ട്രോളിംഗ് നിരോധനത്തിന് പിന്നാലെ മീനിനെല്ലാം വില പെട്ടന്നാണ് കുതിച്ചുയർന്നത്. കേരളത്തിൽ മത്സ്യലഭ്യത കുറഞ്ഞതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ചീഞ്ഞ മീനുകൾ മാർക്കറ്റിലെത്തുന്നതായി പരാതിയുയർന്നിട്ടുണ്ട്. പല കടകളിലും മീനുകൾക്കൊന്നും കാര്യമായ ക്ഷാമം അനുഭവപ്പെടുന്നില്ലെന്ന് ഉപഭോക്താക്കൾക്ക് തോന്നാൻ കാരണവും ഇത്തരത്തിലുള്ള മീനിന്റെ വരവാണ്.
കർണാടക, തമിഴ്നാട്, ആന്ധ്ര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും കണ്ടെയിനറുകളിൽ എത്തുന്ന പഴകിയ മത്സ്യങ്ങളാണ് നഗരപ്രദേശം വിട്ടുള്ള തീര പ്രദേശങ്ങളിൽ വിൽപ്പനയ്ക്ക് എത്തുന്നത്. അമോണിയ, ഫോർമാലിൻ പോലെയുള്ള രാസ വസ്തുക്കൾ ചേർത്ത മത്സ്യങ്ങളാണ് ഇവ. മതിയായ ജീവനക്കാരില്ലാത്തതും പരിശോധനാ സംവിധാനങ്ങളുമില്ലാത്തതുകാരണം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയും ഫലപ്രദമാകുന്നില്ല. അതിനാൽ വാങ്ങുന്ന നാം തന്നെ നല്ലതാണോ എന്ന് നോക്കിയ ശേഷം വാങ്ങിക്കുന്നതാണ് ഉത്തമം.
നല്ല മീനാണോ? അറിയാൻ വഴികളിതാ...
മീനിന്റെ ചെകിളയുടെ നിറം മാറ്റം നോക്കി പഴക്കം കണ്ടെത്തുന്നതായിരുന്നു പഴയ രീതി. എന്നാൽ ഇപ്പോൾ കണ്ട് വരുന്നത്, അറവു ശാലകളിൽ നിന്ന് ശേഖരിക്കുന്ന രക്തം ചെകിളയിൽ തേച്ചു പിടിപ്പിച്ച് വിൽപ്പനയ്ക്ക് വെക്കുന്ന രീതിയാണ്. അതിനാൽ ഇത്തരത്തിൽ കണ്ടുപിടിക്കാൻ പാടാണ്.
നല്ല മത്സ്യത്തിന്റെ കണ്ണുകൾക്കും ശരീരത്തിനും സ്വാഭാവിക തിളക്കം, വെളുപ്പ് എന്നിവ കാണാം. കേടായ മീനിന്റെ കണ്ണിൽ ചോരയും വെള്ളവും കലർന്ന നിറമോ ചാര,മഞ്ഞ നിറമോ ഉണ്ടാകും.
കേടാകാത്ത മത്സ്യത്തിന്റെ പ്രതലത്തിൽ വിരൽ കൊണ്ട് അമർത്തിയാൽ അത് ആദ്യം കുഴിഞ്ഞുപോകും ഉടൻ പൂർവസ്ഥിതിയിലാകുകയും ചെയ്യും. എന്നാൽ കേടായ മത്സ്യം അമർത്തിയാൽ അത് കുഴിഞ്ഞുതന്നെ ഇരിക്കും.
മായം കലർന്നിട്ടുണ്ടെങ്കിൽ മീനിന്റെ സ്വാഭാവിക ഗന്ധം നഷ്ടപ്പെടും. ചീഞ്ഞു തുടങ്ങിയ മീനിന് കനത്തതും അമോണിയയുടേതിന് സമാനവുമായ ഗന്ധമുണ്ടാകും.
മത്സ്യം വൃത്തിയാക്കിയെടുക്കുമ്പോൾ നട്ടെല്ലിന്റെ ഭാഗത്തുനിന്നു വരുന്ന രക്തം നല്ല നിറത്തോടെയുള്ളതാണെങ്കിൽ മീൻ ഫ്രഷാണെന്ന് മനസിലാക്കാം. കേടായ മത്സ്യം കറിവെച്ചാൽ മുള്ളും ഇറച്ചിയും വെവ്വേറെയായി മാറും.
ശ്രദ്ധിക്കുക, ഫ്രഷ് ആണെന്ന് ഉറപ്പുള്ള ഇടങ്ങളിൽ നിന്ന് മാത്രം മീൻ വാങ്ങുക. മീൻ വാങ്ങുമ്പോൾ ഗന്ധം ശ്രദ്ധിക്കുക. അമോണിയ, ഫോർമാലിൻ ഇവയുടെ ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ ആ മീൻ ഒഴിവാക്കാം.