ഇന്ന് 'ബാലവേലയ്ക്കെതിരായ ലോകദിനം '(World Day against Child Labour ) ആചരിക്കുന്ന ദിവസമാണ്.
കേരളത്തിൽ മഞ്ചോ, കിറ്റ്കാറ്റോ കഴിക്കാത്ത കുട്ടികൾ ഉണ്ടാകില്ല. ഒരു പക്ഷെ അവർ ജീവിതത്തിൽ ഒരിക്കലും ചോക്ലേറ്റ് തരുന്ന കൊക്കോ മരം കണ്ടിട്ടുണ്ടാകില്ല.
ചോക്ലേറ്റിന്റെ അസംസ്കൃത വസ്തുവായ കൊക്കോകായ്കൾ പിടിക്കുന്ന ആഫ്രിക്കൻ തോട്ടങ്ങളിൽ പണി എടുക്കുന്ന 21 ലക്ഷത്തോളം കുട്ടികൾ, ഒരു പക്ഷെ, ജീവിതത്തിൽ ഒരിക്കൽ പോലും ചോക്ലേറ്റ് കഴിച്ചിട്ടുണ്ടുമുണ്ടാകില്ല .
എന്തൊരു വൈരുധ്യം...ദൗർഭാഗ്യം??
Theobroma cacao എന്നാണ് കൊക്കോയുടെ ശാസ്ത്രീയ നാമം. 'ദേവ ഭക്ഷണം' (Food of God ) എന്ന് മലയാളം. അത്ര മേൽ വൈശിഷ്ട്യമുള്ളത്.
അതിൽ അടങ്ങിയിരിക്കുന്ന തിയോബ്രോമിൻ 'ഒരു പൊടിക്ക്' ഉന്മാദവും കഫീൻ 'ഒരു പൊടിക്ക് ' ഉത്തേജനവും നൽകുന്നു. ആയതിനാൽ അത് ആദ്യം ആദിമ നിവാസികളുടെയും പിന്നീട് അഭിജാതരുടെയും ഒരു ഉത്തേജക ഭക്ഷണമായി തീർന്നു .
BC 1900 മുതൽ തുടങ്ങുന്നു കൊക്കോ ചരിതം. മായൻ സംസ്കാരം, ആസ്ടെക് സംസ്കാരം എന്നിവയിൽ ഒക്കെ കൊക്കോയെ കുറിച്ച് ദീർഘമായ പരാമർശങ്ങൾ ഉണ്ട്. പക്ഷെ അന്നൊക്കെ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത, കറുത്ത, കയ്പുള്ള ഒരു ഉത്തേജക പാനീയം എന്ന നിലയിൽ ആയിരുന്നു ഉപഭോഗം.എന്നാൽ പടിഞ്ഞാറൻ ആഫ്രിക്കയിൽ സ്പാനിഷ് അധിനിവേശത്തോടെ കാര്യങ്ങൾ മാറി മറിഞ്ഞു.
AD 1590 ൽ ബിഷപ്പ് ഫ്രാൻസിസ്കോ യുവാൻ ഡി സൂമാരാഗ എന്ന വൈദികൻ ആദ്യമായി പഞ്ചസാര ചേർത്ത കൊക്കോ പാനീയം തയ്യാർ ചെയ്തതോടെ യൂറോപ്പിൽ അത് മരണ മാസ്സായി. വ്യാവസായിക വിപ്ലവത്തോടെ ചോക്ലേറ്റ് ഇൻഡസ്ട്രിയുടെ ശുക്രൻ ഉദിച്ചു.
ഇന്ന് ലോകത്തിൽ 45 ബില്യൺ ഡോളർ ആണ് ചോക്ലേറ്റ് വ്യവസായ വിറ്റുവരവ്.
രണ്ടായിരത്തി ഇരുപത്തേഴോടെ കച്ചവടം 62 ബില്യൺ ഡോളറിൽ എത്തുമെന്ന് സാമ്പത്തിക ജ്യോതിഷികൾ.
ലോകത്തിലെ ഏറ്റവും വലിയ ചോക്ലേറ്റ് കമ്പനി സ്നിക്കർസ്, ഗാലക്സി എന്നൊക്കെ യുള്ള ബ്രാൻഡുകൾ സ്വന്തമായുള്ള അമേരിക്കൻ കമ്പനി Mars Wrigley Confectionary ആണ്. 18 ബില്യൺ ഡോളർ ആണ് വിറ്റു വരവ്.
രണ്ടാം സ്ഥാനം ഇറ്റലി കേന്ദ്രമായ Ferrero Group ആണ്. Ferrero Rocher ആണ് അവരുടെ പ്രമുഖ ബ്രാൻഡ്.
മൂന്നാം സ്ഥാനം Kinder, Nutella, Oreo, Toblerone, Cadburys എന്നീ ബ്രാൻഡുകൾ സ്വന്തമായുള്ള അമേരിക്ക ആസ്ഥാനമായ Mondelez ഇന്റര്നാഷണൽ.
നാലാം സ്ഥാനം ജപ്പാനിലെ Meiji, അഞ്ചാം സ്ഥാനം അമേരിക്കയിലെ Hershey, ആറാം സ്ഥാനം സ്വിസ്സ് കമ്പനി ആയ Nestle.. അങ്ങനെ പോകുന്നു...
അസംസ്‌കൃത കൊക്കോ കൊണ്ടുവന്ന് ഉപോല്പന്നങ്ങൾ ആക്കുന്ന കമ്പനികൾക്കുള്ളതാകുന്നു ലാഭം.
ഏറ്റവും കൂടുതൽ കൊക്കോ ഉൽപ്പാദിപ്പിക്കുന്ന ഐവറി കോസ്റ്റിലും ഘാനയിലും കൊക്കോ കർഷകർക്ക് കണ്ണീരും കയ്യും മാത്രം.
ഇത് കർഷകരുടെ (നമ്മുടെ കർഷകരുടെയും ) കണ്ണ് തുറപ്പിക്കണം. മൂല്യവര്ധനവിലാണ് ഉത്തമാ ലാഭം.
ഭൂമധ്യ രേഖയുടെ ഇരുവശവും ഇരുപതു ഡിഗ്രിയിൽ നിലകൊള്ളുന്ന രാജ്യങ്ങളിൽ ആണ് കൊക്കോ കൃഷിയ്ക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥ. അതിൽ തന്നെ 7 ഡിഗ്രി ഇരു വശത്തും ഉള്ള പ്രദേശങ്ങൾ ഏറെ അനുയോജ്യം. ഏറ്റവും മുൻപന്തിയിൽ ഐവറി കോസ്റ്റ്, രണ്ടാമത് ഘാന, മൂന്നാമത് ഇന്തോനേഷ്യ. നല്ല ചൂടും, മഴയും, നീരാവിയും തണലും വേണം കൊക്കോ ചെടിയ്ക്ക്. തെങ്ങിൻ തോട്ടങ്ങളിൽ ഇടവിളയായി മികച്ച പ്രകടനം.
പക്ഷെ കൊക്കോയുടെ ഏതാണ്ട് എല്ലാ പരിപാലനവും മനുഷ്യാധ്വാനം വേണ്ടവയാണ്.പ്രൂണിങ്, വിളവെടുപ്പ്, കുരു വേർതിരിക്കൽ, ഉണക്കൽ, ചുമക്കൽ ഒക്കെ തന്നെ. ഇവിടെയാണ് ഈ 'ദേവഭക്ഷണ' ത്തിൽ ബാലരക്തം കിനിയുന്നത്.
ഈ രണ്ടു പട്ടിണി രാജ്യങ്ങളിലെയും 21 ലക്ഷത്തോളം വരുന്ന കുട്ടികൾ ആണ് കൊക്കോ തോട്ടത്തിലെ മേൽ വിവരിച്ച പണികളിൽ നല്ല ഒരു പങ്കും ചെയ്യുന്നത്.
അവർ സ്കൂളിൽ പോകുന്നില്ല. മരുന്നടിക്കുന്നതും വിളവെടുക്കുന്നതും ചുമക്കുന്നതും ഒക്കെ ഇവർ തന്നെ.
കുട്ടികളെ തട്ടിക്കൊണ്ട് വന്നു അടിമകളെ പ്പോലെ പണി എടുപ്പിക്കുന്ന രീതിയും ഉണ്ട്. ബുർകിന ഫാസോ, ടോഗോ, മാലി എന്നിവിടങ്ങളിൽ നിന്നും കുട്ടികളെ തട്ടിക്കൊണ്ട് വന്ന്,പണിയെടുപ്പിച്ച് കാശുണ്ടാക്കുന്ന മാഫിയകളും സുലഭം. അവരുടെ കണ്ണുനീരും രക്തവുമാണ് മാലോകർ കഴിക്കുന്ന മധുര ചോക്ലേറ്റുകൾ എന്ന് പറയാതെ വയ്യ.
കൊക്കോ ഉൽപ്പന്നങ്ങളുടെ 45 ശതമാനവും ആഹരിക്കുന്നത് യൂറോപ്യൻമാർ ആണ്. അത് കഴിഞ്ഞാൽ അമേരിക്ക ക്കാർ. ഒരു ശരാശരി സ്വിറ്റ്സർലൻഡ്കാരൻ ഒരു കൊല്ലം ഏതാണ്ട് 6 കിലോയ്ക്കടുത്ത് ചോക്ലേറ്റ് അകത്താക്കുന്നുണ്ട്. നെതർലൻഡ്‌സ് ലെ ആംസ്റ്റർഡാം തുറമുഖം മാത്രം ഒരു കൊല്ലം കൈകാര്യം ചെയ്യുന്നത് 6 ലക്ഷം ടൺ കൊക്കോ ആണ്.
ഒരു ചെറു നിത്യഹരിത വൃക്ഷമാണ് കൊക്കോ.
പ്രധാനമായും മൂന്നിനങ്ങൾ ഉണ്ട്.
1.ക്രിയോളോ. മൊത്തം ഉൽപ്പാദനത്തിന്റെ അഞ്ചു ശതമാനം ക്രിയോളോ ആണ്. ആസ്വാദ്യകരമായ സുഗന്ധവും മൃദുവായ കടുപ്പവും കയ്പ്പും ഉള്ള കൊക്കോ. വില കൂടിയ ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.
2.ഫൊറാസ്റ്ററോ. ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഇനം. കയ്പ് കൂടിയത്. രോഗ കീടങ്ങളെ ഭേദപ്പെട്ട രീതിയിൽ ചെറുക്കും
3.ട്രിനിറ്റാറിയോ. ഒരു സങ്കരയിനം. കരീബിയൻ ദ്വീപ് ആയ ട്രിനിഡാഡിൽ ജനനം. ഗുണ മേന്മ കുറഞ്ഞ ഇനം.
ഇവയുടെ മിശ്രിതമാണ് പല ചോക്ലേറ്റുകളും.
ചോക്ലേറ്റുകൾ പല വിധം.
ഡാർക്ക് ചോക്ലേറ്റ്- ഏറ്റവും ഗുണ മേന്മ യുള്ളത് ഇതിനാണ്. 70 ശതമാനത്തിൽ അധികം കൊക്കോ വസ്തുക്കൾ അടങ്ങിയിരിക്കുന്നു.
മിൽക്ക് ചോക്ലേറ്റ്- അൻപത് ശതമാനം കൊക്കോ വസ്തുക്കൾ ഉണ്ടായിരിക്കണം എന്നാണ് നിയമം.
വൈറ്റ് ചോക്ലേറ്റ്- മുപ്പത്തഞ്ച് ശതമാനം കൊക്കോ വസ്തുക്കൾ ഉണ്ടായിരിക്കണം.
എന്നാൽ വിപണിയിൽ 5 ശതമാനം പോലും കൊക്കോ വസ്തുക്കൾ ഇല്ലാത്ത ചോക്ലേറ്റും ഉണ്ട്. പകരം ഹൈഡ്രോജിനേറ്റഡ് കൊഴുപ്പുകളും പാലും പഞ്ചസാരയും മറ്റും ചേർക്കുന്നു. (നമ്മുടെ പല വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വ്യാപകമായി കാണുന്നത് ശരിക്കും പരിശോധിക്കപ്പെടേണ്ടത് തന്നെയാണ് ).
ഘാനയിലും ഐവറി കോസ്റ്റിലുമായി ഏതാണ്ട് 23 ലക്ഷം ഹെക്ടർ മഴക്കാടുകൾ കൊക്കോ കൃഷിയ്ക്കായി നശിപ്പിച്ചിട്ടുണ്ട് എന്നാണ് കണക്ക്.
വനനശീകരണം, ബാല വേല, അടിമത്തം, രാസ വസ്തുക്കളുടെ ക്രമ രഹിത ഉപയോഗം ഇതൊക്കെ ചോക്ലേറ്റ് വിപണിയുടെ പിന്നാമ്പുറ കഥകൾ ആണ്. ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും കൊക്കോ കൃഷിയുടെ നട്ടെല്ലൊടിക്കുന്നുണ്ട്. അതിനനുസരിച്ചു വിലയും കൂടുന്നു. പക്ഷെ ആഫ്രിക്കയിലെ പട്ടിണി മാത്രം മാറുന്നില്ല. സഹാറ മരുഭൂമിയിൽ നിന്നും പൂർവ്വാഫ്രിക്കയിലേക്കു അടിക്കുന്ന 'ഹർമാറ്റാൻ' എന്ന ചൂട്കാറ്റ് കൊക്കോ ചെടികളെയും പിഞ്ചു കായ്കളെയും പീഡിപ്പിക്കുന്നു. വിളവ് കുറയ്ക്കുന്നു.
കൊക്കോ കൃഷിയിലെ ബാലവേല ഇല്ലാതാക്കാൻ ശ്രമം നടക്കുന്നെണ്ടെങ്കിലും ഫലവത്താകുന്നില്ല. ചില കമ്പനികൾ അവരുടെ ഉൽപ്പന്നങ്ങളിൽ 'ഫെയർ ട്രേഡ്' മുദ്ര ചാർത്തി, സദാചാര പരമായി പരിപാലിക്കുന്ന തോട്ടങ്ങളിൽ നിന്നും മാത്രമാണ് തങ്ങൾ കൊക്കോ ശേഖരിക്കുന്നത് എന്ന് അറിയിക്കുന്നുണ്ട്. അത്രയും നല്ലത്.
അപ്പോൾ അടുത്ത തവണ ചോക്ലേറ്റ് രുചിക്കുമ്പോൾ ആ മധുരത്തിന് പിന്നിൽ ഉള്ള കയ്പ് കൂടി ഓർക്കുക
വാൽകഷ്ണം-ഒരു കാലത്ത് കൊക്കോ കുരുവിനു പൊന്നും വില ആയിരുന്നു. 1519 ൽ ആസ്ടെക് ചക്രവർത്തി ആയിരുന്ന മോന്റെസുമ യെ തോൽപ്പിച്ച കർറ്റെസ്, പൊന്നിനും പവിഴത്തിനും വേണ്ടി നിലവറ പരതിയപ്പോൾ കണ്ടത് കൊക്കോ കുരുവിന്റെ കൂറ്റൻ മലകൾ.
അവർ അക്കാലത്ത് കറൻസി ആയി പോലും കൊക്കോ കുരു ഉപയോഗിച്ചിരുന്നുവത്രേ. 100 കുരുവിനു പകരം ഒരു ടർക്കി കോഴി എന്ന നിലയിൽ ഒക്കെ ആയിരുന്നു മൂല്യസമീകരണം.
✍🏻 പ്രമോദ് മാധവൻ
മധുരിക്കുന്ന ചോക്ലേറ്റിന്റെ പിന്നിൽ കയ്പുണ്ട് | ഇന്ന് ബാലവേലക്കെതിരെയുള്ള ലോക ദിനം | World day against child...
Posted by Home Gardening on Monday, 12 June 2023