ലോകത്തിലെ ഏഴാമത്തെ വലിയ രാജ്യമായ ഇന്ത്യയുടെ, തെക്ക് പടിഞ്ഞാറേ മൂലയിൽ പടിഞ്ഞാറോട്ട് ചരിച്ച് വച്ച ഒരു പലക പോലെയാണ് കേരളത്തിന്റെ കിടപ്പ്.
പടിഞ്ഞാറോട്ടെഴുകുന്ന നാല്പത്തൊന്നും കിഴക്കോട്ട് ഒഴുകുന്ന മൂന്നും പുഴകൾ നമുക്കുണ്ട്. ദൈർഘ്യം കൊണ്ടും വഹിക്കുന്ന വെള്ളത്തിന്റെ അളവ് കൊണ്ടും,ഭാരതത്തിലെ മഹാനദികളുമായി താരതമ്യം ചെയ്യാൻ പോലുമാകാത്തവയാണ് നമ്മുടെ പുഴകൾ.
ഒരു വർഷം മുന്നൂറ് സെന്റിമീറ്റർ മഴ പെയ്യുമ്പോൾ, അതും 130-135 ദിവസങ്ങളിലായി പെയ്യുമ്പോൾ, അതൊക്കെ യഥാസമയം ഒഴുക്കി കടലിൽ എത്തിക്കാൻ ഇവർ നമ്മെ സഹായിക്കുന്നു.
നമ്മളെ സംബന്ധിച്ചിടത്തോളം മഴ നായകനും പ്രതിനായകനുമാണ്.
നമുക്ക് കിട്ടുന്ന മഴ കുറച്ച് കൂടി സമതുലിതമായി, വർഷം മുഴുവനുമായി പെയ്തിരുന്നെങ്കിൽ നമുക്ക് കൂടുതൽ കാർഷികാഭിവൃദ്ധി ഉണ്ടാകുമായിരുന്നു.
ദീർഘകാല വിളകളെ സംബന്ധിച്ച് ഇടയ്ക്ക് ഒരു മഴയില്ലായ്മ (dry spell )നല്ലതാണ്. അത് സൃഷ്ടിക്കുന്ന ഒരു സംഘർഷം അഥവാ stress ആണ് കൂടുതൽ പൂക്കൾ പിടിക്കാനും തദ്വാരാ വിളവ് കൂടാനും കാരണമാകുന്നത്. പ്രധാനമായും കുരുമുളകിലും കാപ്പിയിലും മറ്റും.
അതായത് മഴയും വേണം മഴയില്ലായ്മയും വേണം പല കാർഷിക വിളകൾക്കും.
കേരളത്തിന്റെയും , ഒരു പരിധി വരെ പശ്ചിമഘട്ടത്തോട് ചേർന്ന് കിടക്കുന്ന തമിഴ് നാടൻ ജില്ലകളുടെയും നിലനിൽപ്പ് ഈ മഴയിലാണ്. ഭൂഗർഭജലം റീചാർജ് ചെയ്യപ്പെടണമെങ്കിൽ മഴ നന്നായി പെയ്യുക തന്നെ വേണം. നമ്മുടെ പല ഡാമുകളുമാണ്(മുല്ലപ്പെരിയാർ പോലെ) അതിർത്തി ജില്ലകളിലെ കൃഷിയെ നില നിർത്തുന്നത്.
കൃഷിയെ നില നിർത്തുന്ന പഞ്ചഭൂതങ്ങൾ ആണ് ഭൂമി(മണ്ണ്), വായു, വെള്ളം, അഗ്നി (ചൂട്), ആകാശം (വെയിൽ, വികിരണങ്ങൾ) എന്നിവ. ഇതിൽ വരുന്ന മാറ്റങ്ങൾ വിളകളെ അനുകൂലമായും പ്രതികൂലമായും സ്വാധീനിക്കുന്നു.
കാലവർഷം, തുലാവർഷം, വേനൽ മഴ എന്നിവ കൃഷിയിൽ വ്യത്യസ്തമായ ചലനങ്ങൾ ആണ് ഉണ്ടാക്കുന്നത്.
ശക്തമായ വറുതിയ്ക്കു ശേഷം പെയ്യുന്ന കാലവർഷം മണ്ണിനും അന്തരീക്ഷത്തിനും തണുപ്പ് നൽകുന്നു. മണ്ണ് ജലപൂരിതമാകുന്നു. വെള്ളം മണ്ണിൽ കെട്ടിനിന്നാൽ അഴുകലിനും ഫംഗൽ രോഗങ്ങൾക്കും കാരണമാകുന്നു. മഴയോടൊപ്പം ആകാശം മൂടിക്കെട്ടി നിൽക്കുമ്പോൾ വെയിൽ ലഭ്യത കുറയുന്നു. ചെടികളുടെ വളർച്ച മന്ദഗതിയിൽ ആകുന്നു. (ഉദാഹരണമായി ഉമ എന്ന നെല്ലിനം ഒന്നാം വിളക്കാലത്ത് (ഏപ്രിൽ -സെപ്റ്റംബർ )മൂപ്പെത്താൻ 130-135 ദിവസം എടുക്കുമ്പോൾ രണ്ടാം വിള കാലത്ത് (120-125) മതിയാകും. കിട്ടുന്ന 'വെയിൽ മണിക്കൂറുകൾ' (sunshine hours) വ്യത്യസ്തമായത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
കാലവർഷം (South West Monsoon ) ജല സംരക്ഷണത്തിനായി വെള്ളം കെട്ടി നിർത്താൻ കഴിയാത്ത വിധം ശക്തമായിരിക്കും.
സാധാരണ ഗതിയിൽ അവ കെട്ടിനിൽക്കേണ്ടിയിരുന്നത് ഏഴ് ലക്ഷത്തോളം വരുന്ന നെല്പാടങ്ങളിലും ചതുപ്പുകളിലും, പണ്ട് കാലങ്ങളിൽ എല്ലാ പുരയിടങ്ങളിലും വ്യാപകമായി എടുത്ത് വന്നിരുന്ന വിശാലമായ തെങ്ങിൻ തടങ്ങളിലും ആയിരുന്നു. ഇന്ന് നെല്പാടങ്ങൾ നികന്ന് രണ്ട് ലക്ഷം ഹെക്റ്ററിൽ താഴെയായിരിക്കുന്നു. കൂലിചെലവ് കൂടിയതിനാൽ തെങ്ങിൻ തടങ്ങൾ തുറക്കുന്നത് മലയാളി കുറച്ചിരിക്കുന്നു. വീട്ടു മുറ്റങ്ങളിൽ നിന്നും എങ്ങനെ എങ്കിലും വെള്ളം പെട്ടെന്ന് ഒഴുക്കിക്കളയാൻ ഉള്ള വ്യഗ്രതയിലാണ് ഏറെപ്പേരും.സ്വാഭാവികമായും ഭൂഗർഭ ജല പോഷണം (Ground water recharging) വേണ്ടത്ര നടക്കുന്നില്ല.
അനിയന്ത്രിതമായ ജലഉപഭോഗവും തദനുസൃതമായ റീചാർജിങ്ങും ഇല്ലാത്തതിനാൽ പല പ്രദേശങ്ങളിലും വേനൽക്കാലത്ത് ജല നിരപ്പ് (water table) ആശങ്ക ജനിപ്പിക്കും വിധം താഴ്ന്നുപോകുന്നു.
തുലാവർഷ മഴ(North East Monsoon) അല്പം തീവ്രത കുറഞ്ഞതാകയാൽ അതിനെ കുറെയൊക്കെ മണ്ണിൽ പിടിച്ചു നിർത്താൻ കഴിയും. തെങ്ങ് പോലുള്ള വിളകളിൽ തടങ്ങളിൽ തൊണ്ടടുക്കുക, പുതയിടുക, ഇടവിള കൃഷി (ബഹുതല-ബഹുവിള കൃഷി) ചെയ്യുക എന്നതിലൂടെയൊക്കെ കൂടുതൽ വെള്ളത്തെ മണ്ണിന്റെ ഉപരിതലത്തിൽ പിടിച്ച് വയ്ക്കാൻ സാധിക്കുന്നു.
മണ്ണ് കൂന കൂട്ടി വയ്ച്ച് വെള്ളം പരമാവധി പിടിച്ച് വയ്ക്കുന്ന പതിവും ഉണ്ട്.
ചരിവില്ലാത്ത ഇടങ്ങളിൽ മഴക്കുഴികൾ നിർമ്മിക്കുക, ടെറസിൽ വീഴുന്ന വെള്ളത്തെ കിണറ്റിനടുത്തെടുത്ത റീചാർജ് കുഴിയിലേക്ക് (Recharge Pit ) ആനയിക്കുക എന്നതൊക്കെ ജല ദൗർലഭ്യം നേരിടുന്ന വീടുകളുടെ മഴക്കാല മുൻഗണനകൾ ആയിരിക്കണം.
വേനൽ മഴ (Summer showers) ഒരു കുളിർ തെന്നൽ പോലെ വിളകൾക്ക് അനുഭവപ്പെടും എന്നതൊഴിച്ചാൽ അത് മണ്ണിൽ കാര്യമായ റീചാർജിങ്ങിന് കാരണമാകുന്നില്ല. മാത്രമല്ല വേനൽമഴ പലപ്പോഴും വിളവെടുപ്പിന് ബുദ്ധിമുട്ടുണ്ടാക്കുകയും വിള നാശത്തിന് കാരണമാകുകയും ചെയ്യും.
ചുരുക്കി പറഞ്ഞാൽ 'വർഷം പോലെ കൃഷി' എന്ന പഴഞ്ചൊല്ല് നമ്മളെ സംബന്ധിച്ച് അക്ഷരാർത്ഥത്തിൽ ശരി തന്നെയാണ്.ഡാമുകളും വൻകിട ജലസേചന പദ്ധതികളും ഇല്ലാത്ത കേരളത്തിൽ കൃഷി മഴയെ ആശ്രയിച്ച് തന്നെയാണ് ഇന്നും.
ശക്തമായി പെയ്യുന്ന മഴ മണ്ണിനോട് ചെയ്യുന്ന ദ്രോഹങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
കൃഷിയ്ക്കനുയോജ്യമായ മണ്ണ് എന്നാൽ അതിൽ 45% ധാതുക്കളും (Mineral Matter )5% ജൈവവസ്തുക്കളും (Organic Matter ) 25% വീതം വായു (Soil Air ), ഈർപ്പം (Soil Moisture )എന്നിവയുമു ണ്ടായിരിക്കണം. ഈ ഒരു 'സുവർണ അനുപാതം' (Golden Ratio)ആണ് മണ്ണിന്റെ ഭൗതിക -രാസ -ജൈവ ഗുണങ്ങൾ, സസ്യ വളർച്ചയ്ക്ക് അനുപൂരകമാക്കുന്നത്.
മഴ പെയ്യുമ്പോൾ ഈ അനുപാതം പാടെ തകിടം മറിയും. ഈർപ്പം കൂടും. തദനുസൃതമായി വായു കുറയും.മനുഷ്യനിൽ വാത -പിത്ത-കഫം പോലെ.വാതം അഥവാ വായുവിന്റെ കുറവ് സസ്യവളർച്ചയെ പ്രതികൂലമായി ബാധിക്കും. പ്രധാനമായും മണ്ണിലെ ഓക്സിജൻ കുറയുകയും ഈർപ്പം കൂടുകയും അത് രോഗ കാരികളായ ബാക്റ്റീരിയ,ഫംഗസ് എന്നിവയുടെ വളർച്ചയെ സഹായിക്കുകയും ചെയ്യും.
ആയതിനാൽ മഴക്കാലം തുടങ്ങുന്നതിന് മുൻപ് തന്നെ ജല നിർഗമന സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കണം. പ്രത്യേകിച്ചും താഴ്ന്ന ഇടങ്ങളിൽ.
മണ്ണിന്റെ 'ജീവൻ' എന്ന് പറയുന്നത് അതിൽ അടങ്ങിയിരിക്കുന്ന ജൈവാംശം ആണ്. ശരിയായി, ചരിവിന് കുറുകെ,മണ്ണ്, കല്ല് കയ്യാലകൾ കെട്ടി, തീറ്റപ്പുല്ലോ രാമച്ചമോ വച്ച് പിടിപ്പിച്ചു സംരക്ഷിച്ചില്ലെങ്കിൽ മേൽമണ്ണ് ഒഴുകിപോവുകയും മണ്ണിലെ ജൈവാംശം നഷ്ടപ്പെടുകയും ചെയ്യും.'മേൽ മണ്ണ് പോയാൽ മാമുണ്ണു മുട്ടും' എന്ന് പറയുന്നത് അത് കൊണ്ടാണ്.
മണ്ണൊലിപ്പ് മൂലവും, കെട്ടി നിൽക്കുന്ന വെള്ളം പതിയെ കിനിഞ്ഞു താഴെക്കിറങ്ങുമ്പോഴും മേൽ മണ്ണിലുള്ള പോസിറ്റീവ് ചാർജ് ഉള്ള ധാതുക്കൾ അഥവാ Cations (Potassium, Calcium, Magnesium) വെള്ളത്തോടൊപ്പം തറവാട് വിട്ടിറങ്ങും. അതിനെ പോഷക ശോഷണം (Nutrient Leaching ) എന്ന് പറയും.അപ്പോൾ മണ്ണിന്റെ ധനവിനിമയ ശേഷി (Cation Exchange Capacity )കുറയും. മണ്ണ് 'ധനമില്ലാതെ' പാപ്പരാകും. ചുരുക്കത്തിൽ കാര്യങ്ങൾ എല്ലാം ഒരു തരം 'നെഗറ്റീവ്' അവസ്ഥയിലേക്ക് പോകും.
നിരന്തരം മഴ പെയ്ത് കൊണ്ടിരിക്കുമ്പോൾ മണ്ണിലെ വായു അറകളിൽ എല്ലാം വെള്ളം കയറി, മണ്ണ് പതിയെ ഉറച്ചുപോകും. Soil Compaction അഥവാ Cementing സംഭവിക്കും. അപ്പോൾ മണ്ണിന്റെ ഘനം (Bulk density) കൂടും. വേരുകളുടെ തുളച്ചു കയറാനുള്ള ശേഷി (Root Penetrating power)കുറയും.
ജൈവാംശ നഷ്ടം, Cation നഷ്ടം എന്നിവ മൂലം മണ്ണിന്റെ pH കുറയും. അഥവാ അമ്ലത കൂടും. ഇത് വേരുകളുടെ വളം വലിച്ചെടുക്കൽ ശേഷി കുറയ്ക്കും.
വേരുകളുടെ ആരോഗ്യം കുറഞ്ഞിരിക്കുമ്പോൾ Pythium, Phytophthora, Fusarium, Rhizoctonia, Ralstonia എന്നീ രോഗകാരികളായ സൂക്ഷ്മജീവികൾക്ക് അവിടെ പൂണ്ടുവിളയാടാൻ അവസരം ലഭിക്കും.
മഴക്കാലത്ത് ചെടികളിൽ നിന്നും സ്വേദനം (Transpiration )വഴിയുള്ള ജലനഷ്ടം സ്വാഭാവികമായും കുറയും. അന്തരീക്ഷ ഊഷ്മാവ് കൂടുമ്പോൾ ആണല്ലോ ചെടി കൂടുതൽ വിയർക്കുക. ഇങ്ങനെ ചെടി വിയർത്ത് കുറേ വെള്ളം നഷ്ടപ്പെടണം, അപ്പോൾ മാത്രമേ മണ്ണിൽ നിന്നും കൂടുതൽ വെള്ളം വലിച്ചെടുക്കണം എന്ന ഒരു ആഗ്രഹം (Transpirational Pull )ചെടിയിൽ ഉണ്ടാകൂ. അപ്പോൾ മാത്രമേ വെള്ളത്തിലൂടെ വളങ്ങളും വലിച്ചെടുക്കപ്പെടുകയുള്ളൂ. സ്വേദനം കുറവായ മഴക്കാലത്ത് ചെടി വളർച്ച അല്പം കുറയും . സൂര്യപ്രകാശത്തിന്റെ ലഭ്യതക്കുറവും കുറഞ്ഞ ആഹാര നിർമ്മാണത്തിന് (Photo synthetic output )കാരണമാകും.
ആയതിനാൽ മഴക്കാലത്ത് വെയിലുള്ള ദിവസം നോക്കി ഇലകളിൽ വളങ്ങൾ തളിച്ച് കൊടുക്കുന്ന രീതി (foliar nutrition ) കൂടുതൽ ഗുണം ചെയ്യും.
അപ്പോൾ, എങ്ങനെ നോക്കിയാലും ശക്തമായ മഴ ഗുണത്തേക്കാൾ ഏറെ ദോഷമാണ് മണ്ണിൽ ഉണ്ടാക്കുക എന്ന് പറയേണ്ടി വരും. ഈ സാഹചര്യത്തിൽ വേണം നമ്മൾ മഴക്കാലത്തുള്ള പച്ചക്കറി വില കൂടുന്നതിനെ കാണേണ്ടത്.
നല്ല രീതിയിൽ പരിപാലിക്കുന്ന മഴമറക്കർഷകർക്കും മറ്റും പത്ത് പുത്തൻ ഉണ്ടാക്കാൻ പറ്റിയ കാലമാണ് മഴക്കാലം. കാരണം മഴമറയിലെ മണ്ണിൽ ഈ പറയുന്ന മാറ്റങ്ങൾ ഒന്നും സംഭവിക്കുന്നില്ല. വെയിൽ കുറയുന്ന പ്രശ്നം അവിടെയും ഉണ്ടാകും എന്ന് മാത്രം. അത് പോലെ തന്നെ തുടക്കം മുതലേ ഇടയ്ക്കിടെ മഴമറയുടെ മേൽക്കൂരയായ UV ഷീറ്റ് പായലും പൊടിയും കളഞ്ഞു സംരക്ഷിച്ചില്ലെങ്കിൽ മഴമറ കൊണ്ട് ഗുണമില്ലാതെ വരികയും ചെയ്യും.
മഞ്ഞുകാല കൃഷിയെക്കാളും വേനൽക്കാല കൃഷിയെക്കാളും വെല്ലുവിളികൾ വർഷകാല കൃഷിയിൽ ഉണ്ട്. ആയതിനാൽ തന്നെ കർഷകർക്ക് മെച്ചപ്പെട്ട വില ലഭിക്കാൻ സാധ്യത ഏറെയാണ്.
എങ്കിലും ഈ പ്രതികൂല സാഹചര്യങ്ങളിലും, നമ്മുടെ കർഷകർ കൃഷി ചെയ്ത് വിജയിപ്പിക്കുന്നു. അപ്പോൾ പരാതി പറയാതെ അല്പം നല്ല വില കൊടുത്ത് ഉത്പന്നങ്ങൾ വാങ്ങി കർഷകർക്ക് കാവലാളാകുക.
✍🏻 പ്രമോദ് മാധവൻ