വാഴക്കുലയുടെ തൂക്കം കൂട്ടാനുള്ള വഴികൾ | Ways to increase the weight of banana bunch


നാഷണൽ ഹോർട്ടികൾച്ചർ ബോർഡിന്റെ കണക്ക് പ്രകാരം,കേരളത്തിൽ വാഴയുടെ ഉത്പാദന ക്ഷമത ഹെക്റ്ററിന് 14000 കിലോഗ്രാം ആണ്.



ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിൽ ആണ്. ഹെക്റ്ററിന് 65000 കിലോഗ്രാം.

രണ്ടര ഏക്കറിൽ നിന്നും, ശരാശരി 2200 മുതൽ 2500 വാഴയിൽ നിന്നുള്ള വിളവാണിത്. ഓരോ ഇനം തിരിച്ചുള്ള കണക്കല്ല. എല്ലാ ഇനങ്ങളും ചേർത്തുള്ള കണക്കാണ്.

ഇത് സൂചിപ്പിക്കുന്നത് നമ്മൾ ഇനിയും ഏറെ ദൂരം മുന്നോട്ട് പോകേണ്ടിയിരിക്കുന്നു എന്ന് തന്നെയാണ്.

വാഴക്കൃഷിയെ നമുക്ക് രണ്ടായി കാണണം. വലിയ അളവിൽ പാട്ടം കൊടുത്ത്, രാസവളങ്ങളും കോഴിവളവും മറ്റും വേണ്ടതിലേറെ കൊടുത്ത് കൃഷി ചെയ്യുന്ന രീതി ചില ജില്ലകളിൽ വ്യാപകമാണ്. അവർക്ക് നല്ല വിളവ് കിട്ടുന്നുണ്ട്.

പക്ഷെ വിസ്തൃതി വച്ച് നോക്കുമ്പോൾ കൂടുതൽ കൃഷി നടക്കുന്നത് വീട്ടുവളപ്പുകളിൽ ആണ്. പക്ഷെ ഏറെപ്പേരും ചിട്ടയായി വളങ്ങൾ ഒന്നും ചെയ്യാറില്ല. മറ്റ് പരിചരണങ്ങളും കുറവ്.

 ഒരുതരം KKPP കൃഷി (കിട്ടിയാൽ കിട്ടി, പോയാൽ പോയി ).

വാഴയുടെ ചുവട്ടിൽ നിന്നും അധികമായുള്ള കന്നുകൾ ഒന്നും സമയത്ത് പുഴക്കി മാറ്റാതെ, വാഴക്കൂമ്പ് സമയത്ത് ഒടിച്ച് മാറ്റാതെ, ഉണങ്ങിയ ഇലകൾ ഒക്കെ അങ്ങനെ പിണ്ടിയോടു ചേർന്ന് തൂങ്ങി, പിണ്ടിപ്പുഴുവിന് വളരാൻ അവസരമൊരുക്കിയാണ് പലരുടെയും വാഴക്കൃഷി.

ഓണക്കാലത്ത് വിളവെടുക്കത്തക്ക രീതിയിൽ, നനച്ച് കൃഷി ചെയ്യുന്നവർക്ക്, കാറ്റടിച്ചോ മറ്റോ കൃഷിനാശം ഒന്നും വന്നില്ലെങ്കിൽ ലാഭം ഏറെക്കുറെ ഉറപ്പാണ്.

 ഏത്തവാഴയിൽ സാധാരണ കൂമ്പൊടിച്ചു കഴിഞ്ഞാൽ 85-90 ദിവസം കൊണ്ട് കുല വിളവെടുക്കാം.ഈ സമയത്തുള്ള വാഴയുടെ പരിപാലനം സവിശേഷപ്രാധാന്യമർഹിക്കുന്നു.

മെയ്‌ മാസം അവസാനത്തോടെ കുലച്ച വാഴകൾ ഓണക്കാലത്ത് വിളവെടുക്കാൻ കഴിയും.

മികച്ച വിളവ് കിട്ടാൻ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

1. വാഴ നട്ട് ആദ്യത്തെ അഞ്ചര -ആറ് മാസത്തിനുള്ളിൽ ലഭിച്ച പരിചരണങ്ങൾ ആണ് കുലയിൽ എത്ര പടലകൾ /ചീർപ്പുകൾ വേണം എന്ന് തീരുമാനിക്കുന്നത്.

 ആഴ്ചയിൽ ഒരു ഇല എന്ന കണക്കിന് ആണ് വാഴയിൽ ഇലകൾ രൂപം കൊള്ളുന്നത്. ആയതിനാൽ നാല് ഇലകൾ വരുന്നതിനനുസരിച്ചു സന്തുലിതമായ ഓരോ മേൽ വളം നൽകാൻ ശ്രദ്ധിക്കണം

2. വാഴത്തണ്ടുകൾക്ക് ദൃഢത നൽകുന്നത് കാൽസ്യം എന്ന മൂലകം ആയതുകൊണ്ട്, ഓരോ വള പ്രയോഗത്തിനും രണ്ടാഴ്ച മുൻപ് 100-150ഗ്രാം കുമ്മായം വാഴയ്ക്ക് ചുറ്റും ചേർത്ത് കൊടുക്കണം. അതിലൂടെ മണ്ണിന്റെ പുളിപ്പ് ക്രമീകരിക്കാനും വലിയ അളവിൽ കാൽസ്യം ചെടിയ്ക്ക് ലഭ്യമാക്കാനും കഴിയും. ഇലപ്പുള്ളി രോഗത്തിന്റെ തീവ്രതയും കുറയ്ക്കാം.'നെയ്യപ്പം കഴിച്ചാൽ രണ്ടുണ്ട് കാര്യം '.

3. വാഴയുടെ ഊർജ്ജം ഊറ്റിയെടുക്കുന്ന കക്ഷികൾ ആണ് Suckers അഥവാ വാഴക്കന്നുകൾ. പ്രധാന വാഴയിലേക്ക് പോകേണ്ട വളവും വെള്ളവും അവരുമായി പങ്ക് വയ്ക്കേണ്ടി വന്നാൽ കുലയുടെ തൂക്കം കുറയും. ആയതിനാൽ ഏത്തവാഴകളിൽ കന്നുകൾ ഒന്നും തന്നെ വളരാൻ അനുവദിക്കരുത്. ചവിട്ടി ഒടിക്കുകയോ മുറിച്ചിടുകയോ, ഭാവിയിൽ ആ കന്ന് ഉപയോഗിക്കാൻ പ്ലാനില്ലെങ്കിൽ മുറിപ്പാടിൽ ഒരു കമ്പി കൊണ്ട് കുത്തി വളർച്ചാമുകുളം ചതച്ച് ഒരു ഫില്ലറിൽ അല്ലെങ്കിൽ സിറിഞ്ചിൽ എടുത്ത മണ്ണെണ്ണതുള്ളികൾ ഇറ്റിച്ചു കൊടുക്കുകയോ ചെയ്യാം.

മറ്റിനം വാഴകളിൽ, തള്ളവാഴയോടൊപ്പം ഏറ്റവും കരുത്തുള്ള ഒരു മോള് വാഴയെയും അതിന്റെ പകുതി പ്രായമുള്ള ഒരു കൊച്ചുമോള് വാഴയെയും നിർത്തി ബാക്കി മുഴുവൻ കന്നുകളും പുഴക്കി മാറ്റുകയോ വെട്ടി നശിപ്പിക്കുകയോ ചെയ്യാം.

എന്നാലും 'ഏത്തവാഴയും എളിയവനും ചവിട്ടുംതോറും തഴയ്ക്കും 'എന്നാണ്.

4. തന്റെ കർമ്മം പൂർത്തിയാക്കി പ്രായം ചെന്ന്, പച്ചപ്പ്‌ പോയി മഞ്ഞളിക്കുന്ന ഓരോ ഇലയും, ഒടിഞ്ഞുതൂങ്ങുന്നതിനു മുൻപ് തന്നെ വാഴത്തടയോട് ചേർത്ത് മുറിച്ച് മാറ്റണം(Deleafing ).

ഒരു കാരണവശാലും ഒടിഞ്ഞു തൂങ്ങി വാഴത്തടയോട് ചേർന്ന് കിടക്കാൻ അനുവദിക്കരുത്. പിണ്ടിപ്പുഴുവിന്റെ തള്ളയ്ക്ക് മുട്ടയിടാൻ ഇടം ഒരുക്കികൊടുക്കരുത്.
ഉണങ്ങിയ വാഴക്കച്ചി തടയിൽ ചുറ്റിക്കെട്ടി വയ്ക്കുകയുമരുത്.

5. കൂമ്പ് വിരിഞ്ഞ് പടലകൾ എല്ലാം പുറത്ത് വന്നാൽ ഉടൻ തന്നെ വാഴക്കൂമ്പ് ഒടിച്ചു മാറ്റണം (Denavelling ).

ഇല്ലെങ്കിൽ വാഴ വലിച്ചെടുക്കുന്ന വളത്തിന്റെ ഒരു പങ്ക് ഈ കൂമ്പിന്റെ maintenance നായി waste ആകും. തേൻ കുടിക്കാൻ വരുന്ന കിളികൾ കായ്കളിൽ വരഞ്ഞു നാശമാക്കാനും സാധ്യത ഉണ്ട്.

കയ്യെത്തുന്ന പൊക്കത്തിൽ ഉള്ള കുലകളിൽ, ഓരോ കായുടെയും അറ്റത്തുള്ള പൂവിന്റെ ബാക്കിഭാഗം നുള്ളി മാറ്റുന്നത് (Depistillation )നല്ലതാണ്.

6.വാഴക്കൂമ്പൊടിക്കുന്നതിനൊപ്പം തന്നെ അവസാന ഡോസ് വളം ചേർത്ത് കൊടുക്കാം. ഇലകളുടെ maintenance നായി 65 ഗ്രാം യൂറിയ അല്ലെങ്കിൽ തത്തുല്യമായി നൈട്രജൻ നൽകാൻ കഴിവുള്ള ജൈവ വളങ്ങൾ ചേർത്ത് കൊടുക്കാം. പൊടിച്ച കടല പിണ്ണാക്ക്, അല്പം വേപ്പിൻ പിണ്ണാക്കുമായി ചേർത്ത് ഇട്ട് കൊടുക്കാം. (പന്നി, പട്ടി എന്നിവ ചുവട് കുത്തിയിളക്കാതെ നോക്കണം )

7. അടിവശം തുറന്ന് കിടക്കുന്ന രീതിയിൽ, വശങ്ങളിൽ 20 ശതമാനം ദ്വാരങ്ങൾ ഇട്ട നീല /വെള്ള കവറുകൾ കൊണ്ട് കുല മൂടുന്നത് (Bunch sleeving /Bagging /Skirting ) കുലയുടെ തൂക്കം കൂട്ടാനും, ആകർഷണീയത വർധിപ്പിക്കാനും സഹായിക്കും. കർഷകന്റെ ഉത്പന്നങ്ങൾ എത്ര കണ്ട് ആകർഷണീയമാക്കാ മോ അത്ര കണ്ട് അത്‌ ഉപഭോക്താക്കളെ മോഹിപ്പിക്കും.

8.വാഴക്കുലകൾ മുക്കാൽ മൂപ്പെത്തുമ്പോൾ മുകളിലെ രണ്ടോ മൂന്നോ ഇലകൾ നിർത്തി ബാക്കി അടിയിലകൾ (അന്നേരം ബാക്കിയുണ്ടെങ്കിൽ 😀)പകുതി മുറിച്ച് നിർത്തുന്നത് കാറ്റ് പിടിക്കാതിരിക്കാൻ സഹായിക്കും. അത്‌ കൊണ്ട് വിളവ് കാര്യമായി കുറയുന്നുമില്ല.

9. കുല വരുന്നതോടെ (നല്ല കുല ആണെങ്കിൽ 🤭)കാറ്റിൽ മറിയാതിരിക്കാൻ കഴ കൊണ്ടോ കയർ കൊണ്ടോ താങ്ങ് കൊടുത്താൽ നന്നായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ

10. പിണ്ടിപ്പുഴു വണ്ടിനെ വെറുപ്പിക്കാൻ, വാഴയിലകളുടെ കവിളുകളിൽ രൂക്ഷ ഗന്ധം വമിക്കുന്ന വസ്തുക്കളോ ദ്രാവകങ്ങളോ ഒഴിച്ച് കൊടുക്കാം. പാറ്റ ഗുളിക, ഉലുവ വറുത്തു ചതച്ചത്, വേപ്പെണ്ണ എമൽഷൻ, ബാർ സോപ് ചീളുകൾ, 'നന്മ'50 മില്ലി ഒരു ലിറ്ററിൽ നേർപ്പിച്ചത് എന്നിവയൊക്കെ ഇതിനായി ഉപയോഗിക്കാം.

11. കായ്കൾക്ക് മുഴുപ്പ് കുറവാണ് എന്ന് തോന്നുകിൽ കൂമ്പോടിച്ചതിന് ശേഷവും അത്‌ കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷവും Sulphate of Potash (SoP ) 15 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി കുലയിലും ഇലകളിലും തളിച്ച് കൊടുക്കാം.

പിണ്ടിപ്പുഴു /വണ്ടുകൾക്ക് രോഗം വരുത്താൻ കഴിവുള്ള നിമാവിരകളെ സന്നിവേശിപ്പിച്ച മെഴുക് പുഴുക്കളുടെ 'ശവങ്ങൾ '(cadaver )വാഴക്കവിളി ൽ ഇട്ട് കൊടുക്കാം.

ഇതൊന്നും സമയത്ത് ചെയ്യാതെ, അവസാനം പിണ്ടിപ്പുഴു വന്നേ എന്ന് കരയുന്നവർക്ക് വാഴക്കവിളിലും തടയിലും ദ്വാരങ്ങളിലും ഒക്കെ ക്വിനൽഫോസ് /Chlorpyriphos എന്നിവ കൃഷി ഓഫീസറുടെ ശുപാർശ പ്രകാരം ചെയ്യാം.

ഈ ഓണത്തിന് വെട്ടാൻ പാകമായി വരുന്ന വാഴത്തോട്ടങ്ങൾ ഉള്ളവർക്കെല്ലാം ആശംസകളും പ്രാർത്ഥനകളും നേരുന്നു. നമ്മൾ കരുതിയിരിക്കേണ്ട മാസം ഓഗസ്റ്റ് ആണ് എന്ന് മറക്കരുത്. മുൻ വർഷങ്ങളിൽ ഏറ്റവും വലിയ പ്രകൃതിക്ഷോഭങ്ങൾ സംഭവിച്ചത് ഓഗസ്റ്റ് മാസം പകുതിയോടെയാണ്. അത്‌ കഴിഞ്ഞ് ഒന്നരയാഴ്ച കഴിയുമ്പോൾ ഓണമായി.

കഷ്ടപ്പെട്ട് വാഴ വച്ച് പരിപാലിച്ചു വരുന്നവർ തങ്ങളുടെ വാഴകൾ ഇൻഷ്വർ ചെയ്തിട്ടില്ലെങ്കിൽ 'ഹാ കഷ്ടം 'എന്ന് മാത്രം പറയാം.

✍🏻 പ്രമോദ് മാധവൻ


Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section