തെങ്ങ് കൃഷിയിൽ ഏർപ്പെടുമ്പോൾ ചെയ്യരുതാത്ത കാര്യങ്ങൾ (Don't do ) എന്നതാണ് ഇന്നത്തെ ചിന്താവിഷയം.
ഏത് കൃഷിയ്ക്കിറങ്ങുമ്പോഴും അടിസ്ഥാനപരമായ ചില കാര്യങ്ങൾ മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണ്.
ഒരാൾ എന്ത് തൊഴിൽ എടുക്കണം എന്നത് പൂർണമായും വ്യക്തിപരമായ തീരുമാനമാണ്. അതിൽ ഭരണകൂടത്തിന് വലിയ പങ്കൊന്നുമില്ല, ആ തൊഴിൽ നിയമവിരുദ്ധ(Illegal )മല്ലാത്തിടത്തോളം.
ഭരണകൂടം സംരക്ഷിച്ചുകൊള്ളും എന്ന് കരുതി ആരും കൃഷിയിലേക്കിറങ്ങേണ്ടതില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
കേരളത്തിൽ ഏതാണ്ട് മൂന്നരക്കോടി ജനങ്ങളുണ്ട്, 87 ലക്ഷം കുടുംബങ്ങളിലായി. അവരിൽ കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്നവർ എത്ര എന്നത് ഇന്നും വ്യക്തമല്ല.
(അത് രണ്ട് രീതിയിൽ വിലയിരുത്താം എന്ന് തോന്നുന്നു.
1. എല്ലാ ദിവസവും എട്ട് മണിക്കൂർ എങ്കിലും കൃഷിപ്പണികളിൽ ഏർപ്പെടുന്നവർ
അല്ലെങ്കിൽ
ഒരു കുടുംബത്തിന്റെ വരുമാനത്തിന്റെ സിംഹഭാഗവും കൃഷിയിൽ നിന്നും കൊണ്ട് വരുന്നവർ )
ഇത്തരത്തിൽ എത്ര പേര് കേരളത്തിൽ ഉണ്ട് എന്ന ഒരു പഠനം തന്നെ നടത്തേണ്ടതുണ്ട്.
സംസ്ഥാന തല കർഷക അവാർഡ് നിർണയവുമായി ബന്ധപ്പെട്ട് പതിനാല് ജില്ലകളിലും പോയപ്പോൾ അത്തരത്തിൽ കുറേപ്പേരെ കണ്ടു.
തിരുവനന്തപുരം കല്ലിയൂരിലെ ഷൈജു
കൊല്ലം ജില്ലയിലെ പത്തനാപുരത്തെ എഴുപത്തിഒന്ന് കാരൻ മുഹമ്മദ് ഹനീഫ
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിക്കാരൻ നന്ദകുമാർ
ആലപ്പുഴ ജില്ലയിലെ ചുനക്കരയിലെ കർഷകൻ ശിവദാസൻ
കോട്ടയം ജില്ലയിലെ മരങ്ങാട്ടുപിള്ളി കാരൻ റോബിൻ
ഇടുക്കിയിലെ കട്ടപ്പനക്കാരൻ ബിനോയ്
എറണാകുളം ജില്ലയിലെ ചെങ്ങമനാട്കാരൻ നൂറേക്കറിൽ കൃഷി ചെയ്യുന്ന ബേബി
തൃശൂർ ജില്ലയിലെ കുന്നംകുളം കാരൻ ബാലാജി പാലിശ്ശേരി
പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് കാരൻ സഹദേവൻ
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിക്കാരൻ ഇരുന്നൂറ് ഏക്കറിൽ കൃഷി ചെയ്യുന്ന ചുണക്കുട്ടി ജൈസൽ
കോഴിക്കോട് ജില്ലയിലെ ആനക്കാം പൊയിൽ കൃഷിഭവനിലെ എമഴ്സൺ ജോസഫ്
വയനാട് ജില്ലയിലെ മുള്ളൻ കൊല്ലിയിലെ കർഷകനും ഇക്കൊല്ലത്തെ കർഷകോത്തമ ജേതാവുമായ റോയ്സൺ
കണ്ണൂർ ജില്ലയിലെ നടുവിൽ പഞ്ചായത്തിലെ അഗസ്റ്റിൻ
കാസർകോട് ജില്ലയിലെ പടന്ന കൃഷിഭവനിലെ രവീന്ദ്രൻ കൊടക്കാട് എന്നിവർ.
ഇതിൽ രവീന്ദ്രൻ കൊടക്കാട് മാത്രമാണ് BSNL ലെ ജോലി കഴിഞ്ഞ് കൃഷിയിലേക്കിറങ്ങിയ ആൾ. ബാക്കി എല്ലാപേരും തന്നെ നൂറ് ശതമാനവും കൃഷി കൊണ്ട് ഉപജീവിക്കുന്നവർ. മറ്റ് കാര്യങ്ങൾക്കൊന്നിനും നേരമില്ലാത്തവർ. ഏറെപ്പേരും പാട്ടത്തിന് സ്ഥലം എടുത്ത് കൃഷി ചെയ്യുന്നവർ.
അവർക്കെല്ലാം തന്നെ സ്വന്തമായ വിപണന രീതികളും ഉണ്ട്. (പക്ഷെ ഇവരിൽ ഭൂരിഭാഗവും നമ്മൾ ആശിക്കുന്ന രീതിയിൽ ഒരു Farm Accounting 'ചെയ്യുന്നില്ല എന്ന ഒരു നിരീക്ഷണവും എനിയ്ക്കുണ്ട്.)
ഒരു സമൂഹത്തിന്റെ പത്ത് ശതമാനം മാത്രം ഉത്പാദകർ ആയിരിക്കുകയും തൊണ്ണൂറ് ശതമാനം പേരും ഉപഭോക്താക്കൾ ആയിരിക്കുകയും ചെയ്യുമ്പോൾ, ആ ബഹുഭൂരിപക്ഷത്തിന് താങ്ങാവുന്ന നിരക്കിൽ ഭക്ഷ്യസാധനങ്ങൾ കിട്ടാനുള്ള നയങ്ങൾ ആയിരിക്കും ഭരണകൂടങ്ങൾ മുഖ്യമായും രൂപീകരിക്കുക . അതായത് ഭക്ഷ്യനയങ്ങൾ എല്ലായ്പോഴും ഉത്പാദകന് അനുകൂലമായില്ല എന്ന് വരാം.
അതിന് പ്രതിവിധിയായി പൊതുനികുതിപ്പണത്തിൽ നിന്നും ഒരു നിശ്ചിത ശതമാനം തുക സബ്‌സിഡികളായി ഭരണകൂടം മാറ്റി വയ്ക്കുന്നുണ്ടാകും. ഉദാഹരണം പറഞ്ഞാൽ കേരളത്തിലെ നെല്ലുത്പാദനം ഏതാണ്ട് രണ്ടായിരത്തി നാനൂറുകോടിയുടെ ബിസിനസ് ആണ്. (നെല്ലിന്റെ വില വച്ചുള്ള കണക്കാണത്.അരിയുടെ വില വച്ചാണെങ്കിൽ അതിലും കൂടും). ഇതിൽ സംസ്ഥാന സർക്കാർ നൽകുന്ന സബ്‌സിഡി നെൽകൃഷിയ്ക്ക് നേരിട്ട് കൃഷി വകുപ്പ് വഴി ഏതാണ്ട് നൂറ് കോടി രൂപയും നെൽ വിലയുടെ സംസ്ഥാനവിഹിതമായി ഏതാണ്ട് അറുനൂറ് കോടി രൂപയും പ്രാദേശിക സർക്കാരുകൾ വഴി ഏതാണ്ട് 200-250 കോടി രൂപയും ആണെന്ന് പറയാം.
ഈ മുതൽ മുടക്കിൽ നമ്മുടെ ജിഡിപി ചലിക്കുന്നുണ്ട്. നെൽവിത്ത് സംഭരണത്തിലൂടെ RSGP കർഷകർ, കാർഷിക യന്ത്ര നിർമ്മാതാക്കൾ, ജൈവ -രാസ വള നിർമ്മാതാക്കൾ,അവയുടെ വ്യാപാരികൾ, കക്ക വാരി കുമ്മായ നിർമ്മാതാക്കൾക്ക് നൽകുന്ന തൊഴിലാളികൾ, കാർഷിക യന്ത്രങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനത്തിലൂടെ സർക്കാരുകൾക്ക് ലഭിക്കുന്ന നികുതികൾ, കീട നാശിനി നിർമ്മാതാക്കൾ, അവയുടെ വ്യാപാരികൾ, കർഷക തൊഴിലാളികൾ, ബാങ്കുകൾ എന്നിങ്ങനെ നിരവധി മേഖലകൾ നെൽകൃഷിയാൽ സഹായിക്കപ്പെടുന്നുണ്ട്.
ചുരുക്കിപ്പറഞ്ഞാൽ കൃഷി നഷ്ടമായാൽ പോലും അത് ജിഡിപി യെ നന്നായി ചലിപ്പിക്കുന്നുണ്ട്.
കാർഷിക മേഖലയായാലും വ്യാവസായിക മേഖലയായാലും സേവന മേഖലയായാലും അതിൽ ഏർപ്പെടുന്നവരുടെ മിടുക്ക് തന്നെയാണ് അതിന്റെ വിജയ പരാജയങ്ങൾ നിർണയിക്കുന്നത്. ഭരണകൂടങ്ങൾക്ക് ചില ക്രമങ്ങൾ (rules & regulations ) നിർമ്മിക്കാം എന്ന് മാത്രം.
എല്ലാ കാര്യങ്ങളും ഭരണകൂടങ്ങൾ ചെയ്ത് തരണം എന്നുള്ള തരത്തിൽ കൃഷിയെ സമീപിക്കുന്നവർക്ക് ഒരു പക്ഷെ നിരാശയാകും ഫലം. പ്രത്യേകിച്ച് സർക്കാരുകളുടെ സാമ്പത്തികസ്ഥിതി മോശമാകുന്ന നാളുകളിൽ. ആയതിനാൽ മറ്റേതൊരു മേഖലയിലെയും പോലെ 'കയ്യൂക്കുള്ളവൻ കാര്യക്കാരൻ 'അഥവാ Survival of the Fittest എന്നതായിരിക്കും ഭാവിയിൽ നടക്കാൻ പോകുന്നത്.
നാളീകേര കൃഷിയിലും അത് തന്നെയായിരിക്കും നടക്കാൻ പോകുന്നത്. വിലയിടിഞ്ഞു..... സർക്കാരുകൾ ഒന്നും ചെയ്യുന്നില്ല...കീട രോഗങ്ങൾ നിയന്ത്രിക്കാൻ കഴിയുന്നില്ല.... എന്നുള്ള വിലാപങ്ങൾക്കപ്പുറം കർഷകർ ഈ കൃഷിയെ ക്രിയാത്മകമായി സമീപിക്കണം.
ആയതിനാൽ തെങ്ങ് കൃഷിയിലെ താഴെ കൊടുക്കുന്ന 'ഡോണ്ടൂകൾ 'ഒന്ന് ശ്രദ്ധിക്കുക.
1. തെങ്ങ് കൃഷിയ്ക്കനുയോജ്യമല്ലാത്ത സ്ഥലത്ത് കൃഷി ചെയ്യുക
(നല്ല സൂര്യപ്രകാശം, നീർവാർച്ച, നാലടി ആഴം വരെയെങ്കിലും ഇളക്കമുള്ള മണ്ണ് എന്നിവ പരമപ്രധാനം).
2.വഴിയേ കൊണ്ട് പോകുന്ന ആപ്പ ഊപ്പ തെങ്ങിൻ തൈകൾ മേടിച്ചു നടുക.
(നല്ല തെങ്ങിൻ തോട്ടങ്ങൾ, നല്ല മാതൃ-പിതൃ വൃക്ഷങ്ങൾ, ഡിസംബർ മുതൽ മെയ് മാസം വരെയുള്ള കാലയളവിൽ വിളവെടുക്കുന്ന പതിനൊന്നു മാസം പ്രായമുള്ള, ലക്ഷണമൊത്ത വിത്ത് തേങ്ങകൾ, വിത്ത് തേങ്ങകൾ പാകി ആദ്യ അഞ്ച് മാസത്തിനുള്ളിൽ മുളയ്ക്കുന്ന, നല്ല കഴുത്ത് വണ്ണമുള്ള തൈകൾ, ഇതൊക്കെ നോക്കി മാത്രം തെങ്ങിൻ തൈകൾ വാങ്ങണം)
3. രണ്ട് തെങ്ങുകൾ തമ്മിലും അല്ലെങ്കിൽ സമാനമായ വൃക്ഷ വിളകൾ തമ്മിലും ഇരുപത്തി
യഞ്ച് അടിയെങ്കിലും അകലം പാലിക്കാതിരിക്കുക.
4. ശരിയായ നീളം, വീതി, ആഴം ഉള്ള കുഴികൾ എടുത്ത് തൈകൾ നടാതിരിക്കുക.
(1 ക്യൂബിക് മീറ്റർ ആണ് തെങ്ങിൻ കുഴിയുടെ അളവ്)
5. വേനൽകാലത്തിന്റെ അവസാന മാസങ്ങളിൽ അല്ലെങ്കിൽ മഴക്കാലത്തിന്റെ ആദ്യ മാസങ്ങളിൽ എങ്കിലും തെങ്ങിൻ തൈകൾ നടാതിരിക്കുക.
6. തെങ്ങിന്റെ ഇനത്തിനും (Open pollinated /Hybrid) പ്രായത്തിനും ജലസേചന രീതികൾക്കും (Rainfed /Irrigated) വിളവിനും അനുസരിച്ച്, പതിനേഴു അവശ്യമൂലകങ്ങൾ ശരിയായ അനുപാതത്തിൽ കിട്ടത്തക്ക രീതിയിൽ ഒരു സംയോജിത മൂലക പരിപാലന തന്ത്രം (Integrated Nutrient Management strategy) അനുവർത്തിക്കാതിരിക്കുക.
7. മണ്ണ് പരിശോധനയെ അടിസ്ഥാനപ്പെടുത്തി വളപ്രയോഗം (Soil Test based Nutrient Management) ചിട്ടപ്പെടുത്താതിരിക്കുക.
8. കൊമ്പൻ ചെല്ലി, മണ്ട ചീയൽ, ചെമ്പൻ ചെല്ലി, ഇല ദ്രവിക്കൽ, മണ്ഡരി, ചാഴി, എലി, കാറ്റ് വീഴ്ച, മച്ചിങ്ങ കൊഴിയൽ എന്നിവയെ എങ്ങനെ നിയന്ത്രിക്കണം എന്നതിനെക്കുറിച്ച് യാതൊരു പഠനവും നടത്താതെ നൂറ് കണക്കിന് തൈകൾ നട്ട്, അവ നശിച്ചു പോകുന്നതിന് മൂകസാക്ഷിയാകുക.
9. 'തെങ്ങിന് നനച്ചാൽ ഇരട്ടി വിളവ് 'എന്ന് മനസ്സിലാക്കാതെ, ജലസേചന സൗകര്യം ഏർപ്പെടുത്താതിരിക്കുക.
(ഡിസംബർ മുതൽ മെയ് വരെയാണ് തെങ്ങിന് നന വേണ്ടത്)
10. തെങ്ങിൻ തോട്ടങ്ങളിലെ പരമാവധി സൂര്യപ്രകാശം ചൂഷണം ചെയ്യത്തക്ക തരത്തിൽ, ഓരോ മണ്ണടരിലും (soil layer) ഉള്ള വളവും വെള്ളവും ജീവാണുക്കളും പ്രയോജനപ്പെടുന്ന രീതിയിൽ ബഹു തല -ബഹുവിള കൃഷി സമ്പ്രദായം (Multi Tier -Multi Species Intercropping /Mixed Cropping /Mixed Farming) അനുവർത്തിക്കാതിരിക്കുക.
11. തേങ്ങാ മാത്രം എടുത്ത് ബാക്കി അവശിഷ്ടങ്ങൾ മുഴുവൻ തെങ്ങിന് തിരിച്ചു് നൽകാതിരിക്കുക
12. തേങ്ങയായി മാത്രം വിൽക്കുകയും മറ്റൊരു മൂല്യവര്ധിത ഉത്പന്നവും അതിൽ നിന്നും ഉണ്ടാക്കാതിരിക്കുകയും ചെയ്യുക .
13. കേട് വന്ന തെങ്ങുകൾ മുറിച്ച് മാറ്റാതിരിക്കുക
14. പ്രായം ചെന്ന് ഉത്പാദന ക്ഷമത നഷ്ടമാകുമ്പോൾ യഥാസമയം പുനർ നടീൽ (re planting )ചെയ്യാതിരിക്കുക.
15.തെങ്ങിന്റെ തടിയിൽ അനാവശ്യമായി മുറിവുകൾ ഉണ്ടാക്കി ചെമ്പൻ ചെല്ലിയെ ക്ഷണിച്ചു വരുത്തുക.
16. പച്ച ചാണകം തോട്ടത്തിൽ കൂനയിട്ട് വയ്ച്ചു കൊമ്പൻ ചെല്ലി പെണ്ണുമ്പിള്ളയെ മുട്ടയിടാൻ ക്ഷണിക്കുക.
ഇത്രയൊക്കെ കാര്യങ്ങൾ ചെയ്യാതിരിക്കാൻ കഴിയുമോ വാര്യരേ.. എങ്കിൽ നിങ്ങൾക്ക് ഭാവിയുണ്ട്.
കൃഷിയായാലും വ്യവസായമായാലും ബിസിനസ് ആയാലും നന്നായി ഗൃഹപാഠം ചെയ്ത് തന്നെ ഇറങ്ങുക.
'Luck favours the brave '.
തെങ്ങ് കൃഷിയുമായി ബന്ധപ്പെട്ട നല്ല നാലഞ്ച് പഴഞ്ചൊല്ലുകൾ പറഞ്ഞ് ഈ ലോക നാളീകേര ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേരട്ടെ..
"നല്ല തെങ്ങിന് നാല്പത് മടൽ "
"തെങ്ങിന് കാലവർഷം അകത്തും തുലാവർഷം പുറത്തും "
"തെങ്ങിന് നനച്ചാൽ ഇരട്ടി വിളവ് "
"ഉപ്പിട്ട തെങ്ങിന് വളർച്ച, കൊത വെട്ടിയ തെങ്ങിന് തളർച്ച "
"കവുങ്ങ് നട്ട് കാടാക്കുകയും തെങ്ങ് നട്ട് നാടാക്കുകയും".
Read Also
എലികളെ തുരത്താൻ ഇതാ ഒരു സിമ്പിൾ ട്രിക്ക്
നമുക്ക് നാമേ പണിവത് നാകം
നരകവുമത് പോലെ..എന്ന് പറഞ്ഞ പോലെ നമ്മളുടെ കൃഷി വിജയിപ്പിക്കാൻ നമ്മൾ തന്നെ മെനെക്കെടണം. ഭരണകൂടം നമ്മുടെ പിന്നിൽ ഉണ്ടാകാം.. ഉണ്ടാകാതിരിക്കാം.
അപ്പോൾ, തെങ്ങിന് രണ്ടാം വളം നൽകേണ്ട കാലമായി. NPK യും മഗ്‌നീഷ്യം സൾഫേറ്റും ചേർത്ത് ഒരു പെട അങ്ങട് പെടക്ക്യാ...
✍🏻 പ്രമോദ് മാധവൻ