ഗ്യാസുണ്ടാക്കുന്ന ഭക്ഷണം തിരിച്ചറിഞ്ഞ് ഉപേക്ഷിച്ചും ഭക്ഷണത്തിനൊപ്പം അമിതമായി തണുത്ത വെള്ളം കുടിക്കാതെയും കൃത്രിമ മധുരങ്ങൾ ഒഴിവാക്കിയും ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താം. ഒപ്പം ദഹനത്തെ സഹായിക്കുന്ന ആഹാരവസ്തുക്കൾ കഴിക്കാൻ ശ്രമിക്കുന്നതു നല്ലതാണ്. ബിസ്ക്കറ്റ്, ബ്രെഡ്, കേക്ക്, അമിതമായ ചായകുടി, മദ്യപാനം, എണ്ണപ്പലഹാരങ്ങൾ, മസാല കൂടിയ ഭക്ഷണം, കപ്പലണ്ടി, അണ്ടിപ്പരിപ്പ്, കിഴങ്ങുവർഗ്ഗങ്ങൾ, ഉഴുന്ന് എന്നിവ ഗ്യാസിന് കാരണമാകുന്നു. ഇതുപോലെയുള്ള ഒരു പ്രശ്നമാണ് വയറുപെരുക്കം. വയർ വീർത്തതുപോലെ ഇരിക്കുന്നതായി തോന്നുന്നതാണ് ഈ അവസ്ഥ. ഇതിന് കാരണം ഭക്ഷണക്രമത്തിൽ ശ്രദ്ധയില്ലാത്തതാണ്.
ഈ പ്രശ്നങ്ങൾക്കെല്ലാം തന്നെ അയമോദകം വളരെ നല്ലതാണ്. അയമോദകവും അതിന്റെ ഇലയും ഗ്യാസ്, വയറുപെരുക്കം എന്നിവയ്ക്ക് ആശ്വാസം നൽകുന്നുവെന്ന് ആയുർവേദ ഡോക്ടർമാർ പറയാറുണ്ട്. വയറിന്റെ മിക്ക പ്രശ്നങ്ങൾക്കും ആശ്വാസം നൽകുന്ന ഒരു പാനീയമാണ് അയമോദ ഇല ഉപയോഗിച്ച് ഉണ്ടാക്കുന്ന വെള്ളം. ഇത് തയ്യാറാക്കുന്ന വിധം നോക്കാം.
ആവശ്യമായ സാധനങ്ങൾ
1. ഒരു ഗ്ലാസ് വെള്ളം
2. രണ്ടോ മൂന്നോ അയമോദക ഇല
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ ഒരു ഗ്ലാസ് വെള്ളം എടുത്ത് ചൂടാക്കുക. ശേഷം അതിലേയ്ക്ക് രണ്ടോ മൂന്നോ അയമോദക ഇല ഇട്ട് വീണ്ടും രണ്ട്,മൂന്ന് മിനിട്ട് നേരം തിളപ്പിക്കുക. ശേഷം ഇത് അരിച്ചെടുത്ത് ചെറിയ ചുടോടെ കുടിക്കുക.
ഇത് കുടിക്കുന്നത് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു. കൂടാതെ അയമോദകം ചവയ്ക്കുന്നതും ദഹനത്തെ മെച്ചപ്പെടുത്തുന്നു. അസിഡിറ്റി കുറയ്ക്കാനും വയറുവേദന പോലെയുള്ള അസ്വസ്ഥതകൾ ലഘൂകരിക്കാനും ഇത് സഹായിക്കും.