തവാരണ (നഴ്സറി)
നടീൽ അകലം
ഒരു വാരത്തിൽ നാലോ, അഞ്ചോ വരി വിത്തുതേങ്ങ 30 x 30 സെ.മീ. അകലത്തിൽ നടാം.
വിത്തു പാകുന്ന വിധം
വിത്തുതേങ്ങ 25-30 സെ.മീ. ആഴമുള്ള ചാലുകളിൽ നട്ട് ചകിരിയുടെ മുകൾഭാഗം മാത്രം പുറത്തു കാണുന്ന വിധം മണ്ണിട്ട് മൂടണം. വീതി കൂടിയ വശം മുകളിൽ വരത്തക്കവിധം കിടത്തിയോ, ഞെട്ടുഭാഗം മുകളിൽ വരത്തക്കവിധം കുത്തനെയോ വിത്തുതേങ്ങ പാകാം. കുത്തനെ നടുന്നതാണ് പറിച്ചു നടുന്നതിനും, കേടു പറ്റാതെ തൈകൾ മറ്റു സ്ഥലങ്ങളിലേക്കു കൊണ്ടുപോകാനും തൈകൾക്ക് ക്ഷതമേൽക്കാതിരിക്കാനും നല്ലത്.
നഴ്സറി പരിപാലനം
തുറന്ന പ്രദേശത്താണ് നഴ്സറിയെങ്കിൽ ചുറ്റും വേലികെട്ടി സംരക്ഷിക്കണം. മണൽ പ്രദേശമാണങ്കിൽ കാലവർഷം കഴിയുന്നതോടെ പുതയിടുകയും വേനൽക്കാലത്ത് 2 ദിവസത്തിലൊരിക്കൽ നനയ്ക്കുകയും വേണം. തവാരണകൾ കളമുക്തമായിരിക്കണം. ചിതലിന്റെ ശല്യം കണ്ടാൽ 15 സെ.മീ. ആഴത്തിൽ മണ്ണു മാറ്റി കോർപൈറിഫോസ് തേങ്ങയിലും മണ്ണിലും വിതറുക.
ചിതൽ ശല്യം പൂർണമായും മാറുന്നതിന് കീടനാശിനിപ്രയോഗം ആവർത്തിക്കേണ്ടിവരും. കുമിൾരോഗങ്ങൾ വരാതിരിക്കാൻ 1% വീര്യമുള്ള ബോർ ഡോമിശ്രിതമോ ചെമ്പ് അടങ്ങിയ മറ്റേതെങ്കിലും കുമിൾനാശിനികളോ തളിക്കുന്നതു നല്ലത്.
തൈകൾ തിരഞ്ഞെടുക്കൽ
പാകി ആറു മാസത്തിനകം മുളയ്ക്കാത്തതും കേടു വന്ന മുളകളുള്ളതുമായ തേങ്ങകൾ മാറ്റുക. ഗുണമേന്മയുള്ള, 9-12 മാസം പ്രായമുള്ള തൈകൾ മാത്രം തിരഞ്ഞെടുക്കുക. തൈകൾ തിരഞ്ഞെടുക്കുമ്പോൾ
ഇനിയുള്ള കാര്യങ്ങൾ ശ്രദ്ധിക്കണം.
1. നേരത്തേ മുളച്ചതും കരുത്തുറ്റതും നല്ല വളർച്ചയുള്ളതുമായിരിക്കണം.
2. 10-12 മാസമുള്ള തൈകൾക്ക് 6 മുതൽ 8 ഓല വരെ വേണം. ഒൻപതു മാസമായ തൈകളാണെങ്കിൽ കുറഞ്ഞത് 4 ഓലകളെങ്കിലും ഉണ്ടായിരിക്കണം.
3. കണ്ണാടിക്കനം 10-12 സെ.മീ. ഉണ്ടായിരിക്കണം.
4. ഓലക്കാലുകൾ നേരത്തേ വിടരുന്നവയായിരിക്കണം.
മൺവെട്ടി, കമ്പിപ്പാര എന്നിവ ഉപയോഗിച്ച് തവാരണയിൽ നിന്നും തൈകൾ ഇളക്കിയെടുക്കാം. വേരുകൾ മുറിച്ച് മാറ്റണം. വെയിലേൽക്കാതെ തൈകൾ തണലിൽ സൂക്ഷിക്കുകയും കഴിയുന്നത്ര വേഗം കവറിലോ, മണ്ണിലോ നടുകയും വേണം. തൈകൾ ഓലയിലോ തണ്ടിലോ പിടിച്ചുവലിച്ച് പറിച്ചെടുക്കാതിരിക്കാൻ ശ്രദ്ധിക്കണം.
നടേണ്ട സമയം
വെള്ളക്കെട്ടില്ലാത്ത നല്ല നീർവാർച്ച സൗകര്യമുള്ള മണ്ണാണെങ്കിൽ വർഷാരംഭത്തോടെ തൈകൾ നടാം. എന്നാൽ ജലസേചനസൗകര്യമുണ്ടെങ്കിൽ ഇടവപ്പാതി തുടങ്ങുന്നതിന് മുൻപുതന്നെ തൈകൾ നടാം. തുലാവർഷാരംഭത്തിന് മുൻപുതന്നെ തൈകൾ മണ്ണിൽ പിടിച്ചുകിട്ടും. വർഷകാലങ്ങളിൽ വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ മഴക്കാലം കഴിഞ്ഞ് തൈകൾ പറിച്ചുനടുന്നതായിരിക്കും നല്ലത്. മണൽ പ്രദേശങ്ങളിൽ തൈകൾ നടുന്നതിനു മുൻപ് കുഴിയിൽ തൊണ്ട് കുഴിച്ചിടുകയാണെങ്കിൽ തൈകൾ നല്ലതുപോലെ വളർന്നുകിട്ടും.
അകലം
തെങ്ങുകൃഷിയിൽ വൃക്ഷങ്ങൾ തമ്മിലുള്ള അകലം പ്രത്യേക പരിഗണനയർഹിക്കുന്നു.
വൃക്ഷത്തലപ്പിന്റെ വലുപ്പമനുസരിച്ച് 7.5 മുതൽ 9 മീറ്റർ വരെ അകലം
സ്വീകരിക്കാവുന്നതാണ്. ഇതനുസരിച്ച് ചതുരാകൃതിയിൽ നടുകയാണെങ്കിൽ ഹെക്ടർ ഒന്നിന് 124 മുതൽ 177 വരെ തൈകൾ നടാവുന്നതാണ്.
ത്രികോണാകൃതിയിലുള്ള നടീൽ രീതി അവലംബിക്കുന്നപക്ഷം 20 മുതൽ 25 വരെ എണ്ണം കൂടുതലായി ഒരു ഹെക്ടറിൽ നടാൻ സാധിക്കും. ഓരോ വരിയിലും തൈകൾ തമ്മിൽ 5 മുതൽ 5.5 മീറ്റർ അകലവും വരികൾ തമ്മിൽ 9 മുതൽ 10 മീറ്റർ വീതം അകലവും നൽകി തെങ്ങിൻതൈകൾ നടുന്ന രീതിയും അവലംബിക്കാവുന്നതാണ്.
നടീൽ രീതികൾ
ത്രികോണം - 7.6 മീറ്റർ - 198 തൈകൾ
സമചതുരം - ചെടികൾ തമ്മിലും, വരികൾ തമ്മിലും 7.6 മീറ്റർ മുതൽ 9 മീറ്റർ വരെ 170-120 തൈകൾ /ഹെ
ഒറ്റ വരി - 5 മീറ്റർ വരിയിലും 9 മീറ്റർ വരികൾ തമ്മിലും - 220 തൈകൾ /ഹെ
ഇരട്ട വരി - 5X5 മീറ്റർ വരിയിലും 9 മീറ്റർ രണ്ട് വരികൾ തമ്മിലും - 280 തൈകൾ /
നടീൽ
അടിയിൽ പാറയോടുകൂടിയ ആഴമില്ലാത്ത വെള്ളക്കെട്ടുള്ള താണ പ്രദേശങ്ങളോ, കളിമൺ പ്രദേശങ്ങളോ വിജയകരമായ തെങ്ങുകൃഷിക്ക് അനുയോജ്യമല്ല. എന്നാൽ ഒന്നിടവിട്ട് കളിമണ്ണും, മണൽമണ്ണും ഇട്ട വെള്ളക്കെട്ടിൽ നിന്നും വീണ്ടെടുത്ത പ്രദേശങ്ങൾ തെങ്ങുകൃഷിക്ക് അനുയോജ്യമാണ്. തൈ നടാനുള്ള മണ്ണൊരുക്കൽ അഥവാ സ്ഥലം തയാറാക്കൽ മണ്ണിന്റെ തരത്തെയും അന്തരീക്ഷ ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു. കുറ്റിച്ചെടികൾ നിറഞ്ഞതും, നിരപ്പില്ലാത്തതുമായ പ്രദേശങ്ങളാണെങ്കിൽ തൈകൾ വയ്ക്കാനുള്ള കുഴികൾ എടുക്കുന്നതിനു മുൻപായി കുറ്റിച്ചെടികൾ വെട്ടിമാറ്റി നിലം നിരപ്പാക്കണം. കുഴിയുടെ ആഴം മണ്ണിന്റെ തരത്തെ ആശ്രയിച്ചിരിക്കുന്നു. അടിയിൽ പാറയോടുകൂടിയ വട്ടുകൾ 2omposom 13 1.221 x 1.221 x 1.2 താഴ്ചയും, വീതിയും, നീളവുമുള്ള കുഴികൾ കുഴിക്കണം.
തൈ നടുന്നതിനു മുൻപായി ചാണകവും, ചാരവും, അയഞ്ഞ മേൽമണ്ണും കലർന്ന മിശ്രിതം കുഴിയിലിട്ട് 60 സെന്റിമീറ്റർ കുഴി നിലനിർത്തി നിറയ്ക്കണം. ജലവിതാനം കുറഞ്ഞ പശിമരാശി മണ്ണാണെങ്കിൽ 1 മീ x 1 മീ x 1 മീ നീളവും, വീതിയും, ആഴവുമുള്ള കുഴികൾ എടുത്ത് മേൽ പറഞ്ഞപോലെ 50 സെന്റിമീറ്റർ മണ്ണ് മിശ്രിതം നിറയ്ക്കണം.
എന്നാൽ ഉയർന്ന ജലവിതാനമുള്ള സ്ഥലങ്ങളിൽ ഉപരിതലങ്ങളിലോ, മൺകൂനകളെടുത്തോ തെ നടേണ്ടതാണ്. മണ്ണിടുന്നതിനു മുൻപ് തെങ്ങിൻ കുഴിയുടെ ഏറ്റവും അടിഭാഗത്തായി രണ്ടുവരി ചകിരി മലർത്തി അടുക്കി വയ്ക്കുന്നത് ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. ചെങ്കൽപ്രദേശങ്ങളിൽ 2 കിലോ ഉപ്പിടുന്നത് മണ്ണിന് അയവ് വരാൻ സഹായിക്കുന്നു.