മഴയിൽ വാരത്തിന്റെ വശങ്ങൾ ഇടിഞ്ഞിട്ടുണ്ടെങ്കിൽ കേട് പോക്കുക. പച്ചിലകൾ തണ്ടു സഹിതം ചെടികളുടെ ഇടയിലൂടെ വയ്ക്കുക. മൂടുചീയൽ പ്രതിരോധിക്കുന്നതിന് ബാസില്ലസ് സബിലിസ് അല്ലെങ്കിൽ സ്യൂഡോമോണാസ് ലായനി തണ്ടിനോടു ചേർത്ത് മണ്ണിൽ പ്രയോഗിക്കുക. തണ്ടുതുരപ്പൻ പുഴുവിന്റെ മുട്ടകൾ നശിപ്പിക്കുന്നതിന് ട്രൈക്കോ കാർഡുകൾ ഉപയോഗിക്കാം. ചിതൽ, നിമാവിരകൾ എന്നിവയെ നിയന്ത്രിക്കാൻ ഇപിഎൻ ഫലപ്രദം.
കുരുമുളക്
കാലവർഷം തീരുമ്പോൾ ദ്രുതവാട്ട സാധ്യതയുള്ളതിനാൽ മഴ കുറയുമ്പോഴോ നല്ല തെളിവുള്ളപ്പോഴോ സ്യൂഡോമോണാസ് അല്ലെങ്കിൽ ബാസില്ലസ് സബിലിസ് ലായനി 500 മില്ലി എങ്കിലും കുരുമുളകിന്റെ തണ്ടിനോടു ചേർത്ത് മണ്ണിലൊഴിക്കുന്നത് ഒരു പരിധിവരെ രോഗബാധയെ ചെറുക്കും. സാവധാനവാട്ടം ബാധിച്ചവയ്ക്ക് അസോസ്പൈറില്ലം, സ്യൂഡോമോണാസ് എന്നിവ 40 ഗ്രാം വീതവും ഇപിഎൻ 2 ഗ്രാമും ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ചോ പിജിപിആർ(PGPR) ലായനിക്കൊപ്പം ഇപിഎൻ കൂടി ചേർത്തോ വേരുഭാഗത്തു നൽകുന്നത് ചെടികളുടെ ആരോഗ്യം വീണ്ടെടുക്കാൻ സഹായകം. പിജിപിആർ മിശ്രിതത്തിൽ പെസിലിയോമൈസെറ്റ്സ് അടങ്ങിയിട്ടുണ്ടെങ്കിൽ ഇപിഎൻ ഫലപ്രദമാകില്ല. പൊള്ളുരോഗം ഒഴി വാക്കുന്നതിനും നിയന്ത്രിക്കുന്നതിനും ബാസില്ലസ് സബിലിസ് (20 ഗ്രാം ഒരു ലീറ്ററിൽ) പ്രേ ചെയ്തു കൊടുക്കാം.
കിഴങ്ങുവർഗവിളകൾ
കളനിയന്ത്രണം നടത്തുക. ഉടലി(കൂന)നു പുറത്ത് വളമിടുക. കാച്ചിൽ തുടങ്ങിയവയുടെ വള്ളികൾ താങ്ങുമരത്തിൽ വച്ചു കെട്ടുക. ചേനയുടെ തണ്ടിനോടു ചേർന്ന് മണ്ണിലേക്ക് ചേനയുടെ മേൽ എത്തുന്ന വിധം സ്യൂഡോമോണാസ്/ബാസില്ലസ് സബിലിസ് ലായനി ഒഴിച്ചു കൊടുക്കുന്നത് കുമിൾ രോഗബാധ ഒഴിവാക്കും. വൈകുന്നേരം നനവുള്ള മണ്ണിലേക്കാണ് ഒഴിക്കേണ്ടത്.
പുലോസാൻ, റംബുട്ടാൻ
വിളവെടുപ്പ് പൂർത്തിയായശേഷം മരത്തിൽ ബാക്കി നിൽക്കുന്ന കുലകൾ അടിയിലെ 2 ഇലകൾക്കു താഴെ വച്ച് മുറിച്ചു മാറ്റുക. വിളവെടുപ്പ് പൂർത്തിയായാലുടൻ തടിയിൽനിന്നു മരത്തിന്റെ ഇലച്ചാർത്തിന്റെ മുക്കാൽ ഭാഗം അകലെ ജൈവവളം 5 കിലോ നൽകുന്നതൊപ്പം 3 ഗ്രാം യൂറിയ ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച ലായനിയോ നാനോ യൂറിയ 2 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച ലായനിയോ പ്രേ ചെയ്യുക.
മാങ്കോസ്റ്റീൻ
ഈ വർഷം കായ പൊട്ടി കറ വന്നതോ കായയ്ക്കുള്ളിൽ പഴത്തിന് കട്ടി കൂടി വിപണനനിലവാരം ഇല്ലാതാവുകയോ ചെയ്ത മരങ്ങളിൽ കാത്സ്യം നൈട്രേറ്റ് പ്രേയും സൾഫേറ്റ് ഓഫ് പൊട്ടാഷ് യും 10 ദിവസത്തെ ഇടവേളയിൽ ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ നൽകിയാൽ വരും സീസണിൽ ഈ പ്രശ്നം കുറയും. നിലവിൽ നൽകിവരുന്ന ജൈവവള രാസവള പോഷണത്തിനു പുറമേയാവണം ഇത്. ഈ വർഷം നന്നായി വിളവ് നൽകിയ പല മരങ്ങളിലും സിങ്കിന്റെ കുറവ് ഇലകളിൽ കാണാം. ഇരുമ്പിന്റെ അംശം ഇല്ലാത്തതും സിങ്കും മഗ്നീഷ്യവും അടങ്ങിയതുമായ സൂക്ഷ്മപോഷക (Micro nutrient) യും നൽകാം. സൂക്ഷ്മമൂലക മിശ്രിതത്തിൽ ഇരുമ്പ് ചെറിയ അളവിൽ പോലും ഉണ്ടെങ്കിൽ അതു പ്രയോഗിക്കരുത്.
വാഴ
ആറു മാസത്തിനു മേൽ പ്രായമുള്ള വാഴകളിലെ ഉണങ്ങിയ ഇലകൾ തടയോടു ചേർത്ത് മുറിച്ചു മാറ്റണം. നന്മ, ശക്തി എന്നീ ജൈവകീടനാശിനികളിൽ ഒന്നോ ബ്യുവേറിയയോ ഇലക്കവിളുകളിൽ നിറയ്ക്കുന്നത് കീടബാധ നിയന്ത്രിക്കും. ഇലകൾ ചൂടുവെള്ളം വീണതുപോലെ വാടിയിട്ടുണ്ടെങ്കിൽ അതിരാവിലെ സൂക്ഷ്മമായി പരിശോധിച്ചാൽ ചെറിയ പ്രാണികളെ(മണ്ഡരിയെ) കാണാം. ഇവയെ നിയന്ത്രിക്കുന്നതിന് വെർട്ടിസീലിയം (20 ഗ്രാം/ലീറ്റർ വെള്ളത്തിൽ) ഇലയുടെ അടിഭാഗങ്ങളിലും കൂമ്പിലും ചെയ്യുക.
കാത്സ്യക്കുറവുകൊണ്ട് ഉണ്ടാകുന്ന വെള്ളക്കൂമ്പ, ഇലയുടെ പകുതി മാത്രം വിരിയൽ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ കാത്സ്യം നൈട്രേറ്റ് പ്രയാണ് ആവശ്യം. ഇതിന് കുറവിന്റെ തീവ്രത അനുസരിച്ചു 3 ഗ്രാം മുതൽ 5 ഗ്രാം വരെ കാത്സ്യം നൈട്രേറ്റ് ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ചത് പ്രയോഗിക്കണം.
തെങ്ങ്
ഈ വർഷം തൈ നട്ട് കുഴികളിൽ ഒപ്പം നട്ട നീലക്കൂവ വേരുപിടിച്ചോയെന്ന് നോക്കുക. ഇപിഎൻ തെങ്ങിൻകുഴിയിൽ പ്രയോഗിക്കുന്നത് ചിതലിനെ നിയന്ത്രിക്കും. തെങ്ങിൻ തടത്തിൽ പച്ചിലവളം ഇടുന്നത് തുടരുക. തെങ്ങിൻ തടിയിൽ നിന്ന് 30 സെ.മീ. അകലത്തിലാകണം പച്ചിലകൾ ഇടേണ്ടത്. പച്ചിലകളുടെ അഴുകൽ വേഗത്തിലാക്കാൻ ഇടയ്ക്ക് ചാണകവെള്ളം അവയ്ക്കുമീതേ ഒഴിക്കണം. തുലാവർഷത്തിനു മുൻപ് ഇവ അഴുകുന്നത് തടത്തിലെ മണ്ണിന്റെ ജലാഗിരണശേഷി കൂട്ടും. ജൈവവളം തയാറാക്കുന്നിടങ്ങളിൽ അഴുകൽ വേഗത്തിലാക്കാൻ പച്ചച്ചാണകലായനിയും അതിനു മുകളിൽ ഇഎം ലായനിയും ഒഴിക്കണം.
പച്ചക്കറി വിളവെടുപ്പ് തുടരാം
വെള്ളരിവർഗവിളകളുടെ തടങ്ങളിൽ ഇപിഎൻ ലായനി (2 ഗ്രാം/ലീറ്റർ വെള്ളത്തിൽ ) ഒഴിക്കുന്നതുവഴി മത്തൻ വണ്ടുകളുടെ മണ്ണിലുള്ള പുഴുക്കളെയും സമാധി ദശയെയും നശിപ്പിക്കാൻ സാധിക്കും. ഈ പുഴുക്കൾ വേരു തിന്നുന്നതുകൊണ്ടാണ് 50 ദിവസത്തിനുശേഷം ഇവയിൽ മഞ്ഞനിറം വരികയും വളർച്ചയും വിളവും കുറയുകയും ചെയ്യുന്നത്.
വെള്ളീച്ചയുടെ സാന്നിധ്യം കാണുകയാണെങ്കിൽ വേപ്പധിഷ്ഠിത സംയുക്തങ്ങൾ ഇലയുടെ അടിഭാഗത്ത് വീഴത്തക്കവിധത്തിൽ സ്പ്രേയറിന്റെ നോസിൽ താഴ്ത്തിപ്പിടിച്ച് അടിച്ചു കൊടുക്കണം. മൃദുരോമ പൂപ്പൽ(downy mildew), ചവർണ പൂപ്പൽ(powdery mildew) എന്നിവ നിയന്ത്രിക്കുന്നതിന് ബാസില്ലസ് സബിലിസ് ഫലപ്രദം.
ഓണക്കാല പച്ചക്കറികൾക്ക് ഉൽപാദനം കൂട്ടുന്നതിന് മാസാദ്യം നാനോ ഡിഎപിയുടെ 2 മില്ലി / ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ നൽകിയതിന്റെ പിറ്റേന്ന് സൾഫേറ്റ് ഓഫ് പൊട്ടാഷ് 4 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ ചേർത്ത് പ്രേ ചെയ്യുക.
ഓർക്കിഡ്, ആന്തൂറിയം
ഒച്ച് നിയന്ത്രണം തുടരുക. രോഗബാധയിൽനിന്ന് സംരക്ഷിക്കുന്നതിന് സ്യൂഡോമോണാസ് അല്ലെങ്കിൽ ബാസില്ലസ് സബിലിസ് പ്രയോഗിക്കുക. പുഷ്പകൃഷിയിലും ഉദ്യാനപരിപാലനത്തിലും സസ്യപോഷ mmmm (N,P,K) mɔɑmɔ DAP Sulphate of Potash വളരെ ഫലപ്രദമാണ്. ഓർക്കിഡുകളിൽ ഇവയുടെ പ്രയോഗത്തിന്റെ ഫലം വളരെ പെട്ടെന്നുതന്നെ അറിയാം.
ജാതി
ജാതിയിൽ ഉണ്ടാകുന്ന തലമുടിരോഗം (കറുപ്പ്, വെള്ള) ഈ വർഷം വ്യാപകം. രോഗം ബാധിച്ച ജാതിയിൽ തൂങ്ങിക്കിടക്കുന്ന ഇലകൾ തോട്ടി ഉപയോഗിച്ചു വലിച്ചു താഴെ ഇടുക. ജാതിയുടെ ചുവട്ടിൽ കിടക്കുന്ന ഇലകളും വലിച്ചു താഴെയിട്ട ഇലകളും അടിച്ചുകൂട്ടി തീയിടുക. തോട്ടത്തിൽ നിൽക്കുന്ന ആഞ്ഞിലിയുടെ ഇലകളും ചെയ്യേണ്ടതുണ്ട്. ഇത് ഇലകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന സ്പോറുകളെ നശിപ്പിക്കും. തലമുടി രോഗം ഏറ്റവും ആദ്യം കാണുന്ന മരത്തിനടുത്ത് ആഞ്ഞിലിയുള്ള തായി മിക്ക തോട്ടങ്ങളിലും കണ്ടിട്ടുണ്ട്. ഇത് ഈ രോഗവ്യാപനവും ആഞ്ഞിലിയും തമ്മിൽ ബന്ധമുണ്ട് എന്ന നിഗമനത്തിൽ എത്തിച്ചേരാൻ നിർബന്ധിതമാക്കി. ഈ രോഗം നിയന്ത്രിക്കുന്നതിന് ലേബൽ ക്ലെയിം ഉള്ള കുമിൾ നാശിനികൾ ഒന്നും നിലവിലില്ല. എന്നാൽ വിപണിയിൽ ലഭ്യമായ, നെല്ലിനുള്ള 2 കുമിൾനാശിനികൾ(നേറ്റീവോ, പെൻ റോൺ) രോഗനിയന്ത്രണത്തിന് ഉപകരിക്കുന്നതായി കണ്ടിട്ടുണ്ട്.
ഇവ യഥാക്രമം 0.75 ഗ്രാമും 75 മില്ലിയും ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ കലക്കി, പുതുതലമുറയിൽപ്പെട്ട nonionic surfactant ഏതെങ്കിലും ചേർത്ത് തടിയിലും ഇലയുടെ അടിയിലും ശിഖരങ്ങളിലും നന്നായി കുളിർപ്പിച്ച് സ്പ്രേ ചെയ്യണം. ഒരു മാസത്തിനുശേഷം പൊഴിഞ്ഞു കിടക്കുന്ന ഇലകൾ കത്തിക്കുന്നതോടൊപ്പം സ്പ്രേ ആവർത്തിക്കുകയും വേണം. തലമുടി രോഗം റബർ, കൊക്കോ, മുള, കൈത, കറുവ, ഗ്രാമ്പൂ തുടങ്ങിയ മരങ്ങളെയും ബാധിക്കും.