ഒരു കുമിളിന് ഇത്രേം വിലയോ? - പ്രമോദ് മാധവൻ | Pramod Madhavan

Top Post Ad


ചില പ്രകൃതി വിഭവങ്ങൾക്ക് മനുഷ്യൻ കല്പിക്കുന്ന വില കേട്ടാൽ ഞെട്ടിപ്പോകും.



 Ophiyocordyceps sinensis എന്ന പ്രകൃതിയിൽ കാണപ്പെടുന്ന ഒരു കുമിളിന്റെ വില കിലോയ്ക്ക് ഒരു ലക്ഷം രൂപയിൽ കൂടുതൽ വരും. ഉയർന്ന ഗുണമേന്മയുള്ളതിന് അതിലധികവും. പ്രകൃതിയിൽ ഉള്ള ഇതിന്റെ ലഭ്യതക്കുറവാണ് ഈ ഉയർന്ന വിലയ്ക്ക് കാരണം.

        ഹിമാലയത്തിന്റെ താഴ്‌വാരങ്ങളിലും ടിബറ്റൻ മേഖലയിലും നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലെ പുല്മേടുകളിലും ഒക്കെയാണ് ഇത് കാണുന്നത്.

പുൽച്ചെടികളുടെ വേരുകൾ തിന്നുന്ന Hepalidae എന്ന കുടുംബത്തിൽ പെടുന്ന ഒരു തരം ശലഭപ്പുഴുക്കൾ (caterpillars) അവിടങ്ങളിൽ സാധാരണമാണ്. ഇവ മണ്ണിനടിയിൽ ആണ് കാണുക. (നമ്മുടെ നാട്ടിലും മണൽ പ്രദേശങ്ങളിൽ തെങ്ങിന്റെയും കവുങ്ങിന്റെയും വേരുകൾ തിന്നുന്ന ഒരു തരം വണ്ടിന്റെ പുഴുക്കൾ (Root grubs) ഉണ്ട്. അത് പോലെ) .ഈ പുഴുക്കളിൽ അസുഖം ഉണ്ടാക്കി കൊന്ന് കളയുന്ന (Entomopathogenic) ഒരു fungus ആണ് Ophiocordyceps sinensis. ഈ കുമിളിന്റെ രേണുക്കൾ (spores) പുഴുവിന്റെ ദേഹത്ത് പറ്റുമ്പോൾ, അവ അതിന്റെ ശരീരം തുളച്ചു അകത്ത് കടക്കുകയും പതുക്കെ പുഴുവിനെ കൊല്ലുകയും ചെയ്യും. മൃതശരീരത്തിൽ തുടർന്നും വളരുന്ന fungus പതിയെ നീണ്ട, കട്ടിയുള്ള ഒരു കൂൺ (fruiting body) ഉത്പാദിപ്പിക്കും.അത്‌ പുല്ലുകൾക്കിടയിൽ അല്പം ഉയർന്നു കാണപ്പെടും. പരിചയ സമ്പന്നരായവർക്ക് മാത്രമേ അത്‌ പെട്ടെന്ന് കണ്ടെത്താൻ കഴിയൂ.

ഏറ്റവും അടിയിൽ പുഴുവിന്റെ ഉണങ്ങിയ മൃതശരീരവും അതിന്റെ തലയിൽ നിന്നും ഉയർന്നുപൊങ്ങിനിൽക്കുന്ന നീണ്ട (സാധാരണ ഗതിയിൽ ഒരു തീപ്പെട്ടികൊള്ളിയുടെ അത്രയും) കൂണും ചേരുമ്പോൾ അത്‌ വില പിടിപ്പുള്ള ഉത്പന്നമായിക്കഴിഞ്ഞു. ആളുകൾ ഇതിനെ 'യാർസാഗുമ്പ' (Yartsa gumba) എന്ന് വിളിക്കുന്നു. ടിബറ്റൻ വൈദ്യം, ചൈനീസ് വൈദ്യം എന്നിവയിൽ ഈ വസ്തു മരുന്നായി ചേർക്കുന്നു. വില കൂടിയ മരുന്നുകൾ ആണ് ഇതിൽ നിന്നും ഉത്പാദിപ്പിക്കുന്നത്.

ഒരു യാര്സാഗുമ്പ യ്ക്ക് ശേഖരിക്കുന്ന ആളിന് ഏതാണ്ട് നൂറ്റമ്പത് രൂപയോളം കിട്ടുമത്രേ. അതിന്റെ നീളവും വൃത്തിയും ഒക്കെ അനുസരിച്ച് വില വ്യത്യാസപ്പെടും.

വസന്താഗമനത്തോടെ ഈ പ്രദേശങ്ങളിലെ ആളുകൾ എല്ലാം മറ്റ് പണികൾ മാറ്റി വച്ച്, കൂട്ടമായി ഹിമാലയൻ മലനിരകളുടെ താഴ് വാരങ്ങളിൽ 'നിധി 'ശേഖരിക്കാൻ പുറപ്പെടും. ആ സമയങ്ങളിൽ ഗ്രാമങ്ങളിൽ കുട്ടികളും വൃദ്ധരും മാത്രമേ ഉണ്ടാകൂ.

അവിടുത്തെ പ്രാദേശിക സമ്പദ് വ്യവസ്ഥയിൽ യാർസാഗുമ്പ യ്ക്ക് വലിയ പ്രാധാന്യം ഉണ്ട്.

ഓരോ പുല്മേടുകളിലും ഇത് ശേഖരിക്കുന്നതിനായുള്ള അവകാശത്തിനായി വലിയ വഴക്കുകളും കേസുകളും എന്തിന് കൊലപാതകങ്ങൾ പോലും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.2016ൽ ഒരു നിയമനിർമ്മാണത്തിലൂടെ ചൈനീസ് സർക്കാർ ഇതിന്റെ വിളവെടുപ്പും വിപണനവും ക്രമപ്പെടുത്തിയിട്ടുണ്ട്.

IUCN ഇതിനെ vulnerable category യിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

മലയുടെ താഴ് വാരങ്ങളിൽ ഉള്ള അനിയന്ത്രിതമായ മനുഷ്യ സഞ്ചാരവും മണ്ണിളക്കലും ഒക്കെ വലിയ പാരിസ്ഥിതീക വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം ഇവയുടെ ലഭ്യതയിലും കുറവ് വന്നിട്ടുണ്ട്.

ഈ ഫംഗസ്സിൽ അടങ്ങിയിരിക്കുന്ന 'Cordycepin' എന്ന adenosine derivative ആണ് ഇതിന് ഔഷധഗുണം നൽകുന്നത്. In vitro പഠനങ്ങളിൽ ഇവയ്ക്ക് leukemic ആയ കോശങ്ങളെ കൊല്ലാൻ കഴിയും എന്ന നിരീക്ഷണമുണ്ട്.

ഒരു കൊല്ലം എഴുപത് ടൺ മുതൽ നൂറ്റമ്പത് ടൺ വരെയാണ് ഇവയുടെ ആഗോള ഉത്പാദനം. വർധിച്ചു വരുന്ന ആവശ്യകത പ്രമാണിച്ച് ഇവയുടെ തന്തുക്കൾ (mycelia) ടിഷ്യൂ കൾച്ചർ മുഖേന ഉത്പാദിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. പക്ഷെ കൂണിൽ (Fruiting body) നിന്നും കിട്ടുന്നതിനോട് ഇത്(mycelial origin) കിടപിടിക്കും എന്ന് പൊതുവിൽ ഉപഭോക്താക്കൾ കരുതുന്നില്ല.




പ്രകൃതി അത്ഭുതങ്ങളുടെ കലവറയാണ്. മനുഷ്യന്റെ ചില വിശ്വാസങ്ങൾ അതിനപ്പുറവുമാണ്. വലിയവന്റെ **പ്പാണല്ലോ എളിയവന്റെ പിഴപ്പ്. ആയതിനാൽ ഹിമാലയൻ താഴ് വരികളിലെ ഗ്രാമീണർ തുടർന്നും പ്രകൃതിയെ ദ്രോഹിക്കാതെ ഈ പുഴു -കുമിൾ (caterpillar- fungus ) പ്രതിഭാസത്തെ പിടിച്ച്,നല്ല വിലയ്ക്ക് വിൽക്കട്ടെ. അതിൽ നിന്നുള്ള മരുന്നുകൾ കയ്യിൽ കാശുള്ള സമ്പന്നന്മാർ വാങ്ങി കഴിക്കട്ടെ. ജിഡിപി വളരട്ടെ...


✍🏻 പ്രമോദ് മാധവൻ



Green Village WhatsApp Group

Below Post Ad

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Ads Section