ജന്തുജാലങ്ങളിൽ വംശ വർധനവിനുള്ള പ്രക്രിയകൾ ആരും അവരെ പഠിപ്പിക്കേണ്ടതില്ല. അത് ജനിതകമായിത്തന്നെ,ഓരോ ജന്തുക്കളിലും ഒരു ഉൾപ്രേരണ (Instinct) ആയി അന്തർലീനമായിരിക്കു ന്നു.
അതിന് ഒരു കാരണം ജന്തുജാലങ്ങൾക്കെല്ലാം തനിയെ സഞ്ചരിക്കാനും തന്റെ ഇണയെ തെരെഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യവും ശേഷിയും ഉള്ളത് കൊണ്ടാണ്.
എന്നാൽ ചെടികളിൽ അങ്ങനെ അല്ല. സഞ്ചരിക്കാൻ കഴിയാത്തത് കൊണ്ടും പ്രകൃതി ഒരുക്കിയിട്ടുള്ള പല തരത്തിലുള്ള തടസ്സങ്ങൾ കൊണ്ടും പലപ്പോഴും, അല്ല, ഭൂരിഭാഗം സമയങ്ങളിലും, ചെടികളിൽ ബീജ സംയോഗത്തിന് പുറംസഹായം വേണ്ടി വരും.
കാറ്റ്, മഴ, തേനീച്ചകൾ, വണ്ടുകൾ, കടന്നലുകൾ എന്നിവരുടെയൊക്ക കാർമികത്വത്തിൽ ആണ് പൊതുവേ പരാഗണം നടക്കുന്നത്. അതിൽ കാറ്റ് ആണ് മുഖ്യൻ. കാറ്റിലൂടെ പൂക്കളുടെ സുഗന്ധം പ്രസരിക്കുമ്പോൾ അത് ആസ്വദിക്കാൻ ഷഡ്പദങ്ങൾ പൂക്കളെ തേടി എത്തുകയും പൂന്തേൻ നുകരുന്നതിനൊപ്പം കാലിലും വദനഭാഗങ്ങളിലും പറ്റുന്ന പരാഗരേണുക്കൾ അവർ അറിയാതെ തന്നെ അടുത്ത പൂവിലെ ജനിപുടങ്ങളിൽ പതിക്കുകയും ചെയ്യുന്നു . ഈ ബീജ വാഹകരെ ആകർഷിക്കാൻ ആയിട്ടാണ് സൃഷ്ടാവ് പൂക്കൾക്ക് നിറവും മണവും ചിലപ്പോൾ ദുർഗന്ധവും വരെ (അതും ചില കീടങ്ങളെ ആകർഷിക്കും) ഒക്കെ നൽകിയിരിക്കുന്നത്.
ആ പരാഗവാഹകരെ കവികൾ പൂക്കളുടെ കാമുകന്മാരായി വിശേഷിപ്പിക്കാറുണ്ട്. ഇറുന്ന് വീഴുന്നതിന് മുൻപ് തന്റെ അവസാന മണവും ആർദ്രതയും പൂന്തേനും നൽകി പൂക്കൾ പരാതികളില്ലാതെ കൊഴിയുന്നു.
അതിൽ ശ്രദ്ധേയമായ ഒരു കവി കല്പന, ശ്രീ കുമാരനാശാന്റെ വാസവദത്തയിൽ ഉണ്ട്. കര ചരണങ്ങളും മറ്റ് മദനാവയവങ്ങളും ഛേദിക്കപ്പെട്ട് ചുടുകാട്ടിൽ മരണാസന്നയായി ഉപഗുപ്തനെയും കാത്ത് കിടക്കുമ്പോൾ 'അന്തിമമാമണമർപ്പിച്ചടിവാൻ മലർ കാക്കില്ലേ ഗന്ധവാഹനെ 'എന്ന ഉപമ,അനുപമം എന്നേ പറയാനുള്ളൂ. (തന്റെ ശേഷിക്കുന്ന മണം കൂടി കാമുകനായ മന്ദമാരുതന് സമർപ്പിച്ച് മരിക്കാൻ (കൊഴിയാൻ) കാത്ത് നിൽക്കുന്ന പൂവിനെ പോലെ വാസവദത്ത ഉപഗുപ്തനെയും കാത്ത് കിടന്നു).
നമ്മുടെ ഇന്നത്തെ പ്രതിപാദ്യ വിഷയം വാസവദത്തയല്ല കേട്ടോ..
മനുഷ്യരിൽ വന്ധ്യത കൂടി വരുന്നത് പോലെ ചെടികളിലും വന്ധ്യത കാണുന്നു.
പല കാരണങ്ങൾ ഉണ്ട്. പരാഗണം ശരിയായ സമയത്ത് നടക്കാത്തതിന്റെ ഒരു കാരണം തേനീച്ചകളുടെ എണ്ണം കുറയുന്നതാണ് എന്ന നിരീക്ഷണങ്ങൾ ഉണ്ട്.
മറ്റ് പല പച്ചക്കറികളിൽ നിന്നും വ്യത്യസ്തമായി വെള്ളരി വർഗ ചെടികളിൽ, ഒരേ ചെടിയിൽ തന്നെ ആൺപൂക്കളും പെൺപൂക്കളും വേറെ വേറെ ആയി കാണും.
ദളങ്ങൾക്ക് പിന്നിൽ ഒരു പിഞ്ച് കായോട് കൂടിയുള്ള പൂക്കൾ പെൺപൂക്കളും(ചിത്രം ശ്രദ്ധിക്കുക ) ദളങ്ങൾ/ഇതളുകൾ മാത്രമുള്ളവ ആൺ പൂക്കളും ആണ്.
പെൺ പൂക്കൾ വിരിഞ്ഞാൽ അതിൽ മദജലം(nectar ) പൊടിഞ്ഞു നിൽക്കുന്ന നിശ്ചിത സമയത്തിനുള്ളിൽ (anthesis time, ജന്തുക്കളിൽ Ovulation പോലെ )ആൺ ബീജം പതിക്കണം. ഈ പ്രക്രിയ യഥാ സമയം നടക്കുന്നില്ല എങ്കിൽ പിന്നെ പെൺപൂക്കൾ 'എന്തിനോ തിളയ്ക്കുന്ന സാമ്പാർ പോലെ 'എന്ന് പറയേണ്ടി വരും.
മത്തൻ, കുമ്പളം എന്നിവയിൽ ഒക്കെയാണ് ഇപ്പോൾ ഇത്തരം വന്ധ്യത കൂടുതലായി കാണുന്നത്. പെൺപൂക്കൾ വിരിയുകയും കന്യകയായി തന്നെ കൊഴിയുകയും ചെയ്യും. അടുത്ത് ആൺപൂക്കൾ ഭോഗസന്നദ്ധരായി നിൽക്കുന്നുണ്ടാകും. 'ഒരു കൈ 'സഹായം ആഗ്രഹിച്ച് കൊണ്ട്.
മത്തൻ, കുമ്പളം എന്നിവ കൃഷി ചെയ്യുന്നവർ, ചെടിയിൽ പിഞ്ച് (ഇളം ) കായ്കൾ പിടിച്ചു തുടങ്ങുമ്പോൾ എല്ലാ ദിവസവും പോയി അന്ന് വിരിഞ്ഞ പെൺപ്പൂക്കളിൽ, അന്ന് തന്നെ വിരിഞ്ഞ ആൺപൂക്കൾ പറിച്ചെടുത്ത് ഇതളുകൾ മാറ്റി നടുക്കുള്ള മഞ്ഞ നിറത്തിലുള്ള ആൺ അവയവം കൊണ്ടോ അല്ലെങ്കിൽ ഒരു കുഞ്ഞു പെയിന്റ് ബ്രഷ് ഉപയോഗിച്ച് മഞ്ഞ നിറത്തിൽ നടുഭാഗത്തു കാണുന്ന ആൺ അവയവത്തിൽ നിന്നും പരാഗരേണുക്കൾ ഒപ്പിയെടുത്തോ പെൺ പൂവിന്റെ ദളങ്ങളുടെ നടുക്കുള്ള ജനിപുടത്തിൽ മുട്ടിച്ചു കൊടുത്താൽ (ചിത്രം ശ്രദ്ധിക്കുക) ഉറപ്പായും ആ പെൺപൂവ് കായായി മാറും.
ഇനി, ഈ പിഞ്ചുകായിൽ,കായീച്ചകൾ കുത്താതെ നോക്കണം.അതിനായി വായു സഞ്ചാരത്തിനായി ചെറിയ ദ്വാരങ്ങൾ ഇട്ട കവറുകൾ കൊണ്ട്, ദളങ്ങൾ കൂമ്പിയതിന് ശേഷം പൊതിഞ്ഞു സംരക്ഷിക്കണം.
അപ്പോൾ ഇങ്ങനെ ഒക്കെ ആണ് കാര്യങ്ങൾ സഹോ..പരാഗണത്തിന് മടിയ്ക്കുന്ന പൂക്കളെ സഹായിക്കാൻ പഠിക്കാം.
വളരാനും കീടരോഗങ്ങളിൽ നിന്നും രക്ഷിക്കാനും മാത്രമല്ല സന്താനോൽപ്പാദന ത്തിനും ചില ചെടികൾക്ക് കർഷകന്റെ ഒരു കൈ സഹായം വേണ്ടി വന്നേക്കാം.
✍🏻 പ്രമോദ് മാധവൻ