വാഴ കുലച്ച് കഴിഞ്ഞ്, ഒരു വളം കൂടി കൊടുത്താൽ എല്ലാം ആയി എന്നാണ് ചിലരുടെ ചിന്ത.
പക്ഷെ കുല പുറത്ത് വന്നതിന് ശേഷം ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങളിൽ രണ്ടെണ്ണം സവിശേഷ പ്രാധാന്യം അർഹിക്കുന്നു.
അതിൽ ആദ്യത്തേതാണ് കൂമ്പൊടിയ്ക്കൽ അഥവാ Denavelling.
വാഴ കുലച്ചാൽ കൂമ്പ് വിരിഞ്ഞ് ആദ്യം നമ്മൾ കാണുന്ന പടലകൾ യഥാർഥത്തിൽ വാഴയുടെ പെൺപ്പൂക്കളാണ്. ആ ഘട്ടത്തെ പെൺ വേള അഥവാ Female Phase എന്ന് പറയും.
അത് കഴിയുമ്പോഴേക്കും വെറുംപൂക്കൾ മാത്രം വിരിയും, അവ പിന്നീട് കൊഴിയും.(ചെങ്ങാലിക്കോടൻ പോലെ ചില ഇനങ്ങളിൽ അവ കഴിയാതെ നിൽക്കുകയും ചെയ്യും).അതെല്ലാം ആൺപൂക്കൾ ആണ്. ആ ഘട്ടം ആൺ വേള (Male Phase) ആണ്.
കുലച്ച്, പെൺപൂക്കൾ (കായ്കൾ) എല്ലാം വിരിഞ്ഞ് കഴിഞ്ഞാൽ ഉടൻ തന്നെ കൂമ്പ് (male bud) ഒടിച്ചുമാറ്റാം. ഈ പ്രക്രിയയെ Male bud removal അഥവാ Denavelling എന്ന് പറയുന്നു.
ഇത് ഒടിച്ചു കളയുന്നതിലൂടെ ചെടി പാകം ചെയ്യുന്ന ആഹാരം പാഴായിപ്പോകാതെ നേരെ കായ്കളിലേക്ക് തന്നെ എത്തുന്നു. മാത്രമല്ല, പൂന്തേൻ കുടിക്കാൻ വരുന്ന ജീവികളുടെ കൈകാൽപ്പാടുകൾ, കായ്കളുടെ പുറത്ത് വരാതെ നോക്കാനും കഴിയും. (അവരുടെ ശാപം എന്റെ മേൽ പതിയല്ലേ ദൈബമേ..).
അടുത്ത ഘട്ടം, ഓരോ പെൺപൂവിന്റെയും (കായുടെയും) തുമ്പ് ഭാഗം (Pistil end) ഒടിച്ചു കളയുക എന്നതാണ്. ഇതിനെ Depistillation എന്ന് വിളിക്കുന്നു. ഇതിലൂടെ കായ്കൾക്ക് കൂടുതൽ ആകർഷകത്വം ലഭിക്കുന്നു. കൂടാതെ ആ പൂത്തുമ്പിൽ വളരാൻ സാധ്യതയുള്ള പേനുകളെ (Flower thrips) ഒഴിവാക്കാൻ സാധിക്കുന്നു. പൂപ്പേനുകൾ പലപ്പോഴും കായ്കളിൽ കറുത്ത പൊട്ടുകൾ ഉണ്ടാക്കാറുണ്ട്. അത് കായുടെ ഭംഗി കുറയ്ക്കും.
കുലച്ചുകഴിഞ്ഞുള്ള വളപ്രയോഗത്തിനൊപ്പം കൂമ്പ് ഒടിയ്ക്കലും പൂത്തുമ്പ് നീക്കം ചെയ്യലും പ്രധാനമാണ് ഉത്തമാ.. താങ്കൾ ചെയ്താലും ഇല്ലെങ്കിലും.
✍🏻 പ്രമോദ് മാധവൻ
Photos