കാർഷിക വിളകളുടെ വളപ്രയോഗത്തെ കുറിച്ച് കർഷകർക്ക് നിരവധി സംശയങ്ങൾ ഉണ്ട്.
ജൈവ വളങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നുണ്ടോ?
രാസവളങ്ങൾ അപകട കാരികൾ ആണോ?
രണ്ടും ചേർന്ന (ജൈവ- രാസ വളങ്ങൾ) വളപ്രയോഗ രീതിയല്ലേ നാടിന്റെ ഭക്ഷ്യ സുരക്ഷയ്ക്ക് നല്ലത്? എന്നിങ്ങനെ?
ഒക്കെ അവനവന്റെ വിശ്വാസ പ്രമാണങ്ങളും കാഴ്ചപ്പാടും അനുഭവവും ഒക്കെ അനുസരിച്ചു തീരുമാനിക്കുക. എങ്കിലും ചില കാര്യങ്ങൾ പറയാതെ വയ്യ.
ഒരു കിലോ അഴുകി പൊടിഞ്ഞ കാലിവളം(Farmyard Manure) എടുത്താൽ അതിൽ NPK യുടെ അളവ് ഏകദേശം 0.5:0.5:0.5ശതമാനം ആണ്. ഒരു കിലോ വളത്തിൽ കഷ്ടി 5 ഗ്രാം വീതം നൈട്രജനും ഫോസ്ഫറസും പൊട്ടാസ്യവും . പക്ഷെ അതിൽ എല്ലാ സൂക്ഷ്മ മൂലകങ്ങളും ചെറിയ അളവിൽ ഉണ്ടാകും. എന്നാൽ ഏറ്റവും പ്രധാനം, മണ്ണിന്റെ ഭൗതികഗുണങ്ങളായ ഉലർച്ച (low bulk density , looseness), വായു സഞ്ചാരം (porosity, aeration), ജലസംഗ്രഹണ ശേഷി (water holding capacity), നീർവാർച്ച (drainage) ഒക്കെ മെച്ചപ്പെടുത്താൻ അവയ്ക്കു കഴിയും എന്നതാണ് .
മാത്രമല്ല മണ്ണിന്റെ ജൈവിക ഗുണങ്ങൾ (biological properties) മെച്ചപ്പെടുത്താനും സൗഹൃദ സൂക്ഷ്മാണുക്കളെ (Plant Growth Promoting Rhizobacteria) പെരുക്കാനും ജൈവ വളങ്ങളെക്കൊണ്ടേ സാധിക്കൂ.രാസ വളങ്ങൾക്കതിന് കഴിയില്ല.
അതേ സമയം തന്നെ ഒരു ചെടിയുടെ ലാഭകരമായ ഉല്പാദന ക്ഷമത കൂട്ടാൻ കൂടിയ അളവിൽ മൂലകങ്ങൾ ഒരുമിച്ച് വേണ്ടി വരുമ്പോൾ അവിടെ ജൈവ വളങ്ങളെക്കാൾ ഒരു സാധാരണ കർഷകൻ ആശ്രയിക്കുക രാസവളങ്ങളെ ആയിരിക്കും. അല്ലെങ്കിൽ വലിയ അളവിൽ ജൈവ വളങ്ങൾ നൽകാൻ ഉള്ള വിഭവങ്ങൾ കർഷകന് ഉണ്ടാകണം.
ഉദാഹരണമായി നനച്ച് വളർത്തുന്ന ഏത്തവാഴയുടെ കാര്യം എടുക്കുക.
ശരാശരി വളക്കൂറുള്ള മണ്ണിൽ വളരുന്ന ഒരു വാഴയ്ക്ക്, ജീവിതകാലയളവിൽ 300ഗ്രാം പൊട്ടാസ്യം ആണ് മൊത്തം വേണ്ടത്. 300ഗ്രാം പൊട്ടാസ്യം കിട്ടാൻ 500ഗ്രാം പൊട്ടാഷ് (Muriate of Potash) കൊടുക്കണം. അതും അഞ്ച് തുല്യതവണകളായി. എന്നാൽ ഇത്രയും പൊട്ടാസ്യം കിട്ടാൻ നമ്മൾ ചാരം ആണ് കൊടുക്കുന്നതെങ്കിൽ ഏതാണ്ട് 6 കിലോ ചാരം കൊടുക്കേണ്ടി വരും. 1000 വാഴ കൃഷി ചെയ്യുന്ന ഒരു കര്ഷകന് 6000 കിലോ ചാരം അതിനായി വേണ്ടി വരും. അതിന്റെ കടത്തുകൂലിയും മറ്റും വേറെയും. ഗ്യാസടുപ്പുകൾ നിറഞ്ഞ കേരളത്തിൽ ഇന്നുള്ള അളവിൽ വാഴക്കൃഷി നില നിർത്തണമെങ്കിൽ എത്ര ആയിരം ടൺ ചാരം വേണ്ടി വന്നേക്കാം?
അപ്പോൾ, ലഭ്യതയും ലാഭക്ഷമതയും കൃഷിയിൽ, പ്രത്യേകിച്ചും വാണിജ്യ കൃഷിയിൽ, വളരെ വളരെ പ്രധാനമാണ്.
മറ്റൊരു ചോദ്യമിതാണ്?
കറിയുപ്പ് വിളകൾക്ക് വളമായി ഉപയോഗിക്കാമോ?
പൊതുവിൽ നമ്മൾ ഉപയോഗിക്കുന്ന രാസ വളങ്ങൾ എല്ലാം തന്നെ സാങ്കേതികമായി പറഞ്ഞാൽ ഉപ്പ് (salt)എന്ന വിഭാഗത്തിൽ പെടുന്നവയാണ്. ഒരു അമ്ലവും ക്ഷാരവും തമ്മിൽ പ്രതിപ്രവർത്തിക്കുമ്പോൾ അവിടെ വെള്ളവും ഉപ്പും (salt) ഉണ്ടാകുന്നു. അതാണ് നിർവീര്യകരണം (neutralisation). പൊട്ടാസ്യം ക്ലോറൈഡ് (പൊട്ടാഷ്), പൊട്ടാസ്യം സൾഫേറ്റ് (SoP), പൊട്ടാസ്യം നൈട്രേറ്റ് (KNO3), മഗ്നീഷ്യം സൾഫേറ്റ് (Epsom Salt), കാൽസ്യം നൈട്രേറ്റ്, മോണോ പൊട്ടാസ്യം ഫോസ്‌ഫേറ്റ്, മോണോ അമോണിയം ഫോസ്‌ഫേറ്റ് ഇവയൊക്കെ ആണ് പ്രധാന രാസ വളങ്ങൾ. പ്രത്യേകിച്ചും ഇസ്രായേൽ, നെതർലൻഡ്‌സ് ഒക്കെ പിന്തുടരുന്ന 'കിറുകൃത്യ' കൃഷി (precision farming) രീതിയിൽ. അവ വെള്ളത്തിനൊപ്പം കൊടുക്കുമ്പോൾ അത് വളസേചിത രീതി (fertigation, Nutrigation) ആകുന്നു.
കറിയുപ്പ് എന്നത് രാസികമായി സോഡിയം ക്ലോറൈഡ് ആകുന്നു. സോഡിയവും ക്ലോറിനും ഒറ്റയ്ക്കൊറ്റയ്ക്ക് എടുത്താൽ അതീവ തീവ്ര സ്വഭാവം ഉള്ളവയാണ്. ഒന്ന് ഒരു ആൽക്കലി മെറ്റലും മറ്റെയാൾ ഹാലൊജനും. Highly Reactive.
ഒരു കെമിസ്റ്റ് ക്ലോറിനെ വിശേഷിപ്പിച്ചത് ഇങ്ങനെ ആണ്.
Out of the 92 natural elements on earth, 91created by God, and one created by devil. That devil's element is Chlorine. പക്ഷെ രണ്ടും ചേരുമ്പോൾ നാവിൽ രസമൂറുന്ന പാവം ഉപ്പായി മാറുന്നു. എന്തതിശയം !!!!
കറിയുപ്പിൽ ഏതാണ്ട് നാല്പത് ശതമാനം സോഡിയവും അറുപതു ശതമാനം ക്ലോറിനും ഉണ്ട്. ക്ലോറിൻ ചെടികളുടെ ഒരു അവശ്യ മൂലകം(Essential Element) ആണ്. പക്ഷെ വളരെ ചെറിയ അളവിൽ (Micro quantity) അളവിൽ മതിയാകും. പക്ഷെ,തെങ്ങിന് വലിയ അളവിൽ വേണം.
സോഡിയം പക്ഷേ ഒരു അവശ്യ മൂലകം അല്ല. കക്ഷിയുടെ അനിയൻ പൊട്ടാസ്യം അവശ്യമൂലകം ആണെന്ന് മാത്രമല്ല 'The King pin of Plant Nutrition 'എന്നറിയപ്പെടുന്ന ആൾ ആണ്.
ഇന്ദുലേഖയെ വേളി കഴിക്കാൻ വന്ന സൂരി നമ്പൂതിരിപ്പാട് ഒടുവിൽ വാല്യക്കാരി ആയാലും മതി എന്ന നിലപാടിൽ എത്തിയത് പോലെ, ചില ചെടികൾ (പ്രത്യേകിച്ചും തെങ്ങ്, മരച്ചീനി എന്നിവ) പൊട്ടാസ്യത്തിനു പകരം കുറച്ചൊക്കെ സോഡിയം ആയാലും മതി എന്ന ചിന്താഗതിക്കാരാണ്. അതുകൊണ്ടാണ് പണ്ട് മുതലേ തെങ്ങിന് നമ്മൾ കറിയുപ്പ് ഇടുന്നത്. അതിൽ ഉള്ള ക്ലോറിൻ തെങ്ങിന് കട്ട സപ്പോർട്ട് ആണ് താനും. കടൽ തീരങ്ങളിലും ദ്വീപ സമൂഹങ്ങളിലും തെങ്ങ് മുഖ്യവിള ആയതിന്റെ രഹസ്യവും മറ്റൊന്നല്ല.
ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്, നേരിയ അളവിൽ ഉപ്പ് (അതായത് നാല് ലിറ്റർ വെള്ളത്തിൽ മൂന്ന് ടേബിൾ സ്‌പൂൺ) എന്ന നേർമയിൽ ഇലകളിൽ തളിച്ച് കൊടുക്കുന്നത് ചെടികൾക്ക് ഉത്തേജനം നൽകും എന്നാണ്. കടലുപ്പിൽ അല്പസ്വല്പം കാൽസിയം, മാഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ഉണ്ട്. നാനോ അളവിൽ അവ ചെടികളെ സ്വാധീനിക്കുന്നുണ്ടാകാം. കടൽ വെള്ളം വളരെ നേർപ്പിച്ചു ഇലകളിൽ നൽകുന്നതും നല്ലതാണ് എന്ന് പറയപ്പെടുന്നു.
അങ്ങനെ എങ്കിൽ ഇനി കടൽ വെള്ളം വളമായി കുപ്പിയിൽ പാക്ക് ചെയ്ത് വന്നേക്കാം.
വാൽകഷ്ണം :കാലാവസ്ഥ വ്യതിയാനത്തിന്റെ ഏറ്റവും ഭീകരമായ അവസ്ഥാന്തരം കടൽ വെള്ളം കരയിലേക്ക് കയറി വരുമ്പോൾ ഉണ്ടാകുന്ന മണ്ണിന്റെ ലവണ വൽക്കരണം (soil salinization) ആണ്. മണ്ണിൽ സോഡിയത്തിന്റെ അംശം കൂടുമ്പോൾ അതിനെ സോഡിക് സോയിൽ എന്ന് വിളിക്കും. മണ്ണിന്റെ electrical conductivity കൂടിയാൽ, osmotic stress കൊണ്ടു കോശങ്ങൾ തകരും. മണ്ണിനു 'ഹ്യുമേളനം (എന്റെ സ്വന്തം പ്രയോഗം ആണ്, ഇംഗ്ലീഷിൽ deflocculation എന്ന് പറയും, എഴുത്തച്ചൻ എന്നോട് ക്ഷമിക്കട്ടെ) സംഭവിക്കും. മൺതരികൾ പരസ്പര ബന്ധമില്ലാതെ ചിന്നിച്ചിതറും. അത് കൊണ്ട് ഉപ്പ് മണ്ണിൽ ചേർക്കുന്നത് പച്ചക്കറികളിൽ പരീക്ഷിക്കാതിരിക്കുകയാകും നന്ന്.
കറിയുപ്പ് മാത്രമല്ല ഹിമാലയൻ പിങ്ക് സാൾട്ട്, ബ്ലാക്ക് സാൾട്ട് തുടങ്ങിയ ഉപ്പുകളും (rock salt) ഒക്കെ വളരെ നേർപ്പിച്ചു പരീക്ഷിക്കാം.ഇലകളിൽ. അതും വളരെ നേർപ്പിച്ചു മാത്രം. അവനവന്റെ റിസ്കിൽ. എന്നെ കോടതി കേറ്റരുത്.
ഏതും, മിതമായ അളവിൽ പോഷണവും, മ്യാരകമായ അളവിൽ പാഷാണവും ആണ് എന്നാണല്ലോ...
✍🏻 പ്രമോദ് മാധവൻ