വിത്തു പിളർന്ന് ഈർക്കിൽ കുത്തി മുളപ്പിക്കൽ; ഇത് കുഞ്ഞ്യാങ്ങലം മാങ്ങ കൂട്ടായ്മ | Kunjimangalam mango community

കുഞ്ഞിമംഗലം പഞ്ചായത്തിൽ മാത്രം എത്ര തരം നാട്ടുമാവുകളാണ്? എണ്ണാനിറങ്ങിയാൽ അത്ഭുതപ്പെട്ടു പോകും. കുഞ്ഞ്യാങ്ങലം മാങ്ങ കൂട്ടായ്മക്ക് കീഴിലാണ് ഇവ. ഇരുനൂറിലധികം രുചിഭേദങ്ങൾ...! ഓരോ വീട്ടിലും ഒട്ടേറെ നാട്ടുമാവിനങ്ങൾ. കുഞ്ഞ്യാങ്ങലം (കുഞ്ഞിമംഗലം) മാങ്ങ, വടക്കേടത്ത് പഞ്ചാരമാങ്ങ, പട്ടറാട്ട് പഞ്ചാരമാങ്ങ, തൃക്കൈ വലിയ കടുക്കാച്ചി, തൃക്കൈ കുഞ്ഞിക്കടുക്കാച്ചി, അള്ളക്കാട്ട് ഭരണിക്കടുക്കാച്ചി, അള്ളക്കാട്ട് മഞ്ഞേൻ, മടപ്പുര പുളിയൻ, പാലക്കീൽ പുളിയൻ, അള്ളക്കാടൻ കപ്പക്കായ് മാങ്ങ, മഞ്ഞപ്പനാശാൻ, കുളിയൻ മാങ്ങ, വലിയ ചേരിയൻ, വാട്ടാപ്പറിയൻ, പട്ടറാട്ട് മഞ്ഞേൻ അങ്ങനെ അങ്ങനെ എണ്ണിയെടുക്കാൻ എളുപ്പമല്ലാത്ത വൈവിധ്യങ്ങൾ. കൂട്ടത്തിൽ ‘ബോംബേക്കാരൻ’ പോലെ പരിഷ്കാരി പേരുകാരുമുണ്ട്. 



ഇനിയുമുണ്ട് പേരറിയാത്ത ഒട്ടേറെ നാട്ടുമാവുകളെന്ന് കുഞ്ഞ്യാങ്ങലം മാങ്ങാ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന പരിസ്ഥിതി പ്രവർത്തകൻ പി.പി.രാജൻ പറയുന്നു. നഷ്ടമായ രുചികളും ഒട്ടേറെ. എന്നാൽ അതോർത്തു നിരാശപ്പെടാതെ അടുത്ത തലമുറയ്ക്കായി സാധ്യമായിടത്തെല്ലാം നാട്ടുമാന്തൈകൾ നട്ടുവളർത്തുകയാണ് ഈ കൂട്ടായ്മ. ദേശീയപാത വീതി കൂട്ടിയപ്പോൾ ഏറ്റവും കൂടുതൽ നാട്ടുമാവുകൾ മുറിച്ചു മാറ്റേണ്ടി വന്ന പഞ്ചായത്തുകളിൽ ഒന്നാണ് കുഞ്ഞിമംഗലം. അവയിൽ നല്ല പങ്കും കുഞ്ഞ്യാങ്ങലം മാവുകൾ തന്നെ. 

കുഞ്ഞ്യാങ്ങലം മാവുകളിൽ ബാക്കിയുള്ള ഓരോന്നിനെയും തേടിപ്പിടിക്കാനും സംരക്ഷിക്കാനും തൈകളുണ്ടാക്കി നട്ടുവളർത്താനും രാജന്റെ നേതൃത്വത്തിലുള്ള ചെറു സംഘം തീരുമാനിച്ചപ്പോൾ പിന്തുണയുമായി നാടു മുഴുവനുമെത്തി. അതിൽ പുതുതലമുറയും പങ്കുചേർന്നുവെന്നതാണ് ഏറ്റവും സന്തോഷമെന്ന് രാജൻ. കുഞ്ഞിമംഗലം പഞ്ചായത്തിൽപ്പെടുന്ന പയ്യന്നൂർ കോളജിലെ സസ്യശാസ്ത്രവിഭാഗം വിദ്യാർഥികളും ഡോ. രതീഷ് നാരായണൻ ഉൾപ്പെടെയുള്ള അധ്യാപകരുമെല്ലാം ഇന്ന് കുഞ്ഞ്യാങ്ങലം കൂട്ടായ്മയുടെ ഭാഗമാണ്. നാടു മുഴുവൻ നടന്ന് ഓരോ വീടും കയറിയിറങ്ങി ഓരോ മാവിന്റെയും മേന്മകൾ ചോദിച്ചറിഞ്ഞ് അവയെ വർഗീകരിച്ച് ശാസ്ത്രീയ പഠനം തന്നെ നടത്തി ഡോ. രതീഷ് നാരാണനും വിദ്യാർഥികളും. കഴിഞ്ഞ മാമ്പഴ സീസണിൽ ക‍ുഞ്ഞ്യാങ്ങലം കൂട്ടായ്മ നടത്തിയ നാട്ടുമാമ്പഴമേളയ്ക്ക് ആഘോഷമധുരം നൽകാൻ മുന്നിൽനിന്നതും ഈ പുതുതലമുറ തന്നെ.

സംരക്ഷണം പ്രോത്സാഹനം

പഞ്ചായത്തിൽ ശേഷിക്കുന്ന മുഴുവൻ നാട്ടുമാവുകളും സംരക്ഷിക്കുകയാണ് മാങ്ങാ കൂട്ടായ്മയുടെ ലക്ഷ്യം. എന്നാൽ അതിൽത്തന്നെ നാടിന്റെ പേരിലുള്ള കുഞ്ഞിമംഗലം മാവുകളുടെ സംരക്ഷണം മുഖ്യം. മുൻപ് സീസണിൽ ഓരോ വീടുകളിൽനിന്നും ക്വിന്റൽ കണക്കിന് കുഞ്ഞ്യാങ്ങലം മാങ്ങ കച്ചവടക്കാർ വാങ്ങിയിരുന്നു. വീട്ടുകാർക്ക് മാവ് നല്ല വരുമാനമാർഗവുമായിരുന്നു. പിൽക്കാലത്ത് ഇതര വരുമാനമാർഗങ്ങൾ വന്നു. വലിയ മാവുകളിൽ കയറാൻ തൊഴിലാളികളില്ലാതെ കച്ചവടക്കാരും പിൻവലിഞ്ഞു. അങ്ങനെ പല മാവുകളും മുറിച്ചു പോയി. ബാക്കിയുള്ള മാവുകളിൽനിന്ന് മാങ്ങയണ്ടി ശേഖരിച്ച് മുളപ്പിച്ച് ആവശ്യക്കാർക്ക് സൗജന്യമായി നൽകുകയും സീസണിൽ മാമ്പഴമേള സംഘടിപ്പിക്കുകയുമാണ് കൂട്ടായ്മ ഇപ്പോൾ ചെയ്യുന്നത്. 

ആളോഹരി സ്ഥലവിസ്തൃതി കുറഞ്ഞു വരുന്ന ഇക്കാലത്ത് മാവിന് അധികം ഇടം നൽകാൻ പലര്‍ക്കും കഴിഞ്ഞെന്നു വരില്ല. പകരം തരിശു കിടക്കുന്ന പൊതുസ്ഥലങ്ങൾ, സർക്കാർ സ്ഥാപനങ്ങളുടെ വളപ്പുകൾ എന്നിവിടങ്ങളിലെല്ലാം കുഞ്ഞ്യാങ്ങലം മാവുകൾ വച്ചു പിടിപ്പിക്കാനാണ് കൂട്ടായ്മയുടെ ശ്രമം.  

ഒരു വേർതിരിവുകളുമില്ല മാങ്ങാ കൂട്ടായ്മക്കെന്ന് രാജൻ. ഔപചാരിക ഘടനപോലുമില്ല. അംഗങ്ങളെ മുഴുവൻ ചേർത്തു നിർത്തുന്നത് വാട്സാപ് ഗ്രൂപ്പിലൂടെ. ഇടയ്ക്ക് അംഗങ്ങളിലൊരാളുടെ വീട്ടിൽ ഒത്തുകൂടും. കുഞ്ഞ്യാങ്ങലം മാവിന് കൂടുതൽ പ്രചാരം നൽകാനുള്ള വഴികൾ ആലോചിക്കും. മാവിന്റെ പേരിലുള്ള കൂട്ടായ്മയുടെ മധുരം നുകരാൻ പഴയ തലമുറയിലുള്ള പലരും ചോദിച്ചറിഞ്ഞ് എത്തുകയായിരുന്നുവെന്ന് രാജൻ പറയുന്നു. അതെ, ഒരുമിച്ചു കൂടിയും, നാട്ടറിവുകൾ പങ്കുവച്ചും മാമ്പഴക്കാലങ്ങൾ ആഘോഷിച്ചും കുഞ്ഞ്യാങ്ങലം മാങ്ങാ കൂട്ടായ്മയ്ക്ക് മധുരം ഏറുകയാണ്.

മാങ്ങയണ്ടി പിളർന്ന് ഉപകരണം കൊണ്ട് വിത്തെടുക്കുന്നു...





മാങ്ങയണ്ടി മുളയ്ക്കാൻ

കുഞ്ഞ്യാങ്ങലം മാവിന്റെ തൈകളുണ്ടാക്കാൻ ശ്രമിച്ചപ്പോഴാണ് അതത്ര എളുപ്പമല്ലെന്ന് സംഘത്തിന് മനസ്സിലായത്. 5 ശതമാനം മാങ്ങയണ്ടിപോലും മുളയ്ക്കുന്നില്ല. മാങ്ങയണ്ടിക്കുള്ളിലെ പുഴുക്കളാണു പ്രശ്നം. കൂട്ടായ്മയിലെ അംഗമായ ഏഴിലോട്ട് പൊന്നച്ചൻ പരിഹാരം കണ്ടെത്തി. മാങ്ങയണ്ടിയുടെ പുറന്തോട് പിളർന്ന് വിത്ത് പുറത്തെടുക്കലാണ് ആദ്യ ഘട്ടം. അതിൽനിന്നു പുഴുവിനെ നീക്കം ചെയ്യണം. തുടർന്ന് വിത്തിലൂടെ ഈർക്കിൽ കടത്തി പാതി വെള്ളമുള്ള ഒരു കപ്പിന്റെ വക്കിൽ വെള്ളത്തിൽ വിത്ത് മുട്ടിനിൽക്കുന്ന രീതിയിൽ വയ്ക്കുന്നു (ചിത്രം കാണുക). 4 ദിവസംകൊണ്ട് മാങ്ങയണ്ടിക്കു വേരു മുളയ്ക്കും. തുടർന്ന് ഗ്രോബാഗിലേക്കു മാറ്റി നടാം. കട്ടിയുള്ള മാങ്ങയണ്ടി പിളർന്നു വിത്തെടുക്കുക പക്ഷേ, അത്ര എളുപ്പമല്ല. അതിനുള്ള പോംവഴി കൂട്ടായ്മയിലെ അംഗം എം.വി.പി.മുഹമ്മദ് വികസിപ്പിച്ചു. അടയ്ക്ക പൊളിക്കുന്ന ചെറു പാരയിൽ ചില്ലറ മാറ്റം വരുത്തി എളുപ്പത്തിലും കേടു വരാത്ത വിധത്തിലും വിത്ത് പുറത്തേക്കെടുക്കാനുള്ള ഉപകരണം നിർമിച്ചു. തുണ്ടുഭൂമികൾ മാത്രമുള്ള ഇന്നത്തെ സാഹചര്യത്തിൽ ഉയർന്ന് പടർന്നു വളരുന്ന കൂറ്റൻ മാവുകളോട് ആളുകൾക്ക് താൽപര്യം കുറയുമല്ലോ. കുഞ്ഞ്യാങ്ങലം മാവിനെ കുട്ടിമാവായി വളർത്താനുള്ള കൂടിയാലോചനകളും തുടങ്ങി. കൂടയിൽ വളരുന്ന മാവിൻതൈയുടെ തായ്‌വേര് മുറിച്ചുമാറ്റി വളർച്ച നിയന്ത്രിക്കുന്ന രീതി കൂട്ടായ്മ പരീക്ഷിച്ചു വിജയിച്ചു. ഇങ്ങനെ വളർത്തിയെടുക്കുന്ന തൈകൾ പിന്നീട് മണ്ണിലേക്കു നടുമ്പോഴും ഗ്രാഫ്റ്റ് തൈകളെപ്പോലെ ഒതുങ്ങി വളരുമെന്നു കണ്ടെത്തി.

ഫോൺ: 9400500778 (പി.പി.രാജൻ)




Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section