മഴക്കാലമൊഴികെ ഏതു സമയത്തും നടാവുന്ന പഴമാണ് മുന്തിരി. നല്ല വെയിൽ കിട്ടണമെന്ന് മാത്രം. ഒരു വർഷം പ്രായമായതും നല്ല വളർച്ചയുള്ളതുമായ വള്ളികൾ മുറിച്ചു നട്ടാണ് മുന്തിരിയുടെ തൈകളുണ്ടാക്കുന്നത്. മുപ്പതു സെന്റിമീറ്റർ നീളത്തിലാണ് മുറിച്ചെടുക്കേണ്ടത് വേണ്ടത്. മുറിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ഒരിക്കലും മുട്ടുകൾ മുറിയാതിരിക്കുക എന്നതാണ്. മുട്ടുകളുടെ ഒത്തു നടുക്കായി വരുന്നതു പോലെ വേണം മുറിക്കാൻ. മികച്ച വിളവ് കിട്ടാനായി ഈ മുറിച്ചെടുത്ത തണ്ടുകളെ മണലിൽ ഒരു മാസത്തോളം സൂക്ഷിക്കാം. അതിന് ശേഷം നടുന്നത് വളർച്ച കൂട്ടും. മണൽ, ഉണങ്ങിയ ചാണകപ്പൊടി, കുമ്മായം എന്നിവ ചേർത്ത് അഞ്ചു ദിവസം വെള്ളമൊഴിച്ച് മണ്ണ് കുതിർക്കണം. അതിൽ തൈകൾ കുഴിച്ചു വച്ച ശേഷം താങ്ങുകമ്പ് നാട്ടണം.
ദിവസവും കൃത്യമായി നനയ്ക്കാൻ ശ്രദ്ധിക്കണം. വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. ടെറസിലാണ് പന്തലൊരുക്കുന്നതെങ്കിൽ ടെറസിൽ നിന്ന് ആറടി ഉയരം വരെ വള്ളി വളർത്തിക്കൊണ്ടുവരണം. പന്തലിൽ വള്ളി തൊടുമ്പോൾ തലപ്പ് നുള്ളിവിടുക. ഇങ്ങനെ നുള്ളി വിടുന്ന തലപ്പുകൾ കൂടുതൽ വള്ളികളായി പന്തലിലേക്ക് പടർന്നു കയറും. ഇങ്ങനെ ചെയ്താൽ മാത്രമേ മുന്തിരിയിൽ കൂടുതൽ കായ ഉണ്ടാകുകയുള്ളൂ. ഇവ ഒരടി വളരുമ്പോൾ വീണ്ടും തലപ്പ് നുള്ളി വിടണം. ഈ പ്രക്രിയ വള്ളിപ്പന്തൽ മുഴുവൻ വ്യാപിക്കുന്നതുവരെ തുടരണം. ഏകദേശം പത്തുമാസം കൊണ്ട് ഒരു ചെടിയുടെ വള്ളികൾ ഒരു സെന്റോളം സ്ഥലത്ത് വളരും. സാധാരണയായി ഒന്നര വർഷം വളർച്ചയെത്തുമ്പോഴാണ് മുന്തിരി പൂക്കാൻ തുടങ്ങുന്നത്.
ചെടിക്ക് വർഷംതോറും നൂറു കിലോയോളം ജൈവ വളം ആവശ്യമാണ്. ചാണകം, കമ്പോസ്റ്റ്, വെർമിക്കമ്പോസ്റ്റ് തുടങ്ങിയവ ജൈവവളമാക്കാം. പൂവിടുന്ന സമയത്പൊട്ടാഷ് (ചാരം ) നൽകേണ്ടത്. മുന്തിരിക്കുലകൾ ചെടിയിൽ വച്ചുതന്നെ പഴുക്കുന്നതാണ് നല്ലത്. പഴങ്ങൾ പറിച്ച ശേഷം വീണ്ടും കൊമ്പുകോതിയാൽ ഒരു വർഷം തന്നെ മൂന്നുതവണ വിളവെടുക്കാം. കിളികളുടെ ഉപദ്രവം ഉണ്ടാവാതിരിക്കാൻ കുലകളെ നെറ്റ് വിരിച്ച് സംരക്ഷിക്കാവുന്നതാണ്. വെർമി ടീ (മണ്ണിര കമ്പോസ്റ്റ് നിർമ്മിക്കുമ്പോൾ ലഭിക്കുന്നത് ) ഇലകളിൽ നേർപ്പിച്ച് തളിച്ചാൽ ഇലച്ചുരുളൽ രോഗം മാറിക്കിട്ടും. ചുവട്ടിലെ മണ്ണ് ഇളകിപോകാതെയും എപ്പോഴും ഈർപ്പം നിലനിർത്താനും ശ്രദ്ധിക്കണം. വിളവെടുക്കുന്നതിന് ഒരാഴ്ച മുമ്പ് നനയ്ക്കുന്നത് നിർക്കണം. ഇത് മുന്തിരിയുടെ മധുരം കൂട്ടാൻ സഹായകരമാകും.
കടപ്പാട് : കേരള കൗമുദി, കൃഷി ദീപം