ഇടത്തരം ഉയരത്തിൽ ശാഖകളും ഉപശാഖകളുമായി കാണപ്പെടുന്ന ഒരു നിത്യ ഹരിത സസ്യമാണിത്. തളിരിലകൾക്ക് മഞ്ഞ മലർന്ന പച്ച നിറം. പകൽ ചൂടും രാത്രി മഞ്ഞുമുള്ള ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഇവയയുടെ ശാഖാഗ്രങ്ങളിൽ കുലകളായി പൂക്കൾ വിടരുന്നത്. നേരിയതും അഗ്രം പരന്നതുമായ മുള്ളുകൾ ഉള്ള കായ്കൾ തുടക്കത്തിൽ പച്ച നിറത്തിലും വിളഞ്ഞ് പാകമാകുമ്പോൾ മഞ്ഞ നിറത്തിലും പഴുക്കുമ്പോൾ ചുവപ്പു നിറത്തിലുമാകും. മാംസളമായ ഉൾഭാഗമാണ് ഭക്ഷ്യയോഗ്യമായത്. ബദാം പരിപ്പിന്റെ ആകൃതിയിലുള്ള വിത്ത് ചിലയിടങ്ങളിൽ വറുത്തും കഴിക്കാറുണ്ട്.
നല്ല വളക്കൂറും നീർവാർച്ചയുമുള്ള ഏതുതരം മണ്ണിലും പുലാസൻ നന്നായി വളരും. നടാനായി ഗുണമേന്മയുള്ള തൈകൾ തിരഞ്ഞെടുക്കാം. വളർന്നു വികസിക്കുവാൻ റമ്പൂട്ടാന് വേണ്ടിവരുന്നതിലും കുറവ് സ്ഥലം മതിയെന്നതും മേന്മയാണ്. കാഴ്ചയ്ക്ക് മനോഹരമായ പുലാസൻ അലങ്കാര വൃക്ഷമായി തൊടിയിലും വീട്ടുവളപ്പിലും വളർത്താം. റമ്പുട്ടാനേക്കാൾ ഇരട്ടിയോളം കട്ടിയുള്ളതും പുറംനാരുകളുടെ വലുപ്പം കുറവുമാണ് പുലാസൻ പഴങ്ങളുടെ തൊലിക്ക്. ഉൾകാമ്പ് അനായാസം വിത്തിൽ നിന്ന് വേർപെടുത്താം. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുമെന്നതിനാൽ ഇത് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിൻ സിയുടെ സാന്നിധ്യമുള്ള പുലാസൻ ആന്റിഓക്‌സിഡന്റ് ഗുണങ്ങളാലും സമ്പന്നമാണ്. ചർമത്തെ മൃദുലമാക്കാനും മുടിയുടെ സംരക്ഷണവും പുലാസന്റെ എടുത്തു പറയേണ്ട ഗുണങ്ങളാണ്.