അടുക്കളത്തോട്ടത്തിലെ ഉപദ്രവകാരികളായ കീടങ്ങളെ അകറ്റുവാൻ വിവിധതരം കെണികളും ജൈവ മിശ്രിതങ്ങളും ഉപയോഗപ്പെടുത്താവുന്നതാണ്. അത്തരത്തിൽ തയ്യാറാക്കാവുന്ന വിവിധതരം കെണികളും, ലായിനികളും ചുവടെ ചേർക്കുന്നു.
തുളസിക്കെണി
ഒരു പിടി തുളസിയില കൈവെള്ള കൊണ്ട് നന്നായി അരച്ച് ചാർ കളയാതെ ചിരട്ടയിൽ എടുക്കുക. അതിനുശേഷം പത്ത് ഗ്രാം ശർക്കരപ്പൊടിയും ഒരു നുള്ള് ഫ്യൂറിഡാൻ തരിയും തുളസി ചാറിൽ കലർത്തുക. ചിരട്ടയിൽ പകുതി വെള്ളം നിറച്ചു പന്തലുകെട്ടി തൂക്കുക. തുളസിചാർ കെണിയിൽ ഒഴിച്ചു കൊടുക്കാം. അഞ്ചു ദിവസത്തിലൊരിക്കൽ കെണിയിലെ തുളസി ചാർ മാറ്റിയിരിക്കണം.
പഴക്കെണി
പാളയംകോടൻ പഴം തൊലി കളയാതെ 3, 4 കഷണങ്ങളായി ചരിച്ചു മുറിക്കുക. ഒരു കടലാസിൽ നിരത്തിവെക്കുക. പഴ മുറികൾ കടലാസിൽ നിർത്തിയിട്ടിരിക്കുന്ന ഫ്യൂറിഡാൻ തരിയിൽ അമർത്തുക. മുറിപ്പാടിൽ ഫ്യൂറിഡാൻ തരി പിടിച്ചിരിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് ഫ്യൂറിഡാൻ തരി ഒട്ടിപ്പിടിച്ച മുറിപ്പാട് മുകളിലാക്കി ഒരു ചിരട്ടയിൽ വെച്ച് പന്തലിൽ ഉറി കെട്ടി തൂക്കുക.
മഞ്ഞക്കെണി
വെള്ളീച്ച, മുഞ്ഞ തുടങ്ങിയവ വിധേയമാക്കുവാൻ മഞ്ഞ പ്ലാസ്റ്റിക് നാടകളിൽ ഇരുവശവും ആവണക്കെണ്ണ പുരട്ടുക.അതിനു ശേഷം ഇത് ഏതെങ്കിലും കമ്പുകളിൽ തൂക്കിയിടുക. ഇതുകൂടാതെ മഞ്ഞ പെയിൻറ് അടിച്ച ടിന്നുകളും ഉപയോഗപ്പെടുത്താം.
മഞ്ഞൾപ്പൊടി മിശ്രിതം
പാൽക്കായം ഒരു ഗ്രാം, ഒരു ഗ്രാം സോഡാപ്പൊടി, 4 ഗ്രാം മഞ്ഞൾപ്പൊടി എന്നിവ ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് തയ്യാറാക്കി ചെടികളിൽ കാണുന്ന ഇലപ്പുള്ളി രോഗത്തിനെതിരെ ഒഴിച്ചു കൊടുക്കുക.
കാന്താരിമുളക് ലായനി
എല്ലാത്തരത്തിലുള്ള പുഴുക്കളെയും നിയന്ത്രിക്കുവാൻ ഒരു ലിറ്റർ ഗോമൂത്രത്തിൽ 10 ഗ്രാം കാന്താരിമുളക് അരച്ചുചേർത്ത ലായനി തയ്യാറാക്കുക. ഇതിനു ശേഷം 10 ലിറ്റർ വെള്ളം ചേർത്ത് നേർപ്പിച്ച് ചെടികളിൽ തളിച്ചു കൊടുത്താൽ മതി.
പച്ചച്ചാണകം മിശ്രിതം
10 ലിറ്റർ വെള്ളത്തിൽ 200ഗ്രാം പച്ച ചാണകം കലക്കി തയ്യാറാക്കിയ ലായനി അരിച്ചെടുത്ത് ചെടികളിൽ തളിച്ചാൽ എല്ലാവിധ കീടശല്യവും അകറ്റാം.
5 ശതമാനം വീര്യമുള്ള വേപ്പിൻകുരു ലായിനി
50 ഗ്രാം വേപ്പിൻകുരു നന്നായി പൊടിച്ചെടുക്കുക അതിനുശേഷം ഒരു ദിവസം ഒരു ലിറ്റർ വെള്ളത്തിൽ 12 മണിക്കൂർ മുക്കി വെക്കുക. അതിനുശേഷം തുണി കഴുകി പലതവണ ഈ വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ ലഭിക്കുന്ന ലായനിയാണ് ചെടികൾക്ക് മേൽ പ്രയോഗിക്കേണ്ടത്. ഇത് കായ്തുരപ്പൻ പുഴുക്കൾ നിയന്ത്രിക്കുവാൻ മികച്ചതാണ്.
സോപ്പ് ലായനി
അര ലിറ്റർ വെള്ളത്തിൽ 60 ഗ്രാം ബാർസോപ്പ് ലയിപ്പിച്ച് കിട്ടുന്ന ലായനി ഒരു ലിറ്റർ വേപ്പെണ്ണയിൽ ചേർത്ത് ഇളക്കുക. പത്തിരട്ടി വെള്ളം ഒഴിച്ച് ഈ കുഴമ്പ് നേർപ്പിച്ച് ചെടികളുടെ ഇരുവശങ്ങളിലും വീഴത്തക്ക വിധം തളച്ചു കൊടുത്താൽ നീരൂറ്റി കുടിക്കുന്ന പ്രാണികളെ ഇല്ലാതാകും.