സാധാരണ രണ്ടു മീറ്റർ ഉയരമുള്ള കരിങ്കൽത്തൂണുകൾ നാട്ടി അതിൽ ടയർ വളയങ്ങൾ ഉറപ്പിച്ചാണ് ഡ്രാഗൺ ചെടികൾ വളർത്തുന്നത്. ചിലർ കാലുകൾക്കു കോൺക്രീറ്റ് തൂണുകൾ ഉപയോഗിക്കും. അപ്പോഴും ചെടികൾക്കു പടരാൻ ഉപയോഗിക്കുന്ന വളയം ടയറിന്റേതു തന്നെ, പയസിന്റെ കൃഷിയിടത്തിൽ താങ്ങു കാലുകളും മുകളിലത്തെ സ്റ്റാൻഡും കോൺക്രീറ്റ് തന്നെയാണ്. കർണാടകയിലെ ചില വൻകിട ഫാമുകളിലെ ആശയം ഉൾക്കൊണ്ടാണു പയസ് തന്റെ തോട്ടത്തിൽ ഈ രീതി ആവിഷ്കരിച്ചത്. ജോലിക്കാരെ വച്ച് ഇവ സ്വയം വാർത്തെടുക്കുകയാണു ചെയ്യുന്നത്. ഇതു ചെലവു കുറയ്ക്കാനും ഗുണനിലവാരം ഉറപ്പാക്കാനും സഹായിക്കുന്നു. 1000 കാലുകളിൽ 4000 തൈകൾ നടാം.
കാലുകൾ കുഴിച്ചിടുന്നതും കോൺക്രീറ്റ് ടോപ്പ് ഉറപ്പിക്കുന്നതും വിദഗ്ധരായ തൊഴിലാളികളുടെ സഹായത്തോടെയാണ്. ഓരോ ടോപ്പും വാട്ടർ ലെവൽ പിടിച്ചാണ് ഉറപ്പിക്കുന്നത്. ടയർ ഉപയോഗിച്ചുള്ള ടോപ് കുറച്ചു കഴിയുമ്പോൾ ചെരിഞ്ഞു പോകും. കോൺക്രീറ്റാണെങ്കിൽ അങ്ങനെയൊരു പ്രശ്നമില്ല.
ജലസേചനവും വളപ്രയോഗവും ചെടികളുടെ ചുവട്ടിൽ ലഭിക്കത്തക്കവിധം ടൈമർ അടക്കം ക്രമീകരിച്ച വിപുലമായ സൗകര്യവും ഒരുക്കിയിട്ടുണ്ട്. പയസ് തോമസിനൊപ്പം ടോം തോമസ്, ക്രിസ്റ്റി തോമസ് എന്നീ സഹോദരങ്ങളും കൃഷിയിൽ ശ്രദ്ധ ചെലുത്തുന്നു. നിലമ്പൂരിൽ ചക്കാലക്കുത്ത്, അരുവാക്കോട്, വടപുറം, കാരാട് എന്നിവിടങ്ങളിലെല്ലാം ഡ്രാഗൺ ചെടികൾ വളരുന്നു.
ഫോൺ: 7994000492