പനാമാ വാട്ടം വന്നിട്ട് ചികിൽസിച്ചിട്ടെന്ത് കാര്യം? - പ്രമോദ് മാധവൻ | Pramod Madhavan


നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ഒരു രോഗാണു ലോകത്തെ മുൾമുനയിൽ നിർത്തിയ കഥ, ചരിത്രമാണിന്ന്.



പോയ നൂറ്റാണ്ടുകളിൽ മലമ്പനിയും കോളറയും വസൂരിയും മാനവകുലത്തെ വിറപ്പിച്ചു വിട്ട കഥകൾ നമുക്ക് വെറും കെട്ടുകഥകൾ പോലെ തോന്നിയിരുന്നു. എന്നാൽ ഇന്ന് കോവിഡാനന്തരം നമ്മൾക്ക് പണ്ടുള്ളവർ അനുഭവിച്ച അരക്ഷിതാവസ്ഥ മനസ്സിലാകുന്നുണ്ട്.

എന്ത്‌ കൊണ്ടാണ് ഒരു അണുവിന് ഇങ്ങനെ മനുഷ്യരാശിയെ മുഴുവൻ വിറപ്പിക്കാൻ കഴിയുന്നത്?

 ഏഷ്യക്കാരൻ എന്നോ യൂറോപ്യൻ എന്നോ അമേരിക്കക്കാരൻ എന്നോ വ്യത്യാസമില്ലാതെ ഈ അണുക്കൾ നമ്മളെ എളുപ്പം കീഴ്പ്പെടുത്തുന്നത്?

 ഇന്നലെ ചൈനയിൽ റിപ്പോർട്ട്‌ ചെയ്ത ഒരു വൈറസ് ബാധ ഇന്ന് കേരളത്തിൽ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്?

അതിന് കാരണം ലോകത്തെ മനുഷ്യർ എല്ലാം, അവർ ഏത് ഭൂഖണ്ഡത്തിലോ മതത്തിലോ ജാതിയിലോ പെട്ടവർ ആയിക്കോട്ടേ, അവരെല്ലാം Homo sapiens എന്ന ഒറ്റ ശാസ്ത്രീയനാമമുള്ളവരാണ്.23 ജോഡി ക്രോമാസോമുകൾ ഉള്ളവർ. അപ്പോൾ വൈറസിനും ബാക്ടരിയയ്ക്കും ഫംഗസ്സിനും ഒക്കെ കാര്യങ്ങൾ എളുപ്പമായി. ഒന്നിൽ നിന്നും സമാന ജനിതക ഘടനയുള്ള മറ്റൊന്നിലേയ്ക്കുള്ള സന്നിവേശം അണുക്കൾക്ക് വളരെ എളുപ്പമാണ്.



ഇത് പോലെ ചില കഥകൾ കാർഷിക ചരിത്രത്തിലും ഉണ്ട്. ഐറിഷ് ക്ഷാമ(Irish Famine ) ത്തിന് കാരണമായ, ഉരുളക്കിഴങ്ങിൽ പടർന്നു പിടിച്ച, Late Blight എന്ന fungus രോഗം ഉണ്ടാക്കിയ Phytophthora infestans എന്ന കുമിൾ. ഈ രോഗം മൂലം ഉണ്ടായ ഭക്ഷ്യ ക്ഷാമം മൂലം 1845മുതൽ 1849 വരെയുള്ള നാല് കൊല്ലം കൊണ്ട് അയർലണ്ടിലെ ജനസംഖ്യ ഇരുപത് ശതമാനം കണ്ട് കുറഞ്ഞു.

ഇന്ത്യയിൽ ബംഗാൾ ക്ഷാമ (Bengal Famine ) ത്തിന് കാരണമായ നെല്ലിലെ 'തവിട്ട് പുള്ളി'(Brown spot )രോഗം പരത്തിയ Helminthosporium oryzae.അത് മൂലം ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ മരിച്ചു വീണു.

ആ ശ്രേണിയിൽ പിന്നീട് ലോകത്തെ പിടിച്ച് കുലുക്കിയ ഫംഗസ് ആയിരുന്നു 1960 കളിൽ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ വാഴകൃഷിയിൽ സംഹാരതാണ്ഡവമാടിയ 'പനാമ വാട്ട'ത്തിനു കാരണമായ Fusarium oxysporum എന്ന കുമിൾ.

അന്ന് ആഗോള വാഴവിപണിയെ ത്രസ്സിപ്പിച്ച സൂപ്പർ വാഴ ഇനമായ 'ഗ്രോ മിഷേൽ '(Gros Michel )എന്ന ഇനത്തിനെ മുച്ചുടും മുടിപ്പിച്ചായിരുന്നു F. oxysporum അശ്വമേധം നടത്തിയത്. അവന്റെ വിളയാട്ടത്തിന് ശേഷം പൊടി പോലുമില്ല കണ്ട് പിടിക്കാൻ എന്ന അവസ്ഥയിലായി ഗ്രോ മിഷേൽ.

അന്ന് ലാറ്റിൻ അമേരിക്കൻ വാഴക്കർഷകരുടെ (ഇന്ത്യയിലും ആഫ്രിക്കയിലും ഉള്ളവരുടെ അല്ല, ഇവിടെ നമ്മൾ ഏതെങ്കിലും ഒരിനത്തിന്റെ പിന്നാലെ പായാത്തവരായത് ഭാഗ്യം ) ഓമനയായിരുന്നു Big Mike എന്ന Gros Michel ഇനം. നല്ല വലിപ്പമുള്ള, ഐകരൂപ്യം ഉള്ള കായ്കൾ, നല്ല രുചി,മുക്കാൽ മൂപ്പിൽ വിളവെടുത്താലും കപ്പൽ യാത്രയിൽ ഇരുന്ന് മൂപ്പായിക്കൊള്ളുമെന്ന ഗുണം,ദൂരെയുള്ള വിപണികളിലേക്ക് കടത്തുമ്പോൾ കേട് കൂടാതെ ഇരിക്കാനുള്ള കഴിവ് (shelf life ) എന്നിവയൊക്കെ ആയിരുന്നു അതിന്റെ പ്രത്യേകതകൾ. 



ഏതോ ഗവേഷകൻ, ഏതോ തോട്ടത്തിൽ കണ്ടെത്തിയ ഒരു മികച്ച വാഴയിൽ നിന്നും അലൈംഗിക പ്രത്യുൽപ്പാദനം വഴി (asexual reproduction, vegetative propagation )ഒരേ ജനിതക ഘടനയുള്ള കോടിക്കണക്കിന് തൈകൾ തോട്ടമടിസ്ഥാനത്തിൽ വളർത്തിയതിന്റെ പരിണതഫലം.ഒരു കാട്ടുതീ പോലെ എല്ലാ തോട്ടങ്ങളിലും പനാമാ വാട്ടം പടർന്നുപിടിച്ചു.

ഈ അവസ്ഥ നാളെ, ഇപ്പോൾ ലോക വാഴവിപണി കയ്യടക്കിയിരിക്കുന്ന ഗ്രാൻഡ് നൈൻ എന്ന വാഴയി നത്തിനും റബ്ബർ തോട്ടങ്ങളിൽ വാണരുളുന്ന RRII 105 എന്ന റബ്ബർ ഇനത്തിനും ഒക്കെ സംഭവിക്കാം.

...അല്ലെങ്കിൽ അത് സംഭവിച്ചു തുടങ്ങിയിരിക്കുന്നു.

 ബ്രസിലിലെ റബ്ബർ തോട്ടങ്ങളിൽ മാരകമായ South American Leaf Blight (SALB, Microcyclus ulei എന്ന ഫംഗസ് ) രോഗം ഇന്ത്യയിലേക്ക് വന്നാൽ പിന്നെ നമ്മുടെ റബ്ബർ കൃഷിയുടെ കഥ എന്താകും?ശിവ ശിവ...

ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ വാഴയെ ഇഞ്ചിഞ്ചായി കൊല്ലുന്ന 'Black Sigatoka '(Mycospharella fijiensis ) ഇങ്ങോട്ട് എഴുന്നെ ള്ളിയാൽ എന്താകും വാഴക്കർഷകരുടെ അവസ്ഥ?

Beware of such botanical epidemics.കരുതിയിരിക്കണം. നമ്മുടെ സമ്പദ് വ്യവസ്ഥ നശിപ്പിക്കാൻ മറ്റൊന്നും വേണ്ട, ഇത് പോലെ രണ്ടെണ്ണത്തിനെ ഡ്രോൺ വഴി ഇങ്ങോട്ട് കടത്തിയാൽ മതിയാകും.

നമ്മുടെ പൂവൻവാഴത്തോട്ടങ്ങൾ മുക്കാലെ മുണ്ടാണിയും നശിച്ചത് പനാമ വാട്ടം മൂലം ആണെന്ന് അറിയാമല്ലോ. നമ്മുടെ വാഴയിനങ്ങളിൽ ഏറ്റവും രുചിയുള്ള ഇനമായിരുന്നു പൂവൻ വാഴകൾ.

2013 ൽ കാർഷിക ലോകം പുതിയ, ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത കേട്ടു.കേൾക്കാൻ ഒരിക്കലും താല്പര്യമില്ലാത്ത വാർത്ത.

മന്ത്രവാദികൾ മെരുക്കി,പാലമരത്തിൽ തളച്ചു നിർത്തിയിരുന്ന വില്ലനായ Fusarium oxysporum എന്ന രോഗാണുവിന്റെ പുതിയ ഒരു അവതാരം (strain )TR 4(Tropical Race 4) ജോർദാനിൽ പ്രത്യക്ഷപ്പെട്ടു.

 ഗ്രോ മിഷേലിന് ശേഷം വാഴക്കമ്പനികൾ വളർത്തിയത് Cavendish Banana എന്നറിയപ്പെട്ട ഇനങ്ങൾ ആയിരുന്നു. Dwarf Cavendish, Grand Naine എന്നിവ. അവ താരതമ്യേനെ പനാമ വാട്ടത്തിനെ ചെറുക്കുമായിരുന്നു. ആ മാന്ത്രിക ഏലസ്സിന്റെ പ്രതിരോധം ആണ് TR 4 അവതാരം ഭേദിച്ചത്.

 അധികം താമസിയാതെ അത് Mosambique ലും പിന്നെ ഏറ്റവും പേടിച്ചത് പോലെ ലാറ്റിൻ അമേരിക്കയിലും (Colombia )യിലും തല പൊക്കി. ഒരു വ്യവസായത്തിന് (Banana Industry ) മരണ മണി മുഴക്കുകയാണ് TR4 ഇന്ന്.

Dwarf Cavendish നും Grand naine നും പകരം വയ്ക്കാൻ മറ്റൊരു ഇനം ഇനിയും ഗവേഷകർ ഉരുത്തിരിച്ചെടുത്തിട്ടില്ല.അത്തരം ഇനങ്ങൾ വികസിപ്പിക്കാൻ കഴിവുള്ള Genetic Engineering നോട് മുഖം തിരിഞ്ഞ് നിൽക്കുകയാണ് പരിസ്ഥിതിതീവ്ര വാദികൾ.

പണ്ട്, spatial connectivity കുറഞ്ഞ കാലത്ത് ഇത്തരം സംക്രമിക രോഗങ്ങൾ ഒരു ഭൂഖണ്ഡത്തിൽ നിന്നും മറ്റൊരിടത്തെത്താൻ സാവകാശം വേണ്ടിയിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ലെന്ന് കോവിഡ് വന്നപ്പോൾ നമുക്ക് മനസ്സിലായി.

എന്തായാലും കൊളമ്പിയയിൽ നിന്നും TR4 പുറത്ത് കടക്കാതിരിക്കാൻ ഉള്ള ജൈവ സുരക്ഷ നടപടികൾ (Bio security measures )കമ്പനികൾ പാലിച്ച് വരുന്നു.

 തോട്ടത്തിൽ കടക്കുന്ന വാഹനങ്ങളുടെ ടയറുകൾ എല്ലാം അണുനാശക ലായനികൾ കൊണ്ട് കഴുകുന്നു. തോട്ടത്തിൽ ഉപയോഗിക്കുന്ന പാദരക്ഷകൾ പുറത്തേക്കു കൊണ്ട് പോകാതെ നോക്കുന്നു. തോട്ടത്തിൽ ഉപയോഗിക്കുന്ന എല്ലാ കാർഷിക ഉപകരണങ്ങളും അണുനാശിനികളിൽ മുക്കി അവയിൽ ഉണ്ടാകാൻ ഇടയുള്ള രോഗാണുക്കളെ കൊല്ലുന്നു. ഒരു തോട്ടത്തിൽ നിന്നും വാഴയുടെ നടീൽ വസ്തുക്കൾ മറ്റൊരു തോട്ടത്തിലേക്ക് പോകാതെ നോക്കുന്നു. കമ്പനികൾ വലിയ ഭീതിയിലാണ്.

Trillion ഡോളർ വ്യവസായമാണ് ഒരു ഫംഗസിന്റെ മുന്നിൽ വിറ കൊള്ളുന്നത്.

ഇത്തരം ഭീഷണി ഏഷ്യയെയോ ആഫ്രിക്കയെയോ ബാധിക്കുമെന്ന് തോന്നുന്നില്ല. കാരണം വാഴയിനങ്ങളിൽ ഉള്ള വംശവൈവിധ്യം ഈ മാതിരി അണുക്കളെ ചെറുക്കാൻ നമ്മൾക്ക് തുണയാകും.

എന്നാൽ,ഏക വിള(mono crop)ഏകയിന (single variety plantations) തോട്ടങ്ങൾ കരുതിയിരിക്കണം.

നമ്മൾക്ക് നേന്ത്രനും നേന്ത്രനിൽ തന്നെ പല സ്വരൂപങ്ങളും (Eco types) കളും (മഞ്ചേരി, കാളിയേത്തൻ, നെടുനേന്ത്രൻ, ചെങ്ങാലിക്കോടൻ എന്നിങ്ങനെ) ഞാലിപ്പൂവനും മൈസൂർ പൂവനും മട്ടിയും കദളിയും പേയനും പടറ്റിയും ചാരപ്പൂവനും ഒക്കെ ഉണ്ടെല്ലോ.

വെയ് രാജ വെയ്. ഒന്ന് പോയാൽ മറ്റൊന്ന്.

 ഇന്ത്യക്കാരനോട് ഒരു വൈറസ്സും ഫംഗസും കളിയ്ക്കാൻ വരേണ്ട. ഇവിടെ Bio diversity ഉണ്ട്, bio diversity..കളിയ്ക്കരുത്.

ആപ്പിളിൽ പല ഇനങ്ങളില്ലേ? Red delicious, Royal gala,Grany Smith,Fuji എന്നിങ്ങനെ.. അതുപോലെ യൂറോപ്യൻമാർ പല തരം വാഴപ്പഴങ്ങൾ കഴിക്കാൻ ശീലിക്കണം.ഗ്രാൻഡ് നൈൻ മാത്രമേ കഴിക്കൂ എന്ന് ശഠിക്കരുത് ഇല്ലെങ്കിൽ TR4 നിങ്ങളെ ഒരു പാഠം പഠിപ്പിക്കും.

 രാസ്പ്ബെറി യുടെ രുചിയുള്ള Dwarf Red, മെലിഞ്ഞ രുചിരാജൻ Lady Finger, വാനില ഐസ് ക്രീമിന്റെ രുചിയുള്ള Blue Java , ചെങ്കദളി, രസകദളി, ചെങ്ങാലിക്കോടൻ എന്നിങ്ങനെ രുചിരാജന്മാർ വേറെയുമുണ്ട് യൂറോപ്പ്യാ.. ഇങ്ങ് ഏഷ്യയിലേക്ക് വാ..

വാൽ കഷ്ണം :ഏക വിള -ഏകയിന' തോട്ടങ്ങളുടെ പരിമിതികൾ നമ്മൾ മനസിലാക്കണം. ഒരു ഇനം മാത്രം കൃഷി ചെയ്താൽ ഒരു കീടാണുവിന് അല്ലെങ്കിൽ ഒരു കീടത്തിന് നമ്മളെ തകർക്കാൻ എളുപ്പമാണ്. പക്ഷെ ഒരു തോട്ടത്തിൽ തന്നെ പല ഇനങ്ങൾ കൃഷി ചെയ്താൽ അതിൽ ഒരു കുഴിഞ്ഞ ബുദ്ധി ഉണ്ട്.ഒന്നിൽ പിഴച്ചാൽ മൂന്ന്. ആയതിനാൽ കുരുമുളകായാലും ഏലമായാലും പാവലായാലും പയർ ആയാലും മുളക് ആയാലും ഒരേ തോട്ടത്തിൽ പല ഇനങ്ങൾ ഇടവിട്ട് നടുന്നത് ഒരു ദുരന്ത പ്രതിരോധമാണ്. (Disaster Preparedness).

 അത് പോലെ വിദേശത്തു നിന്നും ഒരു പഠനങ്ങളും നടത്താതെയും വേണ്ടത്ര bio security നടപടികൾ പാലിക്കാതെയും പുതിയ ഇനങ്ങൾ ഇങ്ങോട്ടേക്ക് കടത്തുമ്പോൾ ഇത് പോലെയുള്ള മാരക രോഗങ്ങളും കീടങ്ങളും കടക്കാതെയും നോക്കണം.

ചില രാജ്യങ്ങൾ നമ്മളെ തകർക്കാൻ കച്ച കെട്ടിയിരിക്കുന്ന കാര്യവും മറക്കേണ്ട.ഗവണ്മെന്റ് ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണം.


Read Also
നാളീകേരക്കൃഷിയിലെ 'ഡോണ്ടൂ'കൾ - പ്രമോദ് മാധവൻ


 ഒരസുഖവുമില്ലാതിരുന്ന പ്ലാവിലൊക്കെ ഇപ്പോൾ Rhizopus rot ഉം Sclerotium rot ഉം ഒക്കെ കണ്ട് തുടങ്ങിയിരിക്കുന്നു.പണ്ട് അമേരിക്ക ക്യൂബ യിലെ കരിമ്പ് കൃഷി തകർക്കാൻ ചില 'മറ്റേ പണികൾ 'ചെയ്തത് പോലെയെങ്ങാനും സംഭവിച്ചാൽ എന്റെ ദൈബമേ.. നിന്നെ നീ തന്നെ കാത്ത് കൊള്ളണേ...

TR 4 നമ്മളെ ഇങ്ങനെ പലതും ഓർമ്മിപ്പിക്കുന്നുണ്ട്....


✍🏻 പ്രമോദ് മാധവൻ



Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section