എലിപ്പനി ബാധിച്ച് മനുഷ്യൻ മരണപ്പെടുന്ന വാർത്ത നാം നിത്യവും കേൾക്കുന്നുണ്ട്. ലെപ്റ്റോസ്പൈറ എന്ന അണുബാധ മൂലമാണ് എലിപ്പനി വരുന്നത്. ഇത്തരം അണുക്കൾ രോഗവാഹകരായ എലി, പട്ടി, പശു എന്നിവയുടെ മൂത്രത്തിൽക്കൂടിയാണ് മനുഷ്യരിലേക്ക് പകരുക. തൊലിപ്പുറത്തുള്ള മുറിവ്, വായ, കണ്ണ്, മൂക്ക് തുടങ്ങിയ ഭാഗത്തുകൂടിയാണ് രോഗാണുക്കൾ മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നത്. പാടത്ത് പണിയെടുക്കുന്നവർക്കും, മൃഗങ്ങളുമായി നേരിട്ട് സമ്പർക്കം വരുന്നവർക്കുമാണ് ഈ അസുഖം വരാനുള്ള സാധ്യത കൂടുതൽ. കേരളത്തിൽ ഇപ്പോൾ നാം കണ്ടുവരുന്നത് അസുഖം വന്നു കഴിഞ്ഞാൽ കുറേപ്പേർ മരിക്കുകയും കുറെപ്പേർ ചികിത്സയിലൂടെ രക്ഷപ്പെടുകയും ചെയ്യുന്നതാണ്.
ആരോഗ്യ രംഗത്ത് നാം മുൻപിലാണെന്ന് "സ്വയം അഭിമാനിക്കുമ്പോഴും ഇത്തരം അസുഖങ്ങൾ വരാതിരിക്കാനുള്ള മുൻകരുതൽ എടുക്കുന്നതിൽ നാം പരാജയപ്പെടുകയാണ്. എലിപ്പനി ഏതു മേഖലയിൽനിന്ന് വന്നു, രോഗിക്ക് ഏതു സാഹചര്യത്തിലാണ് അണുബാധ ഉണ്ടായത്. ഇത്തരം കാര്യങ്ങളെക്കുറിച്ചൊന്നും തുടരന്വേഷണമോ പ്രതിവിധികളോ ഉണ്ടാകുന്നില്ല. അസുഖം വരാൻ സാധ്യത കൂടുതലുള്ള വ്യക്തികൾക്കും തൊഴിലാളികൾക്കും കയ്യുറകളും, ബൂട്ടും ലഭ്യമാക്കുകയും, ശരിയായ അവബോധം സൃഷ്ടിക്കുകയും വേണം. വളർത്തുമൃഗങ്ങളിൽ ഇത്തരം അസുഖങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ പട്ടികളുമായി ഇടപഴകുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. മൃഗങ്ങളോടുള്ള സ്നേഹം പ്രകടിപ്പിക്കുമ്പോൾ തന്നെ മതിയായ സുരക്ഷിതത്വവും ഉറപ്പാക്കണം. മൃഗങ്ങളെ പരിചരിച്ചതിന് ശേഷം, അത് എത്ര തന്നെ അരുമയായാലും കൈകഴുകി എന്ന് ഉറപ്പ് വരുത്തണം.
കേരളത്തിൽ പച്ചമാംസം കഴിച്ച് വളർന്ന പട്ടികൾ തെരുവിലുള്ളതുകൊണ്ടാണ് തെരുവുപട്ടികൾ കടിക്കുന്നതെന്നാണ് നാം പറയുന്നത്. പക്ഷേ നാം പറയാതെ പോകുന്ന ഒരു സത്യമുണ്ട്, പേയിളകിയ എല്ലാ പട്ടികളും കടിക്കും. മനുഷ്യനെ കടിച്ച പട്ടികളെ നാട്ടുകാർ പിടികൂടി നിരീക്ഷിക്കുകയും, തുടർന്ന് ചത്തുപോവുകയും ചെയ്യുന്നത് നിത്യസംഭവങ്ങളാണ്. അത്തരം പട്ടികളെ പോസ്റ്റുമോർട്ടം ചെയ്തപ്പോൾ എല്ലാ പട്ടികൾക്കും പേ ഉണ്ടായിരുന്നു എന്നാണ് തെളിഞ്ഞത്. അതിനർഥം രക്തം കലർന്ന മാംസം കിട്ടാഞ്ഞിട്ടല്ല, പകരം പേയിളകിയ പട്ടികളായിരുന്നു ഓടി നടന്ന് കാണുന്നവരെയൊക്കെ കടിക്കുന്നതിൽ ഭൂരിഭാഗവും എന്നതാണ്. ഈ ഭീകരസത്യം ഇനിയെങ്കിലും അധികാരികൾ തുറന്ന് പറയണം. പേപ്പട്ടി കടിച്ച് മരണപ്പെട്ടാൽ വാർത്തകൾക്ക് പിന്നാലെ മീറ്റിങ് കൂടി ABCയെ കുറ്റം പറഞ്ഞ് വാർത്താ സമ്മേളനവും നടത്തി പിരിയുന്ന പതിവ് കലാപരിപാടിക്കപ്പുറം നമ്മൾ ഒന്നും ചെയ്യുന്നില്ല.
ഈ പേ ഇളകിയ പട്ടി എവിടുന്ന് വന്നു? മറ്റു പട്ടികളെ കടിച്ചിട്ടുണ്ടോ? സ്ഥിരമായി ഒരു മേഖലയിലുള്ള പട്ടികളാണോ? കടിച്ചതിനു ശേഷം ഈ പട്ടി എങ്ങോട്ട് പോയി? തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാനുള്ള സംവിധാനം നിലവിലില്ല. പേയിളകിയ പട്ടി മറ്റു പട്ടികളെ കടിച്ചിട്ടുണ്ടാകും. സ്വാഭാവികമായും ആ പട്ടികൾക്കും അസുഖം വരാം. വ്യാപകമായി പട്ടികടിയുടെ വാർത്ത വരുന്നതിനു പിന്നിൽ, പേവിഷബാധയേറ്റ തെരുവു നായ്ക്കൾ കേരളത്തിൽ വ്യാപകമായി എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത്തരം സാഹചര്യത്തിൽ ABC എന്ന തുറുപ്പ് ചീട്ട് മാറ്റിവച്ച് മനുഷ്യജീവനെ സംരക്ഷിക്കാനുള്ള മാർഗം അടിയന്തിരമായി സർക്കാർ കൈക്കൊള്ളേണ്ടിയിരിക്കുന്നു. കോഴിയിറച്ചിയിൽ നിന്ന് സാൽമൊണല്ല എന്ന ഭക്ഷ്യവിഷബാധയേറ്റ് മരണം സംഭവിച്ചപ്പോൾ, വാർത്തകൾക്ക് പിന്നാലെ ഹോട്ടലുകൾക്കെതിരെ നടപടിയെടുത്ത് നടപടികൾ അവസാനിപ്പിച്ചു. ഉറവിടം തേടി പോയതായി അറിവില്ല. ഇത്തരം അസുഖങ്ങൾ ജന്തുജന്യ രോഗങ്ങളാണെന്നും, അതിന്റെ ഉറവിടം മൃഗങ്ങളാണെന്നും, അതിനാൽ ഇവയെ നിയന്ത്രിക്കേണ്ടത് മൃഗങ്ങളിലാണെന്നും ആദ്യം മനസ്സിലാക്കേണ്ടത് സർക്കാരാണ്. അല്ലാതെ അസുഖം വന്നതിന് ശേഷം കുറച്ച് പേരെ മരണത്തിനു വിട്ടു കൊടുക്കുകയും കുറെപ്പേരെ ചികിത്സിച്ച് ഭേദമാക്കുകയുമല്ല ചെയ്യേണ്ടത്.
"ഏകാരോഗ്യം' എന്ന രീതിയാണ് പരിഷ്കൃത സമൂഹം അവലംബിക്കേണ്ടത്. മൃഗങ്ങളിൽ നിന്നും അസുഖം പടരാതിരിക്കാനും അത്തരം അസുഖങ്ങൾ മനുഷ്യരിലേക്ക് എത്താതിരിക്കാനും
ആരോഗ്യരംഗത്തേയും മൃഗസംരക്ഷണ രംഗത്തേയും ഡോക്ടർമാർ ചേർന്നുള്ള 'ഏകാരോഗ്യം' (one health) സംവിധാനം നിലവിൽ വരേണ്ടതാണ്. "വെറ്ററിനറി പബ്ലിക് ഹെൽത്ത്' എന്ന വിഭാഗം രൂപീകരിച്ച് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കുള്ള രോഗങ്ങളുടെ വ്യാപനം തടയാനുള്ള നടപടിയുണ്ടാകണം.