങ്ങവണ്ടി , ഓലകൊണ്ടുണ്ടാക്കിയ കാറ്റാടി ,ഓലത്തൊപ്പി ,ഓല പമ്പരം ,ഓല നക്ഷത്രം ,ഓലപ്പൂക്കൾ ,ഓല പാമ്പ് ,ഓലക്കൊട്ട ,ഓലപ്പായ , ഓലക്കുട ,ഓലക്കോൽത്തിരി ,ഓലവിളക്ക് ,പശുവിന് പുല്ലു പറിക്കുവാനായി ഓലയിൽ മെടെഞ്ഞെടുക്കുന്ന വല്ലങ്ങൾ ,പ്ലാവിലെ ചക്കകൾ പക്ഷി ,അണ്ണാൻ ,മുതലായവയുടെ അക്രമണത്തിൽ നിന്നും സംരക്ഷിക്കുവാനായി ഓലയിൽ മെടഞ്ഞെടുത്ത കൂടകൾ കൊണ്ട് പൊതിയും .നെൽകൃഷി തുടക്കത്തിൽ പാടത്ത് കാളപൂട്ടുന്ന സമയത്ത് കാളകൾ പാടത്തെ പുല്ല് തിന്നാതിരിക്കുവാനായി അവയുടെ വായ ഓലക്കുട കൊണ്ട് പൊതിഞ്ഞ് കെട്ടാറുണ്ട്. അടുക്കളകളിൽ ഭക്ഷണം പാകം ചെയ്ത ശേഷം ഓലയിൽ മെടഞ്ഞ ഉറികളിൽ , ഭക്ഷണം പാകം ചെയ്ത ചട്ടികൾ ഒന്നിനു മുകളിൽ ഒന്നായി കയറ്റി വയ്ക്കാറുണ്ട്. കുരുത്തോലകൾ കൊണ്ട് തോരണങ്ങൾ ,അലങ്കാര വസ്തുക്കൾ എന്നിവ നിർമ്മിച്ച് പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം പരമാവധി കുറയ്ക്കുവാൻ കഴിയും. ഇന്ന് ഭക്ഷണം വിളമ്പുവാനായി ,പ്ലാസ്റ്റിക്ക് ,അലുമിനിയം ,സ്റ്റീൽ സ്പൂണുകൾ ഉപയോഗിക്കുന്നു. എന്നാൽ പണ്ടുകാലങ്ങളിൽ വീടുകളിൽ ഭക്ഷണം വിളമ്പുവാനായി ചിരട്ട കൊണ്ടു നിർമ്മിച്ച തവികൾ ഉപയോഗിക്കുമായിരുന്നു. നമ്മുടെയെല്ലാം കുട്ടിക്കാലത്ത് ചിരട്ട തവി കൊണ്ടാണ് ഭക്ഷണം വിളമ്പുന്നത്. ചിരട്ട കൊണ്ടുണ്ടാക്കുന്ന വിവിധ തരം കരകൗശല വസ്ഥുക്കൾ ,കിണറിലെ വെള്ളം ശുദ്ധമാകുവാനായി ചിരട്ടക്കരി കിണറിൽ നിക്ഷേപിക്കാറുണ്ട്.വൈദ്യുതിയിൽ ഉപയോഗിക്കുന്ന അയൺ ബോക്ക്സ് പ്രചാരത്തിൽ വരുന്നതിനു മുമ്പ് ചിരട്ടകത്തിച്ച് ചിരട്ടകനൽ ഇസ്തിരിപ്പെട്ടിയിൽ നിറച്ച് തുണി തേച്ച് വടിവൊത്തതാകുന്ന ഒരു കാലം മലയാളികൾക്കുണ്ടായിരുന്നു.പല്ല് വേദന വരുമ്പോൾ ചിരട്ടകത്തിച്ച് ചിരട്ടയിൽ നിന്ന് ഊറിയിറങ്ങുന്ന ചിരട്ട നീര് കോട്ടൺ തുണികൊണ്ട് ഒപ്പിയെടുത്ത് കേടുള്ള പല്ലിനുമുകളിൽ വച്ച് കടിച്ചു പിടിച്ചാൽ പല്ലുവേദന പമ്പ കടക്കുന്ന കാലം. വീട് നിർമ്മാണ സമയത്ത് വിളഞ്ഞതെങ്ങിൻതടി കഷ്ണങ്ങളാക്കി വാതിലും ,ജനാലയും ,കതകും ,കസേരയും ,മേശയും ,കട്ടിലുമൊക്കെ നിർമ്മിക്കുമായിരുന്നു. തൊണ്ട് അഴുകിയ ശേഷം ,തൊണ്ട് തല്ലി ,ചകിരി നാരും ചകിരിച്ചോറും വേർതിരിച്ച്, ചകിരിനാരിൽത്തീർത്ത കയറും ,വടവും ,ചവിട്ടു പായും ,കരകൗശല വസ്തുക്കളുമൊക്കെ നിർമ്മിക്കുന്നു. ചകിരിച്ചോറ് സംസ്ക്കരിച്ച് കമ്പോസ്റ്റാക്കി മാറ്റുന്നു. കാൽപ്പാദത്തിലുണ്ടാകുന്ന വേദന മാറ്റുവാനായി തൊണ്ടിൻ്റെ പുറം ഭാഗം ചൂടാക്കി അതിൽ ചവിട്ടിയാൽ വേദന മാറുമെന്നൊക്കെ പഴമക്കാർ പറയുന്നു. അങ്ങനെ തെങ്ങ് മനുഷ്യ ജീവിതവുമായി അഭേദ്യ ബന്ധമുള്ള ജീവവൃക്ഷമായി മാറി.
1946 -ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പുന്നപ്ര വയലാർ സമരത്തിനും നാളികേരവുമായി ബന്ധമുണ്ട്. ബ്രിട്ടീഷുകാരുടെ യന്ത്രത്തോക്കുകളോട് വാരിക്കുന്തം ഉപയോഗിച്ചാണ് തൊഴിലാളികൾ ഏറ്റുമുട്ടിയത്.ഈ വാരിക്കുന്തം നിർമ്മിച്ചത്, വിളഞ്ഞ തെങ്ങിൻതടികൾ ചെത്തിമിനുക്കി കൂർപ്പിച്ചാണ് . അങ്ങനെ വയലാറിലെ വാരിക്കുന്തം സ്വതന്ത്ര്യ സമരത്തിൻ്റെ രഥചക്രമുരുണ്ട ചരിത്ര താളുകളിൽ ഇടം പിടിച്ചു.
ഓല പന്ത് മെടഞ്ഞ് നമ്മൾ കുട്ടിക്കാലത്ത് കളിക്കാറുണ്ട്.ഒരു ക്രാഫ്റ്റ് ആർട്ട് ബോൾ എന്ന് ഓല പന്തിനെ വിശേഷിപ്പിക്കാം. ഓലയിൽ ഈർക്കിൽ ഉണ്ട് .ഓലയിലെ ഈർക്കിൽ മാറ്റിയ ശേഷമാണ് ഓലപ്പന്ത് നിർമ്മിക്കുന്നത്. ഓലപ്പന്ത് ഉരുണ്ടല്ല ഇരിക്കുന്നത്. ഓലപ്പന്ത് ഒരു ചതുരമായാണ് ഇരിക്കുന്നത്. ഓല പന്തിലെ എല്ലാ കോണുകളും ഒരുപോലെയിരിക്കും. സമൂഹത്തിൽ സമത്വം വേണം എന്ന് തെളിയിക്കുന്ന ഒരു പ്രതീകമാണ് ഓല പന്ത്. ഓലപ്പന്തുണ്ടാക്കുമ്പോൾ ഈർക്കിൽ നീക്കം ചെയ്യുന്നു. ഒരു ഈർക്കിൽ കൊണ്ടു പോലും കൂടെക്കളിക്കുന്ന കൂട്ടുകാരന് വേദനിക്കരുതെന്ന സ്നേ സന്ദേശവും ,കൂട്ടിൻ്റെ അടയാളവുമാണ് ഓലപ്പന്ത് .നല്ല ഓലമെടഞ്ഞാലെ നല്ല പന്തുണ്ടാകു. നല്ല കൂട്ടിനുള്ള അടയാളമാണ് പന്ത് .പന്ത് നിർമ്മാണം ഒരു കലയാണ്. ഓലകൊണ്ടുള്ള കളിപ്പാട്ടങ്ങൾ നിർമ്മിക്കുമ്പോൾ ഓലയല്ലാതെ മറ്റൊരു വസ്തുവിൻ്റെയും ആവശ്യമില്ല. ഓല തന്നെയാണ് ഓലയെ ബന്ധിപ്പിക്കുന്നത്. ഓലകൾ പരസ്പ്പരം മെടഞ്ഞ് ,മെടഞ്ഞ് ഒന്നിനോട് ചേർത്ത് പരസ്പരം യോജിപ്പിക്കുന്നു. ഓലപ്പന്തും ഓലക്കളിപ്പാട്ടങ്ങളും മനുഷ്യനു നൽകുന്ന സന്ദേശം ഇതാണ്
"പ്രീയപ്പെട്ട മനുഷ്യാ നിങ്ങൾ പരസ്പരം വിണ്ടു കീറാതെ ഒത്തുചേർന്ന് നടക്കെടോ"
ഓല സത്യമുള്ളതാണ്, ചേർക്കാനുള്ളത് പ്രകൃതിയിലുണ്ട് ചേർക്കാനുള്ളത് ചേർക്കുമ്പോൾ ചന്തമുണ്ട്.
എത്ര വിവരിച്ചാലും തീരില്ല നാളികേരത്തിൻ്റെ മഹിമ .
SK. ഷിനു
കൃഷി അസിസ്റ്റൻ്റ്.